
ലിസ്ബൺ: പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 17 ടീമിൽ. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള അണ്ടർ 17 ടീമിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ ഇടംപിടിച്ചത്. ഇതാദ്യമായാണ് താരം അണ്ടർ 17 ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്.
നവംബറിലാണ് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഈ മത്സരങ്ങൾക്കുള്ള 23 അംഗ പോർച്ചുഗൽ സ്‌ക്വാഡിലാണ് താരം ഉൾപ്പെട്ടിരിക്കുന്നത്. കൗമാരതാരം ഇതിന് മുൻപ് പോർച്ചുഗലിന്റെ അണ്ടർ 15, അണ്ടർ 16 ടീമുകൾക്കായി കളിച്ചിരുന്നു. ക്ലബ്ബ് തലത്തിൽ നിലവിൽ സൗദി ക്ലബ്ബ് അൽനസറിന്റെ യൂത്ത് ടീമിലാണ് താരം കളിക്കുന്നത്. ഇവിടെ മികച്ച ഫോമിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ.
ലോകത്തിലെ മികച്ച അക്കാദമികളിൽ ഇതിനോടകം തന്നെ ക്രിസ്റ്റ്യാനോ ജൂനിയർ പന്തുതട്ടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ച മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, യുവന്റസ് ക്ലബ്ബുകളുടെ അക്കാദമികളിലാണ് കൗമാരതാരം കളിച്ചത്. അണ്ടർ 17 തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ പോർച്ചുഗൽ സീനിയർ സ്ക്വാഡിലേക്കും കൗമാരതാരം പരിഗണിക്കപ്പെട്ടേക്കാം.
അതേസമയം അടുത്തിടെ സസ്പെൻഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പോർച്ചുഗൽ ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പരിശീലകനുമായി ഉടക്കി ദേശീയ ടീം ക്യാമ്പ് വിട്ടതോടെ താരത്തിനെതിരേ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. 30 ദിവസമാണ് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ വിലക്കിയത്. 255 യൂറോ പിഴയുമുണ്ട്. പരിശീലകൻ യൊർഗെ ജെസ്യൂസ് വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ക്രിസ്റ്റ്യാനോ ടീം ക്യാമ്പ് വിട്ടത്.
വിലക്ക് 30 ദിവസം മാത്രമായതിനാൽ പോർച്ചുഗലിന്റെ അടുത്ത മത്സരങ്ങൾ ക്രിസ്റ്റ്യാനോക്ക് നഷ്ടമാകില്ല. നവംബർ 14 ന് ഡെന്മാർക്കിനെതിരായ മത്സരത്തിൽ താരത്തിന് കളിക്കാം. എന്നാൽ ഭിന്നത തുടരുന്ന പശ്ചാത്തലത്തിൽ പരിശീലകൻ റൊണാൾഡോയെ ടീമിലെടുക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
Content Highlights: Cristiano Ronaldo Jr. has been selected for the Portugal U17 squad for the first time
Published: 03 Nov 2026, 08:34 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented