33 വയസ്സ്. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് പലപ്പോഴും കരിയറിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന പ്രായം. പലരും വിരമിക്കലിനെക്കുറിച്ച് പോലും ചിന്തിച്ചു തുടങ്ങുന്ന സമയം. പക്ഷേ മധ്യപ്രദേശിന്റെ ഓൾറൗണ്ടർ സാരാംശ് ജെയിൻ, അതേ 33-ാം വയസ്സിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കാനുള്ള കാത്തിരിപ്പിലാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സാരാംശിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചാൽ, അത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവമായൊരു അരങ്ങേറ്റമാകും. 1993 മാർച്ച് 31നാണ് സാരാംശ് ജനിച്ചത്. മധ്യപ്രദേശിനായി രഞ്ജി കളിച്ച അച്ഛൻ സുബോധ് ജെയിന്റെ പാത പിന്തുടർന്നായിരുന്നു സാരാംശും ക്രിക്കറ്റിലേക്കെത്തിയത്. ഇന്ത്യ കളിക്കാൻ കഴിയാതെ പോയ ആ അച്ഛന്റെ സ്വപ്നം ഒടുവിൽ മകനിലൂടെ യാഥാർഥ്യമാകുന്നു. ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്ന ഓഗസ്റ്റ് 15ന് സാരാംശിന് പ്രായം 33 വയസ്സും 137 ദിവസവും. അന്ന് അരങ്ങേറ്റം സംഭവിച്ചാൽ, ഇന്ത്യയ്ക്കായി ടെസ്റ്റ് ക്യാപ്പണിയുന്ന 11-ാമത്തെ പ്രായം കൂടിയ താരമായി സാരാംശ് മാറും.

To advertise here,