ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലാം നമ്പറിൽ പ്രേമ റാവത്തിനെ ഇറക്കിവിടുമ്പോൾ ചെറിയരീതിയിലൊരു വെടിക്കെട്ടാണ് ഉത്തരാഖണ്ഡ് ടീം പ്രതീക്ഷിച്ചത്. എന്നാൽ, നേരിട്ട 14 പന്തിൽ വനിതാ ട്വന്റി-20 ക്രിക്കറ്റിലെ വമ്പനൊരു റെക്കോഡാണ് താരം കടപുഴക്കിയത്. അതെ, ഇനി വേഗമേറിയ അർധസെഞ്ചുറി പ്രേമ റാവത്തിന്റെ പേരിലാണ്.
15 പന്തിൽ അർധസെഞ്ചുറി നേടിയിരുന്ന മരിയ കെല്ലി (വാർവിക് ഷെയർ), ഫാത്തിമ സന (പാകിസ്താൻ), ലൗറ ഹാരിസ് (ഒറ്റാഗോ) എന്നിവരുടെ റെക്കോഡാണ് പ്രേമ സ്വന്തം പേരിലാക്കിയത്.
18-ാം ഓവറിലാണ് പ്രേമ ക്രീസിലെത്തിയത്. ഹൈദരാബാദ് ബൗളർ സാക്ഷി റാവുവിനെതിരേ ആദ്യപന്തിൽ റണ്ണെടുത്തില്ലെങ്കിലും പിന്നീട് തുടർച്ചയായ നാല് ഫോറുകൾ. അടുത്ത ഓവറിൽ വനക പൂജയ്ക്കെതിരേ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 റൺസ്. അവസാന ഓവറിൽ കുഞ്ചല നിതീഷയ്ക്കെതിരേ അവസാന നാല് പന്തിൽ രണ്ടുവീതം സിക്‌സും ഫോറും നേടിയാണ് അർധസെഞ്ചുറി കണ്ടെത്തിയത്. ഇതിൽ അവസാനപന്ത് സിക്‌സ് പറത്തിയാണ് അർധസെഞ്ചുറി നേട്ടം ആഘോഷമാക്കിയത്.
മത്സരത്തിൽ ഉത്തരാഖണ്ഡ് 20 ഓവറിൽ രണ്ടുവിക്കറ്റിന് 187 റൺസ് അടിച്ചുകൂട്ടി. ടീമിനായി രാഘ് വി ബിസ്ത് 72 റൺസെടുത്തു. മറുപടിബാറ്റിങ്ങിൽ ഹൈദരാബാദിന് എട്ടുവിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 89 റൺസ് ജയം. 24-കാരിയായ പ്രേമ ലെഗ് സ്പിന്നറാണ്. കഴിഞ്ഞ ജൂൺ 21-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായാണ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറ്റം. ഏഴു കളിയിൽനിന്ന് ഏഴു വിക്കറ്റെടുത്തിട്ടുണ്ട്.
Content Highlights: Prema Rawat breaks the world record for the fastest T20 half-century
Published: 04 Nov 2026, 06:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented