മറ്റൊരു അണ്ടർ 19 ലോകകപ്പിന്റെ ആവേശത്തിലേക്ക് കടക്കാൻ പോകുകയാണ് ക്രിക്കറ്റ് ലോകം. സിംബാബ്‌വെയിൽ നടക്കുന്ന ഇത്തവണത്തെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത് 14-കാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വിസ്‌ഫോടനത്തിനായാണ്. 15 വയസ് തികയാൻ ഇനിയും മൂന്നു മാസം ബാക്കിയുള്ള പയ്യൻ ടൂർണമെന്റിൽ ഇന്ത്യൻ ബാറ്റിങ്ങിന് ചുക്കാൻ പിടിക്കും. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ എന്ന് ഇതിനോടകം തന്നെ പേരെടുത്തു കഴിഞ്ഞു വൈഭവ്. യൂത്ത് ഏകദിനത്തിൽ ഇതിനോടകം തന്നെ മൂന്ന് സെഞ്ചുറികൾ കുറിച്ച് റെക്കോഡിട്ടുകഴിഞ്ഞു താരം. 15 വയസിനു മുമ്പ് യൂത്ത് ഏകദിനത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ മറ്റാരുമില്ല.

To advertise here,

ഇപ്പോഴിതാ അണ്ടർ 19 ലോകകപ്പിന് മുന്നോടിയായി ശനിയാഴ്ച ബുലവായോയിൽ സ്‌കോട്ട്ലൻഡിനെതിരായ സന്നാഹ മത്സരത്തിലും തന്റെ ഫോം തുടർന്നിരിക്കുകയാണ് വൈഭവ്. 50 പന്തിൽ നിന്ന് 96 റൺസാണ് താരം അടിച്ചെടുത്തത്. 192 സ്‌ട്രൈക്ക് റേറ്റിലായിരുന്നു അടി. ഏഴ് സിക്‌സും ഒമ്പത് ഫോറും അടങ്ങിയ ഇന്നിങ്‌സ്. 50 തികയ്ക്കാൻ എടുത്തത് വെറും 27 പന്തുകൾ. അടുത്ത 23 പന്തിൽ നിന്ന് നേടിയത് 46 റൺസ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ടൂർണമെന്റുകളിലായി എട്ട് സെഞ്ചുറികളാണ് ഈ 14-കാരൻ അടിച്ചെടുത്തിരിക്കുന്നത്. 2025 ഐപിഎല്ലിൽ ഏപ്രിൽ 28-ന് ഗുജറാത്ത് ടൈറ്റൻസിനെതിരേ രാജസ്ഥാൻ റോയൽസിനായി 38 പന്തിൽ 101 റൺസെടുത്തിരുന്നു. 11 സിക്‌സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു ഈ ഇന്നിങ്‌സ്. പിന്നാലെ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തിൽ 78 പന്തിൽ നിന്ന് 143 റൺസെടുത്തു. 10 സിക്‌സും 13 ഫോറും അടങ്ങിയ ഇന്നിങ്‌സ്. ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിനെതിരേ യൂത്ത് ടെസ്റ്റിലായിരുന്നു അടുത്ത സെഞ്ചുറി. 86 പന്തിൽ നിന്ന് നേടിയത് 113 റൺസ്. എട്ട് സിക്‌സും ഒമ്പത് ഫോറുകളും. യുഎഇയ്‌ക്കെതിരായ ടി20 മത്സരത്തിൽ 42 പന്തിൽ നിന്ന് അടിച്ചെടുത്തത് 144 റൺസായിരുന്നു. 342.85 എന്ന ഭീമൻ സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കോറിങ്. 15 സിക്‌സറുകൾ പറത്തിയ താരം 11 ഫോറുകളും നേടി. മഹാരാഷ്ട്രയ്‌ക്കെതിരായ ടി20 മത്സരത്തിലായിരുന്നു അടുത്ത സെഞ്ചുറി നേട്ടം. 61 പന്തിൽ നിന്ന് ഏഴു വീതം സിക്‌സും ഫോറുമടക്കം നേടിയത് 108* റൺസ്. പിന്നാലെ യുഎഇ അണ്ടർ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തിൽ 95 പന്തിൽ നിന്ന് 171 റൺസെടുത്തു. 14 സിക്‌സും ഒമ്പത് ഫോറുമടങ്ങുന്ന ഇന്നിങ്‌സ്. തുടർന്ന് വിജയ് ഹസാരെയിൽ അരുണാചലിനെതിരേ 84 പന്തിൽ നിന്ന് നേടിയത് 190 റൺസ്. 15 സിക്‌സും 16 ഫോറുമടങ്ങിയ ഇന്നിങ്‌സ്. അടുത്തിടെ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തിൽ 74 പന്തിൽ നിന്ന് നേടിയത് 127 റൺസ്. 10 സിക്‌സും ഒമ്പത് ഫോറും അടങ്ങുന്ന ഇന്നിങ്‌സ്.

ആഭ്യന്തര ക്രിക്കറ്റിലും അണ്ടർ 19 ക്രിക്കറ്റിലുമായി കഴിഞ്ഞ 30 ദിവസങ്ങളിലായി വൈഭവ് സൂര്യവംശി നേടിയ സ്‌കോറുകൾ ഇത്തരത്തിലാണ്, 171(95), 50(26), 190(84), 68(24), 108*(61), 46(25), 127(74). ഫോമിലാണെന്നല്ല, തകർപ്പൻ ഫോമിലാണെന്ന് തെളിയിച്ചിരിക്കുകയാണ് വൈഭവ്. അണ്ടർ 19 ലോകകപ്പിൽ വൈഭവിന്റെ വൈഭവം എങ്ങനെയാകും എന്ന ആകാംഷയിലാണ് ആരാധകർ.