
മുംബൈ: ഇംഗ്ലണ്ട് എ ടീനെതിരേ ഇന്ത്യ എ ടീമിനെ നയിച്ച കേരളത്തിന്റെ മിന്നുമണി ഇനി അടുത്തദിവസങ്ങളില്‍ ഇഗ്ലണ്ട് ടീമിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. മുംബൈയില്‍നടന്ന എ ടീമുകളുടെ ടി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ (അഞ്ച്) നേടി തിളങ്ങിനില്‍ക്കുകയാണ് മിന്നു.
ഈ പരമ്പര ഏതൊക്കെരീതിയില്‍ ഗുണംചെയ്തു?
- ഇത് നല്ലൊരു അനുഭവമായിരുന്നു. ഇന്ത്യന്‍ എ ടീമിനെ നയിക്കാന്‍ കഴിയുക എന്നത് ഏറെ സന്തോഷമുണ്ടാക്കി. ക്യാപ്റ്റന്‍സ്ഥാനത്ത് നിന്നുകൊണ്ട് ടീമിന്റെ പ്രകടനത്തെ വിലയിരുത്തി അപ്പപ്പോള്‍ തീരുമാനമെടുക്കുക എന്നത് ശരിക്കും വെല്ലുവിളിയായിരുന്നു. മുമ്പ് കേരളത്തിനുവേണ്ടി ക്യാപ്റ്റനായതിന്റെ പരിചയം ഗുണമായി. ഈ പരമ്പര ശരിക്കും ഒരു പഠനക്കളരിയായിരുന്നു.
പരമ്പര പരാജയം തളര്‍ത്തിയോ?
- ഏയ്, ഇല്ല. ഞങ്ങള്‍ നന്നായി കളിച്ചു. ആദ്യകളി ജയിച്ചല്ലോ. ബാറ്റിങ്ങില്‍ കുറെക്കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമായിരുന്നു. ടി-20 മത്സരം സാഹചര്യത്തിനനുസരിച്ച് മാറിമറിയും. പരമ്പര പരാജയം ആരെയും തളര്‍ത്തിയിട്ടില്ല. സീനിയര്‍ ടീമിലേക്ക് ഈ പരിചയം മുതല്‍ക്കൂട്ടാകും.
മിന്നു അഞ്ചുവിക്കറ്റെടുത്ത് ബൗളര്‍സ്ഥാനം ഉറപ്പിക്കുകയാണോ?
- ഞാന്‍ ശരിക്കും ബാറ്റിങ് ഓള്‍റൗണ്ടറാണ്. ബാറ്റിങ്ങില്‍ ഇനിയും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞമത്സരങ്ങളില്‍തന്നെ എനിക്ക് നല്ല സ്റ്റാര്‍ട്ട് ലഭിച്ചു. പക്ഷേ, ബാറ്റിങ് കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ബംഗ്ലാദേശില്‍ ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചപ്പോള്‍ ബാറ്റിങ് അവസരം കാര്യമായി ലഭിച്ചില്ല. ഇന്ത്യയ്ക്ക് നല്ല ബാറ്റിങ്‌നിരയുണ്ടല്ലോ. കേരളത്തിനുവേണ്ടി കളിച്ചപ്പോള്‍ മാത്രമാണ് കാര്യമായി ബാറ്റുചെയ്യാന്‍ കഴിഞ്ഞത്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ബൗളിങ് മാത്രം മതിയാവില്ലെന്നെനിക്കറിയാം.
മിന്നുവിന് കേരളത്തില്‍നിന്നും പിന്‍ഗാമികള്‍
- ഇപ്പോള്‍ ഏറെ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. വനിതാ പ്രീമിയര്‍ ലീഗില്‍തന്നെ കേരളത്തില്‍നിന്നും ഒന്‍പത് പേരല്ലേ ഇത്തവണ ടീമിലിടംപിടിച്ചത്.
അനുജത്തിക്ക് ക്രിക്കറ്റ് താത്പര്യമുണ്ടോ?
- അവള്‍ എന്റെ കളികൂടി കാണാറില്ല. അമ്മാവന്റെ മകള്‍ ജിഷ്‌ന സ്‌കൂള്‍ ടീമിലൂടെ വയനാട് ടീമിലെത്തിയിട്ടുണ്ട്.
ജോലിസാധ്യത തെളിയുന്നുണ്ടോ?
- എവിടെയും ആയിട്ടില്ല. റെയില്‍വേയില്‍ ട്രയല്‍ കൊടുത്തിട്ടുണ്ട്. ഒന്നുരണ്ട് മാസങ്ങള്‍ക്കുള്ളില്‍ അറിയാം. മറ്റാര്‍ക്കും വനിതകളെ വേണ്ട. പുരുഷന്മാരെ ഏറെ സ്ഥാപനങ്ങള്‍ എടുക്കുന്നുണ്ട്. എല്ലാം ശരിയാവുമായിരിക്കും.
ഭാവിതാരങ്ങളോട് പറയാനുള്ളത്?
- കഠിനാധ്വാനം ചെയ്യണം. ഒരവസരവും പാഴാക്കരുത്. ആത്മവിശ്വാസം ഒട്ടും കുറഞ്ഞുപോകരുത്.
Content Highlights: Bowling alone is not enough to hold on in the Indian team Minnumani interview
Published: 05 Dec 2023, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented