ലണ്ടൻ: ഇന്ത്യ അണ്ടർ 19 ടീമിനായും ചരിത്രം കുറിക്കുകയാണ് വൈഭവ് സൂര്യവംശി എന്ന പതിന്നാലുകാരൻ. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേ അതിവേഗ സെഞ്ചുറികുറിച്ച വൈഭവ് റെക്കോഡുകൾ തിരുത്തിയെഴുതി. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് വൈഭവ് സെഞ്ചുറിയുമായി തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 78 പന്തിൽ നിന്ന് 143 റൺസെടുത്താണ് താരം പുറത്തായത്. 13 ഫോറുകളും 10 സിക്‌സറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്.
സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരൻ പുതുചരിത്രമെഴുതി. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ബംഗ്ലാദേശിന്റെ നജ്മുൾ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകർത്തത്. 2013-ൽ സെഞ്ചുറി നേടുമ്പോൾ 14 വർഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവിന് വന്നുചേർന്നു.സർഫറാസ് ഖാന്റെ റെക്കോഡാണ് വൈഭവ് മറികടന്നു. 2013-ൽ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെതിരേ സെഞ്ചുറി നേടുമ്പോൾ 15 വർഷവും 338 ദിവസമായിരുന്നു പ്രായം.
യൂത്ത് ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52-പന്തിൽ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാൻ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ൽ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്.
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അർധസെഞ്ചുറി തികച്ചിരുന്നു. 20 പന്തിൽ നിന്ന് താരം അർധസെഞ്ചുറിയും നേടിയതോടെ അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും മാറി. ഋഷഭ് പന്താണ് അണ്ടർ 19 ഏകദിനത്തിൽ ഏറ്റവും വേഗം അർധസെഞ്ചുറി തികച്ച ഇന്ത്യൻ താരം. 2016-ൽ നേപ്പാളിനെതിരേ 18 പന്തിൽ നിന്ന് താരം അർധെസഞ്ചുറി നേടിയിരുന്നു.
Content Highlights: vaibhav suryavanshi records indian under 19 century
Published: 05 Jul 2025, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented