ജയ്പുർ: നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് വൈഭവ് സൂര്യവംശിയെന്ന 15-കാരന്റേത്. രണ്ട് ഐപിഎൽ സീസണുകളിലും യൂത്ത് ക്രിക്കറ്റിലുമെല്ലാം തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ഭാവിതാരമെന്ന പേര് ഇപ്പോൾതന്നെ വൈഭവ് സ്വന്തമാക്കിക്കഴിഞ്ഞു.

To advertise here,

ഇപ്പോഴിതാ പഞ്ചാബ് കിങ്‌സുമായുള്ള മത്സരത്തിനായി പുറപ്പെട്ട വൈഭവും താരത്തിനൊപ്പം വിമാനത്താവളത്തിൽ സെൽഫിയെടുക്കാനെത്തിയ കുട്ടികളും തമ്മിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. പഞ്ചാബിന്റെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിനായി പുറപ്പെട്ടതായിരുന്നു രാജസ്ഥാൻ ടീം. ഇതിനിടെയാണ് രണ്ട് കുട്ടികൾ സെൽഫി വേണമെന്ന് ആവശ്യപ്പെട്ട് വൈഭവിനെ സമീപിക്കുന്നത്. താൻ ഇപ്പോൾ ഓരോ ഫോട്ടോയ്ക്കും 100 രൂപ ഇടാക്കാറുണ്ടെന്ന് വൈഭവ് കുട്ടികളോട് പറഞ്ഞു.

ഇതുകേട്ട കുട്ടികൾ അമ്പരന്നുപോയി. ഫോട്ടോ എടുക്കാൻ താൻ പണം വാങ്ങാറുണ്ടെന്നും ഇത് കാര്യമായി പറയുകയാണെന്നുകൂടി വൈഭവ് പറഞ്ഞതോടെ കുട്ടികൾ പിൻവലിയാൻ തുടങ്ങി. ഇതിനിടെ ഒരു കുട്ടി 200 രൂപയുമായെത്തി. കുട്ടികൾ പണം നൽകാൻ തയ്യാറായതോടെ, കുട്ടികളെ തിരികെ വിളിച്ച വൈഭവ് താനൊരു തമാശ പറഞ്ഞതാണെന്ന് അറിയിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ രാജസ്ഥാൻ റോയൽസ് അവരുടെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

ഇത്തവണത്തെ ഐപിഎല്ലിൽ നിലവിൽ എട്ടു കളികളിൽ നിന്നായി 357 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് വൈഭവ്. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും വൈഭവിന്റെ പേരിലുണ്ട്.