തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ 100 മീറ്റർ T 47 ൽ വെള്ളിമെഡൽ നേടിയ മുഹമ്മദ് ബാസിലിന് സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം കേന്ദ്രത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബാസിലിനെ സായ് തിരുവനന്തപുരം മേഖലാ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വർഷ സബാലെ സായ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. വിമാനത്താവളത്തിൽ വെച്ച് ബാസിലിന് ആശംസകൾ അറിയിക്കുകയും ചെയ്തു.

To advertise here,

തിരുവനന്തപുരം സായ് നാഷണൽ സെന്റർ ഓഫ് എക്സെല്ലെൻസിലാണ് ബാസിൽ പരിശീലനം നടത്തുന്നത്. മെഡൽ വാങ്ങി തിരിച്ചെത്തിയ ബാസിലിനെ കാത്തിരുന്നത് ഉഗ്രൻ വരവേൽപ്പാണ്. തുടർന്ന് സായ് റീജിയണൽ സെന്റർ, കാര്യവട്ടത്ത് എത്തിയ ബാസിലിന് സായ് താരങ്ങളും പരിശീലകരും ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് ആവേശകരമായ സ്വീകരണം നൽകി. ബാൻഡ് സംഘത്തിന്റെ അകമ്പടിയോടെയാണ് സ്വീകരണ ചടങ്ങ് നടന്നത്.

അസംബ്ലി ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ സച്ച്ദേവ് സ്വാഗത പ്രസംഗം നടത്തി. സായ് തിരുവനന്തപുരം മേഖലാ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വർഷ സബാലെ മുഹമ്മദ് ബാസിലിനെ ആദരിച്ചു.

കോമൺവെൽത്ത് ഗെയിംസ് 2026-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച മറ്റ് സായ് എൻസിഒഇ താരങ്ങളായ അൻസബാബു, രാഷ്ദീപ് കൗർ, നീരു പഥക് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഗ്ലാസ്ഗോ 2026-ലെ മിക്സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്കായി മത്സരിച്ച ഇവരുടെ അന്താരാഷ്ട്ര തലത്തിലെ മികച്ച പ്രകടനവും പങ്കാളിത്തവും പ്രത്യേകം എടുത്തുപറഞ്ഞു.

ചടങ്ങിൽ സംസാരിച്ച മുഹമ്മദ് ബാസിൽ കോമൺവെൽത്ത് ഗെയിംസിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഉയർന്ന തലത്തിലുള്ള മത്സരങ്ങളിൽ വിജയിക്കുന്നതിന് ആവശ്യമായ കഠിനാധ്വാനം, അർപ്പണബോധം, സ്ഥിരത, ആത്മവിശ്വാസം എന്നിവയെക്കുറിച്ച് അദ്ദേഹം താരങ്ങളോട് സംസാരിച്ചു. ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കാനും സ്ഥിരതയോടെ പരിശീലനം തുടരാനും സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കാനും അദ്ദേഹം യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും സായ് തിരുവനന്തപുരം മേഖലയിലെ യുവതാരങ്ങൾക്ക് ചടങ്ങിലൂടെ അവസരം ലഭിച്ചു. ബാസിൽ നാട്ടിലേക്കു പോയ ശേഷം 9 ന് പ്രധാനമന്ത്രിയെ കാണാൻ തിരിക്കും.