
നെഞ്ചില്‍ ഏത് മെഡലണിയുമ്പോഴും സന്തോഷത്തിനൊപ്പം പര്‍വേജിന്റെ മനസ്സിലൊരു കൊള്ളിയാന്‍ കൂടി മിന്നും. മുതുകത്ത് വെള്ളിടിപോലൊരു വേദന പുളയും. പൊള്ളി തിണര്‍ത്തുനില്‍ക്കുന്ന ആ നോവിലൊന്ന് തൊട്ടുനോക്കിയേ പര്‍വേജ് ഖാന്‍ എന്ന ഹരിയാനക്കാരന് ഏത് മെഡലിലും ചുംബിക്കാനാവൂ. സ്വപ്നവേഗമുള്ള നേട്ടങ്ങള്‍ മുറിവുണക്കിയ, പഴകിയ ആ വേദനയില്‍ നിന്നാണ്, ഓടിത്താണ്ടിയ ആ യാതനയില്‍ നിന്നാണ് ദാരിദ്ര്യം നരച്ചുനില്‍ക്കുന്ന ചഹല്‍ക്ക മുതൽ അമേരിക്കയിലെ ഫ്ളോറിഡ വരെ ഓടിയെത്തിയത്. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ അത്ഭുതംചാലിച്ച പ്രതീക്ഷയായി വളരുന്നത്.
അഞ്ചാറ് കൊല്ലം മുന്‍പത്തെ കഥയാണത്. കനംതൂങ്ങുന്ന സങ്കടത്തോടെയായിരുന്നു അന്ന് ഒൻപതാം ക്ലാസുകാരനായ പർവേജിന്റെ വീട്ടിലേയ്ക്കുള്ള മടക്കം. കണക്ക് പേപ്പര്‍ പിന്നെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ചുവപ്പുവീണ ഉത്തരക്കടലാസുമായി വീട്ടില്‍ ചെല്ലുന്നതെങ്ങനെ? അച്ഛന്‍ അത് സഹിക്കുന്നത് എങ്ങനെ? ഗോതമ്പ് പാടത്ത് കൂട്ടുകൃഷിയിറക്കുമ്പോഴും ചെറിയ കൂലിക്ക് ആരുടെയൊക്കെയോ പാടങ്ങളില്‍ വെയില്‍ കാഞ്ഞ് വിയര്‍ത്തൊഴുകുമ്പോഴും തീറ്റപ്പുല്ലു വെട്ടിയും എരുമകളെ പോറ്റിയും എല്ലുമുറിഞ്ഞ് തളരുമ്പോഴുമെല്ലാം മനസ്സില്‍ ഒരൊറ്റ കിനാവേ ഉണ്ടായിരുന്നുള്ളൂ നഫീസ് ഖാന്. മക്കള്‍ പഠിച്ചൊരു കരപറ്റുന്ന ദിവസം. അവര്‍ നാട്ടിലെ മറ്റ് കുട്ടികളെ പോലെയായിപ്പോകരുതെന്നൊരു കരുതലായിരുന്നു ഈ കഷ്ടപ്പാടുകളുടെ ഇന്ധനമത്രയും. ആ മകനാണ് പരീക്ഷയില്‍ തോറ്റ് തല കുമ്പിട്ടുവരുന്നത്. കുറ്റബോധം ഉള്ളില്‍ വിങ്ങിയപ്പോള്‍ വീട്ടിലേയ്ക്കുള്ള പര്‍വേജിന്റെ വേഗം കുറഞ്ഞുകുറഞ്ഞു വന്നു.
പാടത്ത് നിന്ന് പണികഴിഞ്ഞു വന്നതേ ഉണ്ടായിരുന്നുള്ളൂ നഫീസ് ഖാന്‍. മുന്നില്‍ അപരാധിയെ പോലെ തല കുമ്പിട്ടു നിന്ന് മകന്‍ നീട്ടിയ ഉത്തരക്കടലാസിലേക്ക് ഒന്നേ നോക്കിയുള്ളൂ. പിന്നെ ഒരു അലര്‍ച്ചയായിരുന്നു. അടുത്തക്ഷണം എരുമയെ തല്ലുന്ന വടി നിര്‍ദയം തലങ്ങും വിലങ്ങും പര്‍വേജിന്റെ പുറത്തുവീണ് പുളഞ്ഞു. പൊള്ളുന്ന വേദന കടിച്ചൊതുക്കി അവന്‍ ഗോതമ്പുകറ്റ മെതിച്ചിട്ട പാടത്തേയ്ക്ക് ഓടി. കുറേ ഇരുന്ന് കരഞ്ഞു. പിന്നെ പാടം ചുറ്റി ഓടി. കറ്റയുടെ മുറിച്ചിട്ട കുറ്റികള്‍ അവന്റെ കാലടിയില്‍ ഞെരിഞ്ഞമര്‍ന്നു. കണ്ണീരും വിയര്‍പ്പും മുഖത്ത് ചാലുകീറി ഒഴുകിക്കൊണ്ടിരുന്നു. അവന്‍ പതുക്കെ മേനിയെയും മനസ്സിനെയും കീറിമുറിച്ച വേദന മറന്നു. കത്തുന്ന സൂര്യന്‍ ഗ്രാമകവാടത്തിനപ്പുറം തളര്‍ന്നു മറയുന്നത് വരെ അവന്‍ ആ പാടത്ത് കിതപ്പറിയാതെ ഓടി. നഗരം എത്തിനോക്കാന്‍ പിശുക്കു കാട്ടുന്ന ചഹല്‍ക്കയിലെ ആ കൊച്ചു പാടത്ത് പര്‍വേജ് അന്ന് തുടങ്ങിയ ഓട്ടമാണ് ഇന്ന് അമേരിക്കയിലെ ഫ്ളോറിഡയില്‍ എത്തിനില്‍ക്കുന്നത്. നാളെ പാരിസിലേയ്‌ക്കോ ലോസ് ആഞ്ജലീസിലേയ്‌ക്കോ ട്രാക്ക് നീട്ടാനൊരുങ്ങുന്നത്.
ഭാവി താരങ്ങളുടെ ഈറ്റില്ലമായ അമേരിക്കയിലെ കോളേജിയേറ്റ് മത്സരമായ എന്‍.സി.എ.എ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിഞ്ഞ് ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഹരിയാനക്കാരന്‍. 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം, 800 മീറ്ററില്‍ വെങ്കലം. നാല് ലാപ്പ് ഓട്ടത്തില്‍ അവസാന നൂറ് മീറ്റര്‍ വരെ പിന്നിലായിരുന്നു പര്‍വേജ്. ആത്മവിശ്വാസത്തോടെ ഗ്യാലറിയെ നോക്കി ആര്‍ത്തുവിളിക്കാന്‍ ആംഗ്യം കാട്ടി, ഇരുപത്തിയഞ്ച് മീറ്റര്‍ അകലെ വച്ചു തന്നെ വിജയം ഉറപ്പിച്ച് കൈകള്‍ ആകാശത്തേയ്ക്കുയര്‍ത്തി ആഘോഷിച്ച്,
നെഞ്ചിലെ മാല കടിച്ചുപിടിച്ച് പര്‍വേജ് സുവർണഫിനിഷ് നടത്തുന്നത് ലോകം തെല്ലൊരു അന്ധാളിപ്പോടെയാണ് കണ്ടുനിന്നു കൈയടിച്ചത്. പര്‍വേജിന്റെ സ്വപ്നതുല്ല്യമായ ഫിനിഷ് കണ്ടവര്‍ ഒന്നടങ്കം വിധിയെഴുതി, ഇതാ വരുന്നൂ അടുത്ത സൂപ്പര്‍സ്റ്റാര്‍. ട്രാക്കിലെ ഓള്‍ടൈം ഷോമാന്‍ സ്റ്റീവ് ഒവെറ്റ് എന്ന ബ്രിട്ടീഷ് ഒളിമ്പിക് ചാമ്പ്യനുമായാണ് കമന്റേറ്റര്‍മാര്‍ തനി ഗ്രാമീണനായ ഇന്ത്യയുടെ പര്‍വേജിനെ ഉപമിച്ചത്. ട്രക്ക് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ വേറിട്ട ആഘോഷങ്ങളെ അനുസ്മരിച്ചവരുമുണ്ടായിരുന്നു അന്ന് ഗ്യാലറിയിൽ.
അതിശയോക്തിയോ അതിഭാവുകത്വമോ തെല്ലുമില്ല ഈ വാഴ്ത്തുമൊഴികളില്‍. അമേരിക്കയിലെ കോളേജുകളിലെ ഏറ്റവും മികച്ച താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഈ മീറ്റില്‍ ഇതിന് മുന്‍പ് മൂന്നേ മൂന്ന് ഇന്ത്യക്കാരേ പൊന്നണിഞ്ഞ് നെഞ്ചുവിരിച്ചുനിന്നിട്ടുള്ളൂ. ട്രിപ്പിള്‍ ജമ്പിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് മൊഹീന്ദര്‍ സിങ് ഗില്‍, ഡിസ്‌ക്കസ്ത്രോ ഏഷ്യന്‍, കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് വികാസ് ഗൗഡ, പിന്നെ ഡെക്കാത്തലണ്‍ ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് തേജസ്വിന്‍ ശങ്കറും. മൂവരും മാറ്റ് തെളിയിച്ചത് ഫീല്‍ഡില്‍. ട്രാക്കിനെ പൊന്നുകൊണ്ട് തീപിടിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പര്‍വേജ്. ഇതേ ഫോമില്‍ തുടരുകയാണെങ്കില്‍ ഒന്നുറപ്പ്... മാസങ്ങള്‍ക്കപ്പുറമുള്ള പാരിസിലല്ല, നാലു കൊല്ലത്തിനപ്പുറമുള്ള ലോസ് ആഞ്ജലീസ് ഒളിമ്പിക്സിലേയ്ക്കുള്ള ഇന്ത്യയുടെ കരുതല്‍ധനമാണ് ചഹല്‍ക്കയിലെ ഗോതമ്പ് പാടത്ത് വിളഞ്ഞ ഈ പത്തൊന്‍പതുകാരന്‍. കാത്തിരിക്കാനുള്ള ക്ഷമ, പക്ഷേ, അവനില്ല. പാരിസ് ഒളിമ്പിക്സായിരുന്നു എന്റെ ലക്ഷ്യം. ചരിത്രം കുറിച്ച് ഓടിയെത്തി കിതപ്പു മാറാതെ ഇത് പറയുമ്പോള്‍ ആത്മവിശ്വാസം തുടിക്കുന്നുണ്ടായിരുന്നു അവന്റെ നെഞ്ചില്‍.
