
ലോകോത്തര സ്പിന്നര്‍മാര്‍ക്ക് പേരുകേട്ട നാടാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. അതില്‍തന്നെ ഇന്ത്യയില്‍നിന്ന് ഇതിഹാസതുല്യരായി വളര്‍ന്ന താരങ്ങള്‍ ഏറെയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ ചരിത്രമെടുത്താല്‍ ഏരപ്പള്ളി പ്രസന്ന, ബി.എസ്. ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ബിഷന്‍ സിങ് ബേദി കൂടി ചേര്‍ന്ന ഇന്ത്യന്‍ ബൗളിങ്ങിന്റെ സുവര്‍ണ കാലഘട്ടം മറ്റെല്ലാറ്റില്‍നിന്നും വേറിട്ട് നില്‍ക്കുന്നതാണ്. അക്കൂട്ടത്തിലെ ജൂനിയറായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ബിഷന്‍ സിങ് ബേദി. ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ പ്രതീകം.
1970-കളില്‍ ലോകത്തിലെ പേരുകേട്ട ബാറ്റര്‍മാരെ വട്ടംകറക്കിയിരുന്ന ഇടംകൈയന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍. കൈക്കുഴയുടെ അപാരമായ വഴക്കവും വായുവിലെ ഫ്‌ളൈറ്റുമായിരുന്നു ബേദിയെ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാക്കിയിരുന്നത്. കൃത്യമായ ലൈനിലും ലെങ്തിലും വരുന്ന ബേദിയുടെ പന്തുകളില്‍ റണ്‍ നേടുന്നതിനേക്കാള്‍ കഠിനമായിരുന്നു വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനില്‍ക്കുകയെന്നത്.
1966 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമില്‍ കളിച്ച ബേദി തന്റെ ഉറച്ച നിലപാടുകള്‍ കൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും കൂടി ശ്രദ്ധേയനായിരുന്നു. 15-ാം വയസില്‍ നോര്‍ത്തേണ്‍ പഞ്ചാബിനായി കളിച്ചുകൊണ്ടായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള വരവ്. വെറും 13-ാം വയസില്‍ മാത്രം ക്രിക്കറ്റിന് ശ്രദ്ധ നല്‍കിയ ഒരു താരം രണ്ടു വര്‍ഷത്തിനപ്പുറം ആഭ്യന്തര ക്രിക്കറ്റിലേക്ക് ആദ്യ ചുവടുവെയ്ക്കുക എന്നതിനെ അദ്ഭുതം എന്നല്ലാതെ എന്ത് വിളിക്കും. എന്നാല്‍ അത് പില്‍ക്കാലത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പകരംവെയ്ക്കാനാകാത്ത റെക്കോഡുകളുടെ ഉടമയിലേക്കുള്ള വളര്‍ച്ചയുടെ തുടക്കം മാത്രമായിരുന്നു. 370 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നായി 1,560 വിക്കറ്റുകളെന്ന ബേദിയുടെ നേട്ടം ഇന്നും റെക്കോഡ് ബുക്കില്‍ മായാതെയുണ്ട്. 90,315 പന്തുകളാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മാത്രം അദ്ദേഹം ബൗള്‍ ചെയ്തത്.
1968-69 സീസണില്‍ ഡല്‍ഹി രഞ്ജി ടീമിലേക്ക് മാറിയ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണ്‍ 1974-75 ആയിരുന്നു. 64 വിക്കറ്റുകളാണ് ആ ഒരൊറ്റ സീസണില്‍ ബേദിയുടെ പോക്കറ്റിലെത്തിയത്. ഈ പ്രകടനം അദ്ദേഹത്തെ ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബ് നോര്‍ത്താംടണ്‍ഷെയറിലെത്തിച്ചു. 1972 മുതല്‍ 1977 വരെ നോര്‍ത്താംടണ്‍ഷെയറിനായി കളിച്ച 102 മത്സരങ്ങളില്‍നിന്നായി 434 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ മികച്ച വിദേശ താരങ്ങളില്‍ ഒരാളാണ്. കൗണ്ടിയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഇതുതന്നെ.

ബൗളിങ് ആക്ഷനിലെ താളവും നിയന്ത്രണവുമായിരുന്നു ബേദിയുടെ ശക്തിയെങ്കില്‍, അദ്ദേഹത്തിന്റെ ആവനാഴിയിലെ പ്രധാന ആയുധം ഫ്‌ളൈറ്റഡ് ഡെലിവറികളായിരുന്നു. ഒരു വലിയ ഷോട്ടിന് പ്രേരിപ്പിക്കുന്ന തരത്തില്‍ എത്തുന്ന അത്തരം പന്തുകള്‍ പക്ഷേ ബാറ്ററുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാകും കടന്നുപോകുക. ക്യാപ്റ്റന്‍മാരുടെ പ്രിയ ബൗളറാക്കി ബേദിയെ മാറ്റിയതും പന്തുകളിലെ ഈ വൈവിധ്യം തന്നെ. പില്‍ക്കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകൈയന്‍ സ്പിന്നറാക്കി ബേദിയ മാറ്റിയത് അദ്ദേഹത്തിന്റെ കൈക്കുഴയുടെ കരുത്തും വളക്കവുമായിരുന്നു. ഇതിനു പിന്നിലെ രഹസ്യത്തെ കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ബേദി പറഞ്ഞ മറുപടിയും രസകരമായിരുന്നു. വസ്ത്രങ്ങള്‍ അലക്കിയാണ് താന്‍ തന്റെ വിരലുകളുടെയും കൈക്കുഴയുടെയും തോളിന്റെയും കരുത്ത് വര്‍ധിപ്പിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. വിരലുകള്‍കള്‍ക്കും കൈക്കുഴയ്ക്കും ചുമലുകള്‍ക്കുമുള്ള ഏറ്റവും മികച്ച വ്യായാമം വസ്ത്രം അലക്കലാണെന്നായിരുന്നു ബേദിയുടെ പക്ഷം.
1985-ല്‍ കപില്‍ ദേവ് മറികടക്കുന്നതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ബേദിയുടെ പേരിലായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നേട്ടത്തില്‍ ആദ്യമെത്തിയ ഇന്ത്യന്‍ താരവും ബേദി തന്നെ. 1976-ല്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിക്ക് പകരം ബേദി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുകയും ചെയ്തു. 22 മത്സരങ്ങളില്‍ അദ്ദേഹം ടീമിനെ നയിച്ചു. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ബേദിയുടെ ശൈലി പലപ്പോഴും ക്രിക്കറ്റില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പലപ്പോഴും കളിക്കളത്തിലെ അദ്ദേഹത്തിന്റെ രീതികളും ഇത്തരത്തിലായിരുന്നു. 1976-ലെ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റായിരുന്നു ഇതിലൊന്ന്. ഇന്ത്യന്‍ താരങ്ങളെ പുറത്താക്കാന്‍ സാധിക്കാതിരുന്ന വിന്‍ഡീസ് പേസര്‍മാര്‍ തുടര്‍ച്ചയായി ബീമറുകള്‍ എറിയാന്‍ തുടങ്ങി. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേറ്റതിനു പിന്നാലെ ബേദി മറ്റൊന്നും നോക്കാതെ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് എല്ലാവരേയും ഞെട്ടിച്ചു.
പിന്നാലെ 1978-ല്‍ പാകിസ്താനെതിരേ നടന്ന ഒരു ഏകദിനത്തിലും നിലപാട് കൊണ്ട് ബേദി വ്യത്യസ്തനായി. മത്സരം ജയിക്കാന്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകള്‍ ശേഷിക്കേ 14 പന്തില്‍നിന്നു 23 റണ്‍സ് വേണമെന്ന ഘട്ടം. ഇതിനിടെ പാക് താരം സര്‍ഫറാസ് നവാസ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേര്‍ക്ക് നാല് ബൗണ്‍സറുകളെറിഞ്ഞു. എന്നാല്‍ ഒന്നും തന്നെ അമ്പയര്‍മാര്‍ വൈഡ് വിളിക്കുകയോ ബൗളറെ താക്കീത് ചെയ്യുകയോ ചെയ്തില്ല. ഇതില്‍ പ്രതിഷേധിച്ച ബേദി ബാറ്റര്‍മാരെ തിരികെ വിളിച്ച് മത്സരം ബഹിഷ്‌കരിച്ചു.

വിവാദങ്ങളുടെ ബേദിക്കാലം
ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ ബേദിയെ എന്നും വിവാദത്തിലാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ആധുനിക ക്രിക്കറ്റിലെ പല രീതികളെയും നിശിതമായി വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് നേര്‍ക്കുള്ള ബേദിയുടെ വിമര്‍ശനങ്ങള്‍ പലതും വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. നാടന്‍ ഭാഷയിലെ 'മാങ്ങേറ്' എന്നാണ് മുരളിയുടെ ബൗളിങ് ആക്ഷനെ ബേദി ഒരിക്കല്‍ വിശേഷിപ്പിച്ചത്. മുരളിയുടെ ബൗളിങ് ആക്ഷനെ ജാവലിന്‍ ത്രോയോടും അദ്ദേഹം ഉപമിച്ചു. പിന്നീടൊരിക്കല്‍ മുരളിയെ അദ്ദേഹം ഷോട്ട്പുട്ട് ഏറുകാരനെന്നും വിളിച്ചു. മുരളി ഒരുപക്ഷേ 1000 വിക്കറ്റുകള്‍ തികയ്ക്കുമായിരിക്കും, പക്ഷേ എന്റെ കണ്ണില്‍ അവ വെറും റണ്ണൗട്ടുകള്‍ മാത്രമായിരിക്കുമെന്നുപോലും ബേദി തുറന്നടിച്ചിരുന്നു.
ഒരിക്കല്‍ സുനില്‍ ഗാവസ്‌ക്കറെ 'വിനാശകരമായ സ്വാധീനം' എന്ന് വിശേഷിപ്പിച്ചായിരുന്നു ബേദി വിവാദത്തിന് തിരികൊളുത്തിയത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മികവിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന കാലത്ത് കോച്ച് ജോണ്‍ ബുക്കാനനോട് ഈ ഓസീസ് ടീമിനെ മികച്ചതാക്കിയത് നിങ്ങളാണോ എന്ന് ചോദിക്കാന്‍ ധൈര്യം കാണിച്ചയാളായിരുന്നു ബേദി.
ക്യാപ്റ്റന്‍ വിരാട് കോലി - കോച്ച് അനില്‍ കുംബ്ലെ വിവാദം ഇന്നും ക്രിക്കറ്റ് ലോകം മറന്നിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരിശീലകനെന്ന ലേബലിലെത്തിയ ബേദിയുടെ കാലം വിവാദത്തിന്റെ കാര്യത്തില്‍ അതിലും ബഹുകേമമായിരുന്നു. 1990-ല്‍ ബേദിയെ ടീമിന്റെ പരിശീലകനാക്കുമ്പോള്‍ അസ്ഹറുദ്ദീനായിരുന്നു ക്യാപ്റ്റന്‍. ഇടയ്ക്ക് ചെറിയ അസ്വാരസ്യങ്ങള്‍ പരസ്പരം ഉണ്ടായിരുന്നെങ്കിലും ഒരിക്കല്‍ ടോസ് നേടിയിട്ടും ബേദിയുടെ ഉപദേശം വകവെയ്ക്കാതെ തീരുമാനമെടുത്ത അസ്ഹറുമായി ബേദി പരസ്യമായി ഉടക്കി. നാട്ടിലെത്തിയ അസ്ഹര്‍ പത്രസമ്മേളനത്തില്‍ ഇങ്ങനെയൊരു കോച്ചിനെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും തിരിച്ചടിച്ചു. അതോട ബേദിയുടെ പരിശീലകകാലത്തിനും അവസാനമായി.
Content Highlights: Former India captain and legendary spinner Bishan Singh Bedi life
Published: 23 Oct 2023, 06:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented