ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ പ്രകടനങ്ങളിൽ നിരാശനാണെന്ന് മുൻ താരം യോഗ്‌രാജ് സിങ്. മത്സരത്തിൽ നേരിടുന്ന എല്ലാ പന്തുകളും സിക്സറടിക്കാനാവില്ലെന്നും ചില സമയങ്ങളിൽ പ്രതിരോധിച്ച് കളിക്കേണ്ടതുണ്ടെന്നും യോഗ്‌രാജ് പറഞ്ഞു. മനസ് മറ്റെവിടെയോ വ്യതിചലിക്കുമ്പോഴാണ് താരങ്ങൾ പരാജയപ്പെടുന്നതെന്നും യുവരാജ് സിങ്ങിന്റെ പിതാവ് കൂടിയായ യോഗ്‌രാജ് പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിൽ നിരാശപ്പെടുത്തുന്നതായിരുന്നു അഭിഷേകിന്റെ പ്രകടനം. ലോകകപ്പ് ഫൈനലിൽ അർധസെഞ്ചുറി തികച്ചെങ്കിലും തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ താരം ഡക്കായി മടങ്ങിയിരുന്നു.

To advertise here,

അച്ചടക്കത്തോടെയാണ് ക്രിക്കറ്റ് താരങ്ങൾ പെരുമാറേണ്ടത്. എവിടെയാണ് ക്രിക്കറ്റ് കളിക്കാർക്ക് തെറ്റ് സംഭവിക്കുന്നത്? പാർട്ടികൾ, പെൺകുട്ടികൾ, പണം..."- ഇൻസൈഡ്‌സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ യോഗ്‌രാജ് പറഞ്ഞു.

"ഞാൻ അഭിഷേക് ശർമയുടെ കാര്യത്തിൽ വളരെ നിരാശനാണ്. ചില സമയങ്ങളിൽ ഞാൻ അവന് സന്ദേശങ്ങൾ അയയ്ക്കാറുണ്ട്. ഈ കളിയെ നിസ്സാരമായി കാണരുതെന്ന്. അവൻ എപ്പോഴും ശരിയെന്ന് മറുപടി നൽകും. കളിയിൽ സിംഗിൾ, ഡബിൾ, ബൗണ്ടറി എന്നിവയെല്ലാമുണ്ട്. എല്ലായിപ്പോഴും നിങ്ങൾക്ക് സിക്സറടിക്കാനാവില്ല. നിങ്ങൾ പരാജയപ്പെടും," യോഗ്‌രാജ് പറഞ്ഞു.

"മനസ്സ് മറ്റെവിടെയോ ആയതുകൊണ്ടാണ് നിങ്ങൾ പരാജയപ്പെടുന്നത്. ശുഭ്മാൻ ഗില്ലിനും അഭിഷേകിനും എന്താണ് സംഭവിക്കുന്നത്? നിങ്ങളുടെ മനസ്സ് മറ്റെവിടെയോ വ്യതിചലിക്കുമ്പോഴാണ് പരാജയം സംഭവിക്കുന്നത്. അതുതന്നെയാണ് അഭിഷേകിനും സംഭവിക്കുന്നത്. അവൻ റീലുകൾ ചെയ്ത് നടക്കുന്നു. അതവന്റെ ജോലിയല്ല. അവൻ രാത്രി 9 മണിക്ക് ഉറങ്ങി രാവിലെ 5 മണിക്ക് എഴുന്നേൽക്കണം. ആയിരം പന്തുകൾ കളിക്കുകയും വേണം,"- യോഗ്‌രാജ് കൂട്ടിച്ചേർത്തു.

അർജുൻ തെണ്ടുൽക്കർ ലഖ്നൗ ടീമിന്റെ ആദ്യപതിനൊന്നിൽ ഇടംപിടിക്കില്ലെന്ന മുൻ താരം രവിചന്ദ്രൻ അശ്വിന്റെ പ്രതികരണത്തിനും യോഗ്‌രാജ് മറുപടി നൽകി. അയാൾ പറയുന്നതൊക്കെ വിഡ്ഢിത്തമാണ്. ഈ അശ്വിൻ, ആരാണെങ്കിലും ശരി. ഒരാളെക്കുറിച്ച് എന്ത് സംസാരിക്കണമെന്ന് അയാൾക്ക് അറിയണം. ആരോ ഒരാൾ ടെലിവിഷനിൽ ഇരുന്നുകൊണ്ട് പറയുന്നു, 'അയാൾക്ക് ഇത് ചെയ്യാൻ കഴിയില്ല, അയാൾക്ക് അത് ചെയ്യാൻ കഴിയില്ല.' നിങ്ങളൊക്കെ ആരാണ് സഹോദരാ? - യോഗ്‌രാജ് പറഞ്ഞു.