ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനിടെ ഗ്ലാസ്‌ഗോയിലെ റസ്റ്ററന്റിലെ നാപ്കിനിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിങ് താരം ലവ്‌ലിന ബോർഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്ട്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ കോമൺവെൽത്ത് ടീമുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

To advertise here,

കോമൺവെൽത്ത് ഗെയിംസിൽ പത്ത് മെഡലുകൾ നേടി ചരിത്രമെഴുതിയ ബോക്‌സിങ് താരങ്ങൾക്ക് ഗ്ലാസ്‌ഗോയിലെ ഒരു റസ്റ്ററന്റിൽ വിരുന്നൊരുക്കിയിരുന്നു. ഇതിനിടയിലാണ് റസ്റ്ററന്റിലെ നാപ്കിനിലെ ഇന്ത്യൻ ഭൂപടം ലവ്‌ലിനയുടെ ശ്രദ്ധയിൽപേട്ടത്. ഇതിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കശ്മീരുമില്ലായിരുന്നു. തുടർന്ന് ഇക്കാര്യം ലവ്‌ലിന റസ്റ്ററന്റ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി.

'ഈ ഭൂപടം കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. വടക്കു കിഴക്കൻ മേഖലയിൽ നിന്നുള്ള ഒരാളെന്ന നിലയിൽ അവിടെയുള്ള സംസ്ഥാനങ്ങൾ ഈ ഭൂപടത്തിൽ ഉൾപ്പെട്ടില്ല എന്നത് വേദനയുണ്ടാക്കുന്നു. അടുത്ത തവണ ഇത് ദയവായി ഓർക്കു.'-ലവ്‌ലിന റസ്റ്ററന്റ് മാനേജ്‌മെന്റിനോട് വ്യക്തമാക്കി.

ഇതിന് പിന്നാലെ 'മിസ്റ്റർ സിങ്‌സ് ഇന്ത്യ' എന്ന പേരിലുള്ള ഈ റസ്റ്ററന്റ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. ഇന്ത്യയെ തെറ്റായി ചിത്രീകരിച്ചത് മാപ്പ് പറയുകയും ചെയ്തിരുന്നു. ഗ്ലാസ്‌ഗോയിലെ ഇന്ത്യൻ എംബസിയും റസ്റ്ററന്റുമായി ബന്ധപ്പെട്ടു.