ന്യൂഡൽഹി: ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവ്‌രാജ് സിങ്. വൈഭവ് അവിശ്വസനീയമായ രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നും എപ്പോഴായാലും അവൻ ഇന്ത്യൻ ടീമിൽ കളിക്കുമെന്നും യുവ്‌രാജ് സിങ് പറഞ്ഞു. സ്പോർട്സ് ടാക്കിന് നൽകിയ അഭിമുഖത്തിലാണ് യുവ്‌രാജിന്റെ പ്രതികരണം. അതേസമയം ഐപിഎല്ലിൽ മുന്നും ഫോമിലാണ് വൈഭവ്. ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് കൗമാരതാരം പുറത്തെടുത്തത്. 15 പന്തിൽ അർധസെഞ്ചുറി തികച്ച താരം ചെന്നൈക്കെതിരേ രാജസ്ഥാന് മിന്നും ജയം സമ്മാനിക്കുകയും ചെയ്തു. ശനിയാഴ്ച ഗുജറാത്തിനെതിരേയാണ് രാജസ്ഥാന്റെ രണ്ടാം മത്സരം.

To advertise here,

ടി20 ക്രിക്കറ്റിൽ ഉയർന്നു വരുന്ന നിലവിലെ കളിക്കാരെ നോക്കൂ. വൈഭവ് സൂര്യവംശി വളരെ നന്നായി കളിക്കുന്നു. വൈഭവിനെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം അവന്റെ ബാറ്റിങ് വേഗതയാണ്. അത് അവിശ്വസനീയമാണ്. സത്യസന്ധമായി പറഞ്ഞാൽ, എനിക്കുപോലും അത്ര വേഗതയുണ്ടായിരുന്നില്ല. ഇങ്ങനെ കളിക്കുന്ന വളരെ കുറച്ച് കളിക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. - യുവ്‌രാജ് പറഞ്ഞു.

ഞാൻ കൂടുതൽ ശ്രദ്ധിച്ചത് അവൻ ഓഫ് സൈഡിലേക്ക് സിക്സറുകൾ പറത്തുന്ന രീതിയാണ്. നല്ല ബോളുകൾ പോലും അവൻ അങ്ങനെ അടിക്കുന്നു, അത് യഥാർഥ പ്രതിഭയെ കാണിക്കുന്നതാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ അവന് ഒട്ടേറെ കഴിവുകളുണ്ട്. കൂടുതൽ മത്സരങ്ങൾ കളിക്കും തോറും, വിജയങ്ങളും പരാജയങ്ങളും നേരിടുമ്പോൾ, അവൻ മികച്ച ബാറ്ററാകും. - യുവ്‌രാജ് കൂട്ടിച്ചേർത്തു.

ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ മാറ്റിയിട്ടുണ്ട്. ഈ കൗമാരക്കാർ ഐപിഎല്ലിൽ വൻ ജനക്കൂട്ടത്തിന് മുന്നിൽ കളിക്കുന്നു. അവർ അന്താരാഷ്ട്ര ക്രിക്കറ്റിലും ഭയമില്ലാതെ കളിക്കുന്നു. വൈഭവിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഭൂരിഭാഗം ആളുകൾക്കും അറിയാം അവൻ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന്. നിലവിൽ ഇന്ത്യൻ ടി20 ടീമിൽ ഇടമില്ല. ഞാൻ കരുതുന്നത് വൈകാതെ അവൻ കളിക്കുമെന്നാണ്. എപ്പോൾ കളിക്കുമെന്നത് ഒരു ചോദ്യമാണ്. അവൻ തയ്യാറായി എന്ന് തോന്നുമ്പോൾ, സെലക്ടർമാർ അവന് ഒരു അവസരം നൽകും.- യുവ്‌രാജ് പറഞ്ഞു.

ചെന്നൈക്കെതിരായ മത്സരത്തിൽ വൈഭവ് ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. 15 പന്തിൽ അർധസെഞ്ചുറിയുമായി തന്നെ താരം സീസണിന് തുടക്കമിട്ടു. തുടക്കംമുതൽ അടിച്ചുതുടങ്ങിയ സൂര്യവംശി അഞ്ച് സിക്‌സും നാല് ഫോറും നേടി. സിക്‌സർ പറത്തിയായിരുന്നു അർധശതകം തികച്ചത്. ഐപി.എലിലെ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറിയാണിത്. ഓപ്പണിങ് വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം 75 റൺസ് കൂട്ടുകെട്ടുണ്ടാക്കാനും താരത്തിനായി.