ന്യൂഡല്‍ഹി: ആഷസ് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിന് ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം യുവ്‌രാജ് സിങ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ റെഡ് ബോള്‍ ബൗളര്‍മാരിലൊരാള്‍ എന്നാണ് ബ്രോഡിനെ യുവ്‌രാജ് വിശേഷിപ്പിച്ചത്. 

To advertise here,

ബ്രോഡിന്റെ കരിയര്‍ യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും യുവ്‌രാജ് കൂട്ടിച്ചേര്‍ത്തു. 37 കാരനായ ബ്രോഡ് ഇന്ന് അവസാനിക്കുന്ന ആഷസ് ടെസ്റ്റിലൂടെ ക്രിക്കറ്റിനോട് വിടപറയും. ബ്രോഡും യുവ്‌രാജും തമ്മില്‍ വലിയൊരു റെക്കോഡിന്റെ ബന്ധമുണ്ട്. 

2007 ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ യുവ്‌രാജ് ഒരോവറില്‍ ആറുസിക്‌സടിച്ചുകൊണ്ട് ചരിത്രം കുറിച്ചിരുന്നു. അന്ന് ബ്രോഡിന്റെ ഓവറിലാണ് യുവ്‌രാജ് ആറുസിക്‌സടിച്ചത്. ആ സംഭവത്തിനുശേഷം ഇരുവരും തമ്മില്‍ മികച്ച സൗഹൃദം ഉടലെടുത്തു. ആ സംഭവത്തിനുശേഷം ബ്രോഡിന്റെ ബൗളിങ്ങിലുണ്ടായ വളര്‍ച്ച ഏവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. 

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ പേസ് ബൗളറാണ് ബ്രോഡ്. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ താരം അഞ്ചാം സ്ഥാനത്തുണ്ട്. 602 വിക്കറ്റുകളാണ് ബ്രോഡിന്റെ അക്കൗണ്ടിലുള്ളത്.