
'ഇങ്ങനെയൊരു ലോകകപ്പ് വിജയം സ്വപ്‌നം പോലും കാണാന്‍ സാധിക്കുമായിരുന്നില്ല. എനിക്ക് വാക്കുകളില്ല.' കൃത്യം ഒരു വര്‍ഷം മുമ്പ് ലുസെയ്‌ലില്‍ ആഞ്ഞടിച്ച ആല്‍ബിസെലസ്റ്റന്‍ തിരമാലകള്‍ക്ക് നടുവില്‍ നിന്ന് അര്‍ജന്റീനയുടെ 23-ാം നമ്പറുകാരന്‍ ഇങ്ങനെ പറഞ്ഞുവെച്ചത് വെറുതെയായിരുന്നില്ല. ഗാലറിയൊന്നടങ്കം 'Dibu!Dibu!Dibu!' എന്ന് ഒരേ സ്വരത്തില്‍ അലറിയതും മറ്റൊന്നും കൊണ്ടല്ല. മെസ്സിയുടെ ആനന്ദനൃത്തത്തോളം ആഘോഷിക്കപ്പെട്ടിട്ടില്ലെങ്കിലും അറേബ്യന്‍ കഥയിലെ അവസാന രാവുകളില്‍ എമിലിയാനോ മാര്‍ട്ടിനസ് എന്ന കാവല്‍ക്കാരന്‍ തന്റേതായ ഒരേട് കൂട്ടിച്ചേര്‍ത്തതിനാല്‍ തന്നെയാണ്. അത് പക്ഷേ കലാശപ്പോരിലോ അതിന് മുമ്പോ തട്ടിയകറ്റിയ പെനാല്‍റ്റികളാല്‍ മാത്രമല്ല, ഫൈനലിന്റെ അവസാന മിനിറ്റില്‍ നടത്തിയ ഒരു സേവുകൊണ്ട് കൂടിയാണ്. അര്‍ജന്റീനക്കാരുടെ 'ജീവന്‍' തിരിച്ചുപിടിച്ച ആ ഒരൊറ്റ സേവുകൊണ്ട്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സേവുകളിലൊന്ന്.
മെസ്സിയുടെ അടിയും എംബാപ്പെയുടെ തിരിച്ചടിയും കണ്ടതിന് ശേഷമുള്ള എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈം. മധ്യനിരയില്‍ നിന്ന് അര്‍ജന്റൈന്‍ ബോക്‌സിലേക്ക് നീട്ടി ഉയര്‍ത്തിയ പന്ത് തടയുന്നതില്‍ അര്‍ജന്റീനയുടെ പ്രതിരോധനിരയ്ക്ക് പിഴച്ചു. എല്ലാവരേയും മറികടന്ന് ഫ്രാന്‍സ് താരം കോലോ മുവാനിയുടെ കാലുകളിലെത്തുന്നു. മുന്നില്‍ ഗോള്‍കീപ്പര്‍ എമി മാത്രം. പന്ത് ഉയര്‍ന്നതും മുവാനി തകര്‍പ്പനൊരു ഷോട്ടുതിര്‍ത്തു. മാര്‍ട്ടിനസ് കൈകളും കാലുകളും വിടര്‍ത്തുന്നതും പന്ത് കാലില്‍ തട്ടിത്തെറിക്കുന്നതും സെക്കന്റുകള്‍ക്കുള്ളിലാണ് സംഭവിച്ചത്. തകര്‍പ്പനൊരു സേവ്. പിന്നാലെ ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് ചെയ്ത് കൂടുതല്‍ അപകടം ഒഴിവാക്കി. എമി ആ സേവ് നടത്തുന്നത് 122 മിനിറ്റും കഴിഞ്ഞ് 43-ാം സെക്കന്റിലാണ്. അത് ഗോളായിരുന്നെങ്കില്‍ മെസ്സിപ്പടയുടെ സ്വപ്‌നങ്ങള്‍ അവിടെ ചിന്നിച്ചിതറുമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ഒരു തിരിച്ചുവരവിനും സാധ്യതയുണ്ടായിരുന്നില്ല. മൂന്നുഗോളടിച്ച് തുല്യത പാലിച്ച ഫൈനലിലെ ആ 123-ാം മിനിറ്റ് സേവിനെ ലോകകപ്പിലെ എക്കാലത്തേയും മികച്ച സേവായി കണക്കാക്കുന്നവരുണ്ട്. ഒരുപക്ഷേ ഗോര്‍ഡന്‍ ബാങ്ക്‌സിന്റെ നൂറ്റാണ്ടിന്റെ സേവിനോളം മികച്ചത്.
അയാളങ്ങനെ ലോകത്തിന് മുന്നില്‍ കൈകളുയര്‍ത്തി നിറഞ്ഞുനില്‍ക്കുമ്പോഴൊക്കേയും ലോകകപ്പിലെ ഈ നിമിഷമായിരിക്കും കളിയാരാധകരുടെ ഓര്‍മകളില്‍ ആദ്യം കടന്നുവരുന്നത്. ഇനിയങ്ങോട്ട് ചരിത്രം മനസിലാക്കുന്നവരൊക്കെയും അയാളെ വാഴ്ത്തുന്നത് ഈ സേവിന്റെ പേരിലായിരിക്കും. എന്നാല്‍ എമിലിയാനോയുടെയും ഒരര്‍ഥത്തില്‍ അര്‍ജന്റീനയുടേയും തലവര മാറ്റിക്കുറിച്ച മത്സരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു ഫൈനലാണ്. കളിയങ്ങ് അര്‍ജന്റീനയിലല്ല ഇംഗ്ലണ്ടിലാണ്. 2020 എഫ്എ കപ്പ് ഫൈനല്‍.
ആഴ്‌സനലിന്റെ മുഖ്യഗോള്‍കീപ്പറായ ബെര്‍ണാഡ് ലെനോയ്ക്ക് പരിക്ക് പറ്റിയതാണ് ബെഞ്ചിലിരുന്ന എമിയ്ക്ക് ടീമിലേക്കുള്ള വഴി തുറന്നത്. ബ്രൈട്ടനുമായുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് ലെനോയ്ക്ക് പരിക്കേല്‍ക്കുന്നത്. പിന്നാലെ ഗണ്ണേഴ്‌സിന്റെ ആദ്യ ഗോള്‍കീപ്പര്‍ സ്ഥാനം എമിയ്ക്ക് കൈവന്നു. ആദ്യ മത്സരങ്ങളില്‍ അത്ര മികച്ചുനിന്നില്ലെങ്കിലും പിന്നീട് ഫോമിലേക്കുയര്‍ന്നു. എഫ്എ കപ്പ് സെമിയില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയ്‌ക്കെതിരേ ക്ലീന്‍ ഷീറ്റ്. ഫൈനലില്‍ ചെല്‍സിയ്‌ക്കെതിരേ നിര്‍ണായകസേവുകളുമായി കളം നിറഞ്ഞ എമി ആഴ്‌സനലിന്റെ 14-ാം എഫ്എ കപ്പ് കിരീടനേട്ടത്തില്‍ പങ്കാളിയായി. കപ്പുയര്‍ത്തുന്ന ഘട്ടത്തില്‍ വികാരഭരിതനായിരുന്നു അയാള്‍. കാരണം പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് എമി ഗണ്ണേഴ്‌സിന്റെ ബാറിന് കീഴിലെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഈ ഘട്ടത്തില്‍ ആറ് ക്ലബ്ബുകളിലാണ് ലോൺ അടിസ്ഥാനത്തില്‍ കളിക്കേണ്ടി വന്നത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരം പ്രീമിയര്‍ ലീഗ് വമ്പന്‍മാരുടെ റഡാറിലേക്ക് കടന്നു വന്നു. അര്‍ജന്റീനയുടേയും.
അച്ഛനെയോര്‍ത്ത് ആഴ്‌സനലിലേക്ക്....
അര്‍ജന്റീനയിലെ മാര്‍ ഡെല്‍ പ്ലാറ്റയില്‍ ജനിച്ച എമിലിയാനോയുടെ യൂത്ത് കരിയറിന്റെ തുടക്കം 2008-ല്‍ ഇന്‍ഡിപെന്‍ഡന്റെ ക്ലബ്ബിലാണ്. ക്ലബ്ബില്‍ കളിക്കുമ്പോള്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ എമിയെ അലട്ടിയിരുന്നു. അച്ഛന്‍ ആല്‍ബര്‍ട്ടോയും അമ്മ സൂസാനയും സഹോദരന്‍ അലക്‌സാൻഡ്രായും അടങ്ങുന്നതായിരുന്നു കുടുംബം. സാമ്പത്തികമായ പരാധീനതകളാല്‍ അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് കണ്ടാണ് എമി വളര്‍ന്നത്. ബ്യൂണസ് ഏറീസിലെ ക്ലബ്ബില്‍ കളിക്കുമ്പോള്‍ എല്ലായ്പ്പോഴും കുടുബത്തെ കാണാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. ഏകദേശം 400 കിലോമീറ്റര്‍ അകലെയാണ് വീട്. അത്രയും ദൂരം യാത്രചെയ്ത് എമിയെ കാണാന്‍ അച്ഛനും അമ്മയ്ക്കും സാധിക്കുമായിരുന്നില്ല. യാത്രാചെലവ് അധികമായിരുന്നു. അതിനാല്‍ രണ്ട് മാസത്തിലൊരിക്കലാണ് കുടുംബത്തെ കണ്ടത്.
അങ്ങനെയിരിക്കെയാണ് ആഴ്‌സനലിന്റെ ട്രയലില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് ടീമിന്റെ യൂത്ത് ടീമിലേക്ക് ക്ഷണം ലഭിച്ചു. കോണ്‍ട്രാക്ട് സ്വീകരിച്ചാല്‍ അര്‍ജന്റീനയിലെ കുടുബത്തെ വിട്ട് ലണ്ടനിലേക്ക് പോകേണ്ടിവരും. കുടുംബത്തെ വിട്ട് എങ്ങോട്ടുമില്ലെന്ന നിലപാടിലായിരുന്നു ആ കൗമാരക്കാരന്‍. അമ്മയും സഹോദരനും കരഞ്ഞുകൊണ്ട് പോകരുതെന്ന് പറയുകയും ചെയ്തു. ഇന്‍ഡിപെന്‍ഡന്റെ ക്ലബ്ബിന്റെ പുതിയ കോണ്‍ട്രാക്ട് സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കുടുബത്തിന്റെ സാഹചര്യത്തെക്കുറിച്ചോര്‍ത്ത ആ 18-കാരന്‍ മാറിച്ചിന്തിച്ചു. ബില്ലടയ്ക്കാനാവാത്തതിനാല്‍ അച്ഛന്‍ രാത്രി കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് പിന്നീട് എമി തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അച്ഛനെ കുറിച്ചോര്‍ത്ത എമി പ്രായോഗികമായ തീരുമാനമെടുത്തു. ആഴ്‌സനലിലേക്ക് വണ്ടി കയറാന്‍.

2012 വരെ ആഴ്‌സനലിന്റെ യൂത്ത് ക്ലബ്ബിലാണ് എമി കളിച്ചത്. പിന്നാലെ സീനിയര്‍ ടീമിലുമെത്തി. അധികം പരിചയസമ്പത്തില്ലാത്ത ഏതൊരു ഗോള്‍കീപ്പറും നേരിടേണ്ടതായി വരുന്ന സാഹചര്യം തന്നെയാണ് എമിയ്ക്കും അഭിമുഖീകരിക്കേണ്ടിവന്നത്. ആഴ്‌സനല്‍ താരത്തെ ലോണില്‍ വിവിധ ക്ലബ്ബുകളിലേക്ക് കളിക്കാന്‍ വിട്ടു. 2012-ല്‍ ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡിലും പിന്നീട് രണ്ടുവര്‍ഷം ഷെഫീല്‍ഡ് വെനസ്‌ഡേ ക്ലബ്ബിലും ചേര്‍ന്നു. പിന്നാലെ റോതര്‍ഹാം യുണൈറ്റഡ്, വോള്‍വ്‌സ്, ഗെറ്റാഫെ, റീഡിങ് എന്നിങ്ങനെ ആറ് ക്ലബ്ബുകളിലാണ് താരം ലോണില്‍ കളിച്ചത്. ഗണ്ണേഴ്‌സിനായി വല കാത്തത് വളരെ ചുരുക്കം മത്സരങ്ങളില്‍ മാത്രമാണ്. ഇതിനിടെ 2014-ല്‍ താരം ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ചു. ആഴ്‌സനലും ആന്‍ഡര്‍ലെക്ടും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലായിരുന്നു അത്.
ആഴ്‌സനലില്‍ ചേര്‍ന്നിട്ട് ഒരു പതിറ്റാണ്ടു കഴിയുമ്പോഴാണ് ആ സുവര്‍ണാവസരമെത്തുന്നത്. ലെനോയുടെ പരിക്കില്‍ പകരക്കാരനായി ഗ്ലൗവണിഞ്ഞ എമി ഗോള്‍ബാറിന് കീഴില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പത്ത് വര്‍ഷം കാത്തിരുന്നതുമുഴുവനും ഇങ്ങനെയൊരു അവസരത്തിനായിരുന്നു. ഒരു ജീവന്മരണ പോരാട്ടം കൂടിയായിരുന്നു എമിയ്ക്കത്. എഫ്എ കപ്പ് ഫൈനലിലും പിന്നാലെ വന്ന കമ്മ്യൂണിറ്റി ഷീല്‍ഡിലുമൊക്കെ കൈയും അരയും തലയും മുറുക്കി ആ അര്‍ജന്റീനക്കാരന്‍ പോരാടി.
മാഞ്ചെസ്റ്റര്‍ സിറ്റിയ്‌ക്കെതിരായ എഫ്എ കപ്പ് സെമിയ്ക്ക് ശേഷം അയാള്‍ ഇങ്ങനെ പറഞ്ഞുവെച്ചു:
.'എനിക്ക് ഇത് വികാരപരമാണ്. അത് ഞങ്ങള്‍ സിറ്റിയെ കീഴടക്കിയത് കൊണ്ടല്ല, മറിച്ച് ഇഷ്ടപ്പെടുന്ന ക്ലബ്ബിനായി ഒരു ഫൈനല്‍ കളിക്കാന്‍ ഞാന്‍ എത്രത്തോളം പോരാടുന്നു എന്നതിനാലാണ്.'
ഫൈനലില്‍ ജയിച്ച് കിരീടം നേടിയതിന് പിന്നാലെ എമിയോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമെത്തി. നിങ്ങളുടെ കുടുംബമിത് കാണുകയാണല്ലോ എന്ന് പറഞ്ഞപ്പോള്‍ ഈറനണിഞ്ഞ എമി തനിക്കിപ്പോള്‍ സംസാരിക്കാനാവില്ലെന്ന് മറുപടി നല്‍കി. ആറ് ലോണ്‍ ക്ലബ്ബുകള്‍, ഒരു പതിറ്റാണ്ട് നീണ്ട യാത്രയ്‌ക്കൊടുക്കം നിങ്ങളും കുടുബവും ഈ വിജയം ആഘോഷിക്കുകയാണല്ലോ എന്ന ചോദ്യം വീണ്ടുമുയര്‍ന്നു. തനിക്കൊന്നും പറയാനാകില്ലെന്ന് പറഞ്ഞ് എമി കണ്ണീരണിഞ്ഞു.
അര്‍ജന്റീനയുടെ രക്ഷകനിലേക്ക്...
ഇംഗ്ലണ്ടിലെ താരത്തിന്റെ പ്രകടനം അപ്പോഴേക്കും ലോകമൊന്നടങ്കം ചര്‍ച്ചയായിരുന്നു. ആസ്റ്റണ്‍ വില്ലയുടെ ഗോള്‍കീപ്പിങ് കോച്ച് നീല്‍ കട്‌ലര്‍ താരത്തെ പ്രത്യേകമായി നിരീക്ഷിക്കുകയും ചെയ്തു. കളിയോടുള്ള താരത്തിന്റെ അഭിനിവേശവും സമീപനവും കട്‌ലറില്‍ മതിപ്പുളവാക്കി. മൈതാനത്ത് ഇത്തരത്തിലുള്ള സമീപനമാണ് ആവശ്യമെന്ന് നിരീക്ഷിച്ച കട്‌ലര്‍ വൈകാതെ മാര്‍ട്ടിനസിനെ കൂടാരത്തിലെത്തിച്ചു. അര്‍ജന്റീനയുടെ ആരാധകര്‍ക്കിടയിലും സമാനമായ ചര്‍ച്ചകളുണ്ടായി. ഒരു മികച്ച ഗോള്‍കീപ്പറെ അര്‍ജന്റീന തേടുന്ന സമയമായിരുന്നു അത്. വൈകാതെ സ്‌കലോണിയുടെ വിളിയെത്തി.
ലയണല്‍ സ്‌കലോണി അര്‍ജന്റീന ടീമിനെ അടിമുടി പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന ഘട്ടമായിരുന്നു അപ്പോള്‍. യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് കഴിവുള്ള താരങ്ങളെ കണ്ടെത്തി പുത്തന്‍ ടീമിനെ വാര്‍ത്തെടുക്കുകയായിരുന്നു ലക്ഷ്യം. റോഡ്രിഗോ ഡി പോള്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, അലക്‌സിസ് മക് അലിസ്റ്റര്‍ എന്നിവരോടൊപ്പം എമിലിയാനോ മാര്‍ട്ടിനസും ടീമിലിടം നേടി. മത്സരത്തില്‍ എന്തുവിലകൊടുത്തും ജയിക്കുകയെന്ന പ്രായോഗികമായ രീതിയാണ് സ്‌കലോണി അവലംബിച്ചത്. അങ്ങനെ സ്‌കലോണി വാര്‍ത്തെടുത്ത പുത്തന്‍ സംഘം 2021-കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. ടൂര്‍ണമെന്റിലെ സാധ്യമായ എല്ലാ വ്യക്തിഗത ട്രോഫികളും കരസ്ഥമാക്കിയാണ് അര്‍ജന്റീന ജോതാക്കളായത്. കൊളംബിയയ്‌ക്കെതിരായ സെമിയിലെ ഷൂട്ടൗട്ടിലെ എമിയുടെ പ്രകടനം വേറിട്ടുനിന്നു. ടൂര്‍ണമെന്റിലുടനീളം മിന്നുംഫോമില്‍ കളിച്ച താരം മികച്ച ഗോള്‍കീപ്പറുമായി. പിന്നാലെ ഫൈനലിസ്സിമ ട്രോഫിയും അര്‍ജന്റീന നേടി.

ഖത്തറിലെത്തുമ്പോഴേക്കും എമിലിയാനോ മാര്‍ട്ടിനസ് സ്‌കലോണിപ്പടയുടെ കാവല്‍ക്കാരനെന്ന നിലയില്‍ തന്റെ സ്ഥാനം അരക്കെട്ടുറപ്പിച്ചിരുന്നു. ബാറിന് കീഴിലെ ഏത് ആക്രമണവും തടയാന്‍ സുസജ്ജമായിരുന്നു എമി. ഗോള്‍കീപ്പര്‍മാരെ മാറ്റി മാറ്റി പരീക്ഷിച്ചിരുന്ന അര്‍ജന്റീനയ്ക്ക് എമിയുടെ വരവോടെ തിരിച്ചുകിട്ടിയത് പ്രതിരോധത്തിലെ വിശ്വാസമാണ്. ആ വിശ്വാസത്തിന്റെ ബലത്തില്‍ കൂടിയാണ് വിശ്വകിരീടത്തിനായി അര്‍ജന്റീന പോരാടാനിറങ്ങിയത്. 36-വര്‍ഷത്തെ ലോകകിരീടത്തിനായുള്ള കാത്തിരിപ്പ്. ലയണല്‍ മെസ്സിയെന്ന ഇതിഹാസത്തിന്റെ പൂര്‍ണത. സ്‌കലോണിപ്പട ഒന്നായി മൈതാനത്തിറങ്ങി. പിന്നെയെല്ലാം ചരിത്രമാണ്.
പതിവുപോലെ അര്‍ജന്റീനക്കാരുടെ വിശ്വാസം എമി കാത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ, കലാശപ്പോരില്‍ ഫ്രഞ്ച്പടയ്‌ക്കെതിരേയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവിശ്വസനീയമായിരുന്നു എമിയുടെ സേവുകള്‍. ഫൈനലിന്റെ എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിലെ ആ അത്ഭുതസേവ് ചരിത്രത്തിലേക്കാലവും രേഖപ്പെടുത്തിവെക്കുമെന്നുറപ്പാണ്. അര്‍ജന്റീനയുടെ പപ്പു ഗോമസ് എമിയുടെ ഈ സേവും 122'43'' സമയവും ടാറ്റു ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും എമിലിയാനോയെ തേടിയെത്തി. പിന്നാലെ മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ യാഷിന്‍ ട്രോഫിയും എമിലിയാനോ സ്വന്തമാക്കി.
ലോകകപ്പ് വിജയത്തിന് ശേഷം അച്ഛനേയും അമ്മയേയും മറ്റുകുടുംബാംഗങ്ങളെയും വിളിക്കുന്ന കൂട്ടത്തില്‍ ഒരാളെ കൂടി വിളിച്ചിട്ടുണ്ട് എമി. നീല്‍ കട്‌ലറെന്ന ഗോള്‍കീപ്പിങ് കോച്ചിനെ. തിരക്കുകള്‍ക്കിടയിലും ആ പേര് മറന്നില്ല. ആ നിമിഷത്തെ സന്തോഷം കട്‌ലറുമായിക്കൂടി പങ്കുവെച്ചു. കടന്നുവന്ന വഴികളില്‍ ആരേയും മറക്കാത്തയാളാണെന്ന് കട്‌ലര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ വഴികളും തന്ന ഓര്‍മകളും അയാള്‍ക്കങ്ങനെ മറക്കാനുമാവില്ല. കളിയിലും ജീവിതത്തിലും രക്ഷകന്റെ കുപ്പായമണിഞ്ഞയാളാണ് എമി. ആള്‍ക്കൂട്ടത്തിലെ കൂവലുകളോ വിമര്‍ശനങ്ങളോ അയാളെ ബാധിക്കില്ല. പോരാളികളെ തളര്‍ത്താനാവില്ലല്ലോ.
Content Highlights: Emiliano martinez, life story, world cup, champion, emi goalkeeper
Published: 18 Dec 2023, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented