ഗോളിലെ ചിത്രം പൂർത്തിയായി, ഇനി കണ്ണുകളെല്ലാം കൊളംബോയിലാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഞായറാഴ്ച തുടക്കമാവുകയാണ്. ഒന്നാം ടെസ്റ്റിലെതെന്ന പോലെ ജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റിൽ 165 റൺസിനാണ് ഇന്ത്യ ലങ്കയെ കെട്ടുകെട്ടിച്ചത്. മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ജയം കൂടിയേ തീരൂ ഇന്ത്യയ്ക്ക്. മറുവശത്ത് വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് തന്ത്രങ്ങൾ മെനയുകയാണ് ലങ്ക. പിച്ച് മുതൽ ടീമിൽ വരെ അടിമുടി മാറ്റങ്ങളുമായി ഇന്ത്യയെ വീഴ്ത്താനാണ് ആതിഥേയരുടെ പദ്ധതി.
രണ്ടാം ടെസ്റ്റിൽ വിജയം ലക്ഷ്യമിട്ട് പുതുമുഖ ബാറ്റർ കാമിൽ മിഷാര, ഓൾറൗണ്ടർ സഹാൻ അരാചികെ എന്നിവരെയാണ് ടീമിലുൾപ്പെടുത്തിയത്. നിഷാൻ മദുഷ്‌കയും രമേശ് മെൻഡിസും പുറത്തിരിക്കും. ഇടങ്കയ്യൻ ബാറ്ററായ കാമിൽ മിഷാര അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. ലാഹിരു ഉദാരയ്‌ക്കൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങാനാണ് സാധ്യത. ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർമാരായ മാനവ് സുതാറിനേയും രവീന്ദ്ര ജഡേജയേയും നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതുമുഖ താരത്തെ ടീമിലെടുത്തിരിക്കുന്നത്.
ഓഫ് സ്പിന്നറും ബാറ്ററുമായ അരാചികെ ലങ്കൻ പ്രീമിയർ ലീഗിലും ഇന്ത്യ എ ടീമിനെതിരേയുള്ള പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4365 റൺസും 63 വിക്കറ്റുകളും അരാചികെയുടെ പേരിലുണ്ട്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമൽ രണ്ടാം ടെസ്റ്റിനുണ്ടാകില്ല. പകരം പസിന്ദു സൂര്യബണ്ഡാര ടീമിൽ തുടരും.
ടീമിൽ മാത്രമല്ല, പിച്ചിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായേക്കാം. സ്പിന്നിനെതിരെയുള്ള ഇന്ത്യൻ ബാറ്റിങ് നിരയുടെ ബലഹീനത മുതലെടുക്കാൻ പൂർണമായും സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ഒരുക്കാനാണ് ശ്രീലങ്കയ്ക്ക് താത്പര്യം. അല്ലെങ്കിൽ ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുകൂലമായ ഗോളിലെ പിച്ചിന് സമാനമായ പിച്ചൊരുക്കും. സ്പിന്നിനെ അമിതമായി പിന്തുണയ്ക്കുന്ന പിച്ചൊരുക്കിയാൽ അത് തങ്ങൾക്ക് തന്നെ തിരിച്ചടിയായേക്കാം എന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതരുടെ വിലയിരുത്തൽ. ദിനേശ് ചണ്ഡിമൽ, കുശാൽ മെൻഡിസ്, പതും നിസ്സങ്ക തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാരുടെ അഭാവത്തിലാണ് ലങ്കൻ നിര ഇപ്പോൾ കളിക്കുന്നത്. അതിനാൽ തങ്ങളുടെ യുവ ബാറ്റ്‌സ്മാൻമാർക്ക് മികച്ച പ്രകടനം നടത്താൻ അവസരമൊരുക്കുന്ന സാധാരണ നിലയിലുള്ള പിച്ച് ആവശ്യമാണെന്നും ലങ്ക വിലയിരുത്തുന്നു.
ഒരുകാലത്ത് സിംഹളീസ് സ്‌പോർട്‌സ് ക്ലബ്ബ് ബാറ്റർമാരുടെ പറുദീസയും ശ്രീലങ്കയുടെ ശക്തമായ കോട്ടയുമായിരുന്നു. 1999-2009 കാലഘട്ടത്തിൽ ഇവിടെ കളിച്ച 12 ടെസ്റ്റുകളിൽ ആറെണ്ണത്തിൽ ജയിച്ച ലങ്ക ശേഷിച്ചവ സമനിലയിലാക്കിയിരുന്നു. കുമാർ സംഗക്കാരയും മഹേല ജയവർധനെയും റൺസ് അടിച്ചുകൂട്ടുകയും ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ നയിച്ച ബൗളിങ് നിര എതിരാളികളെ വരിഞ്ഞുമുറുക്കുകയും ചെയ്യുന്നതായിരുന്നു അന്നത്തെ തന്ത്രം. എന്നാൽ ഇതിഹാസ താരങ്ങളുടെ വിരമിക്കലിന് ശേഷം ഈ പിച്ചിന്റെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായി. പിന്നീട് ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ലങ്കയ്ക്ക് ജയിക്കാനായത്. നാലെണ്ണത്തിൽ പരാജയപ്പെട്ടു.
ഗോൾ ടെസ്റ്റിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ പോയന്റ് ശതമാനം വർധിപ്പിക്കാനായെങ്കിലും പട്ടികയിൽ ബംഗ്ലാദേശിനെ മറികടക്കാൻ ഇന്ത്യക്കായിട്ടില്ല. നേരത്തേ 48.15 പോയന്റ് ശതമാനമാണ് ഉണ്ടായിരുന്നതെങ്കിൽ ലങ്കയ്‌ക്കെതിരായ ജയത്തോടെ അത് 53.33 ആയി ഉയർന്നു. എന്നാൽ പട്ടികയിലെ സ്ഥാനത്തിൽ മാറ്റമില്ല. അഞ്ചാം സ്ഥാനത്തുതന്നെ തുടരുകയാണ് ഇന്ത്യ. 10 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും നാല് തോൽവിയും ഒരു സമനിലയുമായി 64 പോയന്റാണുള്ളത്. ഇന്ത്യക്കെതിരേ പരാജയപ്പെട്ടതോടെ ലങ്കയുടെ പോയന്റ് ശതമാനം 33.33 ലേക്ക് കൂപ്പുകുത്തി. പട്ടികയിൽ ആറാമതാണ് ലങ്ക. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ വരാനിരിക്കുന്ന മത്സരങ്ങൾ നിർണായകമാണ്.
അരയും തലയും മുറുക്കിയെത്തുന്ന ലങ്കയെ നേരിടാനെത്തുമ്പോൾ ഇന്ത്യൻ നിരയിലും മാറ്റങ്ങൾ ഉറപ്പാണ്. പ്രധാനമായും മൂന്ന് മാറ്റങ്ങൾക്കാണ് സാധ്യത. സ്പിന്നർ കുൽദീപിന് പകരം അരങ്ങേറ്റം കാത്തുനിൽക്കുന്ന 33-കാരൻ സാരാംശ് ജെയിനിന് നറുക്ക് വീണേക്കും. ആദ്യ ടെസ്റ്റിൽ പ്രതീക്ഷയ്ക്കൊത്തുയരുന്ന പ്രകടനം കുൽദീപിന്റെ ഭാഗത്തുനിന്നുണ്ടായില്ല.രണ്ട് ഇന്നിങ്‌സുകളിൽ നിന്നുമായി ആകെ കുൽദീപെറിഞ്ഞത് 25 ഓവറുകൾ മാത്രമാണ്. നേടിയതാകട്ടെ ഒരു വിക്കറ്റ്. അതിനാൽ കുൽദീപിനെ കൊളംബോ ടെസ്റ്റിൽ കളിപ്പിക്കാനിടയില്ല. കുൽദീപിനെ കളിപ്പിക്കുന്നതിനെതിരേ വൻ വിമർശനങ്ങളുയരുന്നുണ്ട്. പകരം സാരാംശ് ജയിൻ ആദ്യ പതിനൊന്നിൽ ഇടംപിടിച്ചേക്കും. ആറാം നമ്പറിൽ ധ്രുവ് ജുറെലിനെ നിലനിർത്തുമോ സർഫറാസ് ഖാനെ കൊണ്ടുവരുമോ എന്ന കാത്തിരിപ്പുണ്ട്. ആദ്യ ഇന്നിങ്‌സിൽ ജുറെൽ അർധസെഞ്ചുറി നേടിയെങ്കിലും രണ്ടാമിന്നിങ്‌സിൽ താരം നിരാശപ്പെടുത്തി. അതിനാൽ സർഫറാസ് ടീമിലെത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മാത്രമല്ല, പേസ് നിരയിൽ സിറാജിനോ പ്രസിദ്ധ് കൃഷ്ണയ്‌ക്കോ പകരം ഗുർണൂർ ബ്രാറും ടീമിലെത്തിയേക്കാം. ഏതായാലും ഇന്ത്യയും കണക്കുകൂട്ടുകയാണ്. ലങ്കയുടെ തന്ത്രങ്ങൾക്ക് മറുതന്ത്രമൊരുക്കാൻ ഗില്ലും സംഘവും സെറ്റാണ്. മൈതാനത്ത് അത് നടപ്പിലാക്കുമോ എന്നാണ് കാണേണ്ടത്.
Content Highlights: India aims for a series sweep against Sri Lanka in the second Test at Colombo., Sri Lanka makes strategic squad changes including Kamindu Mendis and Sahan Arachchige., India considers tactical changes with Saransh Jain and potentially Sarfaraz Khan
Published: 22 Aug 2026, 03:37 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented