അസ്താനയിലെ ഗുസ്തി വേദിയിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ 1-6ന് പിന്നിൽ. ലോക കിരീടം കൈവിട്ടുപോകുമെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ, മനീഷ ഭൻവാലയുടെ മനസിൽ തോൽവി എന്നൊരു വാക്കുണ്ടായിരുന്നില്ല. അവസാന മൂന്ന് മിനിറ്റിൽ തുടർച്ചയായി ഏഴ് പോയിന്റുകൾ നേടി അമേരിക്കൻ താരത്തെ മലർത്തിയടിച്ചപ്പോൾ പിറന്നത് ഇന്ത്യൻ വനിതാ ഗുസ്തിയുടെ പുതിയ ചരിത്രം. ആ സ്വർണ മെഡലിന് പിന്നിൽ വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും മാത്രമല്ല, മകളെ ലോകചാമ്പ്യനായി കാണാൻ കൊതിച്ച ഒരു പിതാവിന്റെ പൂർത്തിയാകാത്ത സ്വപ്നത്തിന്റെയും കഥയുണ്ട്.

To advertise here,

അസ്താനയിലെ ഗുസ്തി വേദിയിൽ ഇന്ത്യൻ ദേശീയപതാക ഉയർന്നപ്പോൾ മനീഷ ഭൻവാലയുടെ കണ്ണുകൾ തേടിയത് മറ്റാരെയുമായിരുന്നില്ല, വർഷങ്ങൾക്കുമുമ്പ് തന്നെ വിട്ടുപോയ അച്ഛന്റെ ഓർമകളെയായിരുന്നു. ലോക ചാമ്പ്യൻപട്ടം സ്വന്തമാക്കിയശേഷം അന്തരിച്ച പിതാവ് സുരേഷ് ഭൻവാലയുടെ ചിത്രം പതിച്ച ടി-ഷർട്ട് ഉയർത്തിക്കാട്ടിയ മനീഷയുടെ ആഘോഷം ഒരു കായികവിജയത്തിനപ്പുറം ഹൃദയസ്പർശിയായ നിമിഷമായി മാറി.

2022-ൽ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ തകർന്നുപോകാമായിരുന്ന ഒരു ജീവിതം. പക്ഷേ, ആ വേദനയെ കരുത്താക്കി മാറ്റിയ മകൾ. അച്ഛൻ ഒരിക്കൽ കണ്ട സ്വപ്നം യാഥാർഥ്യമാക്കാൻ വർഷങ്ങളോളം പൊരുതിയ പോരാളി. ഒടുവിൽ 29-ാം വയസിൽ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ 59 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി മനീഷ ചരിത്രം കുറിച്ചിരിക്കുകയാണ്.

ആറ് മിനിറ്റിൽ മാറിമറിഞ്ഞ ചരിത്രം

അമേരിക്കയുടെ അബിഗെയ്ൽ എലിസബത്ത് നെറ്റെയായിരുന്നു ഫൈനലിൽ മനീഷയുടെ എതിരാളി. മത്സരം തുടങ്ങിയപ്പോൾ അമേരിക്കൻ താരത്തിനായിരുന്നു വ്യക്തമായ മേൽക്കൈ. ആദ്യ പകുതിയിൽ ഒരുഘട്ടത്തിൽ 5-0ന് മുന്നിലെത്തിയ അബിഗെയ്ൽ, ഇടവേളയാകുമ്പോൾ ലീഡ് 6-1 ആയി ഉയർത്തി.

ലോക കിരീടം ഇന്ത്യയിൽനിന്ന് അകലുകയാണെന്ന് തോന്നിച്ച നിമിഷങ്ങൾ. അതിനു മുമ്പ് ഫൈനലിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളായ നീലം സിറോഹിയും കാജൽ ധോചക്കും വെള്ളി മെഡലുകളുമായി മടങ്ങിയിരുന്നു. മൂന്നാമത്തെ ഫൈനലിലും ഇന്ത്യയ്ക്ക് നിരാശ നേരിടേണ്ടിവരുമോ എന്ന ആശങ്ക ശക്തമായി.

എന്നാൽ, രണ്ടാം പകുതിയിൽ ഗുസ്തിക്കളത്തിൽ കണ്ടത് മറ്റൊരു മനീഷയെയായിരുന്നു. ആദ്യ പകുതിയിലെ പിഴവുകൾ തിരുത്തി കൂടുതൽ ആക്രമണോത്സുകയായി മനീഷ മുന്നേറി. എതിരാളിയുടെ നീക്കങ്ങൾ കൃത്യമായി വായിച്ചു. ഓരോ അവസരവും പോയിന്റാക്കി മാറ്റി. ഒരു പോയിന്റ്, പിന്നെ മറ്റൊന്ന്. തുടർച്ചയായി ഏഴ് പോയിന്റുകൾ നേടിയതോടെ 6-1 എന്ന നിലയിൽനിന്ന് സ്‌കോർ 8-6 ആയി മാറി.

മത്സരം അവസാനിക്കാൻ വെറും 27 സെക്കൻഡുകൾ മാത്രം ശേഷിക്കെയായിരുന്നു മനീഷ നിർണായക ലീഡ് സ്വന്തമാക്കിയത്. ശേഷിച്ച നിമിഷങ്ങളിൽ അമേരിക്കൻ താരത്തിന്റെ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ പ്രതിരോധിച്ച മനീഷ ലോക കിരീടത്തിൽ മുത്തമിട്ടു. ഇന്ത്യൻ വനിതാ ഗുസ്തിയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തിരിച്ചുവരവുകളിലൊന്നായി ആ ഫൈനൽ മാറി.

മകളുടെ ജീവിതം മാറ്റിയ അച്ഛന്റെ തീരുമാനം

ഹരിയാനയിലെ ജിന്ദ് ജില്ലയിൽനിന്നാണ് അഖാടയിലേക്കുള്ള മനീഷയുടെ യാത്ര ആരംഭിക്കുന്നത്. കായികരംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കണമെന്ന സ്വപ്നവുമായി ജനിച്ച കുട്ടിയൊന്നുമായിരുന്നില്ല മനീഷ. മകളുടെ ശാരീരികക്ഷമത വർധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് 2013-ൽ പിതാവ് സുരേഷ് ഭൻവാല അവളെ ഗുസ്തി പരിശീലനത്തിന് അയച്ചത്. എന്നാൽ, ആ തീരുമാനം മനീഷയുടെ ജീവിതത്തിന്റെ ഗതി മാറ്റി. പരിശീലനം പുരോഗമിക്കുന്തോറും മകളുടെ കഴിവുകൾ പിതാവ് തിരിച്ചറിഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര വേദിയിൽ സ്വർണം നേടുന്ന താരമായി മകൾ വളരണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായി.

ഹരിയാണയിലെ പ്രാദേശിക പരിശീലനകേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച മനീഷയുടെ യാത്ര പിന്നീട് റോഹ്തകിലെ ഛോട്ടു റാം സ്റ്റേഡിയത്തിലെത്തി. പരിശീലകൻ മന്ദീപ് സൈനിയുടെ കീഴിലുള്ള പരിശീലനം അവരുടെ ഗുസ്തി ജീവിതത്തിൽ നിർണായകമായി.

ഗുസ്തിയിൽ സാങ്കേതിക മികവ് മാത്രം പോരാ. അസാമാന്യമായ ശാരീരികക്ഷമതയും മാനസിക കരുത്തും വേണം. നിരന്തരമായ പരിശീലനവും ശരീരഭാരം നിയന്ത്രിക്കാനുള്ള കഠിനമായ പരിശ്രമവും മത്സരങ്ങളിലെ പരാജയങ്ങളും ഈ യാത്രയുടെ ഭാഗമായിരുന്നു. ഇതെല്ലാം അതിജീവിക്കാൻ മനീഷയ്ക്ക് പ്രചോദനമായത് പിതാവിന്റെ വിശ്വാസമായിരുന്നു.

പിതാവിന്റെ മരണവാർത്തയറിഞ്ഞിട്ടും പോരാടാൻ ഇറങ്ങിയ മകൾ

2022-ൽ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മംഗോളിയയിലേക്ക് പോകുന്നതിനിടെയാണ് പിതാവ് സുരേഷ് ഭൻവാലയുടെ മരണവാർത്ത മനീഷയെ തേടിയെത്തിയത്. തന്റെ കായികജീവിതത്തിന് അടിത്തറയിട്ട മനുഷ്യൻ ഇനി ജീവനോടെയില്ലെന്ന യാഥാർഥ്യം അവളെ തളർത്തി. ഗുസ്തി കളരിയിലേക്ക് ആദ്യമായി കൈപിടിച്ചുകൊണ്ടുപോയ അച്ഛൻ. ഓരോ മത്സരത്തിലും പ്രോത്സാഹിപ്പിച്ച അച്ഛൻ. മകളുടെ വിജയത്തിനായി സ്വപ്നം കണ്ട അച്ഛൻ. ആ മനുഷ്യന്റെ വിയോഗവാർത്തയറിഞ്ഞ് ഒരു അന്താരാഷ്ട്ര മത്സരത്തിനിറങ്ങുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. മത്സരം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മനീഷയ്ക്ക് അവസരം നൽകിയിരുന്നു. എന്നാൽ, അച്ഛന്റെ ആഗ്രഹങ്ങൾ ഓർത്ത മനീഷ മത്സരത്തിൽ തുടരാൻ തീരുമാനിച്ചു. വ്യക്തിപരമായ ഏറ്റവും വലിയ നഷ്ടത്തിന്റെ നിമിഷത്തിലും ഗുസ്തിക്കളത്തിൽ പോരാടാൻ അവർ തയ്യാറായി. അച്ഛന്റെ വിയോഗം, അദ്ദേഹം കണ്ട സ്വപ്നം സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയമായി മാറ്റുകയായിരുന്നു മനീഷ. പിതാവിന്റെ ചിത്രം മത്സരവേദികളിലേക്ക് ഒപ്പം കൊണ്ടുപോകുന്നത് മനീഷയുടെ പതിവായി. അദ്ദേഹത്തിന്റെ ഓർമകൾ തന്നെയായിരുന്നു അവരുടെ പ്രചോദനം. അങ്ങനെ നാലുവർഷത്തിനുശേഷം അസ്താനയിൽ ആ അച്ഛന്റെ സ്വപ്നം ഈ മകൾ പൂർത്തിയാക്കിയിരിക്കുകയാണ്.

പരാജയങ്ങൾ പഠിപ്പിച്ച വിജയത്തിന്റെ പാഠങ്ങൾ

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ മനീഷയുടെ യാത്ര ഒരിക്കലും അനായാസമായിരുന്നില്ല. 2023 മുതൽ തുടർച്ചയായി ലോക ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടും മെഡൽ നേടാനാകാത്ത അനുഭവങ്ങൾ അവർക്കുണ്ടായി. വലിയ വേദികളിൽ മികച്ച താരങ്ങൾക്കെതിരേ മത്സരിച്ചപ്പോഴുണ്ടായ തിരിച്ചടികൾ അവരുടെ പോരായ്മകൾ തിരിച്ചറിയാനുള്ള അവസരങ്ങളായി.

2025-ൽ ജോർദാനിലെ അമ്മാനിൽ നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 62 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയതോടെ മനീഷയുടെ ആത്മവിശ്വാസം വർധിച്ചു. എന്നാൽ, തുടർന്നുള്ള മത്സരങ്ങളിലും വെല്ലുവിളികൾ അവസാനിച്ചില്ല. 2026-ലെ ഏഷ്യൻ ഗെയിംസിൽ 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചെങ്കിലും മെഡൽ നേടാൻ സാധിച്ചില്ല.

ആ തിരിച്ചടി മനീഷയെയും പരിശീലകൻ മന്ദീപ് സൈനിയെയും പുതിയൊരു തീരുമാനത്തിലേക്ക് നയിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലും ഒരേ തീവ്രതയിൽ പൊരുതാനുള്ള ശേഷി വർധിപ്പിക്കണം. ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനും ശാന്തത കൈവരിക്കാനും പ്രത്യേക പരിശീലനത്തിനാണ് പിന്നീട് പ്രാധാന്യം നൽകിയത്. അതോടൊപ്പം ശരീരപ്രകൃതിക്ക് കൂടുതൽ അനുയോജ്യമായ 59 കിലോഗ്രാം വിഭാഗത്തിലേക്ക് മനീഷ മാറുകയും ചെയ്തു.

ഭാരം നിയന്ത്രിച്ചുകൊണ്ട് മത്സരക്ഷമത നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, കൃത്യമായ പരിശീലനത്തിലൂടെ മനീഷ അത് മറികടന്നു. ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിന്റെ പിന്തുണയും ജാപ്പനീസ് പരിശീലകൻ കോസെയ് അകൈഷിയുടെ സാങ്കേതിക നിർദേശങ്ങളും അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചു. അസ്താനയിലെ ഫൈനലിൽ രണ്ടാം പകുതിയിൽ മനീഷ നടത്തിയ തിരിച്ചുവരവ് ഈ പരിശീലനത്തിന്റെ ഫലമായിരുന്നു. എതിരാളി ക്ഷീണിച്ചുതുടങ്ങിയപ്പോഴും മനീഷയ്ക്ക് ആക്രമണത്തിന്റെ വേഗം നിലനിർത്താൻ സാധിച്ചു.

ഫൈനലിലേക്കുള്ള ഓരോ ചുവടും ആത്മവിശ്വാസത്തോടെ

ലോക ചാമ്പ്യൻഷിപ്പിൽ തുടക്കംമുതൽ മികച്ച ഫോമിലായിരുന്നു മനീഷ. പ്രീക്വാർട്ടറിൽ കാനഡയുടെ ലോറൻസ് ബോറെഗാർഡിനെ 6-2ന് കീഴടക്കി. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ ബൊലോർതുയ ഖുറെൽഖൂവിനെതിരെ 6-0ന്റെ ആധികാരിക വിജയം നേടി. സെമിഫൈനലിൽ ആതിഥേയരായ കസാഖ്‌സ്താന്റെ അൽത്യൻ ഷാഗയേവയായിരുന്നു എതിരാളി. സ്വന്തം നാട്ടുകാരുടെ പിന്തുണയോടെ മത്സരിച്ച താരത്തെ വിക്ടറി ബൈ ഫാൾ രീതിയിൽ പരാജയപ്പെടുത്തി മനീഷ ഫൈനലിലേക്ക് മുന്നേറി.

ഒരു ഗുസ്തി താരത്തിന്റെ ഇരുതോളുകളും നിശ്ചിത സമയത്തേക്ക് മാറ്റിൽ നിയന്ത്രിച്ചുനിർത്തി വിജയം നേടുന്ന രീതിയാണ് 'വിക്ടറി ബൈ ഫാൾ'. പോയിന്റുകളുടെ അടിസ്ഥാനത്തിലുള്ള വിജയത്തിൽനിന്ന് വ്യത്യസ്തമായി എതിരാളിയെ പൂർണമായി കീഴടക്കുന്ന നേട്ടമാണിത്. സെമിയിലെ ഈ ആധികാരിക വിജയം ഫൈനലിനുമുമ്പ് മനീഷയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

ഇന്ത്യൻ വനിതാ ഗുസ്തിയുടെ പുതിയ അധ്യായം

ഇന്ത്യൻ ഗുസ്തിക്ക് ലോകവേദിയിൽ നിരവധി അഭിമാന നിമിഷങ്ങളുണ്ട്. 2010-ൽ സുശീൽ കുമാർ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. എന്നാൽ, വനിതാ വിഭാഗത്തിൽ ലോക കിരീടമെന്ന സ്വപ്നം ഏറെക്കാലം അകലെയായിരുന്നു. 2021-ൽ അൻഷു മാലിക് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തി വെള്ളി മെഡൽ നേടിയെങ്കിലും സ്വർണനേട്ടം കൈവരിക്കാനായില്ല. ആ കാത്തിരിപ്പിനാണ് മനീഷയുടെ വിജയത്തോടെ വിരാമമായത്.