മലപ്പുറം: അരീക്കോട് ചെമ്രക്കാട്ടൂരിൽ കഴിഞ്ഞദിവസം നടന്ന ഫൈവ്‌സ് ഫുട്‌ബോൾ മത്സരത്തിനിടെ വംശീയാധിക്ഷേപവും മർദ്ദനവും നേരിട്ടെന്ന പരാതി നൽകിയ ഐവറികോസ്റ്റ് താരം ഹസ്സൻ ജൂനിയറിനെതിരേ പരാതിയുമായി മത്സരം കാണാനെത്തിയ കുട്ടി.

To advertise here,

കളിക്കിടയിൽ ഹസ്സൻ ഓടിവന്ന് ചവിട്ടിയെന്ന് അരീക്കോട് പോലീസ്‌സ്റ്റേഷനിൽ നൽകിയ കുട്ടിയുടെ പരാതിയിൽ പറയുന്നു. പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി എസ്.എച്ച്.ഒ. എ. ആദംഖാൻ പറഞ്ഞു.

ചെമ്രക്കാട്ടൂരിൽ നടന്ന മത്സരത്തിനിടെ ഹസ്സൻ ജൂനിയറിനെ കാണികൾ മൈതാനത്തിലിറങ്ങി കൂട്ടമായി ആക്രമിച്ചിരുന്നു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച താരത്തെ കാണികൾ പിന്തുടർന്ന് മർദ്ദിക്കുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ആൾക്കൂട്ട ആക്രമണത്തിനും വംശീയാധിക്ഷേപത്തിനും ഇരയായെന്ന് ആരോപിച്ചും കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ടും ഹസ്സൻ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ സാക്ഷികളെ ചോദ്യംചെയ്തെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

താരത്തിനെതിരേ വംശീയാധിക്ഷേപം നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഹസ്സൻ മത്സരത്തിനിടെ കുട്ടിയെ ചവിട്ടിവീഴ്ത്തിയെന്നും ഇതേത്തുടർന്ന് പ്രകോപിതരായ കാണികൾ ഇയാൾക്കെതിരേ തിരിയുകയായിരുന്നൂവെന്നും നാട്ടുകാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹസ്സൻ ഓടിവന്ന് കുട്ടിയെ ചവിട്ടുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് നാട്ടുകാർ ഇയാൾക്കെതിരേ തിരിയുന്നത്.