ചെന്നൈ: ഐപിഎല്ലിൽ നിന്ന് വിരമിച്ചെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായി അടുത്ത സീസണിൽ മഹേന്ദ്ര സിങ് ധോനിയെ കാണാനാകുമെന്ന ആശ്വാസത്തിലാണ് ആരാധകർ. കഴിഞ്ഞ ദിവസം ചെന്നൈ ടീം തന്നെയാണ് ധോനിയെ മെന്ററായി നിയമിച്ചതായി പ്രഖ്യാപിച്ചത്. തല പുതിയ റോളിൽ എങ്ങനെയായിരിക്കും എന്ന ചർച്ചകൾക്കും തുടക്കമിട്ടുകഴിഞ്ഞു. മെന്റർ റോൾ ഒരുപക്ഷേ വെല്ലുവിളി നിറഞ്ഞതായിരിക്കാമെന്നാണ് മുൻ താരം മദൻ ലാൽ പ്രതികരിച്ചത്.

To advertise here,

ധോനി ഒരു മെന്റർ റോൾ ഏറ്റെടുക്കുന്നത് ശരിയായ നീക്കമാണെന്നാണ് ഞാൻ കരുതുന്നത്. എന്നിരുന്നാലും, അത് ഒരേസമയം വെല്ലുവിളി നിറഞ്ഞതും അസ്വസ്ഥതയുളവാക്കുന്നതുമായിരിക്കും. മുൻപ്, അദ്ദേഹം കളിക്കളത്തിലുണ്ടായിരുന്നു, ടീമിനെ നിയന്ത്രിക്കുകയും തീരുമാനങ്ങൾ സ്വന്തമായി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, അദ്ദേഹം പുറത്തിരുന്ന് കളിക്കാരെ നയിക്കേണ്ടി വരും."- മദൻലാൽ ഐഎഎൻഎസിനോട് പറഞ്ഞു.

"കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോയാൽ കുഴപ്പമില്ല, എന്നാൽ ടീം പ്രതിസന്ധികളെ നേരിടുകയാണെങ്കിൽ, അത് അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. കളിക്കളത്തിൽ സജീവമായി ഇടപെടുന്നതിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്,"- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ധോനിയെ സംബന്ധിച്ച് മെന്ററിങ് പുതിയൊരു കാര്യമല്ലെന്നാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ പറഞ്ഞത്. എം.എസ്. ധോനിയെ സംബന്ധിച്ചിടത്തോളം മെന്ററിങ് പുതിയൊരു കാര്യമല്ല. അദ്ദേഹം ക്യാപ്റ്റനായിരുന്ന കാലത്ത് പോലും നിരവധി കളിക്കാരെ നയിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിയിലെ അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചിട്ടുണ്ടാകാം, എന്നാൽ ക്രിക്കറ്റിന് സംഭാവനകൾ നൽകുന്ന അദ്ദേഹത്തിന്റെ യാത്ര തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്."- പഠാൻ ഐഎഎൻഎസിനോട് പറഞ്ഞു.

ധോനിയെ മെന്ററാക്കുന്നതിലൂടെ ചെന്നൈയ്ക്ക് ഒട്ടേറെ ലക്ഷ്യങ്ങളുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്. ധോനിയുടെ അനുഭവ സമ്പത്ത് കൂടി ടീമിന് ഗുണകരമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്വാദിനും ടീമിലെ പുതിയ താരങ്ങൾക്കും ഡ്രസ്സിങ് റൂമിലെ ധോനിയുടെ സാന്നിധ്യം വലിയ ആത്മവിശ്വാസം നൽകും. തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും ആദ്യ ഇലവനെ തിരഞ്ഞെടുക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണായകമായിരിക്കും.

പുതിയ താരങ്ങളെ കണ്ടെത്താനുള്ള ധോനിയുടെ പാടവമാണ് മറ്റൊന്ന്. പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിൽ പുതിയ താരങ്ങളെ ലോകക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നതിൽ ധോനിയുടെ ഇടപെടൽ പലകുറി ലോകം കണ്ടു. മറ്റൊരു താരത്തിനുമില്ലാത്ത നിരീക്ഷണപാടവം ധോനിക്കുണ്ട്. മെന്ററായി എത്തുമ്പോൾ ചെന്നൈ നിരയെ വാർത്തെടുക്കാൻ ധോനിക്കാകും എന്ന കണക്കുകൂട്ടലും മാനേജ്മെന്റിനുണ്ട്.