ബിഗ് ബോസിലൂടെ ശ്രദ്ധേയയായ ഇൻഫ്‌ളുവൻസറാണ് റെന ഫാത്തിമ. ചെറുപ്രായത്തിൽ തന്നെ കണ്ടന്റ് ക്രിയേഷനിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തി കുടുംബത്തിന്റെ താങ്ങായി മാറിയ റെനയുടെ ജീവിതവിജയങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ ബുദ്ധിമുട്ടുന്നതിനിടെയാണ് 20-ാം വയസ്സിനുള്ളിൽ സ്വന്തമാക്കിയ സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും മാസവരുമാനത്തെക്കുറിച്ചും ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് റെന. മാസം മൂന്ന് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ വരുമാനം ലഭിക്കാറുണ്ടെന്നും അതിന് കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നും റെന പറയുന്നു.

To advertise here,

15-ാം വയസ്സിൽ വരുമാനം നേടിത്തുടങ്ങി

15-ാം വയസ്സുമുതൽ സ്വന്തമായി പണം സമ്പാദിക്കാൻ തുടങ്ങിയതാണെന്നും അതിനുശേഷം സാമ്പത്തിക കാര്യങ്ങൾക്ക് കുടുംബത്തെ ആശ്രയിക്കേണ്ടി വന്നിട്ടില്ലെന്നും റെന പറയുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായാണ് 19-ാം വയസ്സിൽ റെന ഷോയിലെത്തിയത്. കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കുന്നു.ഒരു വർഷം മുൻപ് ഉമ്മയോട് കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതായും റെന വെളിപ്പെടുത്തി. കുടുംബത്തെ പൂർണമായും നോക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ തനിക്കുണ്ടെന്നാണ് റെനയുടെ വാക്കുകൾ.

ALSO READ : തെറ്റ് ചെയ്തിട്ട് പങ്കാളി മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത ദേഷ്യം തോന്നാറുണ്ടോ? കാരണമിതാണ് 

കാറും വിദേശയാത്രകളും

സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിനായി പല ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാൻ റെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വർഷം മുൻപ് സെക്കൻഡ് ഹാൻഡ് ക്രെറ്റ കാർ വാങ്ങിയിരുന്നു. പിന്നീട് അത് കേടായതോടെ പുതിയ ഹൈറൈഡർ സ്വന്തമാക്കി. ഉമ്മയുടെ ഇഷ്ട സ്ഥലങ്ങളായ തായ്ലൻഡിലേക്കും മലേഷ്യയിലേക്കും യാത്ര കൊണ്ടുപോയതും റെനയുടെ സന്തോഷങ്ങളിലൊന്നാണ്. കുടുംബാംഗങ്ങൾക്കൊപ്പം മണാലിയിലേക്കും ജയ്പൂരിലേക്കും യാത്ര നടത്തിയതായും റെന പറയുന്നു.

മാസവരുമാനം 10 ലക്ഷം വരെ

തന്റെ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും റെന മറുപടി നൽകുന്നുണ്ട്. കുറഞ്ഞത് മൂന്ന് ലക്ഷം രൂപയാണ് മാസവരുമാനമെന്നും ചില മാസങ്ങളിൽ അത് പത്ത് ലക്ഷം രൂപ വരെ ഉയരാറുണ്ടെന്നും അവർ വെളിപ്പെടുത്തി.'എന്റെ മിനിമം മാസവരുമാനം മൂന്ന് ലക്ഷം രൂപയാണ്. അത് പത്ത് ലക്ഷം രൂപ വരെ ഉയരാറുണ്ട്. ഇതിനെല്ലാം കൃത്യമായി ടാക്സ് അടയ്ക്കുന്നുണ്ട്. കള്ളപ്പണമൊന്നുമല്ല. 20 വയസ്സിനുള്ളിൽ ഒരുപാട് സമ്പാദിച്ചു. അടുത്ത പത്ത് വർഷത്തേക്കുള്ളത് ഇതിനോടകം ഉണ്ടാക്കിവെച്ചിട്ടുണ്ട്,' റെന പറഞ്ഞു. ആറുമാസം മുൻപാണ് റെന ബെംഗളൂരുവിലേക്ക് താമസം മാറിയത്. ഇവിടെ മൂന്ന് ബെഡ്റൂം ഫ്ളാറ്റ് എടുത്ത് ബോയ്ഫ്രണ്ടിനൊപ്പം കഴിയുകയാണ്. രണ്ട് വളർത്തുമൃഗങ്ങളെയും സ്വന്തമാക്കിയിട്ടുണ്ട്. തന്നെ പിന്തുണയ്ക്കുന്ന പങ്കാളിയും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ALSO READ : മാപ്പ് പറഞ്ഞു,7 ദിവസമായി കരച്ചിലാണ്, കുടുംബം നോക്കുന്നത് ഞാൻ'; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് -റെന ഫാത്തിമ 

റിയാക്ഷൻ വീഡിയോയിൽനിന്ന് ബിഗ് ബോസിലേക്ക്

കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി വീഡിയോ വൈറലായതോടെ കണ്ടന്റ് ക്രിയേഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. വീട്ടുകാരുടെ പിന്തുണയും ഈ യാത്രയിൽ റെനയ്ക്ക് ലഭിച്ചു. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ആലിബുമായി റെന പ്രണയത്തിലാകുന്നത്. പ്രണയവിവരം വീട്ടിൽ അറിയിച്ചതോടെ ഇരുവരുടെയും കുടുംബങ്ങൾ ബന്ധത്തിന് അംഗീകാരം നൽകുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. നിലവിൽ റെനയ്ക്കൊപ്പം ആലിബും യൂട്യൂബ് വീഡിയോകളിൽ സജീവമാണ്.20-ാം വയസ്സിൽ തന്നെ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കാനും സ്വന്തം ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റെന ഫാത്തിമ. ഇനിയും ഒരുപാട് സമയം മുന്നിലുണ്ടെന്നും ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുണ്ടെന്നുമുള്ള ആത്മവിശ്വാസത്തിലാണ് റെന.