
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഗോൾമഴയുമായി ഇന്ത്യ. പൂൾ എ മത്സരത്തിൽ ശ്രീലങ്കയെയയാണ് ഇന്ത്യ തകർത്തെറിഞ്ഞത്. ഒന്നിനെതിരേ 16 ഗോളുകൾക്കാണ് ഇന്ത്യൻ ജയം. ജുഗ്രാജ് സിങ് നാല് ഗോൾ നേടിയപ്പോൾ അഭിഷേകും ദിൽപ്രീതും ഹാട്രിക് നേടി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യ ഗോളടിക്ക് തുടക്കമിട്ടു. അഞ്ചാം മിനിറ്റിൽ മന്ദീപ് സിങ്ങാണ് ഗോളടിച്ചത്. പിന്നാലെ പത്താം മിനിറ്റിലും പതിനൊന്നാം മിനിറ്റിലും ഇന്ത്യ ലങ്കൻ വലകുലുക്കി. 10-ാം മിനിറ്റിൽ ജുഗ്രാജ് സിങ്ങും 11-ാം മിനിറ്റിൽ അഭിഷേക് നൈനുമാണ് ഗോളടിച്ചത്. അതോടെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മൂന്നുഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ഇന്ത്യ ലങ്കയെ നിഷ്പ്രഭമാക്കുന്നതാണ് മൈതാനത്ത് കണ്ടത്.
രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. പിന്നാലെ അഭിഷേകും ജുഗ്രാജും മത്സരത്തിലെ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. അഭിഷേക് 17-ാം മിനിറ്റിലും ജുഗ്രാജ് 22-ാം മിനിറ്റിലും വലകുലുക്കി. പിന്നാലെ സുഖ്ജീത്തും ദിൽപ്രീതും ഗോളടിച്ചതോടെ രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ എട്ടുഗോളിന് മുന്നിലെത്തി. പിന്നീടങ്ങോട്ട് ലങ്കയ്ക്ക് കാര്യമായി ഒന്നും നടപ്പാക്കാനായില്ല. ഇന്ത്യയുടെ മുന്നേറ്റങ്ങലെ തടയാനാവാതെ ലങ്ക കുഴങ്ങി. ഇന്ത്യൻ മുന്നേറ്റനിര ഗോളടിച്ചുകൂട്ടുന്നത് കണ്ടുനിൽക്കാനേ ലങ്കയ്ക്ക് സാധിച്ചുള്ളൂ.
രണ്ടാം ക്വാർട്ടറിന് സമാനമായി മൂന്നാം ക്വാർട്ടറിലും ഇന്ത്യ അഞ്ച് ഗോളുകൾ അടിച്ചുകൂട്ടി. മൻപ്രീത് സിങ്ങാണ് മൂന്നാം ക്വാർട്ടറിലെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 36-ാം മിനിറ്റിൽ വിവേകും 38-ാം മിനിറ്റിൽ ദിൽപ്രീതും ഗോളടിച്ചു. 42-ാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ ജുഗ്രാജ് ഹാട്രിക് തികച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് മത്സരത്തിലെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ഇന്ത്യ 13-0 ന് മുന്നിലായി.
നാലാം ക്വാർട്ടറിൽ അഭിഷേകും ദിൽപ്രീതും ഹാട്രിക് നേടി. ജുഗ്രാജ് മത്സരത്തിലെ തന്റെ നാലാം ഗോളും ലങ്കൻ വലയിലെത്തിച്ചു. സുരേഷ് രത്‌നായകെയിലൂടെ ലങ്ക ആശ്വാസഗോളും നേടി. അതോടെ 16-1 ന്റെ തകർപ്പൻ ജയവുമായി ഇന്ത്യ മടങ്ങി.
Content Highlights: India defeated Sri Lanka with a massive 16-1 margin in the Asian Games men's hockey pool match
Published: 22 Sept 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented