ബര്‍മിങ്ങാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി വിരാട് കോലിയും ജോണി ബെയര്‍സ്‌റ്റോയും. രണ്ടാം ദിവസത്തെ അവസാന സെഷനില്‍ സ്ലിപ്പില്‍ നിന്നിരുന്ന കോലി ബെയര്‍സ്‌റ്റോയെ സ്ഥിരമായി സ്ലെഡ്ജ് ചെയ്തിരുന്നു. രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടിയ ബെയര്‍സ്‌റ്റോയെ, ന്യൂസീലന്‍ഡ് താരം ടിം സൗത്തിയുടെ പേരുപറഞ്ഞാണ് കോലി സ്ലെഡ്ജ് ചെയ്തത്.

To advertise here,

പിന്നാലെ മൂന്നാം ദിനം കളിയാരംഭിച്ചപ്പോഴും കോലി, ബെയര്‍സ്‌റ്റോയെ വാക്കുകള്‍ കൊണ്ട് നേരിട്ടു. ഇതിനിടെ കോലിയോട് ബെയര്‍സ്‌റ്റോ എന്തോ പറഞ്ഞതോടെ ഇരുവരും നേര്‍ക്കുനേര്‍ എത്തി. ഇതോടെ അമ്പയര്‍മാരായ അലിം ദാറും റിത്താര്‍ഡ് കെറ്റല്‍ബറോയും എത്തി രംഗം ശാന്തമാക്കുകയായിരുന്നു.

തിരിച്ച് ഫീല്‍ഡിങ് പൊസിഷനിലേക്ക് പോകുന്നതിനിടെ ബെയര്‍സ്‌റ്റോയോട് വായടക്കി കളിയില്‍ ശ്രദ്ധിക്കാന്‍ കോലി പറയുന്നതും കാണാമായിരുന്നു.

രണ്ടാം ദിനത്തിലെ അവസാന സെഷനില്‍ മനഃപൂര്‍വ്വം സമയം നഷ്ടപ്പെടുത്തിയ ബെയര്‍സ്‌റ്റോയുടെ നടപടി കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചിരുന്നു. ഷമിയുടെ പന്ത് ഗ്ലൗസില്‍ തട്ടിയചിനു പിന്നാലെ ബെയര്‍സ്‌റ്റോ ടീം ഫിസിയോയെ വിളിപ്പിച്ചിരുന്നു. കളിതീരാന്‍ 30 മിനിറ്റില്‍ താഴെ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഇക്കാര്യങ്ങളെല്ലാം ഇന്ത്യന്‍ ടീമിനെ അലോസരപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കോലി, ബെയര്‍സ്‌റ്റോയെ വാക്കുകള്‍ കൊണ്ട് ബുദ്ധിമുട്ടിച്ചത്.