ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന വിരാട് കോലിയും പരിശീലകനായിരുന്ന അനില്‍ കുംബ്ലെയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി മുന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയുടെ പുസ്തകരത്തില്‍ പരാമര്‍ശം. 'നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാന്‍-മൈ ഇന്നിങ്‌സ് ഇന്‍ ദ് ബിസിസിഐ' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

To advertise here,

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഐപിഎല്‍ അഴിമതി സംബന്ധിച്ച വിവാദങ്ങള്‍ ഉടലെടുത്തപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതല ഏറ്റെടുക്കാന്‍ സുപ്രീം കോടതി വിനോദ് റായിയോട് നിര്‍ദേശിച്ചിരുന്നു. ആ സമയത്തെ സംഭവങ്ങളാണ് വിനോദ് റായ് പുസ്തകത്തില്‍ എഴുതിയത്.

'ക്യാപ്റ്റനും ടീം അംഗങ്ങളുമായുള്ള ആശയവിനിമയത്തില്‍ നിന്ന്, കുംബ്ലെ തികഞ്ഞ അച്ചടക്കം ആവശ്യപ്പെട്ടിരുന്നതായി എനിക്കു ബോധ്യമായി. ഇക്കാരണത്താല്‍ ടീം അംഗങ്ങല്‍ അസംതൃപ്തരായിരുന്നു. ടീമിലെ യുവതാരങ്ങള്‍ കുംബ്ലെയെ ഭയപ്പെട്ടിരുന്നതായി കോലി പറഞ്ഞു. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ കുംബ്ലെയുമായി സംസാരിച്ചു. കാര്യങ്ങള്‍ ഇത്തരത്തില്‍ പരിണമിച്ചതില്‍ കുംബ്ലെയ്ക്കും കടുത്ത അസംതൃപ്തി ഉണ്ടായിരുന്നു. തനിക്കെതിരായ പ്രവൃത്തി നീതികരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.' പുസ്തകത്തില്‍ വിനോദ് റായ് പറയുന്നു. 

സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ അംഗങ്ങളായിരുന്ന ക്രിക്കറ്റ് ഉപദേശക സമിതി ഇംഗ്ലണ്ടിലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനിടെ കോലിയോടും കുംബ്ലെയോടും സംസാരിച്ചിരുന്നതായും പിന്നീട് പുതിയ ഇന്ത്യന്‍ പരിശീലകനെ നിയമിക്കുന്നതിനെച്ചൊല്ലി ചര്‍ച്ചകള്‍ നടത്തിയിരുന്നതായും പുസ്തകത്തില്‍ പറയുന്നു. 

മുന്‍ ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കെതിരെ ഇന്ത്യന്‍ വനിതാ ടീമംഗങ്ങള്‍ ഉയര്‍ത്തിയ ലൈംഗിക പീഡന പരാതിയെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 'ക്രിക്കറ്റ് ഭരണസമിതി അംഗവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ഡിയാന എഡുല്‍ജിയുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ജോഹ്രിയുടെ അടിയന്തര രാജിയാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്വന്തം ഭാഗം പോലും വ്യക്തമാക്കാനുള്ള അവസരം നല്‍കാതെ പുറത്താക്കുന്ന നടപടി സ്വാഭാവിക നീതി നിഷേധമാണെന്ന് വാദിച്ച ഞാനാണ് അവരെ പിന്തിരിപ്പിച്ചത്.'-പുസ്തകത്തില്‍ വിനോദ് റായ് പറയുന്നു.