ണ്ട് ചായക്കടയുണ്ടായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്. നല്ല ഹൈഫൈ കഫേകള്‍. നഷ്ടം വന്ന് രണ്ടിനും താഴിട്ടു. ചായക്കടയൊന്നും സ്വന്തമായിട്ടില്ല. എന്നാല്‍, ഒരു കഫേ കൊണ്ട് ജീവിതം തിരിച്ചുപിടിച്ച ഒരാളുണ്ട് ലോകക്രിക്കറ്റില്‍. ഏഴ് ലോകകപ്പ് സ്വന്തമായുള്ള ഒരു സൂപ്പര്‍സ്റ്റാര്‍. ഓസ്‌ട്രേലിയക്കാരി മെഗ് ലാന്നിങ്. പുരുഷന്മാര്‍ക്കൊപ്പം പൂമുഖത്തിരുത്തി വനിതാ ക്രിക്കറ്റിന്റെ തലക്കുറി തിരുത്തിയ ഇതിഹാസം. കരിയറിന്റെ ഉച്ചസ്ഥായിയില്‍ കളി നിര്‍ത്തി ലോകത്തെ ഞെട്ടിച്ച ഓസീസ് നായിക.

To advertise here,

നാട്ടുകാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പോലെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ ഒരിക്കല്‍ മെഗ് ലാന്നിങ്ങിനൊരു ഉള്‍വിളിയുണ്ടായി. ഇരുട്ട് അരിച്ചുകയറിത്തുടങ്ങിയ മനസിലെ കുറുകല്‍ കലശലായപ്പോള്‍ ഒരു മോഹം. ഒന്ന് ചിറകുകുടഞ്ഞ് പറക്കണം. മനസിന്റെ ഭാരമൊന്നു കാറ്റിലലിയിച്ചു കളയണം. ശ്വാസംമുട്ടിക്കുന്ന തിരക്കുകളില്‍ നിന്ന് ഊളിയിട്ട് മറയണം. ലാന്നിങ്, പക്ഷേ, മാക്‌സ്‌വെല്ലിനെ പോലെ ചികിത്സയ്ക്ക് പോയില്ല. ഏകാന്തതയില്‍ ധ്യാനിച്ചിരിരുന്നില്ല. പകരം ക്രീസ് വിട്ട് ഒരു കഫേ തേടിപ്പോയി. അവിടെ അവര്‍ ക്രിക്കറ്റിനെ പാടെ മറന്ന് സാധാരണ ജോലിക്കാരിയായി. കാപ്പിയുണ്ടാക്കി. പ്രശസ്തി മാറ്റിവെച്ച് പുതിയ യൂണിഫോമിട്ട് സപ്ലയറായി. ഗ്ലാമര്‍ ഗൗനിക്കാതെ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകി. അങ്ങനെ ആറു മാസം. അപരവ്യക്തിത്വം കഴിഞ്ഞ് വീണ്ടും ബാഗിഗ്രീനില്‍. പഴയതിലും ഊര്‍ജസ്വലയായി തന്നെ തിരിച്ച് ക്രീസില്‍. ബ്രേക്കില്‍ നിന്നുള്ള ഈ തിരിച്ചുവരവിലാണ് ലാന്നിങ് ഓസ്‌ട്രേലിയക്ക് അഞ്ചാമത്തെ ടിട്വന്റി കിരീടം, ഏഴാമത്തെ ക്രിക്കറ്റ് കിരീടം നേടിക്കൊടുത്തത്.

കേട്ടാല്‍ കിറുക്കെന്ന് വിധിയെഴുതാത്തവരുണ്ടാവില്ല. പക്ഷേ, ഇത്തരം കിറുക്കുകളാണ് മേഗന്‍ മോറിയ ലാന്നിങ് എന്ന ഇതിഹാസത്തിന്റെ മുഖുമുദ്ര. ലാന്നിങ്ങിന്റെ ഇത്തരം ആറ്റിക്കുറുക്കിയ കിറുക്കുകള്‍ കൊണ്ടാണ് ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ടിലേറെക്കാലം കിരീടത്തിനുമേല്‍ കിരീടംവച്ച് വാണത്. എണ്ണമറ്റ മറ്റ് സൂപ്പര്‍സ്റ്റാറുകളില്‍ നിന്ന് ലാന്നിങ്ങിനെ മാറ്റിനിര്‍ത്തുന്നത്. നാടോടുമ്പോള്‍ നടുവേയല്ല, കുറുകേ ഓടുന്നവളാണ് മെഗാസ്റ്റാറെന്ന അപരനാമം പേറുന്ന മെഗ് ലാന്നിങ്. സ്‌കൂള്‍കാലത്ത് ആണ്‍കുട്ടികളുടെ ടീമിലെ ഒരേയൊരു പെണ്‍തിരിയായിരുന്നു. പക്ഷേ, ജന്മനാടായ വിക്‌ടോറിയക്കുവേണ്ടി കളിച്ചു തുടങ്ങിയത് ക്രിക്കറ്റല്ല, ഹോക്കിയാണ്. പതുക്കെയാണ് സ്റ്റിക്ക് താഴേവച്ച് ബാറ്റെടുത്തത്. കണ്ടു പഠിക്കാന്‍ പെണ്ണുങ്ങളില്ലാത്തതിനാല്‍ ടി.വിയില്‍ കണ്ട് ആരാധിച്ച റിക്കി പോണ്ടിങ്ങായിരുന്നു കുട്ടിക്കാലത്തെ ഹീറോ. പോണ്ടിങ്ങിന്റെ പൊസിഷനില്‍ തന്നെ ബാറ്റ് ചെയ്തു തുടങ്ങിയത് ഒരു നിയോഗമായിരിക്കാം. 

placeholder
മെഗ് ലാന്നിങ്

കളിച്ചുതുടങ്ങിയപ്പോള്‍ ഒപ്പം കളിക്കാന്‍ പെണ്‍കുട്ടികളെ മാത്രമല്ല, ഒരു ടീം കണ്ടെത്തുകയും എളുപ്പമായിരുന്നില്ല. ഒടുവില്‍ പന്ത്രണ്ടാം ക്ലാസില്‍ ഒരു വനിതാ ടീമിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ കൊച്ചുകുഞ്ഞിനെ ടീമിലെടുക്കാനാവില്ലെന്ന് പറഞ്ഞ് ചേച്ചിമാര്‍ മടക്കി. പഠിക്കുന്ന കാരി ബാപ്റ്റിസ്റ്റ് ഗ്രാമര്‍ സ്‌കൂളില്‍ ഒപ്പം കളിക്കാന്‍ വേറെ പെണ്‍കുട്ടികളുമുണ്ടായതുമില്ല. പക്ഷേ, ലാന്നിങ് പിന്‍വാങ്ങിയില്ല. ക്രിക്കറ്റ് വിട്ട് മറ്റൊരു കളിയിലേയ്ക്കും തിരിഞ്ഞതുമില്ല. ഒടുവില്‍ അസോസിയേറ്റഡ് പ്രൈവറ്റ് സ്‌കൂളുകളുടെ മത്സരത്തില്‍ അവളെയും ടീമിലെടുത്തു. പത്ത് ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള ഏക പെണ്‍തരി. സ്‌കൂളിന് അങ്ങനെ അതൊരു പുതിയ ചരിത്രമായി. സ്‌കൂളുകാര്‍ക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും ആണ്‍ടീമിലെ പെണ്ണ് ഒരു കൗതുകമായി. ഈ അത്ഭുതം കാണാന്‍ അവര്‍ ഗ്രൗണ്ടിലെത്തി. കാഴ്ചയില്‍ മാത്രമല്ല, കളിയിലും അവള്‍ അത്ഭുതമായി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ക്രൂസേഡേഴ്‌സ് ടീം സ്‌കൂളില്‍ വിരുന്നുവന്നു. അന്ന് പന്തെറിഞ്ഞ വിക്‌ടോറിയയുടെ അണ്ടര്‍ 19 ടീമിലംഗമായ ഓഫ് സ്പിന്നര്‍ക്ക് ലാന്നിങ്ങിന്റെ കൈയില്‍ നിന്ന് കണക്കിന് കിട്ടി. പന്ത് തുരുതരാ അതിര്‍ത്തിയിലേയ്ക്ക് വെടിയുണ്ട പോലെ പാഞ്ഞു. അന്നയാള്‍ മനസില്‍ കുറിച്ചു; ഇവള്‍ വലുതായാല്‍ ഒരു സംഭവമാവും. അയാളാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. മെഗ് ലാന്നിങ് ക്രിക്കറ്റിനോട് വിടപറയുന്നതിന് മൂന്ന് നാള്‍ മുന്‍പ് മാത്രം ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ ഒറ്റക്കാലില്‍ നിന്നൊരു അത്ഭുതം കാട്ടിയ അതേ വിക്‌ടോറിയക്കാരന്‍. മാക്‌സ്‌വെല്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കുശേഷം മുന്‍ ഓസീസ് പേസര്‍ ഡാനിയല്‍ ഫ്‌ളെമിങ്ങുമായുള്ള ഒരു അഭിമുഖത്തില്‍ ലാന്നിങ്ങിന്റെ കൈക്കരുത്തറിഞ്ഞ കഥ പുറത്തു പറഞ്ഞത്. പിന്നീട് ഒരാളെയും വിലകുറച്ചു കണ്ടിട്ടില്ലെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

മാക്‌സ്‌വെല്ലിന്റെ പ്രവചനം തെറ്റിയില്ല. ആണ്‍കുട്ടികളെ വിട്ട് ലാന്നിങ് പിന്നെ പെണ്‍കുട്ടികളുടെ ടീമിലെത്തി. വിക്‌ടോറിയക്കും മെല്‍ബണ്‍ സ്റ്റാഴ്‌സിനും പെര്‍ത്ത് സ്‌കോച്ചേഴ്‌സിനും കളിച്ചു തുടങ്ങി. ടിട്വന്റിയിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഏകദിനത്തിലും അരങ്ങേറി. രണ്ടു ദിവസത്തിനുശേഷം, പതിനെട്ടാം വയസ്സില്‍ ആദ്യ ഏകദിന സെഞ്ചുറി കുറിച്ച് ആണ്‍, പെണ്‍ഭേദമന്യേ സെഞ്ചുറി നേടുന്ന ഓസീസ് താരമെന്ന റെക്കോഡും സ്വന്തമാക്കി. കുട്ടിക്കാലത്തെ ഹീറോ റിക്കി പോണ്ടിങ്ങിന്റെ നാഴികക്കല്ലാണ് അന്ന് ലാന്നിങ്ങിന് മുന്നില്‍ വഴിമാറിക്കൊടുത്തത്. വൈകിയില്ല, ഏറ്റവും വേഗതയേറിയ ഓസീസ് സെഞ്ചുറിയും ലാന്നിങ് സ്വന്തം പേരിലേയ്ക്ക് തിരുത്തിയെഴുതി. കിവീസിനെതിരേ നാല്‍പത്തിയഞ്ച് പന്തില്‍. ഇക്കഴിഞ്ഞ ദിവസം ഗ്ലെന്‍ മാക്‌സ്‌വെല്‍ വേണ്ടിവന്നു നാല്‍പത് പന്തില്‍ അതൊന്ന് മറികടന്ന് ആണുങ്ങളുടെ മാനംകാക്കാന്‍. ലിംഗഭേദം കൊണ്ട് കള്ളിതിരിച്ചുവെക്കാവുന്നതായിരുന്നില്ല ലാന്നിങ്ങന്റെ നേട്ടപ്പട്ടിക. 

അതായിരുന്നു അശ്വമേധത്തിന്റെ തുടക്കം. വനിതാ ക്രിക്കറ്റ് പരാധീനതകളില്‍ പിച്ചവെക്കുമ്പോള്‍ ലാന്നിങ് ആണുങ്ങളെ വെല്ലുംവിധം ക്രീസ് അടക്കിവാണു. പരിക്കേറ്റ ജോഡി ഫീല്‍ഡ്‌സിന് പകരം ഇരുപതിയൊന്നാം വയസില്‍, ഓസീസ് ക്യാപ്റ്റനായി. ആണായും പെണ്ണായും നായകപദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയന്‍ താരമായി അങ്ങനെ ലാന്നിങ്. ആറ് ടെസ്റ്റും 103 ഏകദിനവും 132 ടിട്വന്റിയും അടക്കം 241 മത്സരങ്ങളില്‍ നിന്ന് 17 സെഞ്ചുറിയും 38 അര്‍ധസെഞ്ചുറിയുമായി 8352 റണ്‍സ്. പതിനേഴാം നമ്പർ ജെഴ്സിയിൽ അങ്ങനെ പതിമൂന്ന് വര്‍ഷം. ഇതിനിടെ അഞ്ച് ടിട്വന്റി ലോകകപ്പും രണ്ട് ഏകദിന ലോകകപ്പും. മൂന്ന് ആഷസ് കിരീടവും. ഇതില്‍ തന്നെ അഞ്ചെണ്ണത്തില്‍ ടീമിനെ നയിച്ചു. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന വനിതാ താരമെന്ന റെക്കോഡും ആദ്യമായി ടിട്വന്റിയില്‍ രണ്ടായിരം റണ്‍സ് നേടുന്ന ഓസ്‌ട്രേലിയന്‍ താരവുമെന്ന ബഹുമതിയും. മികച്ച ഓസ്‌ട്രേലിയന്‍ വനിതാ കായികതാരത്തിനുള്ള ബെലിന്‍ഡ ക്ലാര്‍ക്ക് മെഡല്‍ മൂന്നുവട്ടം സ്വന്തം. എണ്‍പതാണ് ലാന്നിങ്ങിന്റെ കീഴിലുള്ള ഓസ്‌ട്രേലിയയുടെ വിജയശതമാനം. ഇക്കാലത്താണ് വനിതാ ക്രിക്കറ്റ് അവഗണനയുടെ പവലിയനില്‍ നിന്ന് പ്രശസ്തിയുടെ ക്രീസിലേക്കിറങ്ങിയത്. ഓസ്‌ട്രേലിയ ലോക ക്രിക്കറ്റില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായി വാണത്. ഈ മുന്നേറ്റത്തില്‍ നായികയുടെ പങ്ക് ചെറുതല്ല. കിരീടനേട്ടങ്ങളില്‍ മുങ്ങിപ്പോകാത്ത ചില കണക്കുകള്‍ കൂടി ഒളിഞ്ഞിരിപ്പുണ്ട് സ്‌കോര്‍കാര്‍ഡില്‍. ലാന്നിങ് ക്രീസില്‍ വരുമ്പോള്‍ പലപ്പോഴും ദയനീയ അവസ്ഥയിലായിരുന്നു ഓസ്‌ട്രേലിയ. സമ്മര്‍ദം സ്വയം ചുമലിലേറ്റിയാണ് ലാന്നിങ് ഇക്കണ്ട കിരീടങ്ങളൊക്കെ കടലുകടത്തിയത്. ഏഴ് ലോകകപ്പ് ചെറിയ കാര്യമല്ല. ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്നാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്റെ സര്‍ട്ടിഫിക്കറ്റ്. മറ്റുള്ളവരേക്കാള്‍ പത്ത് വര്‍ഷം മുന്‍പിലാണ് എന്നായിരുന്നു ഇംഗ്ലീഷ് താരം ടാമ്മി ബ്യൂമോണ്ടിന്റെ സാക്ഷ്യം.

ഇന്ത്യയില്‍ മിതാലിരാജും സ്മൃതി മന്ഥാനയും ഹര്‍മന്‍പ്രീതും ഇംഗ്ലണ്ടില്‍ സാറ ടെയ്‌ലറും ഷാര്‍ലെറ്റ് എഡ്വേഡ്‌സുമെല്ലാം മിന്നല്‍പ്പിണരുകളായി പിറന്നിട്ടും ലാന്നിങ്ങിന്റെയും എല്ലിസ് പെറിയുടെയും ഓസീസ് ഒരു പണത്തൂക്കം മുന്നില്‍തന്നെ നിന്നു. ഏത് കണക്കുവെച്ച് അളന്നാലും പുരുഷനായകരായ അലന്‍ ബോര്‍ഡറേക്കാള്‍ സ്റ്റീവ് വോയേക്കാള്‍ റിക്കി പോണ്ടിങ്ങിനേക്കാള്‍ ലാന്നിങ്ങിന്റെ തട്ട് താണുതന്നെ കിടക്കുകയും ചെയ്തു. ക്രിക്കറ്റിലെ വിപ്ലവം കൊടിയേറ്റിയ തലമുറയെ നയിച്ചത് ലാന്നിങ്ങാണെന്ന ഓസ്‌ട്രേലിയ സി.ഇ.ഒ നിക്ക് ഹൂക്ലിയുടെ വിധിയെഴുത്തിന്റെ അടിസ്ഥാനം ഇതാണ്.

പക്ഷേ, വിജയവും ആവര്‍ത്തനവിരസമാവാം. അത് ലാന്നിങ്ങിനോളം അനുഭവിച്ചവര്‍ ഏറെയുണ്ടാവില്ല. ഇനിയെന്ത് നേടാന്‍ എന്നൊരു ചിന്ത അങ്ങനെയാണ് മുപ്പതാം വയസ്സില്‍ ലാന്നിങ്ങിന്റെ മനസില്‍ മുളപൊട്ടുന്നത്. പാഴ്ചിന്തകളുടെ ഈര്‍പ്പമേറ്റത് പടുമരമായി വളരാന്‍ ലാന്നിങ് കാത്തുനിന്നില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ കരിയര്‍ സ്ലാം തികച്ചുനില്‍ക്കുന്നനേരമായിരുന്നു. കളി നിര്‍ത്തി കഫേയില്‍ സപ്ലയറാവാനുള്ള കിറുക്ക് തലപൊക്കുന്നതും അപ്പോഴാണ്. ക്രിക്കറ്റിന് നേര്‍വിപരീതമായിരുന്നു ആ കഫേ ലൈഫ്.  അത് മറ്റൊരു അനുഭവമായിരുന്നുവെന്നാണ് നഷ്ടബോധം തെല്ലുമില്ലാതെ പിന്നീട് ലാന്നിങ് തുറന്നുപറഞ്ഞത്. 'ഓരോ ദിവസവും വ്യത്യസ്തം. ഇന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഒരു പിടിയുമുണ്ടാവില്ല. ചിലപ്പോള്‍ നല്ല തിരക്ക്. ചിലപ്പോള്‍ തീര്‍ത്തും നിശബ്ദം. ഏകാന്തം. ചുറ്റും അപരിചിതര്‍. അവരുമായി എന്തൊക്കെയോ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഞാന്‍ എന്റെ മനസിന്റെ ഭാരം പൂര്‍ണമായി അവിടെ ഇറക്കിവയ്ക്കുകയായിരുന്നു. എന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നും നേടാന്‍ ഇനിയും എന്തൊക്കെയോ ഉണ്ടെന്നുമുള്ള തോന്നല്‍ ജീവന്‍വയ്ക്കുന്നതും അതിനുശേഷമാണ്'-ലാന്നിങ് അക്കാലത്ത് പറഞ്ഞു. 

കഫേയില്‍ നിന്ന് ക്രീസിലേയ്ക്കല്ല ലാന്നിങ് ഇറങ്ങിയത്. ക്രിക്കറ്റിനെ പിന്നില്‍ ഉപേക്ഷിച്ച് മറ്റൊരു ദീര്‍ഘയാത്ര. ആറു മാസമെടുത്തു പരിത്യാഗത്തില്‍ നിന്നുളള തിരിച്ചുവരവിന്. പഴയ ടീമംഗങ്ങളുടെ ഫോണിലേയ്ക്ക് ഒരു ദിവസം നിനയ്ക്കാത്ത നേരത്തൊരു വീഡിയോ സന്ദേശം വന്നുവീണു. 'ഞാന്‍ ഇതാ നിങ്ങളിലേയ്ക്ക്, എന്റെ പ്രിയപ്പെട്ട ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരുന്നു.' ക്രിക്കറ്റുമായുള്ള ഇടക്കാല ബ്രേക്കപ്പിന് വിരാമം. ഓസീസ് ടീമും ക്രിക്കറ്റ് ലോകവും ആവേശത്തോടെയാണ് 'മെഗാസ്റ്റാറിന്റെ' രണ്ടാം വരവിനെ വരവേറ്റത്. ബ്രേക്ക് വെറുതെയായില്ല. ടീമിന് അഞ്ചാം ടിട്വന്റി ലോകകിരീടമാണ് ലാന്നിങ് ആ സ്‌നേഹത്തിന് തിരിച്ചുകൊടുത്തത്. ഇതിനിടെ വനിതാ പ്രീമിയര്‍ ലീഗും വനിതാ ബിഗ് ബാഷ് ലീഗിലുമെല്ലാം സജീവമായി. പക്ഷേ, ഇന്നിങ്‌സ് അധികം തുടര്‍ന്നില്ല. മടങ്ങിവന്ന് വര്‍ഷം ഒന്നാകും മുന്‍പ് തന്നെ ലാന്നിങ് ആ പഴയ ചോദ്യം ഒരിക്കല്‍ക്കൂടി സ്വയം ചോദിച്ചു. 'നേടാന്‍ ഇനിയെന്ത്? കീഴടക്കാന്‍ ഇനിയേത് ലോകം?'. ചോദ്യങ്ങള്‍ ഒന്നൊന്നായി ഉളളില്‍ വിങ്ങിനിറഞ്ഞപ്പോള്‍ മനസ് ഒരു ഉത്തരം കൊടുത്തു. അങ്ങനെ ഒരു മുന്നറിയിപ്പുമില്ലാതെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആ പ്രഖ്യാപനം നടത്തി. 'എനിക്ക് ഇനി കൂടുതലായി ഒന്നും കൈവരിക്കാനില്ല. പാതി മനസില്‍ ഇനിയും മുന്നോട്ടുപോകാനാവില്ല. ആ പഴയ ഉത്സാഹമോ തീപ്പൊരിയോ ഇന്നില്ല. പതിമൂന്ന് വര്‍ഷം ഒന്നിച്ചു നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. എല്ലാം അവസാനിക്കുന്നതില്‍ സങ്കടമുണ്ട്. ക്രിക്കറ്റിനപ്പുറത്ത് മറ്റ് ചിലത് എന്നെ വിളിക്കുന്നുണ്ട്. ഞാന്‍ കളി അവസാനിപ്പിക്കുന്നു'-കണ്ണീര്‍ തുടച്ചുകൊണ്ട്, ഇടറുന്ന സ്വരത്തില്‍ ലാന്നിങ് പറഞ്ഞു. ആര്‍ക്കുണ്ട് ഇങ്ങനെയൊരു ചങ്കൂറ്റം. ഫോമില്‍ നില്‍ക്കുമ്പോള്‍, ടീം ക്യാപ്റ്റനായി തുടരുമ്പോള്‍ ഇങ്ങനെ ഇതുപോലെ തന്റേടത്തോടെ വിരമിക്കാന്‍. ഇതുപോലെ സ്വന്തം മനസിനെ ജയിക്കാന്‍. കണിശമായ കണക്കുകള്‍ മാത്രമല്ല, ഇത്തരം കറയറ്റ കിറുക്കുകള്‍ കൂടിയാണ് ക്രിക്കറ്റിന്റെ സൗന്ദര്യം. ഇത്തരം വേറിട്ട പ്രതിഭകള്‍ കൂടിയാണ് അതിന്റെ ജീവന്‍. മടങ്ങുമ്പോള്‍ ലാന്നിങ് ക്രീസില്‍ അവശേഷിപ്പിക്കുന്നതും അവകാശികള്‍ ഏറെയില്ലാത്ത ഇത്തരം പൈതൃകങ്ങളാണ്.