അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ഗുജറാത്തിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ബാറ്റിങ് തകർച്ച. രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 74 റൺസെന്ന നിലയിലാണ് കേരളം. നേരത്തെ ഒൻപത് വിക്കറ്റിന് 534 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു ഗുജറാത്ത്. ഇരട്ട സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഉർവിൽ പട്ടേലിന്റെ ഇന്നിങ്സാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
അഞ്ച് വിക്കറ്റിന് 300 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് വേണ്ടി ഉർവിൽ പട്ടേലും വിശാൽ ജയ്സ്വാളും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടുനീക്കി. ഇരുവരും 68 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ ഉർവിൽ പട്ടേൽ സെഞ്ച്വറി തികച്ചു. ആദിത്യ സർവാടെയുടെ ഓവറിൽ രണ്ട് സിക്സും ഒരു ഫോറും പറത്തിയാണ് ഉർവിൽ 91 പന്തിൽ തന്റെ സെഞ്ചുറി പൂർത്തിയാക്കിയത്. സ്കോർ 368ൽ നിൽക്കെ 77 റൺസെടുത്ത വിശാൽ ജയ്സ്വാൾ റണ്ണൗട്ടായി. പകരമെത്തിയ ചിന്തൻ ഗജ (1) എൻ.പി. ബേസിലിന്റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങി.
എന്നാൽ, എട്ടാം വിക്കറ്റിൽ ഉർവിൽ പട്ടേലും അമിത് ദേശായിയും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത അമിതിനെ പുറത്താക്കി ആദിത്യ സർവാടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്നെത്തിയ സിദ്ധാർത്ഥ് ദേശായിയും ഉർവിലിന് മികച്ച പിന്തുണയായി. ഉർവിൽ തകർത്തടിച്ച് ഇരട്ട സെഞ്ചുറിയിലേക്ക് മുന്നേറിയപ്പോൾ മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ സിദ്ധാർത്ഥ് ഉറച്ചുനിന്നു. ഇരുവരും ചേർന്ന 82 റൺസ് കൂട്ടുകെട്ടിൽ 18 റൺസ് മാത്രമായിരുന്നു സിദ്ധാർത്ഥിന്റെ സമ്പാദ്യം. സിദ്ധാർത്ഥ് പുറത്തായതോടെ ഗുജറാത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 210 റൺസുമായി ഉർവിൽ പട്ടേൽ പുറത്താകാതെ നിന്നു. 227 പന്തുകളിൽ 17 ഫോറും ആറ് സിക്സും അടക്കമാണ് ഉർവിൽ 210 റൺസെടുത്തത്. കേരളത്തിന് വേണ്ടി എൻ.പി. ബേസിൽ മൂന്നും ആദിത്യ സർവാടെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത രോഹൻ, അർസാൻ നഗ്വാസ്വെല്ലയുടെ പന്തിൽ സരൾ പ്രജാപതി ക്യാച്ചെടുത്താണ് പുറത്തായത്. 10 റൺസെടുത്ത അഭിഷേക് പി. നായരെയും അർസാൻ തന്നെ മടക്കി. തുടർന്നെത്തിയ വരുൺ നായനാർ 17 റൺസെടുത്ത് പുറത്തായി. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ വിഷ്ണു വിനോദും സച്ചിൻ ബേബിയും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ വിഷ്ണു വിനോദ് (21), സച്ചിൻ ബേബി (14) എന്നിവർ ക്രീസിലുണ്ട്.
Content Highlights: Gujarat declared their first innings at a massive 534/9., Urvil Patel scored an unbeaten 210 runs for Gujarat., Kerala suffered an early top-order collapse
Published: 03 Nov 2026, 07:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented