സൈബർ ആക്രമണം നേരിടുന്ന മുൻ ഭാര്യയും ടെന്നിസ് താരവുമായ എലിന സ്വിറ്റോളിനയ്ക്ക് പിന്തുണയുമായി മുൻഫ്രഞ്ച് ടെന്നിസ് താരം ഗേൽ മോൺഫിൽസ്. ഇയ്യിടെയാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ എലിനയ്‌ക്കെതിരെ വലിയ തോതിൽ വിമർശനം ഉയരുകയാണ്. ഇതിനെത്തുടർന്നാണ് രൂക്ഷമായ പ്രതികരണവുമായി മോൺഫിൽസ് രംഗത്തുവന്നത്. സ്വിറ്റോളിനയ്ക്കെതിരെയുള്ള അതിക്രമങ്ങൾ 'വിഷലിപ്തവും ക്രൂരവുമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തങ്ങളുടെ വ്യക്തിജീവിതത്തെയും സ്വകാര്യതയെയും മാനിക്കണമെന്ന് ആരാധകരോട് അഭ്യർഥിച്ചു.

To advertise here,

 

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയായിരുന്നു മോൺഫിൽസിന്റെ പ്രതികരണം. 'എന്റെ സന്തോഷത്തിൽ ആളുകൾ കാണിക്കുന്ന താത്പര്യത്തോട് എനിക്ക് കടപ്പാടുണ്ട്, എന്നാൽ എലിനയോട് ചിലർ കാണിക്കുന്ന ദയയില്ലായ്മയും മര്യാദകേടും എന്നെ ഏറെ വേദനിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെമാത്രം ഒരാളുടെ ബന്ധത്തിന്റെ ആഴമോ അതിനു പിന്നിലെ കാരണങ്ങളോ മനസ്സിലാക്കാൻ കഴിയില്ല. പുറത്തുകാണുന്നതിനപ്പുറം ഒരു ബന്ധത്തിൽ നിരവധി കാര്യങ്ങൾ സംഭവിക്കുന്നുണ്ട്,' മോൺഫിൽസ് കുറിച്ചു.

വേർപിരിഞ്ഞെങ്കിലും തങ്ങൾ തമ്മിലുള്ള കുടുംബബന്ധവും പരസ്പര ബഹുമാനവും അവസാനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മകൾ സ്‌കായിയുടെ മാതാപിതാക്കളെന്ന നിലയിൽ ഇരുവരും പരസ്പരം പിന്തുണ നൽകുന്നത് തുടരുമെന്നും മോൺഫിൽസ് കൂട്ടിച്ചേർത്തു. 'ടെന്നീസിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ച പല ഘട്ടങ്ങളിലും എനിക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് നൽകിയത് സ്വിറ്റോളിനയാണ്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾക്ക് കാരണം അവരാണ്. ഞങ്ങൾ പൂർണരല്ല, സ്വന്തം കഴിവിന്റെ പരമാവധി ശ്രമിക്കുന്ന മനുഷ്യരാണ്; ഗേൽ മോൺഫിൽസ്, എലിന സ്വിറ്റോളിന എന്നീ പ്രൊഫഷണൽ താരങ്ങൾക്ക് അപ്പുറം ഗേൽ, എലിന എന്നീ മനുഷ്യരായി ഞങ്ങളെ കാണണം,' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.