
2026 നവംബർ ഒന്ന്. മെക്‌സിക്കോ സിറ്റിയിലെ ഓട്ടോഡ്രോമോ ഹെർമാനോസ് റോഡ്രിഗസ് സർക്യൂട്ട്. 71 ലാപ്പുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ചെക്കേർഡ് ഫ്ളാഗ് വീശുമ്പോൾ ആദ്യം ഫിനിഷ് ചെയ്തത് റെഡ് ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പനായിരുന്നു. രണ്ടാമതെത്തിയത് ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടണും. എന്നാൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡ്രൈവറിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ. മെഴ്സിഡീസിന്റെ ആൻഡ്രിയ കിമി ആന്റൊണെല്ലിയിൽ. സിൽവർ ആരോസിന്റെ സ്റ്റിയറിങ് പിടിച്ച് ആ 20 കാരൻ കയറിച്ചെന്നത് ഫോർമുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന ചരിത്ര നേട്ടത്തിലേക്കായിരുന്നു. ഏഴു തവണ ലോകകിരീടം നേടിയ ലൂയിസ് ഹാമിൽട്ടന്റെ പിൻഗാമിയായി മെഴ്സിഡീസിലെത്തിയ കൗമാരക്കാരൻ. വെറും രണ്ടാമത്തെ സീസണിൽ ലോകത്തെ ഏറ്റവും വേഗമേറിയ ഡ്രൈവർമാരെയെല്ലാം പിന്നിലാക്കി ചരിത്രം കുറിച്ചിരിക്കുന്നു.
2010-ൽ 23 വർഷവും 134 ദിവസവും പ്രായമുള്ളപ്പോൾ ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പ് ജയിച്ച റെഡ്ബുള്ളിന്റെ സെബാസ്റ്റ്യൻ വെറ്റലിന്റെ 16 വർഷം പഴക്കമുള്ള റെക്കോഡാണ് ഇപ്പോൾ 20 വർഷവും 68 ദിവസവുംമാത്രം പ്രായമുള്ളപ്പോൾ ആന്റൊണെല്ലി തിരുത്തിയെഴുതിയത്. സീസണിൽ നാലു റേസുകൾ ബാക്കി നിൽക്കെയാണ് താരത്തിന്റെ കിരീട നേട്ടം. കൂടാതെ, 1953-ൽ ആൽബർട്ടോ അസ്‌കാരിക്ക് ശേഷം ഫോർമുല വൺ ലോക കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ ഡ്രൈവറായും ആന്റൊണെല്ലി മാറി. അസ്‌കാരി ലോക ചാമ്പ്യനായതിനുശേഷം ഒരു ഇറ്റാലിയൻ ഡ്രൈവർ വീണ്ടും കിരീടമണിയാൻ കാത്തിരിക്കേണ്ടിവന്നത് 73 വർഷമാണ്. എഫ്1 ചരിത്രത്തിലെ 36-ാമത് ലോക ചാമ്പ്യനാണ് അദ്ദേഹം. മാത്രമല്ല 2006 ഓഗസ്റ്റ് 25-ന് ജനിച്ച ആന്റൊണെല്ലി 21-ാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ എഫ്1 ലോക ചാമ്പ്യൻ കൂടിയാണ്.
ഇറ്റലിയിലെ ബൊളോഞ്ഞയിലാണ് ആന്റൊണെല്ലിയുടെ ജനനം. മോട്ടോർ റേസിങ്ങുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് മാർക്കോ ആന്റൊണെല്ലി ഒരു റേസിങ് ഡ്രൈവറായിരുന്നു. സ്‌പോർട്‌സ് കാർ റേസിങ്ങിൽ പ്രവർത്തിച്ചിരുന്ന മാർക്കോക്ക് മത്സരവേദികളിലെ ആവേശവും അപകടസാധ്യതകളും വിജയത്തിന്റെ വിലയും നന്നായി അറിയാമായിരുന്നു. മറ്റു കുട്ടികൾ ടോയ് കാറുകളുമായി സമയം ചെലവഴിക്കുമ്പോൾ ആന്റൊണെല്ലിക്ക് യഥാർഥ റേസിങ് കാറുകളും മത്സരവേദികളും പരിചിതമായിരുന്നു.
കുട്ടിക്കാലത്തുതന്നെ കാർട്ടിങ്ങിനോട് താത്പര്യം വളർന്ന ആന്റൊണെല്ലി, വളരെ വേഗം മത്സരരംഗത്തേക്കും കടന്നു. കാർട്ടിങ് കാറുകൾ ചെറുതാണെങ്കിലും അവ ഓടിക്കാൻ ആവശ്യമായ കഴിവുകൾ നിസ്സാരമല്ല. ബ്രേക്കിങ്, വളവുകളിലെ നിയന്ത്രണം, മത്സരത്തിനിടെ എതിരാളികളുടെ നീക്കങ്ങൾ മനസ്സിലാക്കൽ, സെക്കൻഡിന്റെ ചെറിയ അംശങ്ങളിൽ തീരുമാനമെടുക്കൽ തുടങ്ങിയവയെല്ലാം ഇവിടെനിന്നാണ് ഒരു റേസിങ് ഡ്രൈവർ പഠിക്കുന്നത്. ആന്റൊണെല്ലിയുടെ കാര്യത്തിൽ ഈ പരിശീലനം അസാധാരണമായ വേഗത്തിലാണ് ഫലം കണ്ടത്. കാർട്ടിങ് മത്സരങ്ങളിലെ തുടർച്ചയായ നേട്ടങ്ങൾ യൂറോപ്യൻ മോട്ടോർ സ്‌പോർട്ട് ലോകത്തിന്റെ ശ്രദ്ധ ആന്റൊണെല്ലിയിലേക്ക് തിരിച്ചു.
2019-ലാണ് ആന്റൊണെല്ലിയുടെ കരിയർ തന്നെ മാറിമറിയുന്ന കാര്യം സംഭവിക്കുന്നത്. വെറും 12-ാമത്തെ വയസിൽ മെഴ്സിഡീസ് ജൂനിയർ പ്രോഗ്രാമിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടു. ഫോർമുല വൺ ടീമുകൾ ഭാവിയിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനായി നടത്തുന്ന പദ്ധതികളാണ് ജൂനിയർ ഡ്രൈവർ പ്രോഗ്രാമുകൾ. കഴിവുള്ള യുവ ഡ്രൈവർമാർക്ക് പരിശീലനവും സാങ്കേതിക പിന്തുണയും ഉയർന്ന മത്സരവിഭാഗങ്ങളിലേക്കുള്ള അവസരങ്ങളും ഇതിലൂടെ ലഭിക്കുന്നു. മെഴ്സിഡീസിന്റെ ടാലന്റ് സ്‌കൗട്ടായ ഗ്വെൻ ലഗ്രൂവും ടീം മേധാവി ടോട്ടോ വോൾഫും കിമിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.
2020-ൽ എഫ്‌ഐഎ യൂറോപ്യൻ കാർട്ടിങ് ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ ആന്റൊണെല്ലി, 2021-ലും ആ നേട്ടം ആവർത്തിച്ചു. അതോടെ കാർട്ടിങ് ലോകത്തെ ഏറ്റവും ശ്രദ്ധേയരായ യുവപ്രതിഭകളിൽ ഒരാളായി താരം മാറി.
ആന്റൊണെല്ലിയുടെ കുട്ടിക്കാലത്തെക്കുറിച്ച് പിതാവ് മാർക്കോ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വിവരിക്കുന്ന ഒരു സംഭവം താരത്തിന്റെ അസാധാരണമായ ഡ്രൈവിങ് കഴിവിന്റെ തെളിവാണ്. അന്ന് ആന്റൊണെല്ലിക്ക് പത്തുവയസ്സ്. ഇറ്റലിയിലെ അഡ്രിയ സർക്യൂട്ടിൽ പിതാവിനൊപ്പം എത്തിയതായിരുന്നു. മാർക്കോയുടെ ലംബോർഗിനി സ്‌പോർട്‌സ് കാറിൽ കയറാൻ മകന് അവസരം ലഭിച്ചു. ഡ്രൈവിങ് സീറ്റിൽ പിതാവിന്റെ മടിയിലിരുന്ന ആന്റൊണെല്ലി സ്റ്റിയറിങ്ങിന്റെയും ഗിയറിന്റെയും നിയന്ത്രണം ഏറ്റെടുത്തു. ആക്‌സിലറേറ്ററും ബ്രേക്കും മാർക്കോ നിയന്ത്രിച്ചു. കാറിന്റെ വേഗം ക്രമേണ വർധിച്ചു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലെത്തിയപ്പോൾ മാർക്കോ ശക്തമായി ബ്രേക്ക് ചെയ്തു. കാർ നിയന്ത്രണം വിട്ട് തെന്നാൻ തുടങ്ങിയെങ്കിലും ആന്റൊണെല്ലി സ്റ്റിയറിങ് ഉപയോഗിച്ച് വാഹനത്തെ കൃത്യമായി നിയന്ത്രിച്ചു. പത്തുവയസ്സുകാരന്റെ ഈ പ്രതികരണം മാർക്കോയെ അമ്പരപ്പിച്ചു. മകന് അസാധാരണമായ ഡ്രൈവിങ് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.
അതിലും രസകരമായ മറ്റൊരു കാര്യമുണ്ട്. കുട്ടിക്കാലത്ത് ആന്റൊണെല്ലി റേസിങ്ങിൽ പ്രവേശിക്കുന്നതിനോട് മാർക്കോക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. സ്വന്തം റേസിങ് കരിയറിൽ നേരിട്ട തിരിച്ചടികൾ മകനും അനുഭവിക്കേണ്ടിവരുമോ എന്ന ആശങ്കയായിരുന്നു കാരണം. മാർക്കോയും ഭാര്യ വെറോണിക്കയും ചേർന്നാണ് റേസിങ് ടീം നടത്തിവന്നിരുന്നത്. ആന്റൊണെല്ലിക്ക് അഞ്ചുവയസ്സുള്ളപ്പോൾ കാർട്ടിങ് ആരംഭിച്ചു. ഏഴാം വയസ്സോടെ മത്സരങ്ങളിൽ സജീവമായി. എന്നാൽ ഫോർമുല വണ്ണിലേക്കുള്ള മുഴുവൻ യാത്രയ്ക്കും ആവശ്യമായ സാമ്പത്തിക പിന്തുണ നൽകാൻ കുടുംബത്തിന് കഴിയുമായിരുന്നില്ല. അവിടെയാണ് മെഴ്സിഡീസിന്റെ കണ്ടെത്തൽ നിർണായകമായത്.
ആന്റൊണെല്ലിയുടെ കുട്ടിക്കാലത്തെ മറ്റൊരു സംഭവം രസകരമാണ്. 2014-ൽ ജർമനിയിലെ ഹോക്കൻഹൈം സർക്യൂട്ടിൽ പിതാവിനൊപ്പം എത്തിയ ആന്റൊണെല്ലിക്ക് ഫോർമുല വൺ പാഡോക്കിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചില്ല. എന്നാൽ മകനെ റേസിങ് ലോകത്തിന്റെ അകത്തളങ്ങൾ കാണിക്കണമെന്ന് മാർക്കോക്ക് ആഗ്രഹമുണ്ടായിരുന്നു. പിതാവ് കണ്ടെത്തിയ മാർഗം വിചിത്രമായിരുന്നു. ടയറുകൾ അടുക്കിവെച്ച ട്രോളിക്കുള്ളിൽ ആന്റൊണെല്ലിയെ ഒളിപ്പിച്ച് മുകളിൽ ഒരു കുടയും വെച്ച് അകത്തേക്ക് കൊണ്ടുപോയി. അങ്ങനെ രഹസ്യമായി പാഡോക്കിൽ പ്രവേശിച്ച ആ കുട്ടി ഇന്ന് എത്തി നിൽക്കുന്ന ഉയരം നോക്കൂ.
2021-ലാണ് ആന്റൊണെല്ലി സിംഗിൾ സീറ്റർ റേസിങ്ങിലേക്ക് കടക്കുന്നത്. ഇറ്റാലിയൻ ഫോർമുല ഫോർ ചാമ്പ്യൻഷിപ്പിൽ പ്രെമ റേസിങ്ങിനൊപ്പമായിരുന്നു തുടക്കം. ആദ്യ ഒമ്പത് മത്സരങ്ങളിൽ മൂന്ന് പോഡിയം ഫിനിഷുകൾ നേടി താരം വരവറിയിച്ചു. ഇറ്റാലിയൻ ഫോർമുല ഫോർ ചാമ്പ്യൻഷിപ്പും ജർമൻ അഡാക് ഫോർമുല ഫോർ ചാമ്പ്യൻഷിപ്പും ആന്റൊണെല്ലി സ്വന്തമാക്കി. രണ്ട് ചാമ്പ്യൻഷിപ്പുകളിലുമായി 35 മത്സരങ്ങളിൽ 22 വിജയങ്ങൾ. 21 പോൾ പൊസിഷനുകളും 27 പോഡിയം ഫിനിഷുകളും സ്വന്തമാക്കിയായിരുന്നു കുതിപ്പ്. 2023-ൽ കൂടുതൽ കരുത്തേറിയ കാറുകളുള്ള ഫോർമുല റീജിയണൽ വിഭാഗത്തിലേക്ക് കടന്നപ്പോഴും ആന്റൊണെല്ലി വിജയക്കുതിപ്പ് തുടർന്നു. ഫോർമുല റീജിയണൽ മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പും യൂറോപ്യൻ ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.
ഫോർമുല വണ്ണിലേക്കുള്ള പരമ്പരാഗത വഴിയിൽ ഫോർമുല ഫോർ, ഫോർമുല റീജിയണൽ, ഫോർമുല ത്രീ, ഫോർമുല ടു എന്നീ ഘട്ടങ്ങളുണ്ട്. എന്നാൽ ആന്റൊണെല്ലിയുടെ കാര്യത്തിൽ മെഴ്സിഡീസ് വ്യത്യസ്തമായ തീരുമാനമെടുത്തു. ഫോർമുല ത്രീ ഒഴിവാക്കി 2024-ൽ നേരിട്ട് ഫോർമുല ടുവിലേക്ക് പ്രവേശിപ്പിച്ചു. 2024-ലെ ഫോർമുല ടു ചാമ്പ്യൻഷിപ്പ് ആറാം സ്ഥാനത്താണ് കിമി പൂർത്തിയാക്കിയത്. കിരീടം നേടാനായില്ലെങ്കിലും ആന്റൊണെല്ലിയുടെ പ്രകടനത്തിൽ മെഴ്സിഡീസിന് വിശ്വാസം വർധിച്ചിരുന്നു.
2024-ൽ ഫോർമുല വൺ ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ലൂയിസ് ഹാമിൽട്ടന്റെ ഫെരാരി പ്രവേശനം. ഏഴ് ലോക ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ ഹാമിൽട്ടൻ 2025-ൽ മെഴ്സിഡീസ് വിടുമെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ പകരക്കാരൻ ആരാകുമെന്ന ചർച്ചകൾ ശക്തമായി. പരിചയസമ്പന്നരായ നിരവധി ഡ്രൈവർമാർ ലഭ്യമായിരുന്നെങ്കിലും ടീം മേധാവി ടോട്ടോ വോൾഫ് തിരഞ്ഞെടുത്തത് കിമി ആന്റൊണെല്ലിയെയായിരുന്നു.
2024 ഓഗസ്റ്റ് 31-ന്, ഇറ്റാലിയൻ ഗ്രാൻപ്രീ വാരാന്ത്യത്തിലാണ് ആ പ്രഖ്യാപനമുണ്ടായത്. അന്ന് കിമിക്ക് 18 വയസ് തികഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവർമാരിലൊരാളുടെ സീറ്റിലേക്ക് ഒരു കൗമാരക്കാരനെ നിയമിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ചും ഫോർമുല വൺ പരിചയമില്ലാത്ത ഒരാൾക്ക്.
2024-ലെ മോൻസ ഫ്രീ പ്രാക്ടീസ് സെഷനിൽ ആന്റൊണെല്ലിക്ക് അപകടവും സംഭവിച്ചിരുന്നു. എന്നാൽ ആ തിരിച്ചടി മെഴ്സിഡീസിനെ പിന്തിരിപ്പിച്ചില്ല. ആന്റൊണെല്ലിയുടെ കഴിവിൽ ടോട്ടോ വോൾഫിന് പൂർണ വിശ്വാസമുണ്ടായിരുന്നു. അങ്ങനെ 2025-ൽ ജോർജ് റസ്സലിനൊപ്പം മെഴ്സിഡീസിന്റെ ഔദ്യോഗിക ഫോർമുല വൺ ഡ്രൈവറായി ആന്റൊണെല്ലി എത്തി.
2025-ലെ ഓസ്‌ട്രേലിയൻ ഗ്രാൻപ്രീയിലായിരുന്നു താരത്തിന്റെ ഫോർമുല വൺ അരങ്ങേറ്റം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ എഫ് വൺ അരങ്ങേറ്റക്കാരനായിരുന്നു ആന്റൊണെല്ലി. ആദ്യ സീസണിൽ തന്നെ ശ്രദ്ധേയമായ പ്രകടനങ്ങൾ ഉണ്ടായി. മയാമി ഗ്രാൻപ്രീയുടെ സ്പ്രിന്റ് ക്വാളിഫയിങ്ങിൽ ഒന്നാമതെത്തിയതോടെ, ഫോർമുല വണ്ണിലെ ഏതെങ്കിലും മത്സരഫോർമാറ്റിൽ പോൾ പൊസിഷൻ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറായി ആന്റൊണെല്ലി മാറി. കാനഡയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ആദ്യ ഗ്രാൻപ്രീ പോഡിയവും സ്വന്തമാക്കി. സീസണിന്റെ അവസാനത്തിൽ ബ്രസീലിലും ലാസ് വെഗാസിലും തുടർച്ചയായി പോഡിയം ഫിനിഷുകൾ നേടി. അങ്ങനെ 150 പോയിന്റുമായി ആദ്യ സീസണിൽ ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഏഴാം സ്ഥാനത്തെത്തി.
മെഴ്സിഡീസിന്റെ പുതിയ കാറിനൊപ്പം രണ്ടാം സീസണിനിറങ്ങിയ ആന്റൊണെല്ലി അപ്പോഴേക്കും മുൻവർഷത്തേക്കാൾ കൂടുതൽ ആത്മവിശ്വാസമാർജിച്ചിരുന്നു. ഇത്തവണ ചൈനീസ് ഗ്രാൻ പ്രീയിലായിരുന്നു കരിയറിലെ ആദ്യ ഫോർമുല വൺ ഗ്രാൻപ്രീ വിജയം. വെറുമൊരു വിജയമായിരുന്നില്ല അത്. ഗ്രാൻ പ്രീ പോൾ പൊസിഷനും റേസിലെ ഏറ്റവും വേഗമേറിയ ലാപ്പും വിജയവും ഒരുമിച്ച് നേടി. ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻ പ്രീ പോൾ സിറ്റർ എന്ന റെക്കോഡും ആന്റൊണെല്ലി സ്വന്തമാക്കി. പിന്നാലെ ജപ്പാൻ, മയാമി, കാനഡ, മൊണാക്കോ എന്നിവിടങ്ങളിലും വിജയങ്ങൾ. മൊണാക്കോയിൽ പോൾ പൊസിഷനും വിജയവും ഫാസ്റ്റസ്റ്റ് ലാപ്പും എല്ലാ ലാപ്പുകളിലും ലീഡും സ്വന്തമാക്കിയതോടെ എഫ് വൺ ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറുമായി. പിന്നീട് ബെൽജിയം, ഇറ്റലി, സ്‌പെയിൻ, അമേരിക്ക എന്നിവിടങ്ങളിലെ വിജയങ്ങൾ കൂടി ചേർന്നതോടെ 2026-ലെ വിജയങ്ങളുടെ എണ്ണം ഒമ്പതായി. ഓഗസ്റ്റിൽ ഇരുപതാം പിറന്നാൾ ആഘോഷിക്കുന്നതിന് മുമ്പുതന്നെ ആറ് ഗ്രാൻപ്രീ വിജയങ്ങൾ താരം സ്വന്തമാക്കിയിരുന്നു. അതോടെ ഒന്നിലധികം ഗ്രാൻപ്രീ വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ കൗമാരക്കാരൻ എന്ന നേട്ടവും ആന്റൊണെല്ലിക്ക് ലഭിച്ചു.
പ്രത്യേകിച്ച് സെപ്റ്റംബറിൽ മോൻസയിൽ നേടിയ ഇറ്റാലിയൻ ഗ്രാൻപ്രീ വിജയം ചരിത്രപരമായിരുന്നു. 1966-ൽ ലുഡോവിക്കോ സ്‌കാർഫിയോട്ടിക്കുശേഷം സ്വന്തം നാട്ടിലെ ഗ്രാൻപ്രീ ജയിക്കുന്ന ആദ്യ ഇറ്റാലിയൻ ഡ്രൈവറായി ആന്റൊണെല്ലി മാറി. ഇറ്റാലിയൻ മോട്ടോർ സ്‌പോർട്‌സ് ആരാധകർക്ക് അതൊരു വൈകാരിക മുഹൂർത്തമായിരുന്നു. ലോകപ്രശസ്തമായ ഫെരാരിയുടെ സ്വന്തം നാട്ടിൽ, മെഴ്സിഡീസ് ഓടിച്ചാണ് താരം ആ വിജയം നേടിയത്.
ബ്രസീലിയൻ ഇതിഹാസതാരം അയർട്ടൺ സെന്നയാണ് ആന്റൊണെല്ലിയുടെ പ്രിയപ്പെട്ട ഡ്രൈവർ. സെന്നയുടെ പഴയ മത്സരങ്ങളുടെ വീഡിയോകൾ കണ്ടാണ് ആന്റൊണെല്ലി വളർന്നത്. സെന്നയുടെ ഡ്രൈവിങ് ശൈലിയും വ്യക്തിത്വവും തന്നെ സ്വാധീനിച്ചതായി താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫോർമുല വണ്ണിൽ ആന്റൊണെല്ലി തിരഞ്ഞെടുത്ത കാർ നമ്പർ 12 ആണ്. സെന്ന തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടിയ 1988-ൽ ഉപയോഗിച്ചിരുന്ന കാറിന്റെ നമ്പറും 12 ആയിരുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ റേസിങ് ടീമുകളിലൊന്നായ ഫെരാരി ഇറ്റലിയിൽനിന്നാണ് വരുന്നത്. മോൻസയും ഇമോളയും പോലുള്ള ഐതിഹാസിക സർക്യൂട്ടുകൾ രാജ്യത്തിന്റെ മോട്ടോർ സ്‌പോർട്ട് പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്നാൽ ഇറ്റാലിയൻ ഡ്രൈവർമാരുടെ ലോകകിരീട നേട്ടങ്ങളിൽ ദീർഘകാല ഇടവേളയുണ്ടായിരുന്നു. 1950-ലെ ആദ്യ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത് ഇറ്റലിക്കാരനായ ജുസെപ്പെ ഫരീനയായിരുന്നു. 1952-ലും 1953-ലും ആൽബെർട്ടോ അസ്‌കാരി ലോക ചാമ്പ്യനായി. അതിനുശേഷം നിരവധി പ്രതിഭകൾ ഇറ്റലിയിൽനിന്ന് ഫോർമുല വണ്ണിലെത്തിയെങ്കിലും മറ്റൊരു ലോക ചാമ്പ്യൻ ഉണ്ടായില്ല. 2026-ൽ ആന്റൊണെല്ലി ആ ചരിത്രം മാറ്റിയെഴുതി.
ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ നിരവധി യുവപ്രതിഭകൾ എത്തിയിട്ടുണ്ട്. ചിലർ ആദ്യകാല വിജയങ്ങൾക്കുശേഷം പിന്നോട്ടുപോയി. മറ്റു ചിലർ തുടർച്ചയായ ലോകകിരീടങ്ങളിലൂടെ ഇതിഹാസങ്ങളായി മാറി. മൈക്കൽ ഷൂമാക്കർ, ലൂയിസ് ഹാമിൽട്ടൺ, സെബാസ്റ്റ്യൻ വെറ്റൽ, മാക്‌സ് വെസ്റ്റാപ്പൻ തുടങ്ങിയവർ ലോക ചാമ്പ്യന്മാരായശേഷവും വർഷങ്ങളോളം വിജയങ്ങൾ തുടർന്നു. ആന്റൊണെല്ലിയുടെ മുന്നിലുള്ള വെല്ലുവിളിയും അതുതന്നെയാണ്.
ഒരു ലോകകിരീടം നേടുന്നതും അത് നിലനിർത്തുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. 2026-ലെ പുതിയ സാങ്കേതിക സാഹചര്യത്തിൽ മെഴ്സിഡീസ് നേടിയ മുൻതൂക്കം അടുത്ത വർഷങ്ങളിലും നിലനിൽക്കണമെന്നില്ല. എതിരാളികൾ കൂടുതൽ കരുത്തോടെ തിരിച്ചുവരും. ടീമുകൾ തമ്മിലുള്ള സാങ്കേതിക മത്സരം കൂടുതൽ ശക്തമാകും. എന്നാൽ ആന്റൊണെല്ലിക്ക് അനുകൂലമായ ഏറ്റവും വലിയ ഘടകം പ്രായമാണ്. ഇരുപതാം വയസ്സിൽത്തന്നെ ലോകകിരീടം നേടിയ താരത്തിന് ഇനിയും ദീർഘമായ കരിയർ മുന്നിലുണ്ട്.
Content Highlights: Andrea Kimi Antonelli won the 2026 Formula 1 World Drivers' Championship at just 20 years and 68 days old., He broke Sebastian Vettel's 16-year-old record to become the youngest F1 champion in history., He is the first Italian driver to win the F1 world title since Alberto Ascari in 1953., Driving for Mercedes as the successor to Lewis Hamilton, he secured the title in his second F1 season.
Published: 02 Nov 2026, 12:44 pm IST
ABOUT THE AUTHOR

Abhinath Thiruvalath
tabhinath@mpp.co.inമാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented