
കാളപ്പോരിന് പേരുകേട്ട ഇടമാണ് സ്‌പെയിന്‍. അതുകൊണ്ടുതന്നെ ആ നാട്ടില്‍നിന്ന് വരുന്ന കായികതാരങ്ങള്‍ക്ക് അല്‍പ്പം ഉശിര് കൂടും. റാഫേല്‍ നദാലും കാര്‍ലോസ് പുയോളും ഫെര്‍ണാണ്ടോ അലോണ്‍സോയുമെല്ലാം കായികരംഗത്ത് അത് തെളിയിക്കുകയും ചെയ്തു. സ്‌പെയിന്‍ ജന്മം നൽകിയ ലോകോത്തര കായികതാരങ്ങളിലെ ഇളമുറത്തമ്പുരാനാണ് കാര്‍ലോസ് അല്‍ക്കരാസ് ഗാര്‍ഫിയ. കാലിലും കൈയിലും അത്ഭുതമൊളിപ്പിച്ച് ടെന്നീസ് കോര്‍ട്ടിനെ അടക്കിവാഴുന്ന യുവരാജാവ്. കൗമാരം പിന്നിടുമ്പോഴേക്കും അല്‍ക്കരാസിന്റെ ഷെല്‍ഫിലുള്ളത് രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ്. മറ്റു താരങ്ങള്‍ ഒന്നെങ്കിലും നേടാനായി കിണഞ്ഞുശ്രമിക്കുമ്പോള്‍ സ്വതസിദ്ധമായ ശൈലിയുടെയും തികഞ്ഞ ആത്മസമര്‍പ്പണത്തിന്റെയും കരുത്തില്‍ അല്‍ക്കരാസ് കൗമാരത്തില്‍ തന്നെ അത് സ്വന്തമാക്കി.
നിലവില്‍ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ക്കരാസിന്റെ പ്രതിഭയുടെ ആഴം ജൂലായ് 16-ന് രാത്രി നടന്ന വിംബിള്‍ഡണ്‍ ഫൈനലിലൂടെ ലോകം തിരിച്ചറിഞ്ഞു. 23 ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ടെന്നീസ് ലോകത്ത് എതിരാളികളില്ലാത്ത രാജാവായി വിലസുന്ന സാക്ഷാല്‍ നോവാക് ജോക്കോവിച്ചിനെ അദ്ദേഹത്തിന്റെ ഇഷ്ട കോര്‍ട്ടില്‍ മുട്ടുകുത്തിച്ച് 2023 വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടെങ്കില്‍ അല്‍ക്കരാസ് ചില്ലറക്കാരനല്ല. ആദ്യ സെറ്റില്‍ 6-1 ന് നാണംകെട്ടിട്ടും കാണികളുടെ കൂക്കുവിളികള്‍ കാതുകളില്‍ അമ്പുകണക്കെ തറച്ചുകയറിയിട്ടും ഈ 20-കാരന്‍ പതറിയില്ല. തുടക്കക്കാരന്റെ അങ്കലാപ്പില്ലാതെ ആദ്യമായി വിംബിള്‍ഡണ്‍ ഫൈനലില്‍ കളിക്കുന്നതിന്റെ പരിഭ്രമമൊന്നും കാണിക്കാതെ ശാന്തനായി അല്‍ക്കരാസ് പൊരുതാനൊരുങ്ങി. ആദ്യസെറ്റില്‍ തന്നെ നാണം കെടുത്തിയ ജോക്കോയെ രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലൂടെ 7-6 ന് വീഴ്ത്തി അല്‍ക്കരാസ് മത്സരത്തില്‍ ഒപ്പത്തിനെത്തി. ആവേശം അണപൊട്ടിയ ടൈബ്രേക്കറില്‍ 8-6 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം.
പിന്നീട് പ്രതികാരത്തിനുള്ള സമയമായിരുന്നു. ആദ്യസെറ്റില്‍ തന്നെ നാണംകെടുത്തിയ ജോക്കോയ്‌ക്കെതിരേ അല്‍ക്കരാസ് അതേ നാണയത്തില്‍ തിരിച്ചടിച്ചു. പ്രതിഭയുടെ മിന്നലാട്ടം കണ്ട് ആരാധകര്‍ അത്ഭുതത്തിലൂളിയിട്ട മുഹൂര്‍ത്തം. സാക്ഷാല്‍ ജോക്കോവിച്ചിനെ 6-1 ന് നിസ്സഹായനാക്കിക്കൊണ്ട് അല്‍ക്കരാസിന്റെ തിരിച്ചടി. ഈ സമയം ആദ്യ സെറ്റില്‍ തനിക്കെതിരേ കൂക്കിവിളിച്ചവരുടെയെല്ലാം കൈയടി അല്‍ക്കരാസ് നേടിയെടുത്തിരുന്നു. എന്നാല്‍ എന്തുകൊണ്ട് 23 ഗ്രാന്‍ഡ്സ്ലാം കിരീടം നേടി എന്നതിനുള്ള ഉത്തരം മത്സരപരിചയത്തിന്റെ കരുത്തില്‍ ജോക്കോവിച്ച് ലോകത്തിന് കാട്ടിക്കൊടുത്തു. നാലാം സെറ്റ് 6-3 ന് സ്വന്തമാക്കി ജോക്കോവിച്ച് വിംബിള്‍ഡണ്‍ ഫൈനലിന്റെ എല്ലാ സൗന്ദര്യവും കായികപ്രേമികള്‍ക്ക് മുന്നില്‍ നിരത്തിവെച്ചു. ഇതോടെ ഏവരും കാത്തിരുന്ന ആ അസുലഭ മുഹൂര്‍ത്തത്തിലേക്ക് മത്സരം നീങ്ങി. അതിനിര്‍ണായകമായ അഞ്ചാം സെറ്റ്. കൊടുത്തും വാങ്ങിയും ഇരുതാരങ്ങളും ടെന്നീസ് കോര്‍ട്ട് യുദ്ധക്കളമാക്കിയപ്പോള്‍ വിംബിള്‍ഡണ്‍ സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിലൊന്നിനാണ്. ഒടുവില്‍ അവസാന സെറ്റ് 6-4 ന് സ്വന്തമാക്കി അല്‍ക്കരാതസ് കണ്ണീരോടെ കോര്‍ട്ടില്‍ വീണപ്പോള്‍ ഏവരും ഒന്നമ്പരന്നു. പിന്നാലെ നിറഞ്ഞ കരഘോഷത്തോടെ അവര്‍ ടെന്നീസ് ലോകത്തെ ഇളമുറത്തമ്പുരാനെ വരവേറ്റു. വിംബിള്‍ഡണില്‍ അല്‍ക്കരാസിന്റെ കന്നിമുത്തം. ജോക്കോയുടെ നെഞ്ചില്‍ ചോരപൊടിഞ്ഞ നിമിഷം. മത്സരശേഷം അല്‍ക്കരാസിനെ അഭിനന്ദിക്കാന്‍ ജോക്കോവിച്ച് മറന്നില്ല.

വിംബിള്‍ഡണ്‍ കിരീടത്തിന്റെ തിളക്കം അല്‍ക്കരാസിന്റെ കണ്ണില്‍ മിന്നല്‍പ്പിണരുപോലെ പാഞ്ഞു. ഈറനണിഞ്ഞ കണ്ണുമായി ആ 20 കാരന്‍ ടെന്നീസ് കോര്‍ട്ടിലെ യുവരാജാവായി. 2022 യു.എസ്.ഓപ്പണ്‍ കിരീടത്തിന് പിന്നാലെ 2023 വിംബിള്‍ഡണ്‍ കിരീടവും സ്പാനിഷ് താരത്തിന് സ്വന്തം. ജീവിതം മുഴുവനായി ടെന്നീസിനുവേണ്ടി മാത്രം ഉഴിഞ്ഞുവെച്ച അല്‍ക്കരാസ് ടെന്നീസിലെ ഇതിഹാസമാകുമെന്നതില്‍ തര്‍ക്കമില്ല. ഫെഡററും നദാലും ജോക്കോവിച്ചുമെല്ലാം കൈയ്യടക്കിവെച്ച ടെന്നീസ് ലോകത്തെ ചെങ്കോല്‍ പിടിക്കാന്‍ പുതിയ കാലത്തില്‍ ഏറ്റവും അര്‍ഹനായ പ്രതിഭയുള്ള ടെന്നീസ് താരമാണ് അല്‍ക്കരാസ്. ഈ വിജയത്തോടെ വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം എന്ന റെക്കോഡ് അല്‍ക്കരാസ് സ്വന്തമാക്കി. വിംബിള്‍ഡണ്‍ നേടുമ്പോള്‍ അല്‍ക്കരാസിന്റെ പ്രായം 20 വയസ്സും 72 ദിവസവും മാത്രമാണ്. നേരത്തേ യു.എസ്.ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് അല്‍ക്കരാസ് സ്വന്തമാക്കിയിരുന്നു. വിംബിള്‍ഡണ്‍ കിരീടം നേടുന്ന മൂന്നാമത്തെ സ്പാനിഷ് ടെന്നീസ് താരവുമാണ് അല്‍ക്കരാസ്. നേരത്തേ മാനുവര്‍ സന്റാന (1966), റാഫേല്‍ നദാല്‍ (2008,2010) എന്നിവരാണ് ഇതിനുമുന്‍പ് വിംബിള്‍ണ്‍ നേടിയ സ്പാനിഷ് താരങ്ങള്‍.
സ്‌പെയിനിലെ എൽപാമറിൽ 2003 മേയ് അഞ്ചിനാണ് അല്‍ക്കരാസിന്റെ ജനനം. ടെന്നീസിന്റെയും സംഗീതത്തിന്റെയും നാടാണ് വിയെന. അതുകൊണ്ടാണ് ടെന്നീസ് കോര്‍ട്ടിലെ അല്‍ക്കരാസിന്റെ ചലനത്തില്‍ ഒരു സംഗീതം കാണാനാകുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ യുവാന്‍ കാര്‍ലോസ് ഫെറേറോയുടെ നാട്ടില്‍ നിന്ന് ഉയര്‍ന്നുവന്നതിനാല്‍ അദ്ദേഹത്തിന്റെ സ്വാധീനം അല്‍ക്കരാസിന്റെ കരിയറിലുടനീളമുണ്ടായിരുന്നു. പിന്നീട് ഫെറേറോ തന്നെ അല്‍ക്കരാസിന്റെ പരിശീലകനായത് കാലത്തിന്റെ കുസൃതി. ചെറുപ്പംതൊട്ട് ടെന്നീസ് റാക്കറ്റിനെ സ്‌നേഹിച്ച അല്‍ക്കരാസിനെ പിതാവ് കാര്‍ലോസ് അല്‍ക്കരാസ് ഗോണ്‍സാലസ് ടെന്നീസ് കോര്‍ട്ടിലേക്ക് ഇറക്കിവിട്ടു. പിതാവ് ടെന്നീസ് അക്കാദമി ഡയറക്ടര്‍ ആയതിനാല്‍ അല്‍ക്കരാസിന് കോര്‍ട്ടില്‍ ദീര്‍ഘനേരം പരിശീലനം നടത്താനായി. മകന് മെച്ചപ്പെട്ട് പരിശീലനം നല്‍കണമെന്ന് ആഗ്രഹിച്ച ഗോണ്‍സാലസ് അല്‍ക്കരാസിനെ ഫെറേറോയുടെ ജെ.സി ഫെറേറോ സ്‌പോര്‍ട് അക്കാദമിയില്‍ ചേര്‍ത്തു. അവിടെനിന്നാണ് കാര്‍ലോസ് അല്‍ക്കരാസ് എന്ന ലോകോത്തര താരത്തിന്റെ പിറവിയുണ്ടാകുന്നത്.

ഫെറേറോയുടെ കീഴില്‍ വളര്‍ന്ന അല്‍ക്കരാസ് പരിശീലകനെത്തന്നെ പലമത്സരങ്ങളിലും കീഴടക്കി അവരെയും അത്ഭുതപ്പെടുത്തി. വളരെ സാധുവായി കളിച്ചിരുന്ന അല്‍ക്കരാസിന്റെ മനസ്സില്‍ ആക്രമണോത്സുകതയുടെ വിത്തുമുളപ്പിച്ചത് ഫെറേറോയാണ്. അത് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. ഡ്രോപ്പ് ഷോട്ടുകളും ബാക്ക് ഹാന്‍ഡുകളും അനായാസം കളിച്ച താരത്തിന്റെ സെര്‍വുകള്‍ പലതും എതിരാളികള്‍ക്ക് പേടിസ്വപ്‌നമായി. മണിക്കൂറില്‍ 150 മുതല്‍ 170 കിലോമീറ്റര്‍ വരെ വേഗതയില്‍ വരുന്ന അല്‍ക്കരാസിന്റെ സെര്‍വുകള്‍ പലതും എതിരാളികളെ കുടുക്കി. അതിന്റെ തെളിവ് ഫൈനലില്‍ ലോകം കാണുകയും ചെയ്തു. വെറും 16 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അല്‍ക്കരാസ് പ്രഫഷണല്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം നടത്തി. 2020 ഫെബ്രുവരിയില്‍ നടന്ന റിയോ ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കളിക്കാനെത്തിയ താരം ആദ്യ റൗണ്ടില്‍ അല്‍ബെര്‍ട്ട് റാമോസ് വിനോലാസിനെ കീഴടക്കി അരങ്ങേറ്റം ഗംഭീരമാക്കി. എന്നാല്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് മടങ്ങി. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇടം നേടിയ അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരങ്ങളിലൊരാലായി മാറി. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാനിറങ്ങിയ അല്‍ക്കരാസ് ആദ്യ മത്സരത്തില്‍ വിജയം നേടിയെങ്കിലും രണ്ടാം റൗണ്ടില്‍ പരാജയം രുചിച്ചു.
പിന്നാലെ സ്വന്തം നാട്ടില്‍ നടന്ന മാഡ്രിഡ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരിക്കാനിറങ്ങിയ താരം വലിയൊരു റെക്കോഡുമായാണ് മടങ്ങിയത്. മഡ്രിഡ് ഓപ്പണില്‍ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റാഫേല്‍ നദാല്‍ 2004-ല്‍ സ്ഥാപിച്ച റെക്കോഡ് അല്‍ക്കരാസ് തകര്‍ത്തു. ആദ്യ റൗണ്ടില്‍ വിജയം നേടിയ അല്‍ക്കരാസിനെ കാത്ത് രണ്ടാം റൗണ്ടില്‍ സാക്ഷാല്‍ നദാല്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം റൗണ്ടില്‍ നദാലിനോട് തോറ്റെങ്കിലും തലയുയര്‍ത്തി താരം മടങ്ങി. 18 വയസ്സുള്ളപ്പോള്‍ ലോക റാങ്കിങ്ങില്‍ ആദ്യ 100-നുള്ളില്‍ ഇടം നേടാനും താരത്തിന് സാധിച്ചു. അല്‍ക്കരാസ് എ.ടി.പി ടൂര്‍ണമെന്റില്‍ ആദ്യമായി കിരീടം നേടുന്നത് 2021 ജൂലായിലാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് താരം 2021 ക്രൊയേഷ്യ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ടോപ് സീഡായ ആല്‍ബേര്‍ട്ട് റാമോസിനെ തറപറ്റിച്ചാണ് അല്‍ക്കരാസ് കിരീടം ചൂടിയത്. അത് വലിയൊരു യുഗത്തിനുള്ള തുടക്കമാകുമെന്ന് ആരും കരുതിയില്ല. അതേ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ മൂന്നാം റൗണ്ടിലെത്തിയ അല്‍ക്കരാസ് യു.എസ്.ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഏവരെയും ഞെട്ടിച്ചു.
2022-ലാണ് അല്‍ക്കരാസിന്റെ പ്രതിഭ ലോകം തിരിച്ചറിഞ്ഞത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ താരം അത്ഭുതപ്രകടനം പുറത്തെടുത്തു. 2022 യു.എസ്.ഓപ്പണ്‍ കിരീടം നേടിക്കൊണ്ട് അല്‍ക്കരാസ് ലോകത്തിന്റെ നെറുകെയിലെത്തി. അത്ഭുതക്കുതിപ്പ് നടത്തിയ അല്‍ക്കരാസിന് മുന്നില്‍ പേരുകേട്ട കൊമ്പന്മാരെല്ലാം മുട്ടുമടക്കി. ഇതോടെ യു.എസ്.ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരം എന്ന റെക്കോഡ് താരത്തിന് സ്വന്തമായി. പിന്നാലെ ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നീസ് താരമായി മാറുകയും ചെയ്തു. ഇതും റെക്കോഡായി മാറി. എ.ടി.പി റാങ്കിങ്ങിന്റെ ചരിത്രത്തില്‍ ലോകഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അല്‍ക്കരാസ്. ഒന്നാം റാങ്കിലെത്തുമ്പോള്‍ 19 വയസ്സും നാല് മാസവും ആറ് ദിവസവും മാത്രമാണ് അല്‍ക്കരാസിന്റെ പ്രായം. ആ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും താരത്തിന് സാധിച്ചു.
2023-ല്‍ ഫ്രഞ്ച് ഓപ്പണില്‍ സെമി ഫൈനലിലെത്തിയ അള്‍ക്കരാസ് വിംബിള്‍ഡണില്‍ കിരീടം നേടി. ഇനി മുന്നിലുള്ളത് യു.എസ്.ഓപ്പണാണ്. നിലവിലെ ചാമ്പ്യനായ അല്‍ക്കരാസ് യു.എസ്.ഓപ്പണ്‍ നിലനിര്‍ത്തുമെന്നുതന്നെയാണ് ടെന്നീസ് പണ്ഡിതന്മാര്‍ അവകാശപ്പെടുന്നത്. റോജര്‍ ഫെഡറര്‍ വിരമിച്ചതോടെ നദാലിന് സ്ഥിരമായി പരിക്കേല്‍ക്കാന്‍ തുടങ്ങിയതോടെ പുരുഷ ടെന്നീസിലെ ഒരേയൊരു രാജാവായി ലോകം കീഴടക്കാമെന്ന് ആരാധകര്‍ കരുതിയ നൊവാക് ജോക്കോവിച്ചിന് ലഭിച്ച ഏറ്റവും കരുത്താര്‍ന്ന എതിരാളികളിലൊന്നാണ് അല്‍ക്കരാസ്. 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വപ്‌നം കാണുന്ന ജോക്കോയുടെ ഉറക്കം കെടുത്തുന്ന അല്‍ക്കരാസ് അടുത്ത രാജാവാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫെഡററും നദാലും ജോക്കോവിച്ചുമെല്ലാം കൈയ്യടക്കിവെച്ച പുരുഷടെന്നീസിലെ രാജാവിന്റെ കിരീടം ചൂടാന്‍ നിലവില്‍ ഏറ്റവും യോഗ്യനായ യുവതാരം അല്‍ക്കരാസ് തന്നെയാണ്. അതെ അല്‍ക്കരാസ് ടെന്നീസിന്റെ ഇളമുറത്തമ്പുരാനാണ്.
Content Highlights: life story of 2023 mens wimbledon winner carlos alcaraz
Published: 17 Jul 2023, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented