വാഷിങ്ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ചരിത്രവിജയത്തിലേക്ക്. നിലവിലെ ഫലസൂചനകൾ പ്രകാരം യു.എസ്. കോൺഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുക്കും. സെനറ്റിലും ഡെമോക്രാറ്റുകൾ വ്യക്തമായ മേധാവിത്വം നേടുന്നതോടെ വാഷിങ്ടണിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ടേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
ടെക്സസിൽ ദശാബ്ദങ്ങൾക്കുശേഷം ഡെമോക്രാറ്റുകൾ നേട്ടം കൊയ്തതും ഒഹായോ ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ കോട്ടകളിൽ വിജയം നേടിയതും തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് തരംഗത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെടുന്നത് പ്രസിഡന്റ് ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലയളവിന് വലിയ വെല്ലുവിളി ഉയർത്തും. മാത്രമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിനെതന്നെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഒപ്പം യു.എസിന്റെ വിദേശനയം, ഇറാൻ യുദ്ധം, ആഗോള താരിഫുകൾ, എണ്ണവില എന്നിവയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.
അമേരിക്കയിലെ പുതിയ രാഷ്ട്രീയചിത്രം
ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ പുറത്തുവന്ന ഔദ്യോഗിക ഫലസൂചനകൾ പ്രകാരം ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ കേവലഭൂരിപക്ഷം ഉറപ്പിച്ചു. ആകെ 435 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 196 സീറ്റുകൾ നേടി ഡെമോക്രാറ്റുകൾ ഭൂരിപക്ഷം ഉറപ്പാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് 107 സീറ്റുകളാണ് ലഭിച്ചത്. 100 അംഗ സെനറ്റിൽ 53 സീറ്റുമായി ഡെമോക്രാറ്റുകൾ നിർണായക ഭൂരിപക്ഷം നേടി. 41 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടിയും മുന്നേറുന്നു. റിപ്പബ്ലിക്കൻ കോട്ടയായ ടെക്സസ് സെനറ്റ് സീറ്റിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജെയിംസ് തലരിക്കോ (James Talarico) വിജയം നേടി. കഴിഞ്ഞ 38 വർഷത്തിനിടെ ആദ്യമായാണ് ടെക്സസിൽനിന്ന് ഒരു ഡെമോക്രാറ്റ് സെനറ്റിലെത്തുന്നത്.
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ, താൻ മത്സരരംഗത്ത് ഇല്ലാതിരുന്നതാണ് പരാജയത്തിന് കാരണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘ഞാൻ ബാലറ്റിൽ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ വമ്പൻ വിജയം നേടുമായിരുന്നു’ എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാൽ, ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ‘ഞങ്ങൾ അവരുമായി ചേർന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒരു സമവായത്തിൽ എത്താൻ സാധിക്കും’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് നേരിട്ടേക്കാവുന്ന ആഭ്യന്തര രാഷ്ട്രീയ വെല്ലുവിളികൾ
തിരഞ്ഞെടുപ്പ് ഫലങ്ങൾ ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭ പിടിച്ചെടുക്കുകയും സെനറ്റിൽ വമ്പൻ നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിക്കുന്നതോടെ ട്രംപിന്റെ രാഷ്ട്രീയ ആധിപത്യത്തിന് കനത്ത തിരിച്ചടിയേൽക്കും. ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് മേൽ ശക്തമായ പരിശോധന കൊണ്ടുവരാൻ യു.എസ്. കോൺഗ്രസിന് സാധിക്കും. ജനപ്രതിനിധി സഭയുടെ നിയന്ത്രണം ലഭിക്കുന്നതോടെ ട്രംപ് ഭരണകൂടത്തിനെതിരേ അന്വേഷണം നടത്താൻ ഡെമോക്രാറ്റുകൾക്ക് അധികാരം ലഭിക്കും. വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയശേഷം ട്രംപും കുടുംബവും നടത്തിയ ബിസിനസ് ഇടപാടുകൾ, കോർപ്പറേറ്റ് അഴിമതികൾ, വിവാദപരമായ കുടിയേറ്റ നയങ്ങൾ എന്നിവയിൽ ശക്തമായ അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ട്രംപിനെ മൂന്നാമതും ഇംപീച്ച് ചെയ്യാൻ ഡെമോക്രാറ്റുകൾ നീക്കം നടത്തിയേക്കാമെങ്കിലും കാബിനറ്റ് സെക്രട്ടറിമാരെ ലക്ഷ്യമിടാനാണ് സാധ്യത കൂടുതൽ. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉൾപ്പെടെയുള്ള കാബിനറ്റ് അംഗങ്ങളെ വിചാരണ ചെയ്യാനും ചോദ്യം ചെയ്യാനും ഡെമോക്രാറ്റുകൾ ലക്ഷ്യമിടുന്നതായി ഇതിനകം റിപ്പോർട്ടുകളുണ്ട്. ഡെമോക്രാറ്റുകൾ പാസാക്കുന്ന ബില്ലുകളെ തടയാൻ ട്രംപിന് വീറ്റോ അധികാരം ഉപയോഗിക്കാൻ സാധിക്കും. പക്ഷേ, പുതിയ നിയമങ്ങൾ നിർമിക്കുന്നതിനും സർക്കാരിന് ഫണ്ട് അനുവദിക്കുന്നതിനും പ്രതിപക്ഷത്തിന്റെ സഹായം ട്രംപിന് അനിവാര്യമായി വരും. അത് മുന്നിൽക്കണ്ടാകണം പ്രതിപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞതും.
വിദേശനയത്തിലും ആഗോള രാഷ്ട്രീയത്തിലും മാറ്റം പ്രതീക്ഷിക്കാം
യു.എസ്. ഭരണഘടനയനുസരിച്ച് സൈനിക തീരുമാനങ്ങളിലും വിദേശകാര്യങ്ങളിലും പ്രസിഡന്റിന് വിശാലമായ അധികാരമുണ്ട്. പക്ഷേ, ബജറ്റ് അനുവദിക്കുന്നതും നിയമനിർമാണങ്ങൾ നടത്തുന്നതും കോൺഗ്രസാണ്. ട്രംപിന്റെ ഏകപക്ഷീയമായ വിദേശനയങ്ങളെയും സൈനിക തീരുമാനങ്ങളെയും കോൺഗ്രസ് കമ്മിറ്റികൾ വഴി ചോദ്യം ചെയ്യാനും അന്വേഷിക്കാനും ഡെമോക്രാറ്റുകൾക്ക് സാധിക്കും. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം മൂലം അകന്നുപോയ യൂറോപ്യൻ യൂണിയൻ, നാറ്റോ സഖ്യരാജ്യങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് ട്രംപ് ഭരണകൂടത്തിന് മേൽ ശക്തമായ സമ്മർദം ചെലുത്തും. ഇറാനിൽ ട്രംപ് ആരംഭിച്ച യുദ്ധത്തെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് തീരുമാനിക്കാൻ സാധ്യതയുണ്ട്. യുദ്ധാവശ്യങ്ങൾക്കുള്ള അധിക സാമ്പത്തിക സഹായങ്ങൾ തടയാൻ ജനപ്രതിനിധി സഭ വഴി ഡെമോക്രാറ്റുകൾക്ക് സാധിക്കും.
മിഡിൽ ഈസ്റ്റ് യുദ്ധം കാരണം അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയർന്നത് ജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ടാക്കിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണമായി എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതിനാൽ യുദ്ധം തുടരുന്നതിന് പകരം നയതന്ത്ര ചർച്ചകളിലൂടെ സമാധാനം കൊണ്ടുവരാൻ ട്രംപ് നിർബന്ധിതനായേക്കും. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾക്കെതിരെ ട്രംപ് ചുമത്തിയ ഉയർന്ന ഇറക്കുമതി താരിഫ് അമേരിക്കയിൽ പണപ്പെരുപ്പത്തിനും ഉൽപന്ന വിലവർധനയ്ക്കും ഇടയാക്കി. കോൺഗ്രസിന്റെ പിന്തുണയില്ലാതെ ഏകപക്ഷീയമായി പുതിയ താരിഫുകളും വ്യാപാര യുദ്ധങ്ങളും പ്രഖ്യാപിക്കുന്നത് ട്രംപിന് എളുപ്പമാവില്ല. നിലവിലെ താരിഫുകളിൽ ഭാഗികമായി ഇളവുകൾ നൽകാനും മറ്റ് രാജ്യങ്ങളുമായി ധാരണയിലെത്താനും ഭരണകൂടം തയ്യാറായേക്കും.
ഇറാൻ യുദ്ധഭീതിയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. കോൺഗ്രസിന്റെ സമ്മർദം മൂലം യുദ്ധത്തിൽ അയവ് വരുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്താൽ ആഗോള വിപണിയിൽ എണ്ണവില കുറയാൻ സാധ്യതയുണ്ട്. നയതന്ത്ര ശ്രമങ്ങൾ വിജയിക്കുന്നതോടെ എണ്ണ വിതരണ ശൃംഖല പൂർവസ്ഥിതിയിലാകുന്നത് ആഗോള സാമ്പത്തിക മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.
Content Highlights: Democrats secured a historic victory in the 2026 US midterm elections by capturing control of the House of Representatives and Senate, dealing a significant political setback to President Donald Trump.
Published: 04 Nov 2026, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented