ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറും ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്വേറ്റ വാന്‍ദ്രോഷോവയും ഏറ്റുമുട്ടും.

To advertise here,

വ്യാഴാഴ്ച നടന്ന സെമിയില്‍ യുക്രൈനിന്റെ എലിന സ്വിറ്റൊലിനയെ തകര്‍ത്താണ് മാര്‍ക്വേറ്റ വാന്‍ദ്രോഷോവ വിംബിള്‍ഡണ്‍ ഫൈനലില്‍ കടന്നത്. ഓപ്പണ്‍ യുഗത്തില്‍ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന സീഡ് ചെയ്യപ്പെടാത്ത ആദ്യ താരമെന്ന നേട്ടവും വാന്‍ദ്രോഷോവ സ്വന്തമാക്കി. 60 വര്‍ഷത്തിനിടെ ഇതാദ്യത്തെ സംഭവം. 1963-ല്‍ ആണ് അവസാനമായി ഒരു സീഡ് ചെയ്യാത്ത താരം വിംബിള്‍ഡണ്‍ ഫൈനലിലെത്തിയത്.

എലിന സ്വിറ്റൊലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-3, 6-3) വാന്‍ദ്രോഷോവ പരാജയപ്പെടുത്തിയത്. താരത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 2019-ലെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പാണ് വാന്‍ദ്രോഷോവ.

ബെലാറസ് താരം ആര്യന സബലങ്കയെ മൂന്ന് സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ഒന്‍സ് ജാബിയൂറിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ടുണീഷ്യന്‍ താരത്തിന്റെ തിരിച്ചുവരവ്. ഒന്‍സ് ജാബിയൂറിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ ഫൈനല്‍ കൂടിയാണിത്. സ്‌കോര്‍: 6-7, 6-4, 6-3.