ഓക്‌ലാൻഡ്: ന്യൂസീലൻഡിനെതിരായ രണ്ടാം സൗഹൃദ ഫുട്‌ബോൾ മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ അഞ്ചുഗോളുകൾക്കായിരുന്നു തോൽവി.

To advertise here,

മത്സരം ആരംഭിച്ച് 22-ാം മിനിറ്റിൽ തന്നെ ന്യൂസീലൻഡ് മുന്നിലെത്തി. കോർണറിൽ നിന്ന് ഹെഡറിലൂടെ സർമാനാണ് വലകുലുക്കിയത്. ഒരു ഗോളടിച്ചതിന് പിന്നാലെയും ന്യൂസീലൻഡ് മുന്നേറ്റം തുടർന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഇന്ത്യ രണ്ട് ഗോളുകൾ കൂടി വഴങ്ങി. മക്ഗാരി 40-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. കോർണറിന് പിന്നാലെ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ താരം വലകുലുക്കി.

മിനിറ്റുകൾക്ക് ശേഷം ക്രിസ് വുഡ് ന്യൂസിലൻഡിന്റെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. വലതുവിങ്ങിൽ നിന്നുള്ള ക്രോസിൽ നിന്ന് അനായാസം വുഡ് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതി തിരിച്ചുവരാനുള്ള ഇന്ത്യൻ ശ്രമങ്ങളൊന്നും വിജയിച്ചില്ല. എന്നാൽ, ന്യൂസീലൻഡ് ഗോൾശ്രമങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ ഇന്ത്യക്കായി. രണ്ടാം പകുതിയിൽ ഗോളുകൾ പിറന്നില്ല. അതോടെ 3-0 ന് ന്യൂസീലൻഡ് മത്സരം ജയിച്ചു.