ദുബായ്: 14 വർഷവും 260 ദിവസവും മാത്രമാണ് വൈഭവ് സൂര്യവംശിയെന്ന ഇന്ത്യൻ കൗമാര താരത്തിന്റെ പ്രായം. എന്നാൽ, ബാറ്റെടുത്താൽ സീനിയർ താരങ്ങൾക്ക് പോലും അപ്രാപ്യായ കാര്യങ്ങളാണ് ഈ പതിനാലുകാരൻ ചെയ്ത് കൂട്ടുന്നത്. ഇപ്പോഴിതാ അണ്ടർ 19 ഏഷ്യാ കപ്പിൽ യുഎഇ അണ്ടർ 19 ടീമിനെതിരേ റെക്കോഡുകൾ തകർത്തെറിഞ്ഞ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് വൈഭവ്.
മത്സരത്തിൽ 30 പന്തിൽനിന്ന് അർധ സെഞ്ചുറി തികച്ച താരം 56-ാം പന്തിൽ സെഞ്ചുറിയിലെത്തി. 84 പന്തിൽനിന്നും 150 റൺസും തികച്ചു. ഇരട്ട സെഞ്ചുറി കുറിക്കപ്പെടുമെന്ന് കരുതിയിടത്താണ് 95 പന്തിൽനിന്ന് 171 റൺസുമായി വൈഭവ് പുറത്താകുന്നത്. 14 സിക്‌സും ഒമ്പത് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ തട്ടുപൊളിപ്പൻ ഇന്നിങ്‌സ്.
ഈ ഇന്നിങ്‌സിനിടെ രണ്ട് ഏഷ്യൻ റെക്കോഡുകൾ താരം സ്വന്തം പേരിലാക്കി. അണ്ടർ 19 ഏഷ്യാ കപ്പിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് വൈഭവ്. 2017 ഏഷ്യാ കപ്പിൽ ഒരു മത്സരത്തിൽ 10 സിക്‌റുകൾ നേടിയ അഫ്ഗാനിസ്താന്റെ ഡാർവിഷ് റസൂലിന്റെ റെക്കോഡാണ് പഴങ്കഥയായത്. ഒരു അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിൽ തന്നെ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡും ഇതിനോടകം വൈഭവ് സ്വന്തമാക്കിക്കഴിഞ്ഞു. 22 സിക്‌സറുകൾ നേടി റെക്കോഡിട്ട ഡാർവിഷ് റസൂലിന്റെ തന്നെ നേട്ടമാണ് വൈഭവ് മറികടന്നത്. ഈ ടൂർണമെന്റിൽ ഇതുവരെ വൈഭവ് 26 സിക്‌സറുകൾ പറത്തിക്കഴിഞ്ഞു.
ഇതോടൊപ്പം ഒരു യൂത്ത് ഏകദിന ഇന്നിങ്‌സിൽ തന്നെ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമെന്ന ലോക റെക്കോഡും വൈഭവ് സ്വന്തം പേരിലാക്കി. 2008-ൽ ഓസ്‌ട്രേലിയയുടെ മൈക്കൽ ഹിൽ സ്ഥാപിച്ച 12 സിക്സറുകളെന്ന റെക്കോഡാണ് ഇന്ത്യൻ താരം തിരുത്തിക്കുറിച്ചത്.
2002-ൽ ഇംഗ്ലണ്ടിനെതിരേ 177* റൺസടിച്ച അമ്പാട്ടി റായിഡുവിന് ശേഷം അണ്ടർ 19 ഏകദിനത്തിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണ് വൈഭവിന്റെ 171 റൺസ്.
ഇന്ത്യയ്ക്ക് 234 റൺസിന്റെ വമ്പൻ വിജയം
വൈഭവ് സൂര്യവംശിയുടെ റെക്കോഡ് ബാറ്റിങ് പ്രകടനത്തിന്റെ മികവിൽ അണ്ടർ 19 ഏഷ്യാ കപ്പിൽ യുഎഇയെ 234 റൺസിന് തകർത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവിന്റെ സെഞ്ചുറിയുടെയും ആരോൺ ജോർജ് (69), വിഹാൻ മൽഹോത്ര (69), വേദാന്ത് ത്രിവേദി (38), അഭിജ്ഞാൻ കുൺഡു (32) എന്നിവരുടെ ഇന്നിങ്‌സ് മികവിൽ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 433 റൺസെന്ന റെക്കോഡ് സ്‌കോർ കുറിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Content Highlights: Watch Vaibhav Suryavanshi`s record-breaking 171 runs off 95 balls with 14 sixes in U19 Asia Cup! Indian teenager sets new benchmarks. Don`t miss this incredible innings!
Published: 12 Dec 2025, 06:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented