ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

To advertise here,

സമൂഹികമാധ്യമത്തിലൂടെയാണ് 36കാരനായ ഷമിയുടെ പ്രഖ്യാപനം. എന്നാൽ, ഏകദിനത്തിലും ടി20 യിലും കളിതുടരും.

'13 വർഷത്തെ കളിക്കാലത്ത് ഈ ക്യാപ്പും പന്തുമാണ് എന്നെ മുഹമ്മദ് ഷമിയാക്കിയത്. കരിയറിൽ ഉയർച്ചകളും താഴ്ചകളുണ്ടായി. വീഴ്ചകളിൽ പരിക്കേറ്റു. എന്നാൽ, രാജ്യത്തിനായി കളിക്കാനുള്ള പ്രചോദനം മുന്നോട്ടുനയിച്ചു. ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുകയാണ്. എന്നാൽ ഓർമകൾ എന്നും കൂടെയുണ്ടാകും.' സാമൂഹികമാധ്യമത്തിലെ വീഡിയോസന്ദേശത്തിൽ ഷമി പറഞ്ഞു.

ഇന്ത്യക്കായി 64 ടെസ്റ്റുകളിൽനിന്ന് 27.71 ശരാശരിയിൽ 229 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2013നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് ഷമിയുടെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരേ 118 റൺസ് വഴങ്ങി ഒൻപത് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഉജ്ജ്വലമാക്കി. ആറുതവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കെതിരായ 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് അവസാനമായി കളിച്ചത്. 108 ഏകദിനങ്ങളിലും 25 ട്വന്റി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 103 കളികളിൽനിന്ന് 398 വിക്കറ്റ് നേടിയിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശിയായ ഷമി ബംഗാളിനായാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചത്.

സ്വിങ് ബൗളിങ്ങിലൂടെയും റിവേഴ്‌സ് സ്വിങ്ങിലൂടെയും ബാറ്റർമാരെ വീഴ്ത്താൻ അസാധാരണ മികവുകാണിച്ച ബൗളറാണ് ഷമി. പരിക്കിനെത്തുടർന്ന് കായികക്ഷമത വീണ്ടെടുക്കാൻ കഴിയാതെപോയതാണ് ഷമിയെ ഇന്ത്യൻ ടീമിൽനിന്ന് പുറത്തേക്കുനയിച്ചത്.