നഗോയ: ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ പാകിസ്താൻ ടെന്നീസ് ഫെഡറേഷൻ(പിടിഎഫ്) പ്രസിഡന്റും. ഏഷ്യൻ ഗെയിംസ് ഡബിൾസ് വിഭാഗത്തിൽ മത്സരിക്കുമെന്ന് പിടിഎഫ് പ്രസിഡന്റ് ഐസാം ഉൾ-ഹഖ് ഖുറേഷി അറിയിച്ചു. മുൻ യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് ഫൈനലിസ്റ്റ് കൂടിയാണ് 46-കാരനായ ഖുറേഷി. സ്ഥിരമായി ടെന്നീസ് കളിക്കുന്നതിനാലാണ് മത്സരിക്കാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

"ഞാൻ പിടിഎഫിന്റെ പ്രസിഡന്റാണ്. ഏഷ്യൻ ഗെയിംസിൽ പ്രസിഡന്റെന്ന നിലയിലുള്ള എന്റെ ചുമതലകൾ ഞാൻ നിർവഹിക്കും. പക്ഷേ, ഞാനിപ്പോഴും പൂർണ ആരോഗ്യവാനാണ്. ഇപ്പോഴും പതിവായി ടെന്നീസ് കളിക്കുന്നുമുണ്ട്. അതിനാൽ ഞാൻ ഡബിൾസ് ഇനത്തിൽ മത്സരിക്കാൻ തീരുമാനിച്ചു", അദ്ദേഹം പറഞ്ഞു.

മുതിർന്ന താരം അക്കീൽ ഖാൻ, മുഹമ്മദ് ഷോയിബ്, മുസമ്മിൽ മുർത്താസ, മഹിൻ അഫ്താബ്, ഉഷ്ന സുഹൈൽ എന്നിവരാണ് പാകിസ്താൻ ടെന്നീസ് ടീമിലെ മറ്റംഗങ്ങൾ. അവരോടൊപ്പമാണ് 46-കാരനായ ഖുറേഷിയും കളിക്കാനിറങ്ങുന്നത്. പാകിസ്താനിലെ പ്രമുഖ ടെന്നീസ് താരങ്ങളിലൊരാൾ കൂടിയാണ് അദ്ദേഹം. ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലടക്കം നേരത്തേ മത്സരിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയുമൊത്ത് 2010 യുഎസ് ഓപ്പൺ ഡബിൾസ് ഫൈനൽ വരെയെത്തിയിട്ടുണ്ട്.

പാകിസ്താൻ ടീം പുരുഷന്മാരുടെയും സ്ത്രീകളുടെയും മത്സരങ്ങളിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിനായി പരിചയസമ്പത്തും യുവത്വവും ചേർന്ന മികച്ച സംഘമാണുള്ളത്. ടീമിലെ മറ്റ് കളിക്കാർക്കൊപ്പം പരിശീലനം നടത്തിയതായും സ്ക്വാഡിലെ മറ്റ് താരങ്ങളെ സഹായിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഖുറേഷി പറഞ്ഞു.