
2024-ല്‍ ഇതുവരെ ജയിക്കാനാകാത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീം, സ്പാനിഷ് പരിശീലകന് മനോളോ മാര്ക്വേസിനുകീഴില് ആദ്യമത്സരം കഴിഞ്ഞ് കരയ്ക്കുകയറുമ്പോള് ആ ചോദ്യം ഒന്നുകൂടി ഉച്ചത്തില്‍ മുഴങ്ങുന്നു. സുനില്‍ ഛേത്രിക്കുശേഷം ഇന്ത്യന്‍ ടീമിനായി ആരു ഗോളടിക്കും? മനോളോയ്ക്കുമുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധിയും ഗോളടിക്കാരെ കണ്ടെത്തുകയെന്നതാകുമെന്നാണ് മൗറീഷ്യസിനെതിരായ മത്സരം നല്കുന്ന സൂചന.
റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള മൗറീഷ്യസിനെതിരേ ചൊവ്വാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ മുന്നേറ്റനിര വിയര്‍ക്കുകയായിരുന്നു. ഫൈനല്‍ തേര്‍ഡില്‍ യാതൊരു സമ്മര്‍ദവും സൃഷ്ടിക്കാനായില്ലെന്നു മാത്രമല്ല മനോളോയുടെ ഗെയിംപ്ലാനിനനുസരിച്ച് ഗോള്‍ നേടാനുള്ള ക്ലിനിക്കല്‍ സ്ട്രൈക്കറുടെ അഭാവവും പ്രകടമായി.
വിങ്ങുകളിലൂടെയുള്ള ആക്രമണമാണ് ഇന്ത്യന്‍ ഫുട്ബോളില്‍ മനോളോ മാര്‍ക്വേസ് ഭംഗിയായി നടപ്പാക്കുന്നത്. 4-2-3-1 ശൈലിയില്‍ മികച്ച രണ്ടു വിങ്ങര്‍മാരും കയറിയിറങ്ങിക്കളിക്കുന്ന രണ്ട് വിങ്ബാക്കുകളുമാണ് സ്പാനിഷ് പരിശീലകന്റെ ഗെയിംപ്ലാനിന്റെ നട്ടെല്ല്. ലാലിയന്‍ സുവാല ചാങ്തേയും ലിസ്റ്റണ്‍ കൊളാസോയും അതിവേഗക്കാരായ വിങ്ങര്‍മാരാണ്. ജയ് ഗുപ്തയും നിഖില്‍ പൂജാരിയും അശീഷ് റായിയുമൊക്കെ കയറിക്കളിക്കാന്കഴിയുന്ന വിങ്ബാക്കുകളുമാണ്. എന്നാല്‍, വിങ്ങുകളിലൂടെ താഴ്ന്നും ഉയര്‍ന്നും വരുന്ന പന്തുകളെ ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ ആളില്ലാത്തതാണ് പ്രശ്നം. മന്‍വീര്‍ സിങ്ങാണ് സെന്‍ട്രല്‍ സ്ട്രൈക്കര്‍ റോളില്‍ കഴിഞ്ഞദിവസം കളിച്ചത്.

10 മത്സരം മൂന്നുഗോള്‍
ഗോളടിക്കാനാളില്ലാത്ത പ്രതിസന്ധി സുനില്‍ ഛേത്രിയുടെ കരിയറിന്റെ അവസാനകാലത്തുതന്നെയുണ്ട്. അവസാനം കളിച്ച 10 മത്സരങ്ങളില്‍ കേവലം മൂന്നുഗോള്‍ മാത്രമാണ് ടീം നേടിയത്. അവസാനത്തെ ഒന്‍പത് മത്സരങ്ങളില്‍ ടീം ജയിച്ചില്ല. മുന്നേറ്റനിരയില്‍ ഇന്ത്യ അടുത്തിടെ പത്തുപേരെ പരീക്ഷിച്ചു. ഇതില്‍ ചാങ്തേക്ക് എട്ടും മന്‍വീര്‍ സിങ്ങിന് ഏഴും ഗോളുണ്ട്. ഉദാന്ത സിങ് രണ്ടും ഇഷാന് പണ്ഡിത ഒരു ഗോളും നേടി. ഈ കണക്കുകളില്‍ത്തന്നെയുണ്ട് ഇന്ത്യന്‍ മുന്നേറ്റനിരയുടെ ഗോള്‍ ദാരിദ്ര്യം. പന്ത് കൈവശംവെച്ച് കളിക്കുകയെന്ന മനോളോയുടെ നയം ടീം മൗറീഷ്യസിനെതിരേ നടപ്പാക്കി. പാസിങ്ങിലും വലിയ പിഴവുകളില്ല. 4-2-3-1 ശൈലിയുടെ മര്‍മമായ മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡറും സ്ട്രൈക്കറുമാണ് ഇനി വേണ്ടത്. ഹൈദരാബാദ് എഫ്.സി.യെ ഒന്നുമില്ലായ്മയില്‍നിന്ന് ഐ.എസ്.എല്‍. ചാമ്പ്യന്മാരാക്കിയ ചരിത്രമുണ്ട് മനോളോയ്ക്ക്. ഹൈദരാബാദില്‍ ബര്‍ത്തലോമ്യൂ ഒഗ്ബെച്ചെയെയും എഫ്.സി. ഗോവയില്‍ കാര്‍ലോസ് മാര്ട്ടിനസിനെയുംപോലൊരു സ്ട്രൈക്കറെ കിട്ടിയാല്‍ മനോളോ ഗോളുകളും വിജയങ്ങളും കണ്ടെത്തിയേക്കും.
Content Highlights: After a goalless draw against Mauritius, India`s goal scoring woes continue
Published: 05 Sept 2024, 02:31 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented