
കാലം കണക്കുതീര്‍ക്കാന്‍, മുറിവില്‍ എരിവു പുരട്ടി ചില യാദൃച്ഛികതകള്‍ കാത്തുവെക്കും. ക്രൊയേഷ്യക്കാരന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ പടിയടച്ച് പിണ്ഡംവച്ചുകൊണ്ടുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റ കടുംകൈയും അജയ് ദേവ്ഗണിന്റെ ബ്ലോക്ക്ബസ്റ്റര്‍ മൈതാനിന്റെ റിലീസും ഒരിക്കല്‍പ്പോലും ഇന്ത്യന്‍ ടീമിന്റെ പരിശീലക്കുപ്പായമണിയാന് ഭാഗ്യം സിദ്ധിക്കാതെ പോയ കോച്ച് ടി.കെ.ചാത്തുണ്ണിയുടെ മരണവും ഒരേ കാലത്ത് വന്നു ഭവിച്ചത് അങ്ങനെയൊരു യാദൃച്ഛികതയാണ്. മൈതാന്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന കാലത്ത് തന്നെ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ നിറംകെട്ട പ്രകടനത്തിന്റെ പേരില്‍ ഇന്ത്യയുടെ പതിനാലാമത്തെ വിദേശ കോച്ചിന് നാണംകെട്ട് മടങ്ങേണ്ടിവരുന്നത് മനസാക്ഷിക്കുത്തില്ലാത്ത ഗുരുനിന്ദയ്ക്കുള്ള കാലത്തിന്റെ ഒരു കണക്കുതീര്‍ക്കല്‍ കൂടിയാണ്.
അഞ്ചു കൊല്ലത്തിനിടെ മൂന്ന് കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടും സ്റ്റിമാച്ചിന് കടുംവെട്ടിന്റെ അപമാനം പേറി മടങ്ങേണ്ടിവരുമ്പോള്‍ 'മൈതാന്‍' വിസ്മൃതിയില്‍ നിന്ന് പൊടിതട്ടിയെടുത്ത സയ്യിദ് അബ്ദുള്‍ റഹീമെന്ന ഹൈദരാബാദുകാരനും ഇന്ത്യന്‍ ഫുട്ബോള്‍ അയാളോട് കാട്ടിയ നെറികേടും ഓര്‍മയിലേയ്ക്ക് ഗോളടിച്ചു കയറിവരുന്നത് സ്വഭാവികം. ആല്‍ബര്‍ട്ട് ഓസ്റ്റിന്‍ ഫ്ളാറ്റ്ലി എന്ന ഇംഗ്ലീഷുകാരന് മുതലിങ്ങോട്ടുള്ള വിദേശ ആശാന്മാരെല്ലാം വെറുംകൈയോടെ കളമൊഴിഞ്ഞു മടങ്ങുമ്പോഴെല്ലാം നമ്മള് റഹീമിനെയും അയാള്‍ നേരിട്ട ക്രൂരമായ തിരസ്ക്കാരത്തെയും ഓര്‍ത്തുകൊണ്ടേയിരിക്കും. കാരണം പ്രൊഫഷണല്‍ പരിശീലകരുടെ പകിട്ടും പത്രാസുമില്ലാത്ത റഹീം നേടിക്കൊടുത്ത നേട്ടങ്ങളുടെ നിഴല്‍വട്ടത്ത് പോലുംവരില്ല കണ്ണു മഞ്ഞളിക്കുന്ന പ്രതിഫലം വിലപേശി ഉറപ്പിച്ച് വന്നിറങ്ങി മടങ്ങിയ പതിനാല് വിദേശികള്‍ ഇന്ത്യയ്ക്കു സമ്മാനിച്ച സംഭാവനകള്‍. റഹീമിന്റെ കാലത്തെ ഏഷ്യന്‍ ചാമ്പ്യന്മാര്, സ്റ്റിമാച്ച് ചുവപ്പു കണ്ട് പടിയിറങ്ങി പിണങ്ങിപ്പോവുമ്പോള് ലോക റാങ്കിങ്ങില്‍ നൂറ്റിഇരുപത്തിരണ്ടാം സ്ഥാനത്താണ്. ഏഷ്യയില്‍ പതിനേഴാമതും. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള് റഹീമിനെ ഓര്‍ക്കുക.

മൈതാന്‍ കാണാത്തവര്‍ക്ക് ഐ.എസ്.എല്‍ കാലത്ത് റഹീം അന്യനാണ്. തീര്‍ത്തും അപരിചിതന്. നെറ്റിയില്‍ മുഴയുള്ള, കറുത്ത് ഉയരം കുറഞ്ഞ, മുഖത്ത് സദാ നിസ്സംഗ ഭാവമുള്ള ഒരു സാധാരണക്കാരന്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിശീലകനെന്ന് ഈ റഹീമിനെ വിശേഷിപ്പിച്ചാല്‍ വാന്‍ വുകുമനോവിച്ചിന്റെയും സ്റ്റീവ് കോപ്പലിന്റെയും സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്റെയും ബോബ് ബൂട്ട്ലാന്ഡിന്റെയുമെല്ലാം പ്രൊഫഷണല്‍ ഫാന്‍സ് നെറ്റിചുളിച്ചേക്കും. യൊവാന്‍ ക്രൈഫോ, ലൂയി അരഗോണ്റോ വിന്‍സെന്റ് ഡെല്‍ ബോസ്ക്കോ കളിച്ചുതുടങ്ങും മുന്‍പ് തന്നെ ഇന്ത്യയെകൊണ്ട് ടിക്കിടാക്ക കളിപ്പിച്ചയാള് എന്നു പറഞ്ഞാല്‍ പുതിയ തലമുറ സൈബറാക്രമണം കൊണ്ട് നിശബ്ദമാക്കിയേക്കും. പക്ഷേ, ഫുട്ബോളില്‍ കണക്കുകളാണ് കഥ പറയുന്നതെങ്കില്‍, ഇന്ത്യന്‍ ഫുട്ബോള്‍ ഇത്രമേല്‍ കടപ്പെട്ട മറ്റൊരു പരിശീലകനില്ല റഹീം സാബിനെപ്പോലെ.
സംശയാലുക്കള്‍ക്ക് ഇതാ റഹീമിന്റെ കാലത്തെ ഇന്ത്യയുടെ നേട്ടപ്പട്ടിക. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സിലെ നാലാം സ്ഥാനം. 1951ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിലെയും 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെയും സ്വര്‍ണങ്ങള്‍. നാലുതവണ കൊളംബോ കപ്പില്‍ കിരീടം, ഒരു തവണ മെര്‍ദേക്ക കപ്പിലും. ഓര്‍ക്കുക ഒളിമ്പിക് സെമിയിലെത്തുന്ന ആദ്യ ഏഷ്യന്‍ രാജ്യമായിരുന്നു ഇന്ത്യ. ബ്ലൂ ടൈഗേഴ്സ് എന്ന അതിശയോക്തി കലര്‍ന്ന വിളിപ്പേര് വീണുകിട്ടുംമുന്പ് ശരിക്കും പുലികളായിരുന്നു ഇന്ത്യ എന്നതിന് മറ്റെന്ത് കണക്കുകളുടെ പിന്‍ബലം വേണം.
ഡച്ച് അമച്വര്‍ ലീഗില്‍ എച്ച്.എസ്.വി. ഹോയ്ക്കിനുവേണ്ടി ചെറിയൊരു കാലം കളിച്ച ചരിത്രമുണ്ടെങ്കിലും കളിക്കാരന് എന്ന നിലയില്‍ വലിയ പാരമ്പര്യവും ഖ്യാതിയുമൊന്നുമില്ല റഹീമിന്. അധ്യാപകനായിരുന്നു ഏറിയ കാലവും. സയ്യിദ് മുഹമ്മദ് ഹാദിയുമായുള്ള ചങ്ങാത്തമാണ് കളി നടത്തിപ്പിലേയ്ക്കും പരിശീലകവേഷത്തിലേയ്ക്ക് ജീവിതത്തിന്റെ ട്രാക്ക് മാറ്റിയത്. പിന്നീടുള്ളത് ചരിത്രം. വേറിട്ടതായിരുന്നു അന്നേ റഹീമിന്റെ വഴി. ശിവകുമാര്‍ ലാലിനൊപ്പം ഹൈദരാബാദ് ഫുട്ബോള്‍ അസോസിയേഷന്റെ ചുമതലയേറ്റ റഹീം ആദ്യം ചെയ്തത് താഴേത്തട്ട് മുതല്‍ ഫുട്ബോള്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുകയായിരുന്നു. അങ്ങനെ നൈസാം ഗോള്‍ഡ് കപ്പും മജീദ് ചാലഞ്ച് ഷീല്‍ഡും പോലുള്ള നിരവധി ടൂര്‍ണമെന്റുകള്‍ പിറന്നു. സംഘാടകര്‍ക്ക് പണം സംഘടിപ്പിക്കാനായി, ഇന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്ര സ്റ്റേഡിയമായ മാറിയ, പഴയ ഫത്തേ മൈതാനില്‍ റഷ്യന്‍ ടീമിനെ കൊണ്ട് വന്ന് രണ്ട് മത്സരങ്ങള്‍ കളിപ്പിച്ചു. ഈ മത്സരങ്ങള്‍ക്കുവേണ്ടി തിങ്ങിനിറഞ്ഞ ഗ്യാലറികള്‍ അസോസിയേഷന്റെ കീശ നിറച്ചു. ആ പണം ഉപയോഗിച്ച് യഥേഷ്ടം ഫുട്ബോള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അവിടങ്ങളില്‍ നിന്ന് നിരവധി കളിക്കാര്‍ ഉയര്‍ന്നുവന്നു. അങ്ങനെ പരന്ന വായനയും മന:ശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യമുള്ള അധ്യാപകനുമായിരുന്നിട്ടും ഊണിലും ഉറക്കത്തിലും ഫുട്ബോള്‍ മാത്രം സ്വപ്നം കണ്ടുനടന്ന റഹീം 1943ല്‍ ഹൈദരാബാദ് സിറ്റി പോലീസിന്റെ പരിശീലകനായി. ടീമുകള്‍ക്ക് മുഴുവന്‍സമയ പരിശീലകര്‍ ഇല്ലാത്ത കാലത്തായിരുന്നു ഇതെന്ന് ഓര്‍ക്കണം. പഴയ സിറ്റി അഫ്ഗാന്സിന് അതൊരു പുനര്ജന്മമായിരുന്നു. ടീം അവിശ്വസനീയമാംവണ്ണം അടിമുടി മാറി. ഡ്യൂറണ്ടിലും റോവേഴ്സ് കപ്പിലും ഡി.സി.എം. ട്രോഫിയിലും ചരിത്രമെഴുതി. അതിന്റെ ശരിയായ ഇഫക്റ്റ് ഹൈദരാബാദ് സംസ്ഥാന ടീമിലും കണ്ടു. സന്തോഷ് ട്രോഫിയില്‍ പുതിയ രാജാക്കന്മാര് അരിയിട്ടുവാഴ്ച നടത്തി.
ഇതായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തേയ്ക്കുള്ള റഹീമിന്റെ ചവിട്ടുപടി. ഇന്ത്യയുടെ ആദ്യ പരിശീലകന് ബലൈദാസ് ചാറ്റര്‍ജിയുടെ പകരക്കാരനായിട്ടായിരുന്നു വരവ്. ടീം 1948 ലണ്ടന്‍ ഒളിമ്പിക്സില്‍ ഫ്രാന്‍സിനോട് പൊരുതിത്തോറ്റതിന്റെ നഷ്ടപ്രതാപത്തില്‍ കഴിയുന്ന കാലം. നഗ്നപാദരുടെ കളിമികവ് കണ്ട് ജോര്‍ജ് നാലാമന് രാജാവ് പോലും കൈയടിച്ച് നമിച്ചുപോയ കഥ പ്രചരിക്കുന്ന കാലം കൂടിയായിരുന്നു അത്. മുന്‍ഗാമിയുടെ കടുത്ത എതിര്‍പ്പിന്റെ അകമ്പടിയോടെയായിരുന്നു പരിശീലകക്കുപ്പായമണിഞ്ഞുള്ള റഹീമിന്റെ വരവ്. 1949ല്‍ സിലോണ്‍ പര്യടനത്തിലായിരുന്നു തുടക്കം. എന്നാല്‍, റഹീം യഥാര്‍ഥ വെല്ലുവിളി അറിഞ്ഞത് രണ്ടു വര്‍ഷം കഴിഞ്ഞ് ഒളിമ്പിക്സിന് ഹെല്സിങ്കിയിലെത്തിയപ്പോഴാണ്. ടീം സെലക്ഷന് മുതല്‍ സകലതിലും കൈകടത്തിക്കൊണ്ടിരുന്നു, സ്ഥാനംപോയ ബലൈദാസ് ചാറ്റര്‍ജി. ഫലത്തില്‍ ഒളിമ്പിക്സിന് ടീമിനെ ഇറക്കുമ്പോള്‍ തീര്‍ത്തും നിസ്സഹായനായിരുന്നു റഹീം. എന്നിട്ടും കൊടുംതണുപ്പില്‍ നഗ്നപാദരായി ടീമിനെ പരിശീലിപ്പിച്ചിറക്കി. പക്ഷേ, കാത്തിരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. ശൈലന് മന്നയും ഷണ്മുഖവും അഹമ്മദ് ഖാനുമെല്ലാം ഫസ്റ്റ് ഇലവനിലും മേവാലാലും നൂര്‍ മുഹമ്മദുമെല്ലാം സബ്സ്റ്റിറ്റിയൂട്ടുകളുമായിറങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ പത്ത് ഗോളുകള്‍ക്കായിരുന്നു യൂഗോസ്ലാവിയയോടുള്ള ഇന്ത്യയുടെ തോല്‍വി. ഫൈനലില്‍ ഇതേ യൂഗോസ്ലാവ്യയെ തോല്പിച്ചാണ് ഫ്രാങ്ക് പുഷ്കാസിന്റെ മാജിക്കല്‍ മഗ്യാറുകളായ ഹംഗറി സ്വര്‍ണം നേടിയത്.
ഈ നാണംകെട്ട തോല്‍വിയുടെ ഉര്‍വശീശാപം ഒരു തരത്തില്‍ ഉപകാരമായി റഹീമിന്. അതോടെ ചാറ്റര്‍ജിയുടെ ശല്യം ഒഴിവായി. അങ്ങനെ റഹീമിന്റെ കൈകള്‍ സ്വതന്ത്രമായി. ഒരു വലിയ തിരിച്ചറിവുകൂടിയായിരുന്നു റഹീമിന് ഈ തോല്‍വി. ടീമിനെ അടിമുടി ഉടച്ചുവാര്ത്തുകൊണ്ടായിരുന്നു ചികിത്സ. കളിക്കാരെയല്ല. കളിശൈലി തന്നെ മാറ്റിയെഴുതി റഹീം. ലോംഗ്ബോളിനെ ആശ്രയിക്കുന്ന ബ്രിട്ടീഷ് കാലത്തെ പഴഞ്ചന്‍ 3-2-5 ശൈലി കുട്ടയില്‍ കളഞ്ഞ് ആദ്യമായി 4-2-4 ശൈലി അവലംബിച്ചു. മാജിക്കല്‍ മഗ്യാറുകളില് മാര്‍ട്ടണ്‍ ബുക്കോവി രണ്ട് ലോകകപ്പുകളില്‍ വിജയകരായി പരീക്ഷിച്ച മാതൃക അതേപടി പകര്‍ത്തുകയായിരുന്നു റഹീം. 1958 ലോകകപ്പില്‍ ഈ ശൈലിക്ക് ബ്രസീല്‍ വലിയ പ്രചാരം കൊടുക്കുന്നതിന് മുന്‍പായിരുന്നു റഹീം അത് ഇന്ത്യയില്‍ നടപ്പാക്കിയത് എന്നോര്‍ക്കണം. ബ്രസീലിനും കാതങ്ങള്‍ മുന്നിലായിരുന്നു റഹീമിന്റെ സഞ്ചാരമെന്ന് സാരം. 1964ല്‍ ബ്രസീലില്‍ പരിശീലനം പഠിക്കാന്‍ പോയ അന്നത്തെ പരിശീലകന് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടോ പറഞ്ഞു: '1956ല്‍ റഹീം പണ്ട് ഞങ്ങളെ പഠിപ്പിച്ചതു തന്നെയാണ് ഇപ്പോള്‍ ഇവിടെ പഠിപ്പിക്കുന്നത്. അദ്ദേഹം അക്ഷരാര്‍ഥത്തില്‍ ഒരു പ്രവാചകനാണ്.'

ഫോര്‍മേഷനില്‍ മാത്രമായിരുന്നില്ല പരീക്ഷണം. ഇന്ത്യയുടെ പരമ്പരാഗത കളിശൈലി തന്നെ തകര്‍ത്തെറിഞ്ഞു റഹീം ഇക്കാലത്ത്. ഹോക്കി പോലെ ഫുട്ബോളിലും അന്ന് ഡ്രിബിളിങ്ങായിരുന്നു പ്രധാന ആക്രമണരീതി. മികച്ച ഡ്രിബിളര്മാര് അങ്ങനെ സൂപ്പര്‍താരങ്ങളായി. എന്നാല്‍, ഡ്രിബിളിങ് അക്ഷന്തവ്യമായൊരു അപരാധമായിരുന്നു റഹീമിന്റെ സിലബസില്‍. വണ്‍ ടച്ച് ബോളും കുറിയ പാസുകളുമായിരുന്നു തന്ത്രങ്ങള്‍. പന്ത് അധികനേരം കൈവശം വയ്ക്കുന്നയാള്‍ക്ക് അടുത്ത കളിയില്‍ സ്ഥാനമില്ലെന്ന നിയമം പോലും നടപ്പാക്കി. പാസിങ് ഗെയിം താഴേത്തട്ട് മുതല്‍ പ്രാവര്‍ത്തികമാക്കാന്‍ നോണ്‍ ഡ്രിബിളിങ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു. ഇതുവഴി കളിക്കാരുടെ സ്പീഡും സ്റ്റാമിനയും വര്‍ധിക്കുമെന്ന് അടിത്തട്ട് മുതല്‍ റഹീം തെളിയിച്ചു. 'ഫുട്ബോള്‍ വളരെ സിംപിളായ ഒരു കളിയാണ്. അത് ഗ്രൗണ്ടില്‍ ചലിക്കുന്ന ഒരു കവിതയാണ്. നമ്മള് ആകെ ചെയ്യേണ്ടത് പന്ത് വാങ്ങുകയും അത് തിരിച്ചുകൊടുക്കുകയും മാത്രമാണ്. പന്ത് കൈവശമില്ലാതെയും നമ്മള് കളിക്കാന്‍ പഠിക്കണം.' ഇതായിരുന്നു റഹീമിന്റെ ലളിതമായ സൂത്രവാക്യം. ഇതു കഴിഞ്ഞ് അര നൂറ്റാണ്ടിനുശേഷമാണ് ലൂയി അരഗോണ്സും വിന്‍സന്റ് ഡെല്ബോസ്ക്കും സ്പെയിനില്‍ ടിക്കിടാക്ക കൊണ്ടുവരുന്നത് എന്നുകൂടി നമ്മള് ഓര്‍ക്കണം.
മൂന്നാമത്തെ പരീക്ഷണമായിരുന്നു അതിവിചിത്രം. കളിക്കാരെ രണ്ടുകാലുകൊണ്ടും ഒരുപോലെ കളിക്കാന്‍ സജ്ജരാക്കുക. അതിനായി ഏറ്റവും ദുര്‍ബലമായ കാലുകൊണ്ട് മാത്രം കളിക്കാവുന്ന മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഒരു ശരാശരി കളിക്കാരനെപ്പോലും മികവുറ്റ ഓള്റൗണ്ടറാക്കുകയായിരുന്നു ലക്ഷ്യം. ഒന്നും വെറുതെയായില്ല. പില്ക്കാല ഇതിഹാസങ്ങള്‍ അടക്കം പ്രതിഭാധനരായ ഒരു വലിയ നിര തന്നെ ഉയര്‍ന്നുവന്നു ഹെല്‍സിങ്കിയിലെ നാണക്കേടിന്റെ ചാരത്തില്‍ നിന്ന്. പി.കെ.ബാനര്‍ജി, ചുനി ഗോസ്വാമി, തുളസിദാസ് ബല്‍റാം, യൂസഫ് ഖാന്, ജര്‍ണൈല്‍ സിങ്, അരുണ്‍ ഘോഷ്, പീറ്റര്‍ തങ്കരാജ്, രാം ബഹാദുര്‍, കെംപയ്യ, അസിസുദ്ദീന്‍, സൗഫിഖര്, പ്രശാന്ത സിന്‍ഹ, ഫ്രാങ്കോ... ഓള്‍റൗണ്ടര്‍മാരുടെ ഒരു വലിയ നിരയാണ് അക്കാലത്ത് ഇന്ത്യന്‍ ഫുട്ബോളില്‍ വളര്‍ന്നു വന്നത്. ആരെയും ഏത് പൊസിഷനിലും കളിപ്പിക്കാവുന്ന സാഹചര്യം. കളിക്കാര്‍ മാത്രമല്ല, പില്ക്കാലത്ത് ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റും മികച്ച തദ്ദേശീയരായ മൂന്ന് പരിശീലകര്‍, അമല്‍ ദത്തയും പി.കെ.ബാനര്‍ജിയും സയ്യിദ് നയിമുദ്ദീനും കളിച്ചുവളര്‍ന്നതും റഹീമിന്റെ കീഴിലായിരുന്നു.
ടീം അന്നേവരെ കണ്ടുശീലിച്ച രീതികളായിരുന്നില്ല പുതിയ പരിശീലകന്റേത്. എല്ലാ അര്‍ഥത്തിലും വിപ്ലവകരം. കറകറളഞ്ഞ പ്രൊഫഷണലിസം. കര്‍ക്കശക്കാരനായിരുന്നു റഹീം. ക്യാമ്പില്‍ തനി പട്ടാളച്ചിട്ട. ബേണിലെ വിസ്മയമെന്ന് പുകള്‍പെറ്റ ഫൈനലില്‍ ഹംഗറിയെ വീഴ്ത്തി പശ്ചിമ ജര്‍മനിക്ക് 1954ലെ ലോകകപ്പ് സമ്മാനിച്ച സെപ് ഹേബര്ഗറും പരീക്ഷണങ്ങളുടെ തമ്പുരാനായിരുന്ന ഇംഗ്ലീഷുകാരന് ഹേര്ബേട്ട് ചാപ്മാനുമൊക്കെയായിരുന്നു ഇക്കാര്യത്തില്‍ പൂര്‍വമാതൃകകള്‍. അച്ചടക്കത്തിന്റെ കാര്യത്തില്‍ തെല്ലുമുണ്ടായില്ല വിട്ടുവീഴ്ച. കളിക്കാര്‍ കോച്ചിന്റെ മുഖത്ത് നോക്കാന്‍ തന്നെ ഭയന്നു അക്കാലത്ത്. റഹീം ഒന്ന് തറപ്പിച്ചു നോക്കിയാല്‍ അന്നത്തെ മുതിര്‍ന്ന താരം പി.കെ.ബാനര്‍ജി പോലും തല കുമ്പിടുമായിരുന്നുവത്രെ. കളിക്കാരുടെ ശ്രദ്ധ കവരുമെന്ന് ഭയന്ന് വിശ്രമവേളകളിലെ ചീട്ടുകളിക്കും മദ്യപാനത്തിമെല്ലാം കര്‍ശന വിലക്ക് വീണു. പുസ്തകങ്ങള്‍ വായിക്കാനും കളിയിലെ തന്ത്രങ്ങള്‍ ചര്ച്ചചെയ്യാനുമായിരുന്നു ഉത്തരവ്. സിനിമ കാണുന്നത് മാത്രമുണ്ടായിരുന്നില്ല വിലക്ക്. ക്യാമ്പിന്റെ സമയത്ത് രാത്രി കളിക്കാരുമായി നടക്കാനിറങ്ങുന്ന പതിവുണ്ടായിരുന്നു റഹീമിന്. ഈ നടത്തത്തിലത്രയും ഫുട്ബോളും തന്റെ സ്വപ്നങ്ങളും മാത്രമായിരുന്നു സംസാരവിഷയം. പിറ്റേദിവസം വല്ലാത്തൊരു ഊര്‍ജമായിരുന്നു ആ വാക്കുകളെന്ന് പലരും തുറന്നുപറഞ്ഞിട്ടുണ്ട്. ഓരോ കളിക്കാരനുമായും സുദൃഢമായൊരു ആത്മബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തു റഹീം. പില്ക്കാലത്ത് ഹൈദരാബാദില്‍ നിന്ന് കൊല്‍ക്കത്തയിലേയ്ക്ക് ചേക്കേറിയ തുളസിദാസ് ബല്‍റാമിന്റെ വീട് സന്ദര്‍ശിച്ചവര്‍ അകത്തെ ഒരു കാഴ്ച കണ്ട് ഞെട്ടിപ്പോയൊരു കഥയുണ്ട്. അകത്തെ മുറിയിലെ ചുമരില്‍ ദൈവങ്ങള്‍ക്ക് പകരം എ.എസ്. റഹീം എന്ന ഒരു പരിശീലകന്റെ ചിത്രം.

റഹീമിന്റെ പരീക്ഷണങ്ങള്‍ മാറ്റു തെളിയിക്കാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. 1948ലെ ഒളിമ്പിക്സ് ടീമിനെ അടിമുടി അഴിച്ചുപണിതാണ് റഹീം ഡല്‍ഹി ഏഷ്യാഡിന് ടീമിനെ ഒരുക്കിയത്. ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സാക്ഷിയാക്കി അവര്‍ ആദ്യ കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇറാനെതിരായ ഫൈനല്‍ ആവേശത്തോടെയാണ് നെഹ്റു കണ്ടുതീര്‍ത്തത്. കളിക്കാര്‍ മെഡല്‍ സമ്മാനിച്ചശേഷമാണ് മടങ്ങിയതുപോലും.
അടുത്ത ഊഴമായിരുന്നു ചരിത്രം കുറിച്ച മെല്‍ബണ്‍ ഒളിമ്പിക്സ്. റഹീമിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ടീം അന്നാദ്യമായി ബൂട്ടണിഞ്ഞ് കളിച്ചുതുടങ്ങി. അതിനിടെ നിരവധി ടൂര്‍ണമെന്റുകള്‍ കളിച്ച് ടീമിനെ കൂടുതല്‍ ശക്തമാക്കി റഹീം. പുതിയ ശൈലികള്‍ രാകിമിനുക്കി, ഒന്നുകൂടി വിളക്കിച്ചേര്‍ത്തു. പുതിയ താരങ്ങളും ടീമിലെത്തി. ഇവിടെയും ശൈലിയില്‍ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ കൊണ്ടുവന്നു റഹീം സാബ്. 3-2-5 ശൈലിയില്‍ കളിക്കുന്ന എതിരാളികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉള്‍വലിച്ചു കളിക്കുന്ന ഒരു മിഡ്ഫീല്‍ഡറെ വിന്യസിച്ചു റഹീം. ലോകം ഫോള്‍സ് നയന്‍ എന്ന പരീക്ഷണത്തെക്കുറിച്ചൊക്കെ ചിന്തിച്ച് തുടങ്ങുന്നതിന് എത്രയോ മുന്‍പുള്ള കഥയാണിത്. ഇവിടെയും റഹീമിന്റെ മാതൃക ഹംഗേറിയന്‍ ടീമായിരുന്നു. ഹംഗേറിയന്‍ ഇതിഹാസം നാന്ഡര് ഹിഡെഗുട്ടിയുടെ മാതൃകയില്‍ സമര് ബിദ്രു ബാനര്‍ജിയെ ഉള്വലിഞ്ഞുകളിക്കുന്ന വിഡ്രോണ്‍ പ്ലേമേക്കറായി ശട്ടംകെട്ടിയാണ് റഹീം ടീമിനെ മെല്‍ബണില്‍ ഇറക്കിയത്. പി.കെ.ബാനര്‍ജി ഇടത്തും നെവില്‍ ഡിസൂസ മധ്യത്തിലും തുളസിദാസ് ബല്‍റാമും കിട്ടുവും വലത്തും. ഈ പരീക്ഷണത്തിന്റെ ചൂട് ശരിക്കും അറിഞ്ഞത് മറ്റാരുമല്ല, ആതിഥേയരായ ഓസ്േ്രടലിയ തന്നെ. സ്ട്രൈക്കര്‍ നെവില്‍ ഡിസൂസയുടെ ഹാട്രിക്കിന്റെ ബലത്തില്‍ രണ്ടിനെതിരേ നാലു ഗോളിന് ആതിഥേയരെ തകര്‍ത്താണ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായും അവസാനമായും ഒളിമ്പിക്സിന്റെ സെമിയില്‍ പ്രവേശിച്ചത്. ഒളിമ്പിക്സ് സെമി കളിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി അന്നങ്ങനെ ഇന്ത്യ. ഒളിമ്പിക്സില്‍ ഹാട്രിക് നേടുന്ന ആദ്യ ഏഷ്യന്‍ താരമെന്ന ബഹുമതിയും അന്ന് നെവില്‍ ഡിസൂസയ്ക്ക് സ്വന്തമായിരുന്നു.
അവിശ്വസനീയ തോല്‍വിക്ക് കൂവി കണക്കുതീര്‍ത്ത ആതിഥേയ കാണികളുടെ എതിര്‍പ്പ് ആവോളം ഉണ്ടായിട്ടും സെമിയിലും അത്ഭുതങ്ങള്‍ തുടര്‍ന്നു ഇന്ത്യ. ഹെല്‍സിങ്കിയില്‍ പത്ത് ഗോളടിച്ച് നാണം കെടുത്തിയ യൂഗോസ്ലാവ്യയ്ക്കെതിരേ ആദ്യം ലക്ഷ്യം കണ്ടത് ഇന്ത്യ. ഒളിമ്പിക്സിലെ ഏറ്റവും മികച്ച ഗോള്‍സ്കോറര്‍ എന്ന നേട്ടം പങ്കിട്ട നെവില്‍ ഡിസൂസയിലൂടെ തന്നെ. എന്നാല്‍, ഒരു സെല്‍ഫ് ഗോളടക്കം നാലെണ്ണം തിരിച്ചടിച്ച് യൂഗോസ്ലാവ്യ ചരിത്രം ആവര്‍ത്തിച്ചു. വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ബള്ഗേറിയയോടായിരുന്നു തോല്‍വി. മെഡലില്ലെങ്കിലും സ്വര്‍ണത്തോളം തന്നെ തിളക്കമുണ്ടായിരുന്നു ആ നാലാം സ്ഥാനത്തിന്. ഇന്നും ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള നേട്ടവും അതുതന്നെ.
മെല്‍ബണിലെ ഈ നേട്ടത്തിന് പിന്നില്‍ റഹീം എന്ന കര്‍ക്കശക്കാരന്റെ ആത്മവിശ്വാസത്തിന്റെ ഒരു അറിയാക്കഥ കൂടിയുണ്ട്. ബംഗാളില്‍ നിന്നുള്ള താരങ്ങള്‍ക്കായിരുന്നു ദേശീയ ടീമില്‍ അക്കാലത്ത് പ്രാമുഖ്യം. ആദ്യമായി സന്തോഷ് േ്രടാഫി നേടിയ ഹൈദരാബാദ് ടീമില്‍ നിന്ന് കൂടുതല്‍ താരങ്ങളെ എടുക്കണമെന്ന് ശഠിച്ചു നാട്ടുകാരനായ റഹീം. എന്നാല്‍, അതിന് ഒരുക്കമായിരുന്നില്ല അന്നത്തെ എഐ.എഫ്.എഫിന്റെ ബംഗാളുകാരന് അധ്യക്ഷന്‍ ബി.ഡി.റോയ്. ബംഗാള്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഹൈദരാബാദ് സന്തോഷ് ട്രോഫി നേടിയത് എന്നായിരുന്നു റോയിയുടെ വാദം. ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ റഹീം ഒരു വെല്ലുവിളി നടത്തി. എങ്കില്‍ ഹൈദരാബാദും ബംഗാളും ഒന്നുകൂടി ഏറ്റുമുട്ടട്ടെ. അങ്ങനെ കൊല്‍ക്കത്തയില്‍ മത്സരത്തിന് അരങ്ങൊരുങ്ങി. മത്സരത്തില്‍ ഹൈദരാബാദ് മടക്കമില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. അങ്ങനെ റഹീമിന്റെ വാശിയും ജയിച്ചു. അതിന്റെ ബലത്തില്‍ ആറു ഹൈദരാബാദുകാര് മെല്ബണിലേയ്ക്കു ടീമിനൊപ്പം പറന്നു. മെല്‍ബണിലെ ആ നാലാം സ്ഥാനം റഹീമിനുള്ള അവരുടെ പ്രത്യുപകാരം കൂടിയാണ് ഒരര്‍ഥത്തില്‍.
ഇന്ത്യയുടെ ഈ പ്രകടനത്തിന്റെ യഥാര്‍ഥ മാറ്ററിയണമെങ്കില്‍ ഏഷ്യയില്‍ നിന്ന് യോഗ്യതാ കടമ്പ കടന്നെത്തിയ മറ്റ് രണ്ടു ടീമുകളുടെ പ്രകടനംകൂടി കാണണം. ജപ്പാന് ആദ്യ റൗണ്ടില്‍ ഓസ്ട്രേലിയയോടും തായ്ലൻഡ് യു.കെയോടും തോറ്റ് മടങ്ങുകയായിരുന്നു. ഏഷ്യയുടെ ബ്രസീല്‍ എന്നായിരുന്നു അക്കാലത്ത് ഫിഫ ഇന്ത്യയ്ക്കു നല്കിയ വിശേഷണം.

എന്നാല്‍, റഹീം യഥാര്‍ഥ പരീക്ഷണം നേരിട്ടത് 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലാണ്. നാലു വര്‍ഷം മുന്‍പ് ടോക്യോയില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതിന്റെ ക്ഷീണമല്ല. രാഷ്ട്രീയത്തിന്റെ പേരിലുള്ള ആതിഥേയരുടെ കടുത്ത എതിര്‍പ്പായിരുന്നു പ്രധാന വൈതരണി. ഇന്ത്യയുടെ സമ്മര്‍ദഫലമായാണ് അന്ന് തായ്വാന്റെയും ഇസ്രായേലിന്റെയും താരങ്ങളെ വിലക്കിയതിന്റെ പേരില്‍ ഇന്‍ഡൊനീഷ്യ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇതിന്റെ പക ഇന്ത്യന്‍ എംബസി ആക്രമിച്ചുകൊണ്ടാണ് അവര്‍ തീര്‍ത്തത്. ഇതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇന്ത്യയുടെ കളി. ഇന്ഡൊനീഷ്യക്കാരുടെ ഈര്‍ഷ്യ ഭയന്ന് തലപ്പാവ് ധരിച്ച ക്യാപ്റ്റന്‍ ജര്‍ണൈല്‍ സിങ് ടീം ബസ്സില്‍ നിലത്തിരുന്നാണ് ദക്ഷിണ കൊറിയയ്ക്കെതിരായ ഫൈനലില്‍ സ്റ്റേഡിയത്തിലെത്തിയത്. ഒരു ലക്ഷത്തോളം കാണികളുണ്ടായിരുന്നു സ്റ്റേഡിയത്തില്‍. അവര്‍ ഒരേ സ്വരത്തില്‍ ഇന്ത്യയെ കൂവിക്കൊണ്ടിരുന്നു. റഫറിയുടെ വിസില്‍ പോലും കേള്ക്കാനുണ്ടായിരുന്നില്ലെന്ന് ജര്‍ണൈല്‍ സിങ് പിന്നീടൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ആക്രമിക്കുമ്പോള്‍ മാത്രമായിരുന്നു സ്റ്റേഡിയം മരണവീടുപോലെ നിശബ്ദമായത്. അന്ന് സ്റ്റേഡിയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നത് തലേദിവസത്തെ ഹോക്കി ഫൈനലില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച പാകിസ്താന് ടീമംഗങ്ങള്‍ മാത്രമായിരുന്നു എന്ന് ഇന്ന് വിശ്വസിക്കാന്‍ പ്രയാസമായേക്കും.
ഇന്ത്യയുടെ ദേശീയഗാനത്തെപ്പോലും അവര്‍ വെറുതെവിട്ടിരുന്നില്ല. നിര്‍ത്താതെയുള്ള കൂവലായിരുന്നു ജനഗണമനയുടെ അകമ്പടി. ടീം മാനസികമായി തകര്‍ന്നുനില്‍ക്കുന്ന ഈ സമയത്താണ് റഹീമിലെ പഴയ മന:ശസ്ത്രജ്ഞന്‍ ഉണര്‍ന്നത്. ടീമംഗങ്ങളെ ഡ്രസ്സിങ് റൂമിലേയ്ക്ക് വിളിപ്പിച്ച റഹീം ഒരൊറ്റ കാര്യമേ ആവശ്യപ്പെട്ടുള്ളൂ. കൈകള്‍ ചേര്‍ത്തു പിടിച്ച് ഉച്ചത്തില്‍ ദേശീയഗാനം ആലപിക്കാന്‍. 'നിങ്ങള്‍ വെറും കളിക്കാരല്ല. സ്വാതന്ത്ര്യസമര സേനാനികളാണ്. നമ്മുടെ ദേശീയപതാകയുടെ മാനം കാക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആത്മധൈര്യവും സമര്‍പ്പണവും മാത്രമാണ് അതിന് വേണ്ടത്. എനിക്ക് ഒരൊറ്റ സമ്മാനമേ നിങ്ങളില്‍ നിന്നു വേണ്ടൂ. സ്വര്‍ണം.' ഡ്രസ്സിങ് റൂമില്‍ റഹീമിന്റെ ശബ്ദം പ്രകമ്പനം കൊണ്ടു. അത്ഭുതകരമായിരുന്നു ഈ വാക്കുകള്‍ കളിക്കാരിലുണ്ടാക്കിയ മാറ്റം. പിന്നെ ഒരു ഉപദേശം കൂടി കൊടുത്തു കോച്ച്. 'ഒരു കാരണവശാലും പ്രതിരോധക്കാര്‍ ഓഫ്സൈഡ് കെണിയൊരുക്കരുത് എതിരാളികള്‍ക്ക്. കാണികളുടെ ബഹളത്തില്‍ റഫറിയുടെ വിസില്‍ കേട്ടില്ലെങ്കില്‍ അത് ആത്മഹത്യാപരമായിരിക്കും.' കോച്ചിന്റെ വാക്കുകള്‍ ശിരസാവഹിച്ചു കളിക്കാര്‍. അന്ന് ദക്ഷിണ കൊറിയക്കെതിരേ നേടിയ 2-1ന്റെ വിജയം പോലെ മാറ്റുള്ള മറ്റൊന്നില്ല ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍. ലോകം മുഴുവന്‍ ഇന്ത്യയെ ഒരേ സ്വരത്തില്‍ വാഴ്ത്തി. ലോകഫുട്ബോളിന്റെ വേദിയില്‍ പുതിയ ശക്തിയുടെ വരവ് ഉദ്ഘോഷിക്കപ്പെട്ടു.
ഫൈനലില്‍ മറ്റൊരു ചൂതാട്ടം കൂടി നടത്തിയിരുന്നു റഹീം. ഫോമിലുണ്ടായിരുന്ന ഒന്നാം ഗോളി പ്രദ്യുത് ബര്‍മനെ മാറ്റി പനി ബാധിച്ചുകിടന്ന നാട്ടുകാരന് പീറ്റര്‍ തങ്കരാജിനെ ഇറക്കി. സെമി വരെ മികച്ച പ്രകടനം കാഴ്ചവച്ച ബര്‍മനെ മാറ്റിയതിന് മരണം വരെ വിശദീകരണം നല്‍കിയിരുന്നില്ല റഹീം. അവസാന ഇലവനില്‍ നിന്ന് തഴയുന്ന കാര്യം ബര്‍മനോട് പറയുന്നതുതന്നെ അവസാന നിമിഷമാണ്. തീരുമാനം അറിഞ്ഞ താന്‍ തകര്‍ന്നുപോയെന്നാണ് ബര്മന് പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഒടുവില്‍ സങ്കടം ഉള്ളിലൊതുക്കിക്കഴിഞ്ഞ ബര്മന് പ്രായശ്ചിത്തമായി സിംഗപ്പൂരില്‍ നിന്നൊരു വാച്ച് സമ്മാനിക്കുകയും ചെയ്തു കോച്ച്. തങ്കരാജ്, എന്തായാലും കോച്ച് തന്നെ വിശ്വസിച്ച് ഏല്പിച്ച ചുമതല ഭംഗിയായി തന്നെ നിര്‍വഹിച്ചു.
പക്ഷേ, ആന്റി ക്ലൈമാക്സുകളാണല്ലോ എന്നും ഇന്ത്യന്‍ സ്പോര്‍ട്സിന്റെ ശാപം. ജക്കാര്‍ത്തയില്‍ കണ്ടത് ഇന്ത്യന്‍ ഫുട്ബോളിന്റെ ഉദയമായിരുന്നില്ല. അസ്തമയമായിരുന്നുവെന്ന് തിരിച്ചറിയാന്‍ നാളുകള്‍ ഏറെ വേണ്ടിവന്നില്ല. രാജ്യം മുഴുവന്‍ ജക്കാര്‍ത്തയുടെ വിജയത്തിന്റെ ലഹരിയിലമര്ന്നപ്പോള് ഒരാളുടെ മുഖത്ത് മാത്രമുണ്ടായില്ല ഒരു ചെറുപുഞ്ചിരിപോലും. വിടാതെ പിന്തുടര്‍ന്ന പത്രപ്രവര്‍ത്തകരോട് ഒരൊറ്റ കാര്യമേ സന്തോഷം തെല്ലും മുഖത്ത് കാണിക്കാത റഹീം അന്ന് പറഞ്ഞുള്ളൂ. 'ഇത് സന്തോഷിക്കാനുള്ള സമയമല്ല. ആത്മപരിശോധന നടത്തേണ്ട നേരമാണ്. ജക്കാര്‍ത്തയിലെ നേട്ടം തുടരണമെങ്കില്‍ നമ്മള് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യണം. ഏഷ്യയില്‍ പുതിയ ശക്തികള്‍ ഉദയം ചെയ്യുന്നുണ്ട്. ജപ്പാനും ദക്ഷിണ കൊറിയയും വിയറ്റ്നാമുമെല്ലാം പുതിയ ശൈലിയില്‍ വളര്‍ന്നുകഴിഞ്ഞു. ജപ്പാന് ടോക്യോ ഒളിമ്പിക്സിനുവേണ്ടി യൂറോപ്യന്‍ ശൈലി അവലംബിച്ച് പരിശീലനം തുടങ്ങിക്കഴിഞ്ഞു. നമ്മള് ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോവണം. ഒരുപാട് മാറണം. കളിക്കാരെ മാത്രമല്ല, കളിക്കാരെ സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ പരിശീലകര്‍ കൂടതല്‍ വരണം. നമ്മള് അടിയന്തരമായി ചെയ്യേണ്ടത് കളിക്കാരെ ഉണ്ടാക്കുകയല്ല, പരിശീലകരെ ഉണ്ടാക്കുകയാണ്. അവര്‍ താഴേത്തട്ടില്‍ നിന്ന് കളിക്കാരെ കണ്ടെത്തിക്കൊള്ളും. പിന്നെ ഈ കളിക്കാര്‍ക്ക് കളിച്ചുവളരാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഗ്രൗണ്ടുകള്‍ വേണം.' പതിവുപോലെ രണ്ടിനും ചെവികൊടുത്തില്ല അന്നത്തെ ഫുട്ബോള്‍ അധികാരികള്‍. ജക്കാര്ത്തയോടെ അരങ്ങൊഴിഞ്ഞ റഹീമിനുശേഷം മൂന്ന് ഡസനിലേറെ പരിശീലകര്‍ വന്നുപോയി. അതില്‍ പതിനാലു പേര് വിദേശികളായിരുന്നു എന്നതാണ് ഏറെ കൗതുകകരം. ഇന്നും നല്ലൊരു പരിശീലകന് വിദേശത്തേയ്ക്ക് പറക്കണം എന്നതാണ് അവസ്ഥ. ക്ലബുകള്ക്കായാലും ദേശീയ ടീമിനായാലും. കേരള ബ്ലാസ്റ്റേഴ്സ് മാത്രം കഴിഞ്ഞ എട്ടു കൊല്ലം കൊണ്ട് പരീക്ഷിച്ചത് പതിനൊന്ന് പരിശീലകരെയാണ്. അതിലും പത്തും വിദേശികള്‍. 2012 മുതല്‍ ദേശീയ ടീമിനും വിദേശ പരിശീലകരേ ഉണ്ടായിട്ടുള്ളൂ. ഇക്കാലത്ത് നേടിയതോ സാഫ് കപ്പും അകാല ചരമമടഞ്ഞ നെഹ്റു കപ്പും മാത്രം. പരിശീലിപ്പിച്ച ക്ലബുകളെയെല്ലാം കിരീടമണിയിച്ച ടി.കെ.ചാത്തുണ്ണിയെപ്പോലൊരാള് ഉള്ളപ്പോഴായിരുന്നു പിഴച്ചിട്ടും തുടര്‍ക്കഥയായ ഇന്ത്യയുടെ ഈ വിദേശീയഭ്രമം. ഒരിക്കലെങ്കിലു ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കണമെന്ന മോഹം ബാക്കിയാക്കിയാണ് ഈ അടുത്ത ദിവസം ചാത്തുണ്ണി ജീവിതത്തിന്റെ മുഴുവന്‍ സമയവും കളിച്ചുതീര്‍ത്ത് മടങ്ങിയത്.

റഹീമില്‍ തുടങ്ങി റഹീമില്‍ തന്നെ അവസാനിച്ചു ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതാപകാലം എന്നതാണ് വാസ്തവം. ഇന്ത്യന്‍ ഫുട്ബോളിനേക്കാള്‍ വലിയ ദുരന്തമാണ് അതിന്റെ ശില്പിക്ക് കാലം കാത്തുവച്ചത്. തീര്‍ത്തും ദയാരഹിതമായൊരു കണ്ണില്‍ച്ചോരയില്ലാത്ത ടാക്ലിങ്. ലോകോത്തരമായൊരു ടീമിനെയും കുറേ ലോകോത്തര താരങ്ങളെയും വാര്‍ത്തെടുക്കുമ്പോള്‍ റഹീം അറിഞ്ഞില്ല ഉള്ളിലൊരു വില്ലന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിവരം. അവന് പ്രാണനെ കാര്‍ന്നുതിന്നുന്നതിന്റെ വേദന കളിയുടെ ലഹരിയില്‍ പാടെ അവഗണിക്കുകയും ചെയ്തു. കടുത്ത ശ്വാസംമുട്ടലും വേദനയുമായിരുന്നു തുടക്കത്തില്‍. ഒളിമ്പിക്സിന്റെയും ഏഷ്യന്‍ ഗെയിംസിന്റെയും തിരക്കില്‍ പലപ്പോഴും അതൊക്കെ അവഗണിച്ചു. ചിലപ്പോള്‍ അത് മരുന്നിനും പിടികൊടുക്കാതെ പുറത്തുചാടും. ചില രാത്രികളില്‍ വേദന അസഹ്യമായി കിടക്കയില്‍ കിടന്നുരുളുമായിരുന്നു റഹീമെന്ന് കളിക്കാര്‍ പലരും പില്ക്കാലത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശ്വാസതടസ്സവും ചുമയും കലശലായതോടെ ജക്കാര്‍ത്തയില്‍ തന്നെ ചികിത്സ തേടി. പക്ഷേ, വലിയ ശമനമൊന്നുമുണ്ടായില്ല.
ഫൈനലിലെ ആവേശവിജയം രാജ്യം മുഴുക്കെ ആഘോഷിക്കുമ്പോള്‍ ഹോട്ടല്‍മുറിയിലെ സോഫയില്‍ വേദന കൊണ്ട് പുളഞ്ഞ് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു റഹീം. ചുമച്ചുചുമച്ചാണ് ഒടുവില്‍ തളര്‍ന്നുറങ്ങിയത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവുമായി നാട്ടില്‍ തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തെ മുക്കാലും അര്‍ബുദം കാര്‍ന്നുതിന്നുകഴിഞ്ഞ വിവരമറിയുന്നത്. തിരിച്ചറിയുമ്പേഴേയ്ക്കും അര്‍ബുദത്തിന്റെ തേരോട്ടം ആയുസ്സിന്റെ തൊണ്ണൂറു മിനിറ്റും പിന്നിട്ടുകഴിഞ്ഞിരുന്നു. പിന്നീട് ഏറെക്കാലം പിടിച്ചുനില്ക്കാന് റഹീമിനായില്ല. വെറും ആറു മാസം മാത്രമാണ് കാലം അധികസമയം അനുവദിച്ചത്. അക്കാലമത്രയും രോഗശയ്യയിലുമായി. 'ഞാന്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. എന്നിട്ടുമെന്താണ് എനിക്കിങ്ങനെ'? എന്നായിരുന്നു വേദന കടിച്ചമര്‍ത്തി അടുത്ത സുഹൃത്തായ ഡോ.മന്നിനോട് അവസാന നാളുകളില്‍ ഒന്നില്‍ റഹീം ചോദിച്ചത്.
ഒടുവില്‍ 1963 ജൂണ്‍ പതിനൊന്നിന് മരണം വേദന തിന്ന ആ ഐതിഹാസിക ജീവിതത്തിന് അവസാന വിസിലൂതി. റഹീമിന്റെ കീഴില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ മിഡ്ഫീല്‍ഡര്‍ ഫോര്ച്ചുനാറ്റോ ഫ്രാങ്കോ എന്ന ഗോവന്‍ ഒളിമ്പ്യന്‍ അന്ന് പ്രവചനസ്വരത്തില്‍ പറഞ്ഞൊരു വാക്കുണ്ട്. 'റഹീം തനിക്കൊപ്പം ഇന്ത്യന്‍ ഫുട്ബോളിനെക്കൂടി കബറിലേയ്ക്ക് കൊണ്ടുപോയി.'
ഫെഡറേഷന് കപ്പ് വന്നു. നെഹ്റുകപ്പ് വന്നു, സൂപ്പര്‍ കപ്പും ഐ ലീഗും വന്നു, ഒടുവില്‍ കോടികള്‍ വാരിയെറിഞ്ഞ് ഐഎസ്എല്‍ എന്ന പ്രൊഫഷണല്‍ ലീഗും. എന്നിട്ടും സാഫ് കപ്പിനപ്പുറം വളര്‍ന്നില്ല ഇന്ത്യയുടെ കിരീടലബ്ധി. ദക്ഷിണ കൊറിയയാവാട്ടെ ആതിഥേയരായി ലോകകപ്പ് സെമിയും ജപ്പാന് ക്വാര്‍ട്ടറും കളിച്ചു. ഇന്ത്യയ്ക്ക് പിന്നീടൊരു ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പോലും കളിക്കാനായില്ല. ഒളിമ്പിക്സ് യോഗ്യതയുടെ കടമ്പ ബാലികേറാമലയായി. ഏഷ്യയുടെ ബ്രസീല്‍ എന്ന വിളിപ്പേര് സമ്പാദിച്ചവര്‍ക്ക് പിന്നീടുള്ള അമ്പതാണ്ട് കൊണ്ട് ഫിഫ റാങ്കിങ്ങില്‍ നൂറ്റിനാല്പത്തിമൂന്നാം സ്ഥാനം വരെ തൊട്ട ചരിത്രമുണ്ട്. അമ്പതിലെ ലോകകപ്പിന്റെ ക്ഷണം നിരസിച്ചവര്‍ക്ക് ഇന്ന് ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ട് പോലും അപ്രാപ്യമാവുന്നു. ഏഷ്യാ കപ്പിന്റെയും ലോകകപ്പിന്റെയും യോഗ്യതാ റൗണ്ടുകളുടെ കടമ്പ കടത്താനാവാത്തതാണ് പരിശീലകപരമ്പരയുടെ വാലറ്റക്കാരന് ഇഗോര്‍ സ്റ്റിമാച്ചിന് വിനയായത്.
വിധിയേക്കാള്‍ വലിയ ഫൗള്പ്ലേയാണ് ഗുരുത്വവും നന്ദിയും തൊട്ടുതീണ്ടാത്ത ഇന്ത്യന്‍ ഫുട്ബോളും റഹീമിനുവേണ്ടി കാത്തുവച്ചത്. എഴുപത്തിയഞ്ചാണ്ടിന്റെ നേട്ടപ്പട്ടികയില്‍ ചില്ലിട്ടുസൂക്ഷിക്കാന് റഹീം ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചെടുത്ത ഒളിമ്പിക് സെമിയും രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും മാത്രമാണുള്ളതെങ്കിലും അതിനു വഴിയൊരുക്കിയ ആളെ മാത്രം തെല്ലും ഗൗനിക്കാന്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ അധികാരികള്‍ തയ്യാറായിട്ടില്ല. റഹീം ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ തുടങ്ങിയിരുന്നു തിരസ്കാരം. അടിക്കാന്‍ വടി ഒങ്ങിനില്ക്കുന്ന ആളായിരുന്നു എക്കാലവും റഹീമുമായി സ്വരച്ചേര്‍ച്ചയില്ലാതിരുന്ന എ.ഐ.എഫ്.എഫ് അധ്യക്ഷന്‍ ബി.ഡി. റോയി. ഒടുവില്‍ നാണംകെടുത്താന്‍ കണ്ടെത്തിയ വഴിയാണ് വിചിത്രം. പില്ക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മാറിയ ഇംഗ്ലീഷുകാരന് ഹാരി റൈറ്റിന്റെ ഒരു പരിശീലക ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു റഹീമിനോട്. റൈറ്റില്‍ നിന്ന് ഒന്നും പഠിക്കാനില്ലാതിരുന്നിട്ടും രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഒരു ഒളിമ്പിക് നാലം സ്ഥാനവും സമ്മാനിച്ച റഹീം അച്ചടക്കത്തോടെ ക്ലാസിലിരുന്നു. റഹീമിന്റെ മരണശേഷം ഇന്ത്യയുടെ ആദ്യ വിദേശപരിഗീലകനായി റൈറ്റ് ചുമതലയേറ്റു. കാര്യമായ നേട്ടങ്ങളൊന്നും സമ്മാനിക്കാതെ തന്നെ ഒരു വര്‍ഷം കൊണ്ട് മടങ്ങുകയും ചെയ്തു. തീര്‍ന്നില്ല പകവീട്ടല്‍. റഹീം പരീക്ഷിച്ച് വിജയിപ്പിച്ച ഷോര്‍ട്ട് പാസ് ഗെയിമും പിന്‍ഗാമികള്‍ കുട്ടയിലെറിഞ്ഞു. സ്റ്റാമിനയും സ്പീഡും കുറഞ്ഞിട്ടും ഇന്നും റഹീം ഉപേക്ഷിച്ച ലോംഗ് ബോള്‍ ഗെയിം തന്നെയാണ് ഇന്ത്യയ്ക്ക് ആശ്രയം. റഹീമിന്റെ മരണത്തോടെ ഹൈദരാബാദ് ഫുട്ബോള്‍ അസോസിയേഷന് തല്ലിപ്പിരിഞ്ഞു. തുടങ്ങിവച്ച ടൂര്‍ണമെന്റുകളെയെല്ലാം പാതിവഴിയില്‍ കൊന്നുതള്ളുകയും ചെയ്തു. ഒരു അതുല്ല്യ പ്രതിഭയോട് ഇതില്‍പ്പരം മറ്റെന്ത് ചെയ്യാന്‍.
റഹീമിനു കീഴില്‍ കളിച്ച പലരും അര്‍ജുനയും പത്മശ്രീയും ദ്രോണാചാര്യയുമെല്ലാം സ്വന്തമാക്കി. എന്നാല്‍, ഇന്ത്യന്‍ ഫുട്ബോളിന്റെ ശില്പിയെന്ന് വാഴ്ത്തുന്ന, ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഒളിമ്പിക് നാലാം സ്ഥാനവും സമ്മാനിച്ച ഓരേയൊരു കോച്ചിന് മാത്രം ഫുട്ബോള്‍ ഫെഡറേഷന് ഒരു പുരസ്കാരവും നല്‍കിയില്ല, ഒന്നിലും ശുപാര്‍ശ ചെയ്തുമില്ല. പഴയ താരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് 2013ല്‍ അന്നത്തെ കായികമന്ത്രി അജയ് മാക്കന് ഒരു നിവേദനം നല്കി. പടിയിറങ്ങും വരെ ആ നിവേദനം മാക്കന്റെ ഫയലില്‍ നിന്ന് അനങ്ങിയില്ല. റഹീമിനോടുള്ള ഈ അവഗണനയ്ക്കെതിരേ പി.കെ.ബാനജിയും റഹീമിന്റെ മകനും ഒളിമ്പ്യനുമായ എസ്.എസ്.ഹക്കീമുമെല്ലാം പരസ്യമായി തന്നെ പ്രതികരിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. റഹീമിന്റെ ജന്മശതാബ്ദി കൊണ്ടാടാനുള്ള സന്മനസ് പോലും ഫുട്ബോള്‍ ഫെഡറേഷനോ സര്‍ക്കാരോ കാണിച്ചില്ല. ഇന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ഓഫീസില്‍ ഈ ഇതിഹാസത്തിന്റെ ഒരു ഛായാചിത്രം പോലുമില്ല. ഇന്നത്തെ ഫെഡറേഷന് ഭാരവാഹികളില്‍ എത്രപേര്‍ക്ക് റഹീംസാബിനെ കുറിച്ചറിയാമെന്ന 1962 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്രതിരോധം കാത്ത അരുണ്‍ ഘോഷിന്റെ പരിഹാസത്തിന് മൂര്‍ച്ച ഏറെയുണ്ട്. അതില്‍ അല്പെങ്കിലും വാസ്തവവുമുണ്ട്.
ഒടുവില്‍ മണ്മറഞ്ഞിട്ട് ആറ് പതിറ്റാണ്ട് വേണ്ടിവന്നു ഈ ഇതിഹാസത്തിന് പേരിനെങ്കിലും ഒരു ആദരവ് ലഭിക്കാന്‍. അതും ബോളിവുഡിന്റെ വക. അതാണ് അജയ് ദേവ് ഗണും ബോണി കപൂറും സീ സ്റ്റുഡിയോസും അമിത് രവീന്ദ്രനാഥന്‍ ശര്‍മയും ചേര്‍ന്ന് യാഥാര്‍ഥ്യമാക്കിയ മൈതാന്‍. ഭാഗ്യം, ജീവിതത്തില്‍ റഹീമിനെ തമസ്കരിച്ചതുപോലെ ബോളിവുഡിന്റെ ബോക്സ്ഓഫീസില്‍ ആ തിരജീവിതം തിരസ്കരിക്കപ്പെട്ടില്ല. പടം നന്നായി തന്നെ കൈയടി നേടി. പണവും വാരി. മൂന്ന് കോടി നഷ്ടപരിഹാരം നല്കി സ്റ്റിമാച്ചിനെ പാതിവഴിയില്‍ ഇറക്കിവിടുന്ന ഫെഡറേഷന് ഇനി പുതിയ അവതാരത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാവും. കോടികളുടെ പ്രൈസ് ടാഗുള്ള വിദേശികളില്‍ തന്നെയാവും ഇക്കുറിയും കണ്ണ്. എന്നാല്‍, അടുക്കളപ്പോരും കെടുകാര്യസ്ഥതയുമൊക്കെ ചവിട്ടിക്കടിയിലേയ്ക്ക് തള്ളി യൂറോപ്പിലേയ്ക്കും ലാറ്റിനമേരിക്കയിലേയ്ക്കുമൊക്കെ വിമാനം കയറുന്നതിന് മുന്‍പ് ഇന്ത്യന്‍ ഫുട്ബോളിന്റെ മേലാളന്മാര് മൈതാന്‍ ഒന്നു കാണേണ്ടതാണ്. നേട്ടങ്ങള്‍ മാത്രമല്ല, ദുരന്തങ്ങളും നല്ല പാഠപുസ്തകങ്ങളാണല്ലോ. ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിയപ്പെട്ട, ദുരന്തപര്യവസായിയായ റഹീമിന്റെ ജീവിതബലി അങ്ങനെ ഒരു പാഠമെങ്കിലുമാവട്ടെ അവര്‍ക്ക്. അതിലും വലിയൊരു ആദരവൊന്നും റഹീമിന്റെ മുറിവേറ്റ ആത്മാവും ആശിച്ചിരിക്കില്ല.
Content Highlights: Igor stimac, sa rahim, Indian football,aiff, soccer, B.k.rajesh, lifestory, syed abdul rahim
Published: 18 Jun 2024, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented