ദുബായ്: യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ അണ്ടര്‍ 19 താരം അഭിഗ്യാന്‍ കുണ്‍ഡു. ചൊവ്വാഴ്ച അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യയ്‌ക്കെതിരായ മത്സരത്തിലായിരുന്നു 17-കാരന്‍ അഭിഗ്യാന്റെ റെക്കോഡ് പ്രകടനം.

To advertise here,

ഇതോടൊപ്പം യൂത്ത് ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും അഭിഗ്യാന്‍ സ്വന്തം പേരിലാക്കി. 14-കാരന്‍ വൈഭവ് സൂര്യവംശിയുടെ 171 റണ്‍സിന്റെ റെക്കോഡാണ് അഭിഗ്യാന്‍ മറികടന്നത്. യുഎഇക്കെതിരായ മത്സരത്തിലായിരുന്നു വൈഭവിന്റെ റെക്കോഡ് പ്രകടനം.

മലേഷ്യയ്‌ക്കെതിരേ 125 പന്തില്‍ നിന്ന് 209 റണ്‍സുമായി താരം പുറത്താകാതെ നിന്നു. ഒമ്പത് സിക്‌സും 17 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അഭിഗ്യാന്റെ ഇരട്ട സെഞ്ചുറി മികവില്‍ മലേഷ്യയ്‌ക്കെതിരേ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും സ്വന്തമാക്കി. 106 പന്തില്‍ നിന്ന് 90 റണ്‍സെടുത്ത വേദാന്ത് ത്രിവേദി, 26 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത വൈഭവ് സൂര്യവംശി എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

വൈഭവ് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ അഭിഗ്യാന്‍ 44 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ചുറിയിലെത്തിയത്. പിന്നീട് 80-ാം പന്തില്‍ സെഞ്ചുറിയിലെത്തി. 121 പന്തിലായിരുന്നു ഇരട്ട സെഞ്ചുറി. വേദാന്ത് ത്രിവേദിയുമായി ചേര്‍ന്ന് 181 പന്തില്‍ 209 റണ്‍സും, കനിഷ്‌ക് ചൗഹാനുമായി ചേര്‍ന്ന് 36 പന്തില്‍ നിന്ന് 87 റണ്‍സും അഭിഗ്യാന്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കക്കാരന്‍ ജോറിച്ച് വാന്‍ ഷാല്‍ക്വിക്കിന് ശേഷം യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് അഭിഗ്യാന്‍. വാന്‍ ഷാല്‍ക്വിക്കിന്റെ 215-ന് ശേഷം അണ്ടര്‍ 19 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇന്ത്യന്‍ താരത്തിന് സ്വന്തമായി. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും കൂടിയാണിത്.