
ലോകകപ്പ് വിജയിച്ച ടീമിലും ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ടീമിലും അംഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സഞ്ജു സാംസൺ. ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യ-പാക് മത്സരശേഷം സംസാരിക്കുകയായിരുന്നു സഞ്ജു. കിട്ടിയതെല്ലാം സന്തോഷമാണെന്നും തനിക്ക് വലിയ അത്യാഗ്രഹങ്ങളില്ലെന്നും ഏറ്റവും വലിയ സന്തോഷവുമായാണ് വീട്ടിൽപ്പോകുന്നതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
? ഏഷ്യൻ ഗെയിംസ് സ്വർണം നേടിയതിനെ എങ്ങനെ കാണുന്നു
- രാജ്യത്തിനുവേണ്ടി സ്വർണം നേടാനായതിൽ സന്തോഷം. നമ്മുടെ രണ്ടു മത്സരങ്ങളേ ഇവിടെ നടന്നുള്ളൂ. രണ്ടിലും സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. മത്സരം അവസാനനിമിഷം കടുത്തതായി. അവർ നന്നായി കളിച്ചു. സ്വർണം വെറുതേ കിട്ടിയതായി തോന്നുന്നില്ല. പാടുപെട്ടു കിട്ടിയതാണ്. അതിന്റെ സന്തോഷം കുറച്ചു കൂടുതലാണ്.
? അവസാനനിമിഷങ്ങൾ അടുക്കുന്തോറും മത്സരം കടുത്തതായി വന്നില്ലേ
- അവസാനനിമിഷങ്ങളിൽ കളി എങ്ങോട്ടുവേണമെങ്കിലും മാറാമെന്ന അവസ്ഥയിലായിരുന്നു. നല്ല വിക്കറ്റായിരുന്നു. രണ്ടു ടീമുകളും ചേർന്ന് നാനൂറ് റൺസിലേറെ അടിച്ചു. ആദ്യമത്സരത്തിൽ വേറെ വിക്കറ്റായിരുന്നു. ഈ മത്സരത്തിൽ ഇത്തരത്തിലുള്ള വിക്കറ്റ് പ്രതീക്ഷിച്ചില്ല. ഇന്ത്യയുടെ ടീം ടോട്ടൽ നന്നായിവന്നു.
? ബാറ്റുചെയ്തപ്പോൾ സഞ്ജുവിന് ഇത്തവണ ശോഭിക്കാനായില്ലല്ലോ
- ആദ്യം ബാറ്റുചെയ്യുമ്പോൾ സമയമെടുക്കാതെ കൂടുതൽ റൺസ് നേടാനാണു നോക്കുന്നത്. ചിലപ്പോൾ നന്നായി റൺസ് വരും, ചിലപ്പോൾ പെട്ടെന്ന് ഔട്ടാകും. അടിച്ച ഓരോ റൺസും അന്തിമവിശകലനത്തിൽ ഏറെ പ്രധാനപ്പെട്ടതായി. നമ്മുടേത് കുറച്ചു റൺസ് കുറവായിരുന്നെങ്കിൽ ഒരുപക്ഷേ, അവർ കുറച്ചുകൂടി സമയമെടുത്ത് കളിച്ച് മത്സരം കൂടുതൽ കടുത്തതാവുമായിരുന്നു. ഓരോ റൺസും പ്രധാനമായിരുന്നു. ഓരോ ബൗളറും മികച്ചരീതിയിൽ പന്തെറിഞ്ഞു. അനുഭവപരിചയമുള്ള ടീമായിരുന്നു ഇന്ത്യയുടേത്.
? ജപ്പാനിൽ ഇതിനുമുൻപ് വന്നിട്ടുണ്ടോ. എങ്ങനെയുണ്ടായിരുന്നു ഇവിടത്തെ അനുഭവം
- ആദ്യമായാണ് ജപ്പാനിൽ വരുന്നത്. മികച്ച അനുഭവമായിരുന്നു. മികച്ച രാജ്യമാണ്, നല്ല ആളുകളാണ്. ക്രിക്കറ്റിന് മികച്ച സാധ്യതയുള്ള സ്ഥലമാണെന്നു തോന്നുന്നു.
Content Highlights: Sanju Samson expresses joy over winning both the World Cup and Asian Games gold medal., Reflects on the tough final match against Pakistan and the challenging pitch conditions., Discusses his batting performance and the importance of every single run in the game., Shares his first-time positive experience visiting Japan and its potential for cricket.
Published: 04 Oct 2026, 07:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented