
ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് 32 വയസ് എന്നത് കരിയറിന്റെ അവസാന കാലഘട്ടമാണ്. ഗ്രൗണ്ടിനോട് ഗുഡ്‌ബൈ പറയാന്‍ നിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന കാലം. കുടുംബവുമൊത്തുള്ള അവധിക്കാല യാത്രകളും ആഘോഷങ്ങളും ഓര്‍ത്ത് ആനന്ദം കണ്ടെത്തുന്ന കാലം. എന്നാല്‍ ശശാങ്ക് സിങ് എന്ന ഛത്തീസ്ഗഢുകാരന് ജീവിതത്തിലെ സുവര്‍ണകാലം 32-ാം വയസില്‍ തുടങ്ങാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. നിരാശയുടെ പടുകുഴിയില്‍ നിന്ന് വിജയങ്ങളുടെ നീണ്ട വഴിയിലേയ്ക്കുള്ള യാത്ര.
മുംബൈയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പലപ്പോഴും ടീമില്‍ ഇടം കണ്ടെത്താന്‍ കഷ്ടപ്പെട്ടിരുന്ന ഭൂതകാലം മാത്രമാണ് കൈമുതലായുള്ളത്. പുറംനാട്ടുകാരന്‍ എന്ന ലേബലില്‍ പലപ്പോഴും മുംബൈ ടീമില്‍ തഴയപ്പെട്ട താരം ആരോടും പരിഭവും പരാതിയും പറഞ്ഞില്ല. ഐപിഎല്ലില്‍ ഡല്‍ഹി, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകളുടെ റിസര്‍വ് ബെഞ്ചിലിരിക്കേണ്ടിവന്നിട്ടും ചിലപ്പോള്‍ താരലേലത്തില്‍ ഇടം ലഭിക്കാതിരുന്നിട്ടും ശശാങ്ക് പതറിയില്ല. എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, ശബ്ദമുയര്‍ത്താതെ ഒറ്റയ്ക്കിരുന്ന കരഞ്ഞാണ് മകന്‍ ആ നിരാശക്കാലത്തിലൂടെ കടന്നുപോയതെന്ന് ശശാങ്കിന്റെ അച്ഛന്‍ ശൈലേഷ് സിങ് പറയുന്നുണ്ട്. എപ്പോഴെങ്കിലും കരിയർ പുതിയൊരു വെളിച്ചത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ വെറുതെയായില്ല.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഈ ഐപിഎൽ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി ആരാധകര്‍ കണ്ടത് വെടിക്കെട്ട് പ്രകടനം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഏട്ട് പന്തില്‍ 21 റണ്‍സ് അടിച്ച ശശാങ്ക് ഗുജാറാത്തിനെതിരേ നേടിയത് 29 പന്തില്‍ 61 റണ്‍സ്. ഹൈദരാബാദിനെതിരെ 25 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ 25 പന്തില്‍ 41 റണ്‍സ്. ഇപ്പോഴിതാ ഐപിഎല്ലില്‍ റണ്‍സ് പിന്തുടര്‍ന്നുള്ള ഏറ്റവും വലിയ വിജയം കൊല്‍ക്കത്തയ്ക്കെതിരേ പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ 28 പന്തില്‍ 68 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ശശാങ്ക് ഐപിഎല്ലിന്റെ തന്നെ ഹീറോയായി മാറിയിരിക്കുന്നു. ഈ ഒരൊറ്റ ഇന്നിങ്‌സില്‍ എട്ട് സിക്‌സറുകളാണ് 32-കാരന്റെ ബാറ്റില്‍ നിന്ന് പറന്നത്.
പഞ്ചാബ് ടീമിലേക്കുള്ള ശശാങ്കിന്റെ വരവും ഒരു സിനിമാക്കഥ പോലെയായിരുന്നു. ആളുമാറിയാണ് പഞ്ചാബിന്റെ ഉടമ പ്രീതി സിന്റ ശശാങ്കിനെ ലേലത്തില്‍ വിളിച്ചെടുത്തത്. അബദ്ധം മനസിലാക്കി തിരുത്താന്‍ ശ്രമിച്ചെങ്കിലും സമയം പിന്നിട്ടിരുന്നു. ഇതോടെ ശശാങ്കില്‍ തൃപ്തിപ്പെടേണ്ടി വന്നു. സീസണ്‍ തുടങ്ങിയതോടെ താന്‍ ആളുമാറി വന്നവനല്ലെന്നും ആളാവാന്‍ വന്നവനാണെന്നും ശശാങ്ക് അടിവരയിട്ടു. പ്രീതി സിന്റയും സംഘവും 'ഇതിപ്പോ ലാഭായല്ലോ' എന്ന അവസ്ഥയിലുമായി.

മധ്യപ്രദേശില്‍ നിന്ന് മുംബൈയിലേക്ക്
ശശാങ്ക് ജനിക്കുമ്പോള്‍ ഭിലായ് എന്ന നഗരം മധ്യപ്രദേശിന്റെ ഭാഗമായിരുന്നു. അന്ന് ഛത്തീസ്ഗഢ് എന്ന സംസ്ഥാനം രൂപം കൊണ്ടിട്ടില്ല. 1996-ലെ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ അഞ്ച് വയസായിരുന്നു ശശാങ്കിന്റെ പ്രായം. അന്നത്തെ ക്രിക്കറ്റ് ആവേശമാണ് ശശാങ്കിനേയും ഗ്രൗണ്ടിലെത്തിച്ചത്.
ഐപിഎസ് ഓഫീസറായിരുന്ന അച്ഛന്‍ ശൈലേഷ് സിങ്ങിന്റെ പിന്തുണ കൂടിയായതോടെ ക്രിക്കറ്റാണ് തന്റെ വഴിയെന്ന് ശശാങ്ക് മനസിലുറപ്പിച്ചു. മധ്യപ്രദേശ് പോലീസിലായിരുന്നു അന്ന് ശൈലേഷ് സിങ്ങിന് ജോലി. ക്രിക്കറ്റ് പരിശീലനത്തിനും കിറ്റിനുമെല്ലാമുള്ള പണം ഒരു മടിയും കൂടാതെ ശൈലേഷ് ചെലവഴിച്ചു. ഗ്രാമങ്ങളില്‍ നിന്ന് വരുന്ന ക്രിക്കറ്റ് താരങ്ങളെപ്പോലെ സാമ്പത്തികമായുള്ള ഞെരുക്കം കുട്ടിക്കാലത്ത് ശശാങ്കിന് അനുഭവിക്കേണ്ടി വന്നില്ല.
സ്‌കൂള്‍ ടീമിലും ജില്ലാ ടീമിലും മികച്ച പ്രകടനം പുറത്തെടുത്ത ശശാങ്ക് വൈകാതെ മധ്യപ്രദേശിന്റെ അണ്ടര്‍-15 ടീമില്‍ ഇടം കണ്ടെത്തി. അവിടെ നിന്ന് അണ്ടര്‍-17 ടീമിലുമെത്തി. നാട്ടിലെ ക്ലബ്ബ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ശശാങ്ക് നാട്ടില്‍ അറിയപ്പെടുന്ന വ്യക്തിയാകാന്‍ അധികം സമയമെടുത്തില്ല. എന്നാല്‍ മധ്യപ്രദേശിന്റെ സീനിയര്‍ ടീമില്‍ ഇടം നേടുന്നതിന് മുമ്പ് ജന്മദേശം ശശാങ്കിന് വിട്ടൊഴിയേണ്ടി വന്നു. അച്ഛന് മുംബൈയിലേക്ക് സ്ഥലംമാറ്റമായതായിരുന്നു കാരണം.
മധ്യപ്രദേശില്‍ നിന്ന് മുംബൈയിലേക്ക് ശശാങ്കിന്റെ കുടുംബം തീവണ്ടി കയറി. അവിടെ അവനെ കാത്തിരുന്നത് താരങ്ങള്‍ തിങ്ങിനിറഞ്ഞ മുംബൈ ടീമായിരുന്നു. പുറംനാട്ടുകാരനായതിനാല്‍ തന്നെ പലപ്പോഴും ടീമിന് പുറത്തിരിക്കേണ്ട അവസ്ഥ വന്നു. 2015 മുതല്‍ 2018 വരെ മൂന്ന് വര്‍ഷം മുംബൈ ടീമിനൊപ്പം ശശാങ്കുണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അരങ്ങേറ്റത്തില്‍ 172.72 സ്‌ട്രൈക്ക് റേറ്റോട് കൂടി 95 റണ്‍സ് അടിച്ചിട്ടും, വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചിട്ടും രഞ്ജി ടീമില്‍ ഇടം കണ്ടെത്താന്‍ ശശാങ്കിനായില്ല. അന്ന് സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ശിവം ദുബെയുമെല്ലാം രഞ്ജി ടീമിന്റെ ഭാഗമായിരുന്നു. താരങ്ങളുടെ തള്ളിക്കയറ്റമുള്ള ഈ ടീമില്‍ കളിക്കാന്‍ മാത്രമുള്ള മികവ് തനിക്കില്ലെന്ന് വിശ്വസിച്ച് ശശാങ്ക് ആശ്വസിച്ചു.
യഥാര്‍ഥ കളി പഠിപ്പിച്ചത് മുംബൈ
മധ്യപ്രദേശ് ടീം അത്രമാത്രം താരനിബിഡമല്ലാത്തതിനാല്‍ ശശാങ്കായിരുന്നു സൂപ്പര്‍താരം. എന്നാല്‍ മുംബൈ ടീമിലെത്തിയതോടെ കളി മാറി. മത്സരം കുറച്ചുകൂടി കടുപ്പമേറിയതാണെന്ന് ശശാങ്ക് അവിടെ നിന്ന് പഠിച്ചു. അത് തന്റെ കരിയറില്‍ ഒരുപാട് ഗുണം ചെയ്തുവെന്നും ശശാങ്ക് പറയുന്നുണ്ട്.
'മധ്യപ്രദേശില്‍ കളിക്കുന്ന സമയത്ത് ഞാനായിരുന്നു അവിടുത്തെ മികച്ച താരം. എന്നാല്‍, മുംബൈയിലെത്തിയതോടെ ആ ധാരണ തിരുത്തപ്പെട്ടു. നമുക്ക് ആദ്യം നമ്മളെ വിശ്വാസം വേണം എന്ന വലിയ സത്യം ഞാന്‍ പഠിച്ചു. ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന യാഥാര്‍ഥ്യം മുംബൈ എന്നെ പഠിപ്പിച്ചു. സൂര്യകുമാറിന്റേയും സിദ്ധേഷിന്റേയുമെല്ലാം ബാറ്റിങ് കണ്ട് ഞാന്‍ അമ്പരന്നു. അവിടെയെത്താന്‍ ഇനിയും പ്രയത്‌നിക്കണമെന്ന് മനസിലായി.' ശശാങ്ക് പറയുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റിന്റെ ഭൂമിയായ മുംബൈയില്‍ ലക്ഷ്യസ്ഥാനമില്ലാതെ അലയുകയായിരുന്നു ശശാങ്കെന്ന് അച്ഛന്‍ ശൈലേഷ് സിങ്ങ് പറയുന്നു. ഇപ്പോള്‍ മകന്‍ ഐപിഎല്ലില്‍ പുറത്തെടുക്കുന്ന പ്രകടനം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നെങ്കിലെന്ന ഖേദം മാത്രമേയുള്ളൂവെന്നും ശൈലേഷ് പറയുന്നു.
'അവന്റെ കഠിനധ്വാനത്തിന് ഒടുവില്‍ ഫലം ലഭിച്ചതില്‍ അഭിമാനമുണ്ട്. എന്നാല്‍ ഇത് കുറച്ച് മുമ്പ് നടന്നിരുന്നെങ്കിലെന്ന ചെറിയ നിരാശ ബാക്കിയുണ്ട്. ഒരൊറ്റ രാത്രികൊണ്ട് താരമായി മാറിയ വ്യക്തിയല്ല ശശാങ്ക്. അതിന് പിന്നില്‍ വലിയൊരു പ്രയത്‌നത്തിന്റെ കഥയുണ്ട്. മുംബൈയില്‍ കളിക്കുമ്പോള്‍ അവന്‍ നന്നായി ബാറ്റ് ചെയ്യുമായിരുന്നു. ഒരു പ്രാദേശിക മത്സരത്തില്‍ അവന്‍ ട്രിപ്പിൾ സെഞ്ചുറി കണ്ടെത്തി. അവന്റെ ഭാവി സുരക്ഷിതമാണെന്ന് ഞാന്‍ കരുതി. എന്നാല്‍ മുംബൈ ലോബിയെ കുറിച്ച് ആ സമയത്ത് നമുക്ക് അറിയില്ലല്ലോ. തുടര്‍ച്ചയായി മികച്ച് സ്‌കോറുകള്‍ കണ്ടെത്തിയെങ്കിലും മുംബൈ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ അവന് കഴിഞ്ഞില്ല. മധ്യപ്രദേശില്‍ നിന്നാണ് ശശാങ്ക് വരുന്നത് എന്നതായിരുന്നു അതിന് പിന്നിലെ ഏക കാരണം.' ശൈലേഷ് പറയുന്നു.
'പോലീസില്‍ കുറേ കാലം ജോലി ചെയ്തതിനാല്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. വിജയിക്കണമെങ്കില്‍ പലപ്പോഴും വളഞ്ഞ വഴികള്‍ സ്വീകരിക്കേണ്ടി വരും. അതാണ് സത്യം. കള്ളങ്ങളൊന്നുമില്ലാത്ത, നേരായ മാര്‍ഗത്തിലൂടെ മാത്രം സഞ്ചരിച്ച ഒരാള്‍ രാഷ്ട്രീയ നേതാവായ ചരിത്രമുണ്ടോ? അങ്ങനെ സംഭവിക്കില്ല. അതുപോലെ ക്രിക്കറ്റിലും ഒരു രാഷ്ട്രീയക്കളിയുണ്ട്. എന്നാല്‍ അതൊന്നും ശശാങ്ക് ഗൗരവത്തിലെടുത്തില്ല. എല്ലാ വിവാദങ്ങളില്‍ നിന്നും അകന്നുനിന്നു. ഒറ്റയ്ക്ക് എല്ലാം സഹിച്ചു. ഡ്രസ്സിങ് റൂമിലെ ബാത്ത്‌റൂമില്‍ പോയി ഒറ്റയ്ക്കിരുന്ന് കരഞ്ഞു. ഒരിക്കലും തന്റെ ശബ്ദം ആര്‍ക്കുമെതിരേയും ഉയര്‍ത്തിയില്ല.'-ശൈലേഷ് കൂട്ടിച്ചേര്‍ക്കുന്നു.

മുംബൈയില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക്
2018-ല്‍ മുംബൈയുടെ ജഴ്‌സി അഴിച്ചുവെച്ച ശശാങ്ക് ഒരു വര്‍ഷം പുതുച്ചേരി ടീമിനൊപ്പം ഭാഗ്യം പരീക്ഷിച്ചു. പിന്നീട് 2019-ല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി ഛത്തീസ്ഗഢ് ടീമിന്റെ ഭാഗമായി. 2019 ഡിസംബര്‍ ഒമ്പത് ഛത്തീസ്ഗഢിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറി. രഞ്ജിയില്‍ സെഞ്ചുറിയും കണ്ടെത്തി. അന്ന് മധ്യപ്രദേശിന്റെ മുന്‍താരമായ ദേവേന്ദ്ര ബുന്ദേലയായിരുന്നു ഛത്തീസ്ഗഢിന്റെ പരിശീലകന്‍.
മുംബൈയില്‍ നേരിട്ട പ്രതിസന്ധികളാണ് ഇന്നത്തെ ശശാങ്കിനെ വാര്‍ത്തെടുത്തതെന്ന് ദേവേന്ദ്ര പറയുന്നു. 'ഞാന്‍ എപ്പോഴും പോസിറ്റീവായി കാര്യങ്ങള്‍ കാണാനാണ് ആഗ്രഹിക്കുന്നത്. മുംബൈയില്‍ ശശാങ്കിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയിട്ടില്ല. അത് സത്യമാണ്. എന്നാല്‍, ഇന്നത്തെ ശശാങ്കിലേക്കുള്ള വളര്‍ച്ചയുടെ വിത്തുപാകിയത് മുംബൈ ടീമാണ്. ചിലര്‍ക്ക് ക്രിക്കറ്റില്‍ വേഗത്തില്‍ വിജയം കൈവരിക്കാനാകും. മറ്റു ചിലര്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ശശാങ്കിനും അതുപോലെ കാത്തിരിക്കേണ്ടി വന്നു. അവസാനം അതിനുള്ള ഫലവും ലഭിച്ചു.'- ദേവേന്ദ്ര പഴയ ശിഷ്യനെ ഓര്‍ത്തെടുക്കുന്നു.
രഞ്ജിക്ക് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലും ഛത്തീസ്ഗഢിനായി ശശാങ്ക് ചരിത്രമെഴുതി. മണിപ്പൂരിനെതിരായ മത്സരത്തില്‍ 150 റണ്‍സും അഞ്ച് വിക്കറ്റും സ്വന്തമാക്കിയ ശശാങ്ക് ലിസ്റ്റ് എ ക്രിക്കറ്റില്‍ ആ നേട്ടത്തിലെത്തുന്ന ആദ്യ താരമായി.
ആളുമാറി പഞ്ചാബ് പാളയത്തില്‍
ആഭ്യന്തര ക്രിക്കറ്റ്‌പോലെ ഐപിഎല്ലും ശശാങ്കിന് സമ്മാനിച്ച ഭാഗ്യപരീക്ഷണങ്ങളാണ്. 2017 സീസണില്‍ ഡല്‍ഹിയുടെ ജഴ്‌സിയിലാണ് ഐപിഎല്‍ അരങ്ങേറ്റം. അന്ന് പത്ത് ലക്ഷം രൂപയ്ക്കാണ് ശശാങ്കിനെ ഡല്‍ഹി ടീമിലെടുത്തത്. എന്നാല്‍ ഒരൊറ്റ മത്സരത്തിലും ഗ്രൗണ്ടിലിറങ്ങാന്‍ അവസരമുണ്ടായില്ല.
അടുത്ത പരീക്ഷണ കാലഘട്ടം രാജസ്ഥാന്‍ റോയല്‍സിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ മികവില്‍ 30 ലക്ഷം മുടക്കി രാജസ്ഥാന്‍ താരത്തെ ടീമിലെത്തിച്ചു. 2019, 2020, 2021 സീസണുകളില്‍ രാജസ്ഥാന്‍ ജഴ്‌സിയില്‍ ശശാങ്ക് നിലനിന്നു. പക്ഷേ മികവ് പുറത്തെടുക്കാനുള്ള അവസരം കിട്ടിയില്ല. 2022-ല്‍ 20 ലക്ഷത്തിന് രാജസ്ഥാന്‍ ശശാങ്കിനെ ഹൈദരാബാദിന് കൈമാറി. ആ സീസണില്‍ പത്ത് മത്സരങ്ങള്‍ കളിച്ച താരത്തിന് 69 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു. മൂന്ന് ക്യാച്ചുകളെടുത്തതൊഴിച്ചാല്‍ ഒരൊറ്റ വിക്കറ്റും നേടാനായില്ല.

ഇതോടെ അടുത്ത സീസണില്‍ ശശാങ്കിനെ വാങ്ങാന്‍ ആരും തയ്യാറായില്ല. ഈ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന ഛത്തീസ്ഗഢ് താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. കൂടുതല്‍ കഠിനധ്വാനം ചെയ്തു. പ്രായം കടന്നുപോയെങ്കിലും അതൊന്നും ഗൗനിച്ചില്ല. വിജയ് ഹസാരെ ട്രോഫിയിലെ ചരിത്ര പ്രകടനം ഇതിനിടയിലാണ് സംഭവിച്ചത്. പക്ഷേ അപ്പോഴും ഐപിഎല്ലില്‍ ആരും താരത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ സീസണിലെ താരലേലത്തിന്റെ ആവര്‍ത്തനം തന്നെയായിരുന്നു ഈ സീസണിലും കാണേണ്ടിയിരുന്നത്. എന്നാല്‍ പ്രീതി സിന്റയ്ക്ക് സംഭവിച്ച അബദ്ധം ശശാങ്കിനെ പഞ്ചാബ് ടീമിലെത്തിച്ചു.
അന്ന് ദുബായില്‍ നടന്ന ലേലത്തില്‍ ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരന്‍ ഓള്‍റൗണ്ടര്‍ ശശാങ്ക് സിങ്ങിനെ ടീമിലെത്തിക്കാനായിരുന്നു പഞ്ചാബ് ടീം ഉടമകളുടെ പദ്ധതി. എന്നാല്‍ ലേല ഹാളില്‍ ശശാങ്ക് സിങ് എന്ന പേരുകേട്ടതോടെ പഞ്ചാബ് ഉടമ പ്രീതി സിന്റ മറ്റൊന്നും ആലോചിക്കാതെ ലേലം വിളിക്കുകയായിരുന്നു. മറ്റ് ടീമുകളൊന്നും വിളിക്കാതിരുന്നതോടെ ശശാങ്ക് അടിസ്ഥാനവിലയായ 20 ലക്ഷത്തിന് പഞ്ചാബിന്റെ ഭാഗമായി. പിന്നീടാണ് 32-കാരനായ ഛത്തീസ്ഗഢ് താരം ശശാങ്കിനെയാണ് തങ്ങള്‍ വിളിച്ചെടുത്തതെന്ന് ടീം ഉടമകളായ നെസ് വാഡിയയും പ്രീതി സിന്റയും തിരിച്ചറിയുന്നത്. ഇതോടെ സംഭവിച്ച അബദ്ധം ഇവര്‍ മല്ലിക സാഗറിനെ അറിയിച്ചു. എന്നാല്‍ ലേല നടപടികള്‍ പൂര്‍ത്തിയായെന്നും മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു മല്ലികയുടെ മറുപടി. ഇതോടെ താരത്തെ ടീം പട്ടികയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പഞ്ചാബിന് മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല.
എന്നാല്‍ പിന്നീട് കാലം കാത്തുവെച്ചത് പഞ്ചാബ് ടീമിനും പ്രീതി സിന്റയ്ക്കും ഒന്നാന്തരമൊരു സര്‍പ്രൈസായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പഞ്ചാബിന്റെ വിജയശില്‍പിയായി ശശാങ്ക് മാറുന്ന കാഴ്ച്ച ആരാധകര്‍ കണ്ടു. ലേലത്തിനിടയില്‍ അബദ്ധത്തില്‍ പൊങ്ങിയ അതേ കൈകൊണ്ട് ശശാങ്കിനെ ആശ്ലേഷിച്ചും കൈ കൊടുത്തും പ്രീതി സിന്റ വിജയമാഘോഷിച്ചു. ഡെയ്ല്‍ സ്‌റ്റെയ്ന്‍, മുഹമ്മദ് കൈഫ്, സാം കറന്‍ തുടങ്ങിയവരെല്ലാം ശശാങ്കിനെ അഭിനന്ദങ്ങള്‍കൊണ്ട് മൂടി. ഈ ടൂര്‍ണമെന്റിന്റെ കണ്ടെത്തലാണ് ശശാങ്ക് എന്നായിരുന്നു സാം കറന്റെ പ്രതികരണം. മായാജാലങ്ങള്‍ നിറഞ്ഞ ഒരു കഥ പോലെയാണ് ശശാങ്കിന്റെ കരിയറെന്നും കഠിനധ്വാനത്തിലൂടെ സ്വപ്‌നസാക്ഷാത്കാരം നടത്തിയെന്നും കൈഫ് എക്‌സില്‍ കുറിച്ചു. ഹൈദരാബാദ് ടീമില്‍ ശശാങ്കിനൊപ്പം ഉണ്ടായിരുന്നെന്നും ഇതുപോലെ അധ്വാനിക്കുന്ന ഒരു കളിക്കാരനെ കണ്ടിട്ടില്ലെന്നുമായിരുന്നു സ്റ്റെയ്‌നിന്റെ അഭിനന്ദനം.
Content Highlights: ipl team kings eleven punjab player shashank singh life story
Published: 27 Apr 2024, 01:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented