മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ റെക്കോഡ് കുതിപ്പുമായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. സ്‌പെയിനിലെ എസ്റ്റാഡിയോ ഡി ലാ സെറാമിക്കയിൽ നടന്ന പോരാട്ടത്തിൽ വിയ്യാറയലിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത പിഎസ്ജി, തകർപ്പൻ ജയം കുറിച്ചു. മത്സരത്തിന്റെ ആദ്യ 17 മിനിറ്റിനുള്ളിൽ തന്നെ നാല് ഗോളുകൾ അടിച്ചുകൂട്ടിയ പിഎസ്ജി, യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നാല് ഗോളുകൾ നേടുന്ന ടീമെന്ന റെക്കോഡും തൂക്കി. 16 മിനിറ്റും രണ്ട് സെക്കൻഡും കൊണ്ടാണ് പിഎസ്ജി നാല് ഗോളുകൾ സ്‌കോർ ചെയ്തത്. 2011-ൽ ഡൈനാമോ സാഗ്രെബിനെതിരെ 20 മിനിറ്റിൽ നാല് ഗോളുകൾ നേടിയ റയൽ മാഡ്രിഡിന്റെ റെക്കോഡാണ് പിഎസ്ജി തിരുത്തിയത്.

To advertise here,

ഒമ്പതാം മിനിറ്റിൽ ജാവോ നെവസിലൂടെയാണ് പിഎസ്ജി ഗോൾവേട്ട ആരംഭിച്ചത്. തുടർന്ന് എട്ട് മിനിറ്റിനുള്ളിൽ ഡെസിറെ ഡുവെ, സെന്നി മായുലു, ഫാബിയാൻ റൂയിസ് എന്നിവർ കൂടി ഗോൾ കണ്ടെത്തിയതോടെ ആദ്യ 17 മിനിറ്റിൽ തന്നെ പിഎസ്ജി 4-0 ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫാബിയൻ റൂയിസ് തന്റ രണ്ടാം ഗോളിലൂടെ ലീഡ് 5-0 ആക്കി ഉയർത്തി. തുടർന്ന് അഷ്രഫ് ഹക്കീമിക്ക് പകരക്കാരനായി കളത്തിലിറങ്ങിയ 17 വയസുകാരൻ ഡേവിഡ് ബോളി, തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റ മത്സരത്തിൽ തന്നെ സ്‌കോർ ചെയ്തു.

പ്രധാന താരങ്ങളായ ഖ്വിച്ച് വാരത്‌സ്‌ഹേലിയ, ഒസ്മാനെ ഡെംബലെ, മാർക്വിന്യോസ്, ന്യൂനോ മെൻഡസ് എന്നിവർ പരിക്ക് കാരണം പുറത്തിരുന്നിട്ടും മികച്ച പ്രകടനമാണ് പിഎസ്ജി കാഴ്ചവെച്ചത്. എല്ലാ ടൂർണമെന്റുകളിലുമായി തുടർച്ചയായ 10-ാം വിജയമാണ് ഫ്രഞ്ച് ക്ലബ്ബ് സ്വന്തമാക്കിയത്. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് 12 പോയിന്റോടെ പൂർണ ആധിപത്യം പുലർത്തുന്ന ഏക ടീമും പിഎസ്ജിയാണ്. ഈ നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നായി 20 ഗോളുകളാണ് ലൂയിസ് എൻ​റിക്വെയുടെ ടീം അടിച്ചുകൂട്ടിയത്.

അതേസമയം, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു സ്പാനിഷ് ക്ലബ്ബ് സ്വന്തം മൈതാനത്ത് നേരിടുന്ന ഏറ്റവും വലിയ തോൽവിയാണ് വിയ്യാറയൽ വഴങ്ങിയത്. ഈ സീസണിൽ കളിച്ച നാല് യൂറോപ്യൻ മത്സരങ്ങളിൽ മൂന്നിലും അവർ പരാജയപ്പെട്ടു.