
ഒരു കൈയിൽ ഡിസ്‌കസ്, മറ്റേ കൈയിൽ ഗവേഷണ പ്രബന്ധങ്ങൾ, ഹൃദയത്തിൽ മകനെക്കുറിച്ചുള്ള ചിന്തകൾ, ട്രാക്കിൽ ഒളിമ്പിക് സ്വപ്നങ്ങൾ. ഇന്ത്യൻ അത്ലറ്റിക്സിലെ തന്നെ ഏറ്റവും പ്രചോദനാത്മകമായ കഥകളിലൊന്നാണ് ഹരിയാണക്കാരിയായ ഡോ. സീമ കലിരാംനയുടേത്. കോമൺവെൽത്ത് ഗെയിംസിലെ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ സീമയുടെ വിജയം വെറും 58.65 മീറ്റർ ദൂരത്തിന്റെ മാത്രം കഥയല്ല, മാതൃത്വത്തെയും ശാസ്ത്രീയ ഗവേഷണത്തെയും കഠിനാധ്വാനത്തെയും ത്യാഗത്തെയും ഒരുപോലെ ചേർത്തുപിടിച്ച ഒരു അത്‌ലറ്റിന്റെ വിജയഗാഥ കൂടിയാണ്.
ഒരു അന്താരാഷ്ട്ര അത്ലറ്റ്, ഫിസിക്കൽ എഡ്യൂക്കേഷനിൽ പിഎച്ച്ഡി ഗവേഷക, അമ്മ എന്നീ റോളുകൾ ഒരേ സമയം സമർഥമായി കൈകാര്യം ചെയ്താണ് സീമ ലോകവേദിയിൽ ഇന്ത്യൻ പതാക ഉയർത്തിയത്.
ഹരിയാനയിലെ ഭിവാനി ജില്ലയിലെ ദിനോദ് ഗ്രാമത്തിലാണ് സീമയുടെ ജനനം. ഇന്ത്യയ്ക്ക് ഒട്ടേറെ ഗുസ്തി, ബോക്‌സിങ്, അത്ലറ്റിക്സ് താരങ്ങളെ സമ്മാനിച്ച മണ്ണാണ് ഭിവാനി. ആ മണ്ണിൽ നിന്നാണ് സീമയുടെ ഡിസ്‌കസ് ത്രോ യാത്ര ആരംഭിക്കുന്നത്.
നന്നേ ചെറുപ്പത്തിൽ തന്നെ സ്‌പോർട്‌സിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നയാളാണ് സീമ. പിന്നീട് സ്‌പോർട്‌സാണ് തന്റെ വഴിയെന്ന് സീമ ഉറപ്പിക്കുകയും ചെയ്തു. ശക്തമായ ശരീരഘടനയും മത്സരവീര്യവും സീമയെ വളരെ വേഗം ദേശീയതല മത്സരങ്ങളിലേക്ക് എത്തിച്ചു.
മുൻ ദേശീയ ഡിസ്‌കസ് ത്രോ താരം രവീന്ദർ കലിരാംന (മോനു കലിരാംന) ആണ് സീമയുടെ ഭർത്താവ്. വിവാഹശേഷം പല കായികതാരങ്ങളുടെയും കരിയർ താളം തെറ്റിയിട്ടുണ്ട്. എന്നാൽ, സീമയുടെ അനുഭവം മറിച്ചായിരുന്നു. രവീന്ദർ, സീമയ്ക്ക് ഭർത്താവ് മാത്രമായിരുന്നില്ല, പരിശീലകനായും മാർഗദർശിയായും മാനസിക പിന്തുണ നൽകി അദ്ദേഹം ഒപ്പം നിന്നു. പരിശീലനക്രമം മുതൽ സാങ്കേതികമായ മെച്ചപ്പെടുത്തലുകൾ വരെ സീമയുടെ ഓരോ പുരോഗതിക്കും പിന്നിൽ രവീന്ദറിന്റെ സാന്നിധ്യമുണ്ടായിരുന്നു.
2022-ലാണ് സീമയുടെയും രവീന്ദറിന്റെയും ജീവിതത്തിലേക്ക് മകൻ രുദ്രയെത്തുന്നത്. അമ്മയാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നെങ്കിലും ഒരു അന്താരാഷ്ട്ര അത്ലറ്റിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വെല്ലുവിളിയുടെ തുടക്കവുമായിരുന്നു. ഗർഭകാലവും പ്രസവശേഷമുള്ള വിശ്രമവും കാരണം ഏകദേശം രണ്ട് സീസണുകൾ സീമയ്ക്ക് വിട്ടുനിൽക്കേണ്ടതായി വന്നു. ശരീരഭാരം വർധിച്ചു. ഫിറ്റ്‌നസ് നഷ്ടപ്പെട്ടു. വേഗത നഷ്ടപ്പെട്ടു. പലർക്കും അവിടെത്തന്നെ കരിയർ അവസാനിക്കുമായിരുന്നു. എന്നാൽ സീമ തോൽക്കാൻ തയ്യാറായിരുന്നില്ല. മകൻ ജനിച്ച് 11 മാസം കഴിഞ്ഞപ്പോൾ സീമ വീണ്ടും പരിശീലനം ആരംഭിച്ചു.
ആദ്യ ദിവസങ്ങളിൽ ഓടുന്നതുപോലും പ്രയാസമായിരുന്നു. ശരീരം പഴയ നിലയിലാകാൻ മാസങ്ങളെടുത്തു. എന്നാൽ, ഓരോ ദിവസവും അവർ ശ്രമിച്ചുകൊണ്ടിരുന്നു. സീമയുടെ തിരിച്ചുവരവ് വെറും കഠിനാധ്വാനത്തിന്റെ ഫലമല്ല മറിച്ച് ശാസ്ത്രീയമായ പരിശീലനത്തിന്റെ കൂടി വിജയവുമായിരുന്നു. രവീന്ദറിന്റെ പരിശീലനവും ഒപ്പം ജെഎസ്ഡബ്ല്യു ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ടിന്റെ പിന്തുണയും നിർണായകമായി.
2022-ൽ തന്നെ സീമ മറ്റൊരു യാത്രയാരംഭിച്ചു. ഹരിയാണയിലെ ചൗധരി ബൻസി ലാൽ സർവകലാശാലയിൽ ഫിസിക്കൽ എഡ്യൂക്കേഷനിൽ പിഎച്ച്ഡി ഗവേഷണം. സീമയുടെ ഗവേഷണ വിഷയവും ഏറെ വ്യത്യസ്തമായിരുന്നു. 'അത്‌ലറ്റുകളുടെ പ്രകടനത്തിൽ ഇമേജറിയും സെൽഫ് ടോക്കും എത്രത്തോളം സ്വാധീനം ചെലുത്തുന്നു'. ഒരു താരം മത്സരത്തിന് മുമ്പ് മനസ്സിൽ താൻ വിജയിക്കുന്നത് സങ്കൽപ്പിക്കുന്നത് എങ്ങനെ പ്രകടനം മെച്ചപ്പെടുത്തുന്നു? സ്വയം പോസിറ്റീവായി സംസാരിക്കുന്നത് സമ്മർദ്ദം കുറയ്ക്കുമോ? മാനസിക പരിശീലനം എങ്ങനെ ഫലത്തെ സ്വാധീനിക്കുന്നു? ഇത്തരം ചോദ്യങ്ങൾക്കാണ് സീമ ശാസ്ത്രീയ ഉത്തരങ്ങൾ തേടുന്നത്.
കണക്കുകൾ പരിശോധിച്ചാൽ തിരിച്ചുവരവിൽ സീമയുടെ വളർച്ച വ്യക്തമാകും. 2021-ൽ 45.70 മീറ്ററായിരുന്നു സീമയുടെ മികച്ച ദൂരം. 2024-ൽ അത് 57.19 മീറ്ററാക്കി സീമ ഉയർത്തി. തുടർന്ന് ഭുവനേശ്വറിൽ നടന്ന ദേശീയ ഇന്റർ-സ്റ്റേറ്റ് മീറ്റിൽ 59.73 മീറ്ററോടെ സ്വർണം നേടിയ സീമ തന്റെ വ്യക്തഗത റെക്കോഡ് മെച്ചപ്പെടുത്തി. രണ്ട് വർഷത്തിനിടെ ഏകദേശം 14 മീറ്ററിലേറെ ദൂരം മെച്ചപ്പെടുത്തുക എന്നതു തന്നെ സീമ നടത്തിയ കഠിനാധ്വാനത്തിന്റെ തെളിവായി. 2025 ദേശീയ ഗെയിംസിൽ നേടിയ സ്വർണം സീമയുടെ തിരിച്ചുവരവ് യാദൃശ്ചികമല്ലെന്ന് തെളിയിച്ചു. കൂടുതൽ ആത്മവിശ്വാസത്തോടെ അന്താരാഷ്ട്ര വേദികളിൽ മത്സരിക്കാൻ തന്നെ പ്രാപ്തയാക്കിയത് ആ വിജയമാണെന്ന് സീമ പറഞ്ഞിട്ടുണ്ട്.
ഗ്ലാസ്‌ഗോയിലെ ഫൈനലിൽ സീമയുടെ ആദ്യ ശ്രമം തന്നെ ഫൗളായിരുന്നു. എന്നാൽ ആ സമ്മർദത്തെ അതിജീവിച്ച് രണ്ടാം ശ്രമത്തിൽ താരം 57.32 മീറ്റർ എറിഞ്ഞു. മൂന്നാം ശ്രമത്തിൽ 58.65 മീറ്റർ, മെഡലുറപ്പിച്ച ത്രോ അതായിരുന്നു. തുടർന്നുള്ള മൂന്ന് ശ്രമങ്ങളും ഫൗളായി. എങ്കിലും മെഡലിനായി കാമറൂണിന്റെ മോണി നോറ ആറ്റിമിന്റെ അവസാന ശ്രമത്തിനായി സീമ കാത്തിരുന്നു. ആറ്റിമിന് 58.65 മീറ്റർ മറികടക്കാൻ സാധിക്കാതിരുന്നതോടെ സീമയ്ക്ക് അഭിമാന വെങ്കലം.
സീമയുടെ സ്വപ്‌നം ഇവിടെ അവസാനിക്കുന്നില്ല. ഏഷ്യൻ ഗെയിംസ് മെഡലാണ് അടുത്ത ലക്ഷ്യം. ലോക ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തണം. അതിനപ്പുറം ഒളിമ്പിക് പോഡിയം. ആ സ്വപ്നത്തിലേക്കുള്ള അവരുടെ യാത്ര ഇപ്പോഴും തുടരുകയാണ്…
മകനെ ഇവിടെ കൊണ്ടുവരാൻ സാധിക്കാത്തതാണ് ഇപ്പോഴത്തെ തന്റെ വലിയ വേദനയെന്നാണ് മെഡൽ നേടിയശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കണ്ണുനിറഞ്ഞുകൊണ്ട് സീമ പറഞ്ഞത്. അവൻ എപ്പോഴും കൂടെ വരണമെന്ന് പറയുമായിരുന്നു. പക്ഷേ എന്റെ സാഹചര്യം അതിന് അനുവദിച്ചില്ല. രാജ്യത്തിന്റെ അഭിമാനമാകുമ്പോഴും തന്റെ കുഞ്ഞിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്ന അമ്മയുടെ ബുദ്ധിമുട്ട് ആ വാക്കുകളിൽ വ്യക്തമായിരുന്നു.
Content Highlights: Dr. Seema Kaliramna balances an elite athletic career with PhD research in Physical Education., Overcame a two-season break due to pregnancy to make a historic comeback., Improved personal best from 45.70m to 59.73m through scientific training., Goal-oriented mindset focused on upcoming Asian Games and Olympic podium finishes., Research focuses on the impact of imagery and self-talk on athletic performance.
Published: 31 Jul 2026, 12:01 pm IST
ABOUT THE AUTHOR

Abhinath Thiruvalath
tabhinath@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented