മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ വിജയിച്ചതിന് പിന്നാലെ ഇന്ത്യയുടെ മുൻതാരം എം.എസ് ധോനിയുടെ വാക്കുകൾ ഓർത്തെടുത്ത് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്. 'നിങ്ങൾ കരുതുന്നതിനേക്കാൾ കൂടുതൽ സമയം നിങ്ങളുടെ കൈവശമുണ്ട്' എന്ന ധോനിയുടെ ഉപദേശം ക്ഷമയോടെ പിന്തുടരാനും അന്തിമലക്ഷ്യം ചെറിയ ഘട്ടങ്ങളായി തിരിച്ച് ആസൂത്രണം ചെയ്ത് വിജയം പിന്തുടരാനും സഹായിച്ചതായി ഹോപ്പ് പറഞ്ഞു. ഇന്ത്യക്കെതിരെ പുറത്താകാതെ 162 റൺസ് നേടിയ ഹോപ്പ് വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

To advertise here,

ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യം മറികടന്ന് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസാണ് സ്വന്തമാക്കിയത്. ഇത് ടീമിന് വലിയ ആത്മവിശ്വാസം നൽകി. 50 ഓവർ വിക്കറ്റ് കാക്കുകയും, ഇന്നിങ്‌സ് ഓപ്പൺ ചെയ്യുകയും, പരിക്കിനെ ചെറുക്കുകയും ചെയ്തുകൊണ്ട് മികച്ച സെഞ്ചുറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ച ഷായ് ഹോപ്പ് തന്നെയായിരുന്നു കളിയിലെ താരം.

'വലിയ സ്‌കോറുകൾ പിന്തുടരുക ഇന്ത്യയിൽ എപ്പോഴും എളുപ്പമുള്ള കാര്യമാണ്. പ്രത്യേകിച്ച് മഞ്ഞുവീഴ്ച്ചയുള്ളപ്പോൾ. വിജയം നേടിയതിൽ സന്തോഷമുണ്ട്. പരിക്കൊന്നും അലട്ടിയില്ല. ഇതിഹാസ താരം എംഎസ് ധോനിയുമായി പണ്ട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്. അതാണ് നടപ്പിലാക്കിയത്. ഞങ്ങൾ കരുതുന്നതിനേക്കാൾ കൂടുതൽ സമയം ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. അതിനാൽ ഞങ്ങൾ ലക്ഷ്യത്തെ ചെറിയ ഘട്ടങ്ങളായി തിരിച്ച് പിന്തുടരാൻ ശ്രമിച്ചു.

ഓവർ റേറ്റ് പെനാൽറ്റി കാരണം ഇന്ത്യയ്ക്ക് ഫീൽഡർമാരെ ഉള്ളിലേക്ക് കൊണ്ടുവരേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ ഞാൻ ക്ഷമയോടെ നിന്നു. ഞങ്ങൾ ചില സമയങ്ങളിൽ വളരെ മികച്ച ക്രിക്കറ്റ് കളിച്ചു എന്ന് ഞാൻ കരുതുന്നു. ബാറ്റ്‌സ്മാന്മാർ വളരെ നന്നായി ചെയ്തു. ഞങ്ങൾ സ്ഥിരത പുലർത്താൻ ആഗ്രഹിച്ചിരുന്നു, ബാറ്റ്‌സ്മാന്മാർ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവക്കുകയും ചെയ്തു. ബൗളിങ് നിരയുടെ കാര്യത്തിൽ, ഭാവിയിൽ കൂടുതൽ മെച്ചപ്പെടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'-ഷായ് ഹോപ് വ്യക്തമാക്കി.