ഇന്ത്യൻ പൗരന്മാരുടെ മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പാസ്‌കോഡ് മറികടന്ന് ശേഖരിക്കാൻ ശേഷിയുള്ള ഇസ്രയേൽ നിർമിത ഡിജിറ്റൽ ഫോറൻസിക് ടൂളായ സെലിബ്രൈറ്റ് (Cellebrite) വാങ്ങാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് അനുമതി നൽകിയതായി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF). മേക്ക് ഇൻ ഇന്ത്യ നയത്തിലെ വ്യവസ്ഥകളിൽ ഇളവ് നൽകിയാണ് ഏകദേശം അഞ്ച് കോടി രൂപയുടെ ഉപകരണം വാങ്ങാൻ അനുമതി നൽകിയത്. മൂന്ന് വർഷത്തെ ലൈസൻസ് ഉൾപ്പെടെ 4,98,15,000 രൂപയാണ് പദ്ധതിയുടെ ചെലവ്.

To advertise here,

എൻഐഎയുടെ ടെൻഡർ രേഖകളിൽ ഐഫോൺ 11 മുതൽ 14 വരെയുള്ള മോഡലുകളുടെയും വിവിധ ആൻഡ്രോയിഡ് ഫോണുകളുടെയും പാസ്‌കോഡ് മറികടന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള സാങ്കേതിക ശേഷി ആവശ്യപ്പെട്ടിട്ടുണ്ട്. ചാറ്റുകൾ, ചിത്രങ്ങൾ, കോൾ വിവരങ്ങൾ, കോൺടാക്ടുകൾ, വിവിധ ആപ്പുകളിലെ ഡാറ്റ എന്നിവയുൾപ്പെടെ ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാൻ സെലിബ്രൈറ്റിന് കഴിയുമെന്നാണ് ഐഎഫ്എഫ് ചൂണ്ടിക്കാട്ടുന്നത്.

യുറ്റിയൂബറായ ധ്രുവ് റാഠിയുടെ ഫോൺ ക്ലോൺ ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചെങ്കിലും ഉപയോഗിച്ച ടൂൾ പഴയതായതിനാൽ ശ്രമം പരാജയപ്പെട്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെയും മാതാപിതാക്കളുടെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ, സെലിബ്രൈറ്റ് ഉപയോഗിച്ചാണ് ഫോൺ പരിശോധിക്കാൻ ശ്രമിച്ചതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല.

പ്രതിഷേധക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്ത സംഭവങ്ങളും ഐഎഫ്എഫ് ചൂണ്ടിക്കാട്ടുന്നു. എൻഐഎയ്ക്ക് പുറമെ കേരളം, കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസ്, ഫോറൻസിക് വിഭാഗങ്ങളും സെലിബ്രൈറ്റ് സാങ്കേതികവിദ്യ വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ കണ്ടെത്തൽ.

ഫോണുകൾ പിടിച്ചെടുക്കാനും അവയിലെ വിവരങ്ങൾ പരിശോധിക്കാനും പൊലീസിന് അധികാരം നൽകുന്ന വ്യവസ്ഥകളുണ്ടെങ്കിലും ഡിജിറ്റൽ വിവരങ്ങൾ എങ്ങനെ ശേഖരിക്കണം, എത്രകാലം സൂക്ഷിക്കണം, ആരൊക്കെ പരിശോധിക്കാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിയമപരമായ മാർഗനിർദേശങ്ങളില്ലെന്നാണ് ഐഎഫ്എഫിന്റെ പ്രധാന ആശങ്ക. ഇത്തരം പരിശോധനകൾക്ക് സ്വതന്ത്രമായ മേൽനോട്ടവും കൃത്യമായ നിയന്ത്രണങ്ങളും വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

വിവരാവകാശ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഡൽഹി പൊലീസിനോടും കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. നിരീക്ഷണത്തിനും വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്യുന്നതിനുമുള്ള സർക്കാർ അധികാരങ്ങൾ ചോദ്യം ചെയ്ത് 2019-ൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയും പരിഗണനയിലുണ്ടെന്ന് ഐഎഫ്എഫ് വ്യക്തമാക്കി.