ടെന്നീസ് ലോകത്തെ മാത്രമല്ല, കായികലോകത്തെ ഒരു ഷോ പീസ് ഇവന്റാണ് പുരുഷ - വനിതാ ടെന്നീസ് താരങ്ങൾ തമ്മിലുള്ള മത്സരം. ശരീര പ്രകൃതിയിലുള്ള വ്യത്യാസവും കായികക്ഷമതയുമൊക്കെ കണക്കിലെടുക്കുമ്പോൾ മത്സരത്തിൽ പുരുഷ താരങ്ങൾക്കായിരിക്കും മേധാവിത്വം. രണ്ടുതവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായിരുന്ന ഗാബ്രിൻ മുഗുരുസ അടുത്തയിടെ പറഞ്ഞതുപോലെ, ജൂനിയർ തലത്തിൽ ടെന്നീസിൽ മുന്നിൽ നിൽക്കുന്ന ഒരു ആൺകുട്ടിക്കു പോലും ഒരു മുൻനിര വനിതാ താരത്തെ തോൽപ്പിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. ഇതാണ് യാഥാർത്ഥ്യമെങ്കിലും ഒരു ഷോ ബിസിനസ് എന്ന നിലയിൽ പുരുഷ - വനിതാ ടെന്നീസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രധാന മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് പുരുഷതാരത്തെ തോൽപ്പിക്കാൻ വനിതാ താരത്തിനായത്. ബാറ്റിൽ ഓഫ് ദ സെക്‌സസ് എന്ന പേരിൽ 1973 സെപ്റ്റംബറിൽ നടന്ന മത്സരത്തിൽ ബോബി റിഗ്‌സ് എന്ന മുൻ ഗ്രാൻഡ്സ്ലാം ചാമ്പ്യനെ വനിതാ ടെന്നീസിലെ വിപ്ലവകാരി ബില്ലി ജീൻ കിങ് തോൽപ്പിച്ചതായിരുന്നു സംഭവം.

To advertise here,

അതിന്റെ ഓർമകളുണർത്തി കഴിഞ്ഞ ഡിസംബർ 28-ന് ദുബായിൽ ലോക ഒന്നാം നമ്പർ വനിതാ താരം അര്യാന സബലെങ്കയും പുരുഷ ടെന്നീസിലെ വികൃതിപ്പയ്യൻ നിക്ക് കിർഗിയോസും ഏറ്റുമുട്ടി. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ടെന്നീസിൽ അത്ര സജീവമായിരുന്നില്ല നിലവിൽ ലോക റാങ്കിങിൽ 671-ാം സ്ഥാനത്തുള്ള കിർഗിയോസ്. ദുബായിലെ കൊക്കോ -കോള അരീനയിലെ ഇൻഡോർ കോർട്ടിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകളിൽ സബലെങ്കയെ തോൽപ്പിച്ചുവെന്നതാണ് മത്സരത്തിന്റെ ബാക്കിപത്രം (6-3,6-3).

മത്സരത്തിൽ കിർഗിയോസിനുള്ള മേൽക്കൈ ഇല്ലാതാക്കാൻ സബലെങ്കയുടെ കോർട്ടിന്റെ വലുപ്പം ഒമ്പത് ശതമാനം കുറച്ചിരുന്നു. രണ്ടു താരങ്ങൾക്കും ഒരു സർവ് വീതം എന്നതായിരുന്നു നിയമം. ഇതൊന്നും കിർഗിയോസിന്റെ വിജയത്തെ തടഞ്ഞില്ല. ഒരു ആൺ-പെൺ പോരാട്ടമെന്നതിലുപരി ആളുകളെ രസിപ്പിക്കുന്ന ഒരു മത്സരം എന്നതായിരുന്നു മത്സരത്തിന്റെ ആകെത്തുക.

എന്നാൽ ബില്ലി ജീൻ കിങ്ങിന്റേത് വനിതാ ടെന്നീസിന്റെ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. '1970-കളുടെ തുടക്കമാണ് കാലം. അമേരിക്കയിൽ ഒരു സ്ത്രീക്ക് സ്വന്തം പേരിൽ ക്രെഡിറ്റ് കാർഡ് കിട്ടണമെങ്കിൽ അച്ഛന്റെയോ ഭർത്താവിന്റെയോ ഒപ്പു വേണം. വനിതകൾ ഒളിമ്പിക്സിൽ 5,000 മീറ്ററിനപ്പുറം ഓടുമെന്നോ പൈലറ്റ് ലൈസൻസ് നേടി വിമാനം പറത്തുമെന്നോ എന്തിന് ഒരു കമ്പനിയുടെ സി.ഇ.ഓ ആകുമെന്നോ പോലും പലരുടെയും സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു.' (വനിതാ ടെന്നീസിലെ ജീവിക്കുന്ന ഇതിഹാസങ്ങളായ മർട്ടീന നവരത്ലോവയെയും ക്രിസ് എവർട്ടിനെയും കുറിച്ച് ജോനെറ്റ് ഹവാർഡ് എഴുതിയ' റൈവൽസ് ' എന്ന പുസ്തകത്തിൽനിന്ന്).

അതിലും പരിതാപകരമായിരുന്നു കായികരംഗത്തെ അവസ്ഥ. ടെന്നീസടക്കം വനിതകളുടെ മത്സരത്തെ ആരും കാര്യമായിട്ടെടുത്തിരുന്നില്ല. ഒരേ ടൂർണമെന്റിൽ പങ്കെടുത്താൽ തുല്യപ്രതിഫലം പോയിട്ട് മാന്യമായ പ്രതിഫലം പോലും കിട്ടാത്ത അവസ്ഥ. വനിതാ ടെന്നീസ് കവർ ചെയ്യാൻ പത്രങ്ങൾക്കും മടി. 'വനിതാ ടെന്നീസ് താരങ്ങൾക്ക് പുരുഷതാരങ്ങൾക്ക് കൊടുക്കുന്നതിന്റെ 25 ശതമാനം മാത്രം പ്രതിഫലം കൊടുത്താൽ മതി. കാരണം അവർ പുരുഷൻമാർ കളിക്കുന്നതിന്റെ 25 ശതമാനം പ്രകടനമേ കോർട്ടിൽ നടത്തുന്നുള്ളൂ' എന്ന മുൻ വിംബിൾഡൺ ചാമ്പ്യൻ ബോബി റിഗ്സിന്റെ അക്കാലത്തെ അഭിപ്രായത്തിൽ വനിതാ ടെന്നീസിനെക്കുറിച്ച് പൊതുവെയും വനിതാ കായിക രംഗത്തെക്കുറിച്ച് മൊത്തത്തിലും അക്കാലത്തെ പുരുഷൻമാർക്കുള്ള കാഴ്പ്പാട് അടങ്ങിയിരുന്നു.

അത്തരമൊരു കാലഘട്ടത്തിലാണ് വനിതാ ടെന്നീസിലെ വിപ്ലവകാരി അമേരിക്കയുടെ ബില്ലി ജീൻ കിങ് ഒരു പൊളിച്ചെഴുത്ത് നടത്തിയത്. 52 വർഷം മുമ്പ് ഒരു സ്‌പെറ്റംബർ 20-ന് നടന്ന 'ബാറ്റിൽ ഓഫ് ദ സെക്സസ്' എന്ന പേരിട്ട പോരാട്ടത്തിൽ ബോബി റിഗ്സിനെ കീഴടക്കി ബില്ലി ജീൻ വനിതാ ടെന്നീസ് താരങ്ങളുടെ മാത്രമല്ല വനിതകളുടെ മുഴുവൻ ആത്മാഭിമാനമാണുയർത്തിയത്.

ഒരു കാലത്ത് ലോകത്തെ മുൻനിര താരമായിരുന്നു അമേരിക്കക്കാരനായ ബോബി റിഗ്സ്. 1939-ൽ അദ്ദേഹം വിംബിൾഡണിൽ സിംഗിൾസിലും ഡബിൾസിലും മിക്സഡ് ഡബ്ൾസിലും ജേതാവായിരുന്നു. കായിക ജീവിതത്തിലെ നല്ലകാലം രണ്ടാം ലോക മഹായുദ്ധം മൂലം റിഗ്‌സിന് നഷ്ടമായി. അക്കാലത്തെ മികച്ച വനിതാ ടെന്നീസ് താരങ്ങളെ തന്നോട് മത്സരിക്കാൻ ക്ഷണിക്കുകയെന്നത് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലോക്ക് വീണ്ടും വരാനായി അദ്ദേഹം കൈക്കൊണ്ട മാർഗമായിരുന്നു. സ്ത്രീകളെക്കാൾ എല്ലാ അർത്ഥത്തിലും പുരുഷൻമാരാണ് മുന്നിലെന്നു വിശ്വസിച്ചിരുന്ന, അതിനായി വായ്ത്താരയിട്ടിരുന്ന ബോബിയുടെ വെല്ലുവിളി കിങ് പലവട്ടം അവഗണിച്ചു. പിന്നീട് ബോബിയുമായി ഏറ്റുമുട്ടാൻ അന്നത്തെ മുൻനിര താരമായിരുന്ന മാർഗരറ്റ്കോർട്ട് തയ്യാറായി.

1973-മെയ് 13-നായിരുന്നു മത്സരം. ജയിക്കുന്നയാൾക്ക് പതിനായിരം ഡോളർ സമ്മാനം. ഏകപക്ഷീയമായ മത്സരത്തിൽ മാർഗരറ്റ് കോർട്ടിനെ ബോബി കീഴടക്കി (6-2,6-1). 'അമ്മമാരുടെ ദിനത്തിലെ കൊലപാതകം' (മദേഴ്സ് ഡേ മാസെക്കർ) എന്ന വിശേഷണവും അതോടെ ഈ മത്സരം നേടി. മാർഗരറ്റ് കോർട്ടിനെ തോൽപ്പിച്ചതോടെ റിഗ്സ് വീണ്ടും കിങിനെ വെല്ലുവിളിച്ചു തുടങ്ങി. 'ക്ലേ കോർട്ടിലോ ഗ്രാസ് കോർട്ടിലോ മാർബിളിലോ റോളർ സ്‌കേറ്റിലോ എവിടെ വേണമെങ്കിലും ഞാൻ അവരുമായി മത്സരിക്കാം' എന്ന തരത്തിൽ പോയി 55 വയസ്സുകാരനായ റിഗ്സിന്റെ വെല്ലുവിളി. ബില്ലി ജീൻ കിങ് അന്ന് വനിതാ ടെന്നീസിലെ മാത്രമല്ല വനിതാ കായികരംഗത്തെ ആദ്യത്തെ വിപ്ലവകാരിയായിരുന്നു. വനിതാ താരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയും വനിതാ ടെന്നീസ് താരങ്ങൾക്കു വേണ്ടി ടെന്നീസ് ടൂർ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയുമൊക്കെ ചെയ്ത അക്കാലത്തെ തീപ്പൊരി. കിങ് ആണ് തനിക്കു പറ്റിയ ഇര എന്ന നയമായിരുന്നു റിഗ്സിന്റേത്.

ഒടുവിൽ കിങ് വെല്ലുവിളി ഏറ്റെടുത്തു. അപ്പോൾ കിങിന് പ്രായം 29. പത്ത് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയതിന്റെ തിളക്കവും അവർക്കുണ്ടായിരുന്നു. ജൂലൈയിൽ മത്സരത്തെക്കുറിച്ച് തീരുമാനമായി. ജേതാവിന് ഒരു ലക്ഷം യു.എസ്. ഡോളർ (ഇന്നത്തെ ഏകദേശം 90 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിക്കും. രണ്ടു മത്സരാർത്ഥികൾക്കും 75,000 ഡോളർ വീതം വേറെയും സമ്മാനം. നല്ലൊരു ഷോ ബിസിനസ് തന്നെയായിരുന്നു മത്സരം.

മത്സരത്തിന് അമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങും വൻപ്രചാരമാണ് ലഭിച്ചത്. ബില്ലി ജീൻ കിങ് ജയിക്കുകയാണെങ്കിൽ ഒരാഴ്ച കാപ്പിയുണ്ടാക്കി കൊടുക്കാമെന്ന് അമേരിക്കൻ കമ്പനികളിലെ ബോസുമാർ അവരുടെ സെക്രട്ടറിമാർക്ക് വാഗ്ദാനം ചെയ്തു. കുടുംബങ്ങളിലാണെങ്കിൽ ഭർത്താക്കൻമാർ ഒരാഴ്ച അടുക്കളപ്പണിയും അലക്കും ചെയ്തു കൊടുക്കാമെന്നായിരുന്നു ഭാര്യമാരോടുള്ള വെല്ലുവിളി. അവരുടെയൊന്നും വന്യമായ സ്വപ്നങ്ങളിൽപോലും കിങ് ജയിക്കുമെന്നില്ലായിരുന്നു. കിങിനാകട്ടെ ചെല്ലുന്നിടത്തെല്ലാം സ്ത്രീകളുടെ സ്വീകരണമായിരുന്നു.'ആ റിഗ്സിനെ നിലംപരിശാക്കണം'- അവർ ഒരേ സ്വരത്തിൽ ഏറ്റുപറഞ്ഞു. മത്സരത്തിന് മുന്നോടിയായി തന്നെക്കൊണ്ടാവും വിധം എരിവും പുളിയും ചേർക്കാൻ റിഗ്സ് ശ്രമിച്ചുകൊണ്ടിരുന്നു.

'സ്ത്രീകൾക്ക് രണ്ട് സ്ഥലങ്ങളേ ഇണങ്ങുകയുള്ളൂ. ആദ്യത്തേത് കിടപ്പറ, അടുത്തത് അടുക്കള'. 'മത്സരത്തിൽ ഞാൻ ജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. കാരണം ബില്ലി ജീൻ ഒരു സ്ത്രീയാണ്. സ്ത്രീകൾക്ക് വൈകാരി സന്തുലിതാവസ്ഥയില്ല'- ഇത്തരം പ്രസ്താവനകളുമായി റിഗ്സ് അരങ്ങുവാഴുമ്പോൾ വിംബിൾഡണടക്കമുള്ള ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തും കഠിനമായി പരിശീലിച്ചും കിങ് മത്സരത്തിനൊരുങ്ങുകയായിരന്നു. റിഗ്സാകട്ടെ പാർട്ടികളിൽ പങ്കെടുത്തും കറങ്ങി നടന്നും സമയം ചെലവഴിച്ചു.

ഒടുവിൽ ആ ദിവസം വന്നെത്തി.1973 സെപ്റ്റംബർ 20. 'ബാറ്റിൽ ഓഫ് ദ സെക്സസ് ' എന്ന പേരിട്ട റിഗ്സും കിങുമായുള്ള പോരാട്ടം കാണാൻ 30,492 ടെന്നീസ് പ്രേമികളാണ് (ഇത് ഒരു ടെന്നീസ് മത്സരം കാണാനെത്തിയ എക്കാലത്തെയും റെക്കോഡ് കാണികളാണെന്ന് പറയപ്പെടുന്നു) ഹൂസ്റ്റണിലെ അസ്ട്രോഡം സ്റ്റേഡിയത്തിൽ എത്തിയത്. ലോകമെമ്പാടുമായി ഒമ്പത് കോടി ആളുകൾ മത്സരം ടെലിവിഷനിലും കണ്ടെന്നാണ് കണക്ക്. ഉത്സവാന്തരീക്ഷത്തിൽ അരങ്ങേറിയ മത്സരത്തിൽ മാർഗരറ്റ് കോർട്ടിനെതിരെ കാണിച്ച പോരാട്ട വീര്യം കിങിനെതിരെ പുറത്തെടുക്കാൻ റിഗ്സിനായില്ല. ഏകപക്ഷീയമായ മത്സരമായിരുന്നില്ലെങ്കിലും നേരിട്ടുള്ള സെറ്റുകളിൽ കിങ്, റിഗ്സിനെ കീഴടക്കി (6-4,6-3, 6-3). 'ഞാൻ തോറ്റിരുന്നെങ്കിൽ അത് ഞങ്ങളെ 50 വർഷം പിന്നോട്ടടിച്ചേനെ. വനിതാ ടെന്നീസ് ടൂറിനെയും വനിതകളുടെ ആത്മാഭിമാനത്തേയും എന്റെ തോൽവി ബാധിച്ചേനെ' -മത്സരശേഷം കിങ് വ്യക്തമാക്കി. അതേ വനിതകളുടെ ആത്മാഭിമാനവും അന്തസ്സുമുയർത്തിയ വിജയമായിരുന്നു കിങിന്റേത്.

അക്കാലത്ത് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർ്ട്ടറായിരുന്ന ഗ്രേസ് ലിക്റ്റെൻസ്റ്റൈൻ ( വനിതാ ടെന്നീസിലെ പിൻകാഴ്ചകളെക്കുറിച്ചുള്ള 'എ ലോങ് വേ ബേബി' എന്ന പുസ്തകത്തിന്റെ രചയിതാവ്) ഇത് കൃത്യമായി വിലയിരുത്തുന്നുണ്ട്. 'ഇരുപത്തിയൊമ്പതാം വയസ്സിൽ തന്റെ ഫോമിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന ഒരു വനിതാ ടെന്നീസ് താരം 55 വയസ്സുള്ള ഒരു പുരുഷനെ തോൽപ്പിച്ചുവെന്നതാണ് യാഥാർത്ഥ്യം. അത് ഒരു ഷോ ബിസിനസ് തന്നെയായിരുന്നു. എന്നാൽ, വനിതകൾക്ക് ടെന്നീസിൽ മാത്രമല്ല കുടുംബത്തിലും അവരുടെ ജോലി സ്ഥലത്തുമെല്ലാം പിടിച്ചു നിൽക്കാൻ സാധിക്കുമെന്ന് തെളിയിക്കാൻ ബില്ലി ജീൻ കിങിന്റെ വിജയത്തിനായി'. മത്സര ശേഷം റിഗ്സും കിങും നല്ല സുഹൃത്തുക്കളായി. കാൻസർ ബാധിതനായി 1995-ൽ മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് റിഗ്സ്, കിങുമായി ഫോണിൽ സംസാരിച്ചിരുന്നു.

ഇതിനു ശേഷം 1992-ൽ മുൻ ലോക ഒന്നാം നമ്പർ താരങ്ങളായ ജിമ്മി കോണേഴ്‌സും മാർട്ടിന നവരത്‌ലോവയുമായി നടന്ന മത്സരം ശ്രദ്ധനേടി. രണ്ടു സെറ്റ് നീണ്ട മത്സരത്തിലെ ആദ്യ സെറ്റിൽ മാർട്ടിന വെല്ലുവിളി ഉയർത്തിയെങ്കിലും വിജയം കോണേഴ്‌സിനൊപ്പമായിരുന്നു (7-5, 6-2). ആറുവർഷങ്ങൾക്കപ്പുറം ജർമൻ ടെന്നീസ് താരം കാസ്റ്റൺ ബ്രാഷ്, വീനസ് സഹോദരിമാരുമായി ഏറ്റു മുട്ടിയതും ശ്രദ്ധേയമായി. 1998-ലെ ഓസ്‌ട്രേലിയൻ ഓപ്പണിനിടയിലായിരുന്നു ഒരു സെറ്റ് മാത്രമുള്ള ഈ പ്രദർശന മത്സരം. അന്ന് ലോക റാങ്കിങിൽ 203-ാം സ്ഥാനത്തായിരുന്നു ബ്രാഷ്. ഒരു കാലഘട്ടത്തിൽ ലോക റാങ്കിങിൽ 38-ാം സ്ഥാനം വരെയെത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. വീനസിന് അന്ന് ലോക റാങ്കിങിൽ ആദ്യ പത്തിനുള്ളിലായിരുന്നു സ്ഥാനം. അനുജത്തി സെറീനയാകട്ടെ ആദ്യ ഇരുപത് റാങ്കിനുള്ളിലും. രണ്ടു പേരും ഉദിച്ചുയരുന്ന താരങ്ങൾ. വീനസിന് അന്ന് പതിനെട്ട് വയസ് തികഞ്ഞിട്ടില്ല, സെറീനയാകട്ടെ പതിനേഴിന്റെ പടിവാതിലിലും.

ചോരത്തിളപ്പുകൊണ്ടാകാം ലോകറാങ്കിങിൽ 200-ന് പുറത്തുള്ള ഏത് പുരുഷ താരത്തെയും തോൽപ്പിക്കാനാകുമെന്ന് വീനസ് ആ സമയത്ത് വെല്ലുവിളിച്ചു. അന്ന് ലോക റാങ്കിങിൽ 203-ാം സ്ഥാനത്തായിരുന്നു 31 വയസുകാരനായ കാഴ്‌സ്റ്റൺ ബ്രാഷ് വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. മത്സരത്തിന്റെ ഇടവേളയിൽ പുകവലിക്കുകയും ബിയർ കുടിക്കുകയും ചെയ്യുന്നത് ശീലമാക്കിയിരുന്ന കാഴ്‌സറ്റണിന് എതിരാളികളാകാൻ വില്യംസ് സഹോദരിമാർക്കായില്ല. ആദ്യമത്സരത്തിൽ സെറീനയെ 6-1ന് തോൽപ്പിച്ച ബ്രാഷ് രണ്ടാം മത്സരത്തിൽ വീനസിനെയും അനായാസം കീഴടക്കി (6-2). റാങ്കിങിൽ 600-ആം സ്ഥാനത്തുള്ള ഒരു താരത്തിന്റെ നിലവാരത്തിൽ മാത്രമാണ് താൻ വില്യംസ് സഹോദരിമാർക്കെതിരെ കളിച്ചതെന്നായിരുന്നു മത്സര ശേഷം ബ്രാഷ് അഭിപ്രായപ്പെട്ടത്. സ്ത്രീകളെ അപേക്ഷിച്ച് ടെന്നീസിൽ പുരുഷൻമാർക്കുള്ള ശാരീരിക മുൻതൂക്കമാണ് തന്റെ വിജയത്തിന് കാരണമായതെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

വീണ്ടും റിഗ്‌സ് -കിങ് മത്സരത്തിലേക്ക്. കിങുമായുള്ള മത്സരം വാതുവെപ്പുകാർക്കായി റിഗ്സ് മനപ്പൂർവം തോറ്റുകൊടുക്കുകയായിരുന്നുവെന്ന് പിന്നീട് ആരോപണമുണ്ടായി. വാതുവെപ്പുമായി ബന്ധപ്പെട്ട് റിഗ്സിന് ഒരു ലക്ഷത്തോളം ഡോളർ മാഫിയ സംഘത്തിന് കടമുണ്ടായിരുന്നു. മത്സരം തോറ്റുകൊടുത്താൽ ഇത് പൂർണമായും ഇളവ് ചെയ്യാമെന്ന് മാഫിയ സംഘം വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് റിഗ്സ് കളിക്കളത്തിൽ പ്രാവർത്തികമാക്കുകയായിരുന്നുവെന്നുമായിരുന്നു ആരോപണം. റിഗ്സ് ഈ ആരോപണം നിഷേധിച്ചിരുന്നു. മൂന്ന് സീസണായി കളിക്കളത്തിൽ സജീവമല്ലാത്ത കിർഗിയോസിന് ഫോമിന്റെ ഉന്നതിയിൽ കളിക്കുന്ന സബലെങ്കയെ തോൽപ്പിക്കാൻ സാധിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. ടെന്നീസിലേക്ക് കൂടുതൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം. അതിനൊപ്പം ഇരു താരങ്ങൾക്കും നല്ലൊരു സംഖ്യ പ്രതിഫലമായും കിട്ടുക (ഇരുവരും തുക വെളിപ്പെടുത്തിയിട്ടില്ല) . 2025-ലെ ബാറ്റിൽ ഓഫ് ദ സെ്ക്‌സിന്റെ ബാക്കിപത്രം ഇതുതന്നെയാണ്.