ഹരിയാണയിലെ പിന്നാക്ക പ്രദേശങ്ങളില്‍ ഒന്നായ നൂഹ് ജില്ലയിലെ ചഹല്‍ക്കയിലെ പൊടിപാറുന്ന പാടത്ത് കിതപ്പറിയാതെ ഓടുമ്പോള്‍, പക്ഷേ, പര്‍വേജിന്റെ മനസ്സില്‍ ഫ്ളോറിഡയോ ബോസ്റ്റണോ ഒന്നുമുണ്ടായിരുന്നില്ല. ഓടി ഒന്നാമതെത്തിയാല്‍ ചിലപ്പോള്‍ പട്ടാളത്തിലൊരു പണി തരപ്പെട്ടേക്കും. അങ്ങനെയാണവന്‍ റിക്രൂട്ട്മെന്റ് റാലികള്‍ക്കാവശ്യമായ ദീര്‍ഘദൂര ഓട്ടങ്ങളിലേയ്ക്ക് തിരിഞ്ഞത്. പാടത്ത് നിന്നുള്ള അച്ഛന്റെ വരുമാനം തീരേ തുച്ഛം. പകലന്തി പണിയെടുത്താല്‍ കഷ്ടിച്ച് നാലുപേര്‍ക്ക് വയറു നിറയ്ക്കാമെന്നു മാത്രം. കുടുംബം കരപറ്റണമെങ്കില്‍ മക്കള്‍ക്ക് ജോലിയെന്തെങ്കിലും തരപ്പെട്ടേ പറ്റൂ. സ്പോര്‍ട്സ് അവനൊരു രക്ഷാമാര്‍ഗം തുറക്കുമെന്ന കാര്യം അവരുടെ വിദൂര ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല. ഗാന്ധിജി നേരിട്ടു വന്നു പറഞ്ഞതുകൊണ്ടു മാത്രം പാകിസ്താനിലേയ്ക്ക് കുടിയേറാതിരുന്നവരായിരുന്നു ഗ്രാമത്തിലുള്ളവര്‍. അന്നു ഗാന്ധിജി വന്നു പ്രസംഗിച്ച് മൈതാനത്താണ് ഇപ്പോള്‍ പര്‍വേജ് പഠിച്ച സ്‌കൂള്‍. കാലം മാറി വിഭജനത്തിന്റെ മുറിവുണങ്ങിയിട്ടും നഗരജീവിതം വഴിതെറ്റിപ്പോലും എത്തിനോക്കാത്ത അവിടെ ആരെങ്കിലും കളിച്ച് രക്ഷപ്പെട്ട കഥ അവരുടെ കേട്ടുകേള്‍വിയിലുമുണ്ടായിരുന്നില്ല. ആഗ്രഹിച്ചതുപോലെ കരസേനാ റാലികളിലൊന്നും കരകയറാന്‍ അവന് കഴിയാതായതോടെ മകന്‍ ജോലിക്ക് പോകാതെ കളിച്ചുനടക്കുകയാണെന്നൊരു ആധി അവരുടെ ഉള്ളില്‍ പുകഞ്ഞുതുടങ്ങി. പര്‍വേജിന്റെ സ്വപ്നങ്ങള്‍, പക്ഷേ, അപ്പൊഴേയ്ക്കും പട്ടാളബാരക്കിനപ്പുറത്തേയ്ക്ക് ചിറകുവിരിച്ചു തുടങ്ങിയിരുന്നു.
സ്‌കൂളിലെന്നല്ല, ഗ്രാമത്തില്‍ തന്നെ അവനെ വെല്ലാന്‍ മറ്റൊരാളുണ്ടായിരുന്നില്ല ഓട്ടത്തില്‍. സ്വാതന്ത്ര്യദിനത്തില്‍ മനേസറില്‍ നടന്ന കായികമേളയില്‍ 1500 മീറ്ററില്‍ റവാഡിയിലെയും മനേസറിലെയും നൂഹിലെയും താരങ്ങളെ മറികടന്ന് അവന്‍ ചാമ്പ്യനായി. പതിമൂന്ന് വയസ്സുകാരന്‍ ഇരുപത്തിമൂന്നുകാരെപ്പോലും ഓടിത്തോല്‍പിക്കുന്നത് അത്ഭുതത്തോടെയാണ് നാട്ടുകാര്‍ കണ്ടുനിന്നത്. അന്നു മുതലാണ് ഓട്ടത്തില്‍ തനിക്കൊരു കരിയറുണ്ടെന്ന തോന്നല്‍ അവന്റെ ഉള്ളില്‍ കലശലായത്. പിന്നെ ഗാന്ധിജിയുടെ സന്ദര്‍ശനത്തെ അനുസ്മരിക്കാന്‍ ഒരു ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജി വന്നു പ്രസംഗിച്ച അതേ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കായികമേളയിലും പര്‍വേജ് മിന്നും താരമായി. ഓട്ടം തന്നെയാണ് തന്റെ മോചനമാര്‍ഗമെന്ന് അവൻ അർഥശങ്കയ്ക്കിടയില്ലാതെ ഉറപ്പിക്കുന്നത് അന്നാണ്. പക്ഷേ, നല്ലൊരു കോച്ചോ ഗ്രൗണ്ട് പോലുമില്ലാത്ത നാട്ടില്‍ നിന്നാല്‍ ചിറകുകൊഴിഞ്ഞ് അച്ഛനെ പോലെ പാടത്തോ കൂട്ടുകാരെ പോലെ ഏതെങ്കിലും കടയിലോ ജീവിതം ഒതുങ്ങിപ്പോകും എന്നൊരു ആധിപിടിച്ച ഉള്‍വിളിയുണ്ടായി അക്കാലത്ത് അവന്. അധ്യാപകനായ അമ്മാവന്‍ ഖാലിദ് ഹുസൈന്‍ മാത്രമായിരുന്നു തുണ. പരിശീലനത്തിന് ഗുഡ്ഗാവിലെ ഒരു പരിശീലകന്റെ ഓഫറുണ്ടായിരുന്നെങ്കിലും ഇരുപതിനായിരം രൂപ എന്ന ഭാരിച്ച ഫീസില്‍ തട്ടി ആ സ്വപ്നം പൊലിഞ്ഞു. അങ്ങനെയാണ് പതിമൂന്നാം വയസ്സില്‍ ഡെല്‍ഹിയില്‍ ടാക്സി ഓടിച്ച് ഉപജീവനം കഴിക്കുന്ന ബന്ധുവിന്റെ അടുത്തേയ്ക്ക് യാത്ര തിരിക്കാനുള്ള സുപ്രധാന തീരുമാനമെടുക്കുന്നത്.

സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ഡെല്‍ഹിയില്‍ വലിയൊരു സ്റ്റേഡിയം ഉണ്ടെന്നും അവിടെ വലിയ താരങ്ങള്‍ പരിശീലിക്കുന്ന ഒരു സിന്തറ്റിക് ട്രാക്കുണ്ടെന്നുമുള്ള കേട്ടുകേള്‍വികളും നല്ല പരിശീലകരെ കണ്ടെത്താമെന്ന പ്രതീക്ഷയും മാത്രമായിരുന്നു, തനിച്ച് ഡെല്‍ഹിക്ക് വണ്ടിപിടിക്കുമ്പോള്‍ അന്റെ കൈമുതല്‍. ബന്ധുവിന്റെ കൂടെ താമസിച്ച് അങ്ങനെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. പ്രതിമാസം ആയിരം രൂപ ഫീസിന്.
അക്കാലത്ത് തന്നെ മുംബൈയില്‍ ഒരു മീറ്റിന് പോയി രണ്ട് കിലോമീറ്റര്‍ ഓട്ടത്തില്‍ മെഡല്‍ നേടിയതോടെ പലരുടെയും കണ്ണ് പര്‍വേജില്‍ പതിച്ചുതുടങ്ങി. പിന്നീടാണ് ഭോപ്പാലിലേയ്ക്ക് മാറി സായിയില്‍ അനുപമ ശ്രീവാസ്തവയ്ക്ക് ശിഷ്യപ്പെടുന്നത്. തുടക്കത്തില്‍ സായിയില്‍ ചേരാന്‍ വേണ്ട മികവ് കാണിക്കാനുണ്ടായിരുന്നില്ല. എന്നാല്‍ ഗുവാഹത്തിയിലെ നാഷണല്‍ ജൂനിയര്‍ മീറ്റില്‍ മെഡല്‍ നേടിയതോടെ ആ കടമ്പ വഴിമാറി. ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയെങ്കിലും കഠിനമായിരുന്നു പരിശീലനകാലമെന്ന് പര്‍വേജ് ഗുജറാത്ത് ദേശീയ ഗെയിംസിനിടെ പറഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം വീട്ടില്‍ പോയില്ല. സാമ്പത്തികമായും വലിയ പ്രയാസമായിരുന്നു. അനുപമ കൈയില്‍ നിന്നെടുത്തു കൊടുത്ത പണം കൊണ്ടാണ് അക്കാലത്ത് കഴിഞ്ഞുപോന്നതെന്നാണ് കിതപ്പിനിടെ വിതുമ്പലുമടക്കാന്‍ പാടുപെട്ട് അന്ന് പര്‍വേജ് പറഞ്ഞത്. പിന്നീട് ഫ്ളോറിഡയിലേയ്ക്ക് അപേക്ഷ അയക്കാന്‍ സഹായിച്ചതും അനുപമ തന്നെ.
ഭോപ്പാലിലെ, രണ്ടുവര്‍ഷം നീണ്ട, ആ കഠിനകാലത്തിലാണ് പര്‍വേജിന്റെ കരിയറിലെ രണ്ടാംഘട്ടം ജന്മമെടുക്കുന്നത്. ഗുണ്ടൂരിനടുത്ത് മംഗളഗിരിയില്‍ നടന്ന അണ്ടര്‍-16 നാഷണല്‍സിന്റെ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണത്തോടെയായിരുന്നു തുടക്കം. തൊട്ടടുത്ത വര്‍ഷം ഖേലോ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗത്തില്‍ വെങ്കലവും നേടി പര്‍വേജ് വരവ് ഉറക്കെ പ്രഖ്യാപിച്ചു. പ്രായത്തെ ചൊല്ലിയുള്ള ഒരു പരാതി ഉയര്‍ന്നതോടെ തൊട്ടടുത്ത വര്‍ഷംതന്നെ സീനിയര്‍ തലത്തിലേയ്ക്ക് മാറി. വാറംഗലില്‍ നടന്ന ഓപ്പണ്‍ നാഷണല്‍സില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിക്കൊണ്ട് അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ഈ പ്രകടത്തിന്റെ അടിസ്ഥാനത്തിലാണ് ഏറെക്കാലം കാത്തിരുന്ന ജോലി പര്‍വേജിനെ തേടിയെത്തിയത്. ഇന്ത്യന്‍ നേവിയില്‍. അങ്ങനെ ഒരു സ്ഥിരവരുമാനമായി. വീട്ടുകാര്‍ക്ക് സ്വപ്നസാഫല്യവുമായി. ജോലി കൊണ്ട് കടങ്ങളൊക്കെ വീട്ടാനായെങ്കിലും പര്‍വേജിന്റെ സ്വപ്നം നേവിയിലെ ജോലിയില്‍ ഒതുങ്ങിയില്ല. അവന്റെ കിനാവ് കരകാണാ കടലല മേലെ പറന്നുകൊണ്ടേയിരുന്നു.

അടുത്ത വര്‍ഷം ഗുജറാത്ത് ദേശീയ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ കരിയറിന്റെ അടുത്ത ഘട്ടം ആരംഭിച്ചു. ഈ പ്രകടനത്തിന്റെ ബലത്തിലാണ് ആദ്യമായി ദേശീയ ടീമില്‍ ഇടം നേടുന്നത്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിനുള്ള ക്യാമ്പായിരുന്നു അത്. ഈ ക്യാമ്പിന്റെ പരിശീലനത്തിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ കോളറാഡോ സ്പ്രിങ്സിലെ ഒളിമ്പിക്സ് ട്രെയിനിങ് സെന്ററില്‍ മത്സരിക്കാനെത്തുന്നത്. ഇതിടെ മത്സരിക്കുമ്പോള്‍ കാല്‍ക്കുഴ തെറ്റി എല്ല് പൊട്ടി ട്രാക്കില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നത് അടുത്ത വഴിത്തിരിവായി. നാട്ടിലെ വിലപ്പെട്ട ഒരു ആഭ്യന്തരസീസണ്‍ പൂര്‍ണമായും ഏഷ്യന്‍ ഗെയിംസ് ട്രയല്‍സിന്റെ സുവര്‍ണാവസരവും നഷ്ടമായെങ്കിലും ആരുടെയും മനസ് മടുത്തുപോകാവുന്ന ഈ വിശ്രമകാലത്താണ് സ്വപ്നങ്ങള്‍ നിലമൊരുക്കിയ മനസില്‍ അമേരിക്കയില്‍ പഠിത്തം തുടരുകയെന്ന ആശയത്തിന്റെ വിത്ത് വീണ് മുളയ്ക്കുന്നത്. കൊളറാഡോയില്‍ അനുഭവിച്ചറിഞ്ഞ സൗകര്യങ്ങള്‍ ഉപയോഗിച്ചെങ്കില്‍ മാത്രമേ ഇനി കരിയറില്‍ മുന്നോട്ടുള്ള കുതിപ്പ് സാധ്യമാവൂ എന്ന ചിന്ത ഉള്ളില്‍ ഉല്‍ക്കടമാകുന്നതും അക്കാലത്താണ്. മൊറോക്കോയിലെ ഒരു ഇന്‍സ്റ്റഗ്രാം സുഹൃത്താണ് മനസ്സില്‍ ആ മോഹത്തിന്റെ ചെറുനാളത്തിന് തിരികൊളുത്തിയത്. അങ്ങനെയാണ് അനുപമയുടെ സഹായത്തോടെ കോളേജിലേയ്ക്ക് അപേക്ഷ അയച്ചതും ഒരു പരിശീലകനെ കണ്ടെത്താന്‍ ശ്രമിച്ചതും. അങ്ങനെ സ്പ്രിന്റിന് പേരുകേട്ട, ഒരു ഡസനിലേറെ ഒളിമ്പിക് ചാമ്പ്യന്മാര്‍ക്ക് ജന്മം കൊടുത്ത ഫ്ളോറിഡ സര്‍വകലാശാലയിലെ വില്‍ പാര്‍മറെ പരിശീലകനായി കിട്ടി. കോളേജിയറ്റ് ചാമ്പ്യന്‍ കൂടിയായ കെനിയന്‍ ദീര്‍ഘദൂര ഓട്ടക്കാരി മെഴ്സി ചേലങ്ങാട്ടിന്റെ പരിശീലകന്‍ കൂടിയായിരുന്നു പാര്‍മര്‍.
പര്‍വേജിന്റെ പ്രായവും വേഗവുമെല്ലാം കണ്ടളന്ന പാര്‍മര്‍ക്ക്, അവന്റെ ഉള്ളില്‍ നാളെ ഉണര്‍ന്ന് ജീവന്‍വച്ച് കുതിക്കാന്‍ പോന്നൊരു ചാമ്പ്യനുണ്ടെന്ന് ബോധ്യപ്പെടാന്‍ താമസമുണ്ടായില്ല. പക്ഷേ, പര്‍വേജിന്റെ വിദ്യാഭ്യാസയോഗ്യത ഒരു വലിയ വൈതരണിയായി. അങ്ങനെ പാര്‍മറുടെ നിര്‍ബന്ധവും പ്രേരണയും പിന്തുണയും കൊണ്ട് സ്റ്റാന്‍ഡേഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതി. നാട്ടിലേയ്ക്ക് മടങ്ങുന്നതിന് തൊട്ടു മുന്‍പായിരുന്നു പരീക്ഷ. വലിയ തയ്യാറെടുപ്പൊന്നുമില്ലാതെയാണ് എഴുതിയ പരീക്ഷ കഷ്ടിച്ചാണ് പര്‍വേജ് കടന്നുകൂടിയത്. ഇവിടെയും തളര്‍ത്തിയത് കണക്കും ഇംഗ്ലീഷുമൊക്കെ തന്നെ. അങ്ങനെ അമേരിക്കയില്‍ പഠിക്കാനുള്ള വഴി മുന്നില്‍ തെളിഞ്ഞു.
ഫ്ളോറിഡയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള രണ്ട് സ്‌കോളര്‍ഷിപ്പുകളുടെ ഓഫര്‍ ലെറ്ററുണ്ടായിരുന്നു പര്‍വേജിന്റെ കൈയില്‍. അതുമായി നേവിയെ സമീപിച്ചപ്പോള്‍, പക്ഷേ, ആശ്വാസകരമായിരുന്നില്ല മറുപടി. പഠിക്കാനും പരിശീലിക്കാനുമൊന്നും സേനാംഗങ്ങളെ വിദേശത്ത് വിടുന്നൊരു കീഴ്വഴക്കം ഉണ്ടായിരുന്നില്ല. വിദേശത്ത് പരിശീലിച്ചാല്‍ തനിക്ക് ട്രാക്കില്‍ അത്ഭുതങ്ങള്‍ കാട്ടാനാകുമെന്ന് പര്‍വേജ് നെഞ്ചില്‍ തൊട്ടുപറഞ്ഞപ്പോള്‍ അവര്‍ക്ക് നിരസിക്കാനായില്ല. അവന്റെ ആത്മവിശ്വാസത്തെ അവിശ്വസിക്കാനായില്ല. അതോടെ അടുത്ത യാത്രയ്ക്ക് പച്ചക്കൊടി ഉയര്‍ന്നു. അങ്ങനെ അമേരിക്കയിലെ എന്‍.സി.എ.എയുടെ ഒന്നാം ഡിവിഷനില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാവുകയും ചെയ്തു പര്‍വേജ്.
ഫ്ളോറിഡ സര്‍വകലാശാലയുടെ ഗെയ്ന്സ്വില്ലെ ക്യാമ്പസിലായിരുന്നു പര്‍വേജിന് പ്രവേശനം കിട്ടിയത്. ഭാഷയും സംസ്‌കാരവുമായിരുന്നു ആദ്യ കടമ്പകള്‍. ദീര്‍ഘദൂര ഓട്ടത്തേക്കാള്‍ കഠിനമായിരുന്നു കണക്ക് പഠനവിഷയമായ സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സ്. പുലര്‍ച്ചെ അഞ്ചിന് തുടങ്ങുന്ന ദിനചര്യ രാത്രി എട്ടര വരെ നീണ്ടു. ആറ് മുതല്‍ ട്രാക്കില്‍. പിന്നെ ക്ലാസില്‍. വൈകീട്ട് വീണ്ടും പരിശീലനം. പിന്നെ പഠനം മോശമാവാതിരിക്കാന്‍ പ്രത്യേക ട്യൂഷന്‍. പരീക്ഷയില്‍ തോറ്റ് അച്ഛന്റെ തല്ല് വാങ്ങിയ പഴയ ഒന്‍പതാം ക്ലാസുകാരനില്‍ നിന്ന് പഠനവും ഓട്ടവും ഒന്നിച്ച് കൊണ്ടുപോകുന്ന കഠിനാധ്വാനിയായ ഓള്‍റൗണ്ടറിലേയ്ക്കുള്ള ദൂരം ചെറുതായിരുന്നില്ല. ഓട്ടത്തിനും പഠനത്തിനുമിടയ്ക്ക് വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്യാന്‍ പോലും സമയം കിട്ടുന്നില്ല എന്നൊരു പരിഭവമേയുള്ളൂ അച്ഛന്‍ നഫീസിനും അമ്മ ഹന്‍സിരയ്ക്കും. ചഹല്‍ക്കയിലെ ഇല്ലായ്മകള്‍ക്കിടയില്‍ ഓടിക്കിതയ്ക്കുമ്പോള്‍ ഇങ്ങനെയൊരു കാലം മരീചികപോലെ പോലും മനസ്സില്‍ തെളിഞ്ഞിരുന്നില്ലെന്ന് ഇയ്യിടെ ഒരു അഭിമുഖത്തില്‍ പര്‍വേജ് പറഞ്ഞിരുന്നു.
വ്യത്യസ്ത ധ്രുവങ്ങളിലുള്ള രണ്ട് നാടുകളുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭേദചിന്തയും ആകുലതകളുമൊക്കെ പുറത്തേ ഉണ്ടായിരുന്നുള്ളൂ. ട്രാക്ക് അവന് മറ്റൊരു ലോകമായിരുന്നു. അവിടെ വേഗം മാത്രമാണ് ഭാഷ. കഠിനമായ പരിശീലനം മാത്രമാണ് സംസ്‌കാരം. സകലരും സമന്മാര്‍. ആദ്യ ദിവസം തന്നെ ടോക്യോ ഒളിമ്പിക്സിന്റെ 110 മീറ്റര്‍ ഹര്‍ഡില്‍സ് വെള്ളി മെഡല്‍ ജേതാവ് ഗ്രാന്റ് ഹോളോവെയ്ക്കൊപ്പമായിരുന്നു തോളോടു തോള്‍ ചേര്‍ന്നുള്ള പര്‍വേജിന്റെ പരിശീലനം. ഗ്രാന്റ് മാത്രമല്ല, അത്ലറ്റിക്സിലും നീന്തലിലും ബേസ്ബോളിലുമെല്ലാമായി ടോക്യോയില്‍ മൊത്തം പതിനെട്ട് മെഡല്‍ ജേതാക്കളൊണ് ഫ്ളോറിഡ സര്‍വകലാശാല സംഭാവന ചെയ്തത്. അവരില്‍ ഒരാളായി ഒളിമ്പിക്സ് സ്വപ്നം പേറുന്ന പര്‍വേജും പരിശീലനങ്ങളില്‍ മുഴുകി ഒഴുകി.
സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമുള്ള പരിശീലനം പര്‍വേജിന്റെ പ്രതിഭയെ മാത്രമല്ല, മത്സരങ്ങളോടുള്ള സമീപനത്തെ തന്നെ അടിമുടി മാറ്റിമറിച്ചു. പഠനവും പരിശീലനവും തുടങ്ങി ഏറെ വൈകാതെ തന്നെ പര്‍വേജിന്റെ പ്രതിഭ ലോകമറിഞ്ഞുതുടങ്ങിയിരുന്നു. ടെക്സാസിലെയും ബോസ്റ്റണിലെയുമെല്ലാം ഇന്‍ഡോര്‍ മീറ്റുകളില്‍ മെഡലുകളും പുതിയ ദേശീയ റെക്കോഡുമൊക്കെ പര്‍വേജിലെ പ്രതിഭയെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ ഫ്‌ളോറിഡ ഗേറ്റേഴ്‌സിന്റെ ഫ്രഷ്മെന്‍ അത്ലറ്റായി. ലൂസിയാനയിലെ എ.എ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലെ ആവേശഅരങ്ങേറ്റം.
കഠിനജീവിതത്തിന്റെ തീച്ചൂളയില്‍ ഉരുകി ഉറച്ചതുകൊണ്ടാവാണം, തോല്‍ക്കാന്‍ കൂട്ടാക്കാത്ത മനസ്സാണ് പര്‍വേജിന്റെ കരുത്തെന്ന് പറയും കോച്ച് വില്‍മര്‍. ഇനിയുമൊരു ലാപ്പിനുള്ള ഊര്‍ജം കാലില്‍ സംഭരിച്ചാണ് പര്‍വേജിന്റെ ഓരോ ഫിനിഷുമെന്നന്നും കോച്ച് സാക്ഷ്യപ്പെടുത്തുന്നു. അവനെയാരും ഓട്ടത്തിന്റെ ഗുട്ടന്‍സ് പഠിപ്പിക്കേണ്ടതില്ല. എപ്പോള്‍ കുതിക്കണമെന്നും എപ്പോള്‍ വേഗത കുറയ്ക്കണമെന്നും അവന് ഉത്തമ ബോധ്യമുണ്ട്. അവസാന ഇരുന്നൂറ്, മുന്നൂറ് മീറ്ററുകളില്‍ കുതിക്കുന്ന തന്ത്രമൊന്നും അവന്‍ എവിടെ നിന്നും പഠിച്ചുവശമാക്കിയതല്ല. നാട്ടിലെ പാടത്തും റോഡിലുമുള്ള ഓട്ടത്തിനിടയ്ക്ക് കാലിലേയ്ക്ക് സ്വയം ആവേശിച്ചതാവാമെന്നും പ്രതിഭകളെ ഏറെ കണ്ട കോച്ച് നിരൂപിക്കുന്നു.
പര്‍വേജില്‍ പ്രത്യേകതകള്‍ എന്തൊക്കെയോ ഉണ്ട്. നാളേയ്ക്ക് കരുതിവച്ച ചില രാസ, ലവണ ലായനികള്‍. അല്ലെങ്കില്‍ ബോസ്റ്റണില്‍ അവസാന നൂറ് മീറ്ററില്‍ അങ്ങനെ അവിശ്വസനീയമായി, ഓട്ടമൊരു ആഘോഷമാക്കി കുതിക്കാന്‍ കഴിഞ്ഞത് എങ്ങനെ. അതാണ് രാജ്യം പ്രതീക്ഷിക്കുന്ന നാളേയ്ക്കുള്ള സ്ഥിരനിക്ഷേപം. അവന്‍ ഇന്ത്യയ്ക്കുവേണ്ടി ഓടാന്‍ യോഗ്യനായിക്കഴിഞ്ഞുവെന്ന സാക്ഷ്യപത്രം പരിശീലകന്റേതുതന്നെയാണ്. 1500, 800 മീറ്ററുകളില്‍ ഒളിമ്പിക് യോഗ്യതയില്‍ നിന്ന് ഏറെ അകലെയല്ല പര്‍വേജ്. 'എനിക്ക് ചരിത്രം കുറിക്കാനുണ്ട്. ഇത്തവണ പാരിസ് ഒളിമ്പിക്സില്‍ തന്നെ എനിക്ക് മാറ്റുരയ്ക്കണം. അതിന് യോഗ്യത നേടാനുള്ള പരിശ്രമത്തിലാണ് ഞാന്‍' ഇത്തിരി കടന്നതാവാം പര്‍വേജിന്റെ കിനാവ്. പക്ഷേ, ആ ആത്മവിശ്വാസത്തെ എഴുതിത്തള്ളേണ്ട. ഈ ജൂണില്‍ പര്‍വേജ് നാട്ടിലേയ്ക്ക് മടങ്ങുന്നില്ല. അതിനൊരു കാരണമേയുള്ളൂ. ഒരിക്കല്‍ക്കൂടി ഒന്ന് പാരിസ് ഒളിമ്പിക്സിനുള്ള ടിക്കറ്റിന് ശ്രമിച്ചുനോക്കണം. കണ്ട കിനാക്കളൊന്നും യാഥാര്‍ഥ്യമാക്കാതിരുന്നിട്ടില്ല പര്‍വേജ്. അതൊരു വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക്.
പാകിസ്താനിലേയ്ക്ക് കുടിയേറാതെ കൂറു കാട്ടിയ നൂഹിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരം കാര്യമായൊന്നും തിരിച്ചു നല്‍കിയിട്ടില്ല നമ്മള്‍. ഇന്നും രാജ്യത്തെ പിന്നാക്ക പ്രദേശങ്ങളില്‍ ഒന്നാണ് നൂഹും ചഹല്‍ക്കയും ഉള്‍പ്പെടുന്ന മേവാത്ത് മേഖല. ഈ ഇല്ലായ്മയിൽ പിറവികൊണ്ടയാളാണ് പർവേജ്. നാളെ ഒരുപക്ഷേ, രാജ്യം അഭിമാനം കൊള്ളാൻ പോകുന്നത് ഈയൊരു കുഞ്ഞു ഗ്രാമത്തിന്റെ പേരിലാവും. അതാവും ചിലപ്പോൾ പർവേജിന്റെ നിയോഗം. കാലത്തിന് അങ്ങനെയുമുണ്ട് വിചിത്രമായ ചില നീതിനടപ്പാക്കലുകള്‍.
Content Highlights: parvej khan, india, athlet, SEC outdoor track and field championships, florida, Nuh haryana
Published: 25 May 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented