നാല്‍പ്പത് നാളിലേറേ ആ ക്രിക്കറ്റ് മാമാങ്കം ഇന്ത്യക്കാര്‍ ആഘോഷിക്കുക തന്നെയായിരുന്നു. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് എന്ന അടുപ്പം മാത്രമായിരുന്നില്ല അതിനു പിന്നില്‍, മറിച്ച് എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കിയുള്ള ഇന്ത്യന്‍ ടീമിന്റെ കുതിപ്പുകൂടി ആ താത്പര്യത്തിന് പിന്നിലുണ്ടായിരുന്നു. ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരേ തുടങ്ങിയ വിജയക്കുതിപ്പ് കണ്ട് ആരാധകരും ആ കിരീടം ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അഹമ്മദാബാദിലെ നവംബര്‍ 19-ലെ രാത്രി ഇന്ത്യയുടേതായിരുന്നില്ല. 10 മത്സരങ്ങള്‍ നീണ്ട ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഫൈനലില്‍ ഓസീസ് തടയിട്ടു. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ പകരംവെയ്ക്കാനാകാത്ത ശക്തിയാണ് തങ്ങളെന്ന് ഓസീസ് ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. മൂന്നാം കിരീടം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യന്‍ ടീം നിരാശയോടെ മടങ്ങി. ടൂര്‍ണമെന്റിലുടനീളം ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും തിളങ്ങിയ രോഹിത് ശര്‍മ ദുരന്തനായകനായി. ഇന്ത്യന്‍ ബാറ്റിങ്ങിനെ മുന്നില്‍നിന്ന് നയിച്ച വിരാട് കോലിക്ക് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നിരാശയോടെ ഓര്‍ക്കാനുള്ളത് മാത്രമായി. ആ രാത്രി നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കണ്ണീര്‍ തുടയ്ക്കാന്‍ രോഹിത് പാടുപെട്ടു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ പൊട്ടിക്കരഞ്ഞ സിറാജിനെ ബുംറ മാറോട് ചേര്‍ത്തണച്ചു. കണ്ണീരും നിരാശയും മാത്രം പെയ്‌തൊഴിഞ്ഞ ആ രാത്രി, ചുണ്ടില്‍ ചിരി വിരിഞ്ഞവര്‍ മഞ്ഞക്കുപ്പായക്കാര്‍ മാത്രമായി.

To advertise here,

വീണ്ടുമൊരിക്കല്‍ കൂടി ഒരു ഐ.സി.സി. ടൂര്‍ണമെന്റില്‍ നീലപ്പടയുടെ കണ്ണീര്‍ വീണിരിക്കുന്നു. മികച്ച ടീമില്ലാഞ്ഞിട്ടോ മികച്ച തയ്യാറെടുപ്പോ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാഞ്ഞിട്ടോ അല്ല, എന്തുകൊണ്ടോ നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യ വീണുപോകുന്നു. 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കിരീടമുയര്‍ത്തിയതാണ് ഇന്ത്യയുടെ അവസാന ഐ.സി.സി. ട്രോഫി വിജയം. എം.എസ്. ധോനിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഇതുവരെ ഇന്ത്യ ഒരു ഐ.സി.സി. ടൂര്‍ണമെന്റില്‍ കിരീടം നേടിയിട്ടില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച കളി പുറത്തെടുക്കുന്ന ഇന്ത്യയ്ക്ക് പക്ഷേ കഴിഞ്ഞ 10 വര്‍ഷത്തോളമായി ഒരു ഐ.സി.സി. കിരീടമെന്നത് സ്വപ്‌നം മാത്രമാണ്. 10 ഐ.സി.സി. ടൂര്‍ണമെന്റുകളാണ് ഇതിനകം ഇന്ത്യന്‍ ടീമിന് നിരാശ മാത്രം നല്‍കി കടന്നുപോയത്. ഇതില്‍ അഞ്ചിലും ഇന്ത്യ ഫൈനലിലെത്തിയിരുന്നു. കിരീട സാധ്യതകളിലും മുന്നിലായിരുന്നു. പക്ഷേ ഒരു ജയം കൂടി നേടി ഒരു ട്രോഫി ഏറ്റുവാങ്ങാന്‍ എന്തുകൊണ്ടോ ടീമിന് സാധിക്കുന്നില്ല. നാല് ടൂര്‍ണമെന്റുകളില്‍ സെമിയിലാണ് വീണത്. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ ഇങ്ങനെ സ്ഥിരത പുലര്‍ത്തുന്ന മറ്റൊരു ടീമുണ്ടോ എന്ന് സംശയമാണ്. പക്ഷേ, ഒരു കിരീടം കൈയിലേറ്റു വാങ്ങാന്‍ അവര്‍ക്ക് യോഗമില്ലാതെ പോകുന്നു.

placeholder
2014 ഐ.സി.സി. ടി20 ലോകകപ്പ് ട്രോഫിയുമായി ധോനിയും ലസിത് മലിംഗയും | Photo: Getty Images

2014 ട്വന്റി 20 ലോകകപ്പ്

2013-ല്‍ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി നേടിയതിന്റെ ആവേശമടങ്ങും മുമ്പുതന്നെ ഇന്ത്യ മറ്റൊരു ഐ.സി.സി. ടൂര്‍ണമെന്റില്‍ സ്വപ്‌നസമാനമായ കുതിപ്പ് നടത്തി. ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച 2014-ലെ ടി20 ലോകകപ്പായിരുന്നു അത്. 10 ടീമുകള്‍ പങ്കെടുത്ത ആ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ച ഏക ടീം ഇന്ത്യയായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്താനെയും രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെയും ഏഴു വിക്കറ്റിന് തകര്‍ത്ത ഇന്ത്യ, മൂന്നാം മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിനും തകര്‍ത്തുവിട്ടു. തൊട്ടടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയെ വെറും 86 റണ്‍സിന് പുറത്താക്കി 73 റണ്‍സിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. വെറും 11 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് അന്ന് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. സെമിയില്‍ 44 പന്തില്‍നിന്ന് 72 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ആരാധകര്‍ കിരീടമുറപ്പിച്ച ഫൈനലില്‍ പക്ഷേ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടവുമായി മടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നാലു വിക്കറ്റിന് 130 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 58 പന്തില്‍നിന്ന് 77 റണ്‍സെടുത്ത് കോലി ഫോം തുടര്‍ന്നെങ്കിലും 21 പന്തില്‍നിന്ന് 11 റണ്‍സ് മാത്രമെടുത്ത യുവ്രാജ് സിങ്ങിന്റെ ബാറ്റിങ് ഇന്ത്യയ്ക്ക് പ്രതികൂലമായി. അനായാസം ലങ്ക ലക്ഷ്യം കാണുകയും ചെയ്തു. ആ ടൂര്‍ണമെന്റിലും ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് കോലിയായിരുന്നു. ഇത്തവണത്തെ ലോകകപ്പ് പോലെ സെമിയിലും ഫൈനലിലും മികച്ച ബാറ്റിങ് പുറത്തെടുക്കുകയും ചെയ്തു. പക്ഷേ ഒടുവില്‍ നിരാശ മാത്രമായിരുന്നു ഇന്ത്യയ്ക്ക് ബാക്കി. ആറ് കളികളില്‍നിന്ന് 106.33 ശരാശരിയില്‍ 319 റണ്‍സ് നേടിയ കോലിയായിരുന്നു ആ ടൂര്‍ണമെന്റിലേയും ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ താരവും.

placeholder
2015 ലോകകപ്പ് സെമിയിൽ ഓസീസിനെതിരേ പുറത്താകുന്ന രോഹിത് ശർമ | Photo: Getty Images

2015 ഏകദിന ലോകകപ്പ്

ഓസ്‌ട്രേലിയയലും ന്യൂസീലന്‍ഡിലുമായി നടന്ന 2015 ലോകകപ്പിലും തുടര്‍ജയങ്ങളുമായി ഇന്ത്യ കിരീട പ്രതീക്ഷയുണര്‍ത്തിയിരുന്നു. പാകിസ്താനെയും ദക്ഷിണാഫ്രിക്കയേയും യുഎഇയേയും വെസ്റ്റിന്‍ഡീസിനെയും അയര്‍ലന്‍ഡിനെയും സിംബാബ്‌വെയേയും തകര്‍ത്ത് മുന്നേറിയ ഇന്ത്യയ്ക്ക് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശായിരുന്നു എതിരാളികള്‍. രോഹിത് ശര്‍മയുടെ ആദ്യ ലോകകപ്പ് സെഞ്ചുറി മികവില്‍ ബംഗ്ലാദേശിനെ 109 രണ്‍സിന് തകര്‍ത്ത് സെമിയിലേക്ക് മുന്നേറിയ ഇന്ത്യ പക്ഷേ ഓസീസിനു മുന്നില്‍ വീണു. ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ (105) മികവില്‍ ഓസീസ് ഏഴിന് 328 റണ്‍സെടുത്തു. മറുപടിയായി ഇന്ത്യയുടെ പോരാട്ടം 46.5 ഓവറില്‍ 233-ല്‍ അവസാനിച്ചു. തുടര്‍ച്ചയായി ഏഴു മത്സരങ്ങള്‍ ജയിച്ചെത്തി എട്ടാം മത്സരത്തില്‍ ഓസീസിനു മുന്നില്‍ കാലിടറി.

placeholder
2016 ടി20 ലോകകപ്പ് സെമി തോൽവിക്ക് ശേഷം ഇന്ത്യൻ ടീം | Photo: Getty Images

2016 ട്വന്റി 20 ലോകകപ്പ്

സ്വന്തം നാട്ടില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെയായിരുന്നു. നാഗ്പുരില്‍ നടന്ന ആദ്യ മത്സരത്തില്‍ തന്നെ ന്യൂസീലന്‍ഡിനോട് 47 റണ്‍സിന് തോറ്റു. 127 റണ്‍സെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 79 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ പാകിസ്താനെയും മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെയും നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയയേതും കീഴടക്കി ഇന്ത്യ സെമിയിലേക്ക് മുന്നേറി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ഒരു റണ്ണിന്റെ ആവേശ ജയം നേടിയതും ഈ ടൂര്‍ണമെന്റിലായിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍വേണമെന്നിരിക്കേ മുസ്തഫിസുര്‍ റഹ്‌മാനെ വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തി റണ്ണൗട്ടാക്കിയ ക്യാപ്റ്റന്‍ എം.എസ് ധോനിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. സെമിയില്‍ പക്ഷേ വിന്‍ഡീസിനു മുന്നില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. രോഹിത് ശര്‍മയും (43), അജിങ്ക്യ രഹാനെയും (40), വിരാട് കോലിയും (89*) തിളങ്ങിയ സെമിയില്‍ രണ്ട് വിക്കറ്റിന് 192 റണ്‍സ് അടിച്ചെടുത്ത ഇന്ത്യ ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളില്‍ 19 റണ്‍സിനിടെ ക്രിസ് ഗെയ്ല്‍, മര്‍ലോണ്‍ സാമുവല്‍സ് എന്നീ വെടിക്കെട്ട് വീരന്‍മാരെ മടക്കി ഇന്ത്യ ജയം സ്വപ്നം കണ്ടതുമാണ്. പക്ഷേ ജോണ്‍സണ്‍ ചാള്‍സും (52), ലെന്‍ഡ്ല്‍ സിമ്മണ്‍സും (82*), ആന്ദ്രേ റസ്സലും (43*) തകര്‍ത്തടിച്ചതോടെ രണ്ട് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ത്ത് വിന്‍ഡീസ് ഫൈനലിലേക്ക് മുന്നേറി. ഇന്ത്യയ്ക്ക് വീണ്ടുമൊരു നിരാശനിറഞ്ഞ ടൂര്‍ണമെന്റ്.

 ആവേശം നിറഞ്ഞ ഫൈനലില്‍ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് എന്ന ആറടിക്കാരന്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ തുടര്‍ച്ചയായി നാല് തവണ ഗാലറിയിലേക്ക് പറത്തി വിന്‍ഡീസിന് ജയം സമ്മാനിച്ച ലോകകപ്പ് കൂടിയായിരുന്നു ഇത്.

placeholder
2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്കെതിരേ വിജയം നേടുന്ന പാകിസ്താൻ ടീം | Photo: Getty Images

2017 ചാമ്പ്യന്‍സ് ട്രോഫി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പ്രധാന മാറ്റത്തിനു ശേഷമാണ് ടീം 2017-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്നത്. എം.എസ്. ധോനിയില്‍ നിന്ന് ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോലി എന്ന പിന്‍ഗാമിയിലേക്ക് അതിനോടകം എത്തിയിരുന്നു. പുതിയ നായകന് കീഴില്‍ സുപ്രധാന ടൂര്‍ണമെന്റിലേക്ക്. ആദ്യ മത്സരത്തില്‍ തന്നെ ചിരവൈരികളായ പാകിസ്താനെ 124 റണ്‍സിന് തകര്‍ത്ത് തുടക്കം. മഴ കളിക്ക് തടസം സൃഷ്ടിച്ച മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ജയം. പക്ഷേ തൊട്ടടുത്ത മത്സരത്തില്‍ ശ്രീലങ്കയോട് ഏഴു വിക്കറ്റിന്റെ തോല്‍വി. എന്നാല്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് കീഴടക്കിയതോടെ ഫൈനലിലേക്ക്. കലാശപ്പോരില്‍ എതിരാളികള്‍ ചിരവൈരികളായ പാകിസ്താനായതോടെ ആവേശം ഇരട്ടിച്ചു. പക്ഷേ 2017 ജൂണ്‍ 18-ന് ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ഇന്ത്യയ്ക്ക് പിഴച്ചു. ബുംറയുടെ ഒരു നോബോള്‍ മത്സരത്തിന്റെ ഫലം തന്നെ നിര്‍ണയിച്ച കളിയായിരുന്നു അത്. ഓപ്പണര്‍ ഫഖര്‍ സമാന്റെ സെഞ്ചുറിയും (114), അസ്ഹര്‍ അലി (59), ബാബര്‍ അസം (46), മുഹമ്മദ് ഹഫീസ് (57) എന്നിവരുടെ ഇന്നിങ്‌സുകളും ചേര്‍ന്നതോടെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ അടിച്ചെടുത്തത് 338 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ മുന്‍നിര ഇടംകൈയന്‍ പേസര്‍ മുഹമ്മദ് ആമിറിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. മൂന്നാം പന്തില്‍ രോഹിത്തും, മൂന്നാം ഓവറില്‍ കോലിയും, ഒമ്പതാം ഓവറില്‍ ശിഖര്‍ ധവാനും ആമിറിന് മുന്നില്‍ വീണതോടെ ടീം പതറി. ഹാര്‍ദിക് പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടം പ്രതീക്ഷ നല്‍കിയെങ്കിലും ഒടുവില്‍ ജഡേജയുമായുള്ള ധാരണപ്പിശകില്‍ പാണ്ഡ്യ റണ്ണൗട്ടായതോടെ ഇന്ത്യന്‍ പോരാട്ടം 158 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ നാലാം ഐ.സി.സി. ടൂര്‍ണമെന്റിലും ഇന്ത്യയ്ക്ക് നിരാശ.

placeholder
2019 ലോകകപ്പ് സെമിയിൽ റണ്ണൗട്ടാകുന്ന ധോനി | Photo: Getty Images

2019 ഏകദിന ലോകകപ്പ്

ലോകകപ്പിന്റെ 12-ാം പതിപ്പിനെത്തുമ്പോള്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ ഇന്ത്യ തന്നെയായിരുന്നു. രോഹിത്, ധവാന്‍, കോലി, രാഹുല്‍, ധോനി, കേദാര്‍ ജാദവ്, ഹാര്‍ദിക്, ഭുവനേശ്വര്‍ കുമാര്‍, ബുംറ, കുല്‍ദീപ്, ചാഹല്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം എല്ലാ മേഖലകളിലും ശക്തരായിരുന്നു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകര്‍ത്തായിരുന്നു തുടക്കം. രണ്ടാം മത്സരത്തില്‍ ഓസീസിനെതിരേ 36 റണ്‍സിന് ജയിച്ചു. ന്യൂസീലന്‍ഡിനെതിരായ മൂന്നാം മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരേയും ജയം. ഇതിനിടെ ഇംഗ്ലണ്ടിനു മുന്നില്‍ 31 റണ്‍സിന്റെ തോല്‍വി. സെമി ബര്‍ത്തിന് പക്ഷേ ആ തോല്‍വി ഒരു തടസമേ ആയിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ ശിഖര്‍ ധവാന് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ രോഹിത്തിനൊപ്പം കെ.എല്‍ രാഹുല്‍ ഓപ്പണിങ് സ്ലോട്ടില്‍ തിളങ്ങിയതോടെ ഇന്ത്യ ആ തിരിച്ചടി മറികടന്നു. ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടി റെക്കോഡിട്ട രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഫോം ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. തുടര്‍ച്ചയായ അര്‍ധ സെഞ്ചുറികളുമായി ക്യാപ്റ്റന്‍ കോലിയും തിളങ്ങി.

കിവീസിനെതിരായ ഫൈനലില്‍ ടീമിന് പിഴച്ചു. മഴ മൂലം രണ്ടു ദിവസമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 239 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആഹ്ലാദംപൂണ്ടു. പക്ഷേ റിസര്‍വ് ദിനമായ ജൂണ്‍ 10-ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ ഇന്ത്യയെ കാത്തിരുന്നത് കൂട്ടത്തകര്‍ച്ചയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ചാമ്പ്യന്‍സ് ട്രോഫിയിലേതിനു സമാനമായി വെറും അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ രോഹിത്, കോലി, രാഹുല്‍ എന്നിവര്‍ ഡ്രസ്സിങ് റൂമില്‍ തിരികെയെത്തി. പിന്നാലെ ദിനേഷ് കാര്‍ത്തിക്കും ഋഷഭ് പന്തും ഹാര്‍ദിക്കും മടങ്ങിയതോടെ ഇന്ത്യ 31 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ധോനിയും ജഡേജയും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. ഏഴാം വിക്കറ്റില്‍ ഇരുവരും 104 പന്തില്‍ നിന്ന് 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 59 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ജഡേജ മടങ്ങിയതോടെ ധോനിയിലായി ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ 49-ാം ഓവറില്‍ ഗുപ്റ്റിലിന്റെ ഒരു ത്രോ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. 72 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ധോനി റണ്ണൗട്ട്. ഇന്ത്യന്‍ ജേഴ്സിയില്‍ അദ്ദേഹത്തിന്റെ അവസാന മത്സരം കൂടിയായിരുന്നു അത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാണികള്‍ ഇന്ത്യയുടെ മറ്റൊരു ഐ.സി.സി. ടൂര്‍ണമെന്റ് ട്രാജഡിക്കു കൂടി സാക്ഷികളായി.

placeholder
2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോൽവിക്ക് ശേഷം ടീം ഇന്ത്യ | Photo: Getty Images

2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

2019-2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാട്ടിലും വിദേശത്തും മികച്ച വിജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ന്യൂസീലന്‍ഡായിരുന്നു എതിരാളികള്‍. വീണ്ടുമൊരിക്കല്‍ കൂടി ഒരു ഐ.സി.സി. ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനു മുന്നില്‍ കീഴടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. സതാംപ്ടണില്‍ നടന്ന ഫൈനലില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 217-ന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസണായിരുന്നു ഇന്ത്യയെ തകര്‍ത്തത്. മറുപടിയായി ഒന്നാം ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 249 റണ്‍സെടുത്ത് 32 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ വെറും 170 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചതോടെ കിവീസിന് ജയത്തിലേക്ക് വഴിതെളിഞ്ഞു. ജയിക്കാനാവശ്യമായ 139 റണ്‍സ് രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് സ്വന്തമാക്കി. ഒപ്പം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും. ജാമിസണായിരുന്നു കളിയിലെ താരം.

placeholder
2021 ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ഇന്ത്യൻ  ടീം | Photo: Getty Images

2021 ടി20 ലോകകപ്പ്

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എ.ഇ. ആയിരുന്നു 2021-ലെ ടി20 ലോകകപ്പിന് വേദിയായത്. 2020-ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിരാശ നിറഞ്ഞ ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്. ആദ്യ മത്സരത്തില്‍ തന്നെ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റു. ലോകകപ്പ് വേദിയില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ തോല്‍വി. രണ്ടാം മത്സരത്തില്‍ കിവീസിനു മുന്നിലും വീണതോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങി. അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരായ ജയം ഇന്ത്യയെ സെമിയിലെത്താന്‍ തുണച്ചില്ല. ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് നിരാശയുടെ ഐ.സി.സി. ടൂര്‍ണമെന്റ്.

placeholder
2022 ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ശേഷം | Photo: Getty Images

2022 ടി20 ലോകകപ്പ്

2021 ടി20 ലോകകപ്പിന്റെ നിരാശ മാറും മുമ്പു തന്നെ തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ഇന്ത്യയെത്തി. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം കോലിയില്‍ നിന്ന് രോഹിത് ശര്‍മയിലേക്ക് എത്തിയ ശേഷമുള്ള ആദ്യ പ്രധാന ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്. ആദ്യ മത്സരത്തില്‍ ഇത്തവണയും എതിരാളികള്‍ പാകിസ്താന്‍ തന്നെ. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വിരാട് കോലി തന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ വിജയത്തിലെത്തിച്ച മത്സരം കൂടിയായിരുന്നു ഇത്. തൊട്ടടുത്ത മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയും പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വീണു. പിന്നാലെ ബംഗ്ലാദേശിനെയും സിംബാബ്‌വെയേയും തകര്‍ത്ത് സെമിയിലേക്ക്. ഇത്തവണ സെമിയില്‍ ഇന്ത്യയ്ക്ക് വിലങ്ങുതടിയായത് ഇംഗ്ലണ്ടായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റിന് നേടാനായത് 168 റണ്‍സ് മാത്രം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെയും അലക്‌സ് ഹെയ്ല്‍സിന്റെയും ഇന്നിങ്‌സുകളുടെ മികവില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വെറും 16 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്ക് നിരാശയുടെ മറ്റൊരു ഐ.സി.സി. ടൂര്‍ണമെന്റ്.

placeholder
2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോൽവിക്ക് ശേഷം വിരാട് കോലി | Photo: Getty Images

2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. ദക്ഷിണാഫ്രിക്കയ്ക്കതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പര നഷ്ടമൊഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു ടീമും ഉണ്ടായിരുന്നില്ല. മികച്ച പരമ്പര വിജയങ്ങളോടെ ഇന്ത്യ ഫൈനലിന്. 2023 ജൂണ്‍ ഏഴു മുതല്‍ ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ നടന്ന കലാശപ്പോരില്‍ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ടോസ് നേടിയിട്ടും ഓസീസിനെ ആദ്യം ബാറ്റിങ്ങിന് വിട്ട ഇന്ത്യയ്ക്ക് പിഴച്ചു. സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും സെഞ്ചുറിയുമായി തിളങ്ങിയതോടെ ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് അടിച്ചെടുത്തത് 469 റണ്‍സ്. മറുപടിയായി ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 296 റണ്‍സില്‍ ഓള്‍ഔട്ടായി. അജിങ്ക്യ രഹാനെയുടെയും ശാര്‍ദുല്‍ താക്കൂറിന്റെയും അര്‍ധ സെഞ്ചുറികളും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയോളം പോന്ന ഇന്നിങ്‌സുമാണ് (48) ഇന്ത്യയെ 296-ല്‍ എങ്കിലും എത്തിച്ചത്. 173 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് തന്നെ ഓസീസിന് മേല്‍ക്കൈ നല്‍കിയിരുന്നു. എട്ടു വിക്കറ്റിന് 270 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസ് ഇന്ത്യയ്ക്ക് മുന്നില്‍വെച്ചത് 444 റണ്‍സ് വിജയലക്ഷ്യം. സമനിലയ്ക്കായി പോലും ശ്രമിക്കാനാകാതെ 234 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് തോല്‍വി.

placeholder
2023 ലോകകപ്പ് ഫൈനൽ തോൽവിയുടെ നിരാശയിൽ ഇന്ത്യൻ ടീം | Photo: PTI

അവിടെ നിന്ന് മാസങ്ങള്‍ക്കിപ്പുറം ലോകകപ്പ് ഫൈനലിലും ഓസ്‌ട്രേലിയ ഇന്ത്യയെ തകര്‍ത്തിരിക്കുന്നു. സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം അടങ്ങിയ ഇന്ത്യയുടെ സുവര്‍ണ നിരയ്ക്കും ഐ.സി.സി. ട്രോഫി എന്നത് ദീര്‍ഘനാള്‍ കിട്ടാക്കനിയായിരുന്നു. സച്ചിന് 2011-ല്‍ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായെങ്കിലും ഗാഗുലിക്കും ദ്രാവിഡിനും ഓര്‍ക്കാനുള്ളത് 2002-ലെ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി കിരീടം ശ്രീലങ്കയ്‌ക്കൊപ്പം പങ്കുവെച്ചത് മാത്രമാണ്. പിന്നീട് 2007-ല്‍ ധോനിയുടെ നേതൃത്വത്തിലുള്ള യുവനിര പ്രഥമ ടി20 കിരീടത്തില്‍ മുത്തമിട്ടു. പിന്നാലെ 2011-ല്‍ ഏകദിന ലോകകപ്പും, 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ടീം നേടിയതും ധോനിക്ക് കീഴില്‍ തന്നെ. എന്നാല്‍ ഒരുപറ്റം മികച്ച താരങ്ങളുണ്ടായിട്ടും പിന്നീട് ഇക്കാലം വരെ ഒരു കിരീടമെന്നത് ടീമിനും ആരാധകര്‍ക്കും സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു.