ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഗൗതം ഗംഭീറിനെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റാൻ ബിസിസിഐ നീക്കം നടത്തിയതായി റിപ്പോർട്ട്. മുൻ താരം വി.വി.എസ് ലക്ഷ്മണിനെ ഗംഭീറിന് പകരം ടെസ്റ്റ് ടീം പരിശീലകനാക്കാനാണ് ക്രിക്കറ്റ് ബോർഡ് ആലോചിച്ചിരുന്നതെന്നുമാണ് പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നത്. വൈറ്റ് ബോൾ ഫോർമാറ്റിൽ മികച്ച പ്രകടനം നടത്തുമ്പോഴും ടെസ്റ്റിൽ ദയനീയമാണ് ഇന്ത്യൻ ടീമിന്റെ പ്രകടനം. ആ പശ്ചാത്തലത്തിലാണ് ലക്ഷ്മണിനെ ബിസിസഐ സമീപിച്ചതെന്നാണ് വിവരം.
ന്യൂസീലൻഡിനെതിരെ 3-0ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയെ സ്വന്തം മണ്ണിൽ തകർത്തത്. രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക 2-0ന് പരമ്പര തൂത്തുവാരിയത്. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവികൂടിയാണ് രണ്ടാം ടെസ്റ്റിൽ ഗുവാഹാട്ടിയിൽ ഉണ്ടായത്. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി ഇതിനുമുമ്പ് 2004-ൽ ഓസ്‌ട്രേലിയയോടായിരുന്നു. ഈ കനത്ത തോൽവിക്ക് പിന്നാലെയാണ് റെഡ്ബോൾ ഫോർമാറ്റിൽ ഗംഭീറിനെ മാറ്റാൻ ബിസിസിഐ ആലോചിച്ചത്. എന്നാൽ ലക്ഷ്മൺ ഓഫർ നിരസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരുവിൽ സെന്റർ ഓഫ് എക്സലൻസ് അക്കാദമിയിൽ ഹെഡ് ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്നതിൽ തൃപ്തനാണെന്ന് അദ്ദേഹം അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.
2027 ഏകദിന ലോകകപ്പ് വരെ ഗംഭീറിന് കരാറുണ്ട്. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ ഗംഭീറിന്റെ കീഴിൽ ടീം മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എന്നാൽ ടെസ്റ്റ് പരമ്പരകളിലെ തോൽവിയാണ് ബിസിസിഐയെ മാറിചിന്തിപ്പിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ടീമിന്റെ പ്രകടനം ഗംഭീറിന് നിർണായകമാണ്. ടൂർണമെന്റിൽ ഇന്ത്യയുടെ പ്രകടനം തൃപ്തികരമായില്ലെങ്കിൽ പരിശീലകസ്ഥാനം തെറിച്ചേക്കും. അതേസമയം ടെസ്റ്റിൽ മാത്രം മറ്റൊരാളെ പരിശീലകനാക്കാനാണ് ബോർഡിന്റെ ആലോചനയെന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഒൻപത് ടെസ്റ്റുകൾ ബാക്കിയുണ്ട്.നിലവിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.
അതേസമയം റിപ്പോർട്ടുകൾ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ നിഷേധിച്ചു. "ഇത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. പ്രമുഖ വാർത്താ ഏജൻസികളടക്കം ഇത് നൽകുന്നുണ്ട്. ഇതിൽ യാതൊരു വസ്തുതയുമില്ല. ബിസിസിഐ ഇത് നിഷേധിക്കുന്നു. ആളുകൾക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാം, പക്ഷെ ബിസിസിഐ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ആരുടെയോ ഭാവനയാണ്. ഇത് വസ്തുതാപരമായി തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ വാർത്തയാണെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ," സൈക്കിയ പറഞ്ഞു.
Content Highlights: VVS Laxman To Replace Gautam Gambhir As India Head Coach bcci response
Published: 28 Dec 2025, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented