മെൽബൺ: 2018-ലെ ഓസ്ട്രേലിയൻ പന്ത് ചുരണ്ടൽ വിവാദത്തിൽ ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി മുൻ ഓസ്ട്രേലിയൻ ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റ്. പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചിരുന്ന വിവരം ടീമിലെ എല്ലാവർക്കും അറിയാമായിരുന്നെന്നും കേപ്ടൗൺ ടെസ്റ്റിനിടെ ക്യാമറയിൽ കുടുങ്ങിയതോടെ തന്നെ ബലിയാടാക്കുകയായിരുന്നെന്നും ബാൻക്രോഫ്റ്റ് ആരോപിച്ചു.
'ദി വെസ്റ്റ് ഓസ്ട്രേലിയൻ' പത്രത്തിലെഴുതിയ ലേഖനത്തിലാണ് ബാൻക്രോഫ്റ്റിന്റെ തുറന്നുപറച്ചിൽ. പന്തിന്റെ സ്വാഭാവിക രൂപം മാറ്റാനുള്ള പദ്ധതിയെക്കുറിച്ച് മുതിർന്ന താരങ്ങൾക്കും പരിശീലക സംഘത്തിനും അറിവുണ്ടായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. ആദ്യഘട്ട അന്വേഷണത്തിൽ താൻ പൂർണ സത്യം പറഞ്ഞിരുന്നില്ലെന്നും ഇപ്പോൾ തനിക്കറിയാവുന്ന കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാണെന്നും 33-കാരനായ ബാൻക്രോഫ്റ്റ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളാണ് ഇപ്പോൾ തന്നെ തുറന്നുപറച്ചിലിന് പ്രേരിപ്പിച്ചതെന്ന് ബാൻക്രോഫ്റ്റ് പറഞ്ഞു. കമ്മിൻസിന്റെ വാക്കുകൾ കേട്ടപ്പോൾ തനിക്ക് 'ദേഷ്യവും വഞ്ചിക്കപ്പെട്ടതായും ഒറ്റപ്പെട്ടതായും' തോന്നിയെന്ന് അദ്ദേഹം കുറിച്ചു.
'എന്റെ ക്രിക്കറ്റ് കരിയർ തകർന്നു. 2019-ൽ ജസ്റ്റിൻ ലാംഗർ പരിശീലകനായിരുന്ന കാലത്തിനുശേഷം രാജ്യത്തിനായി കളിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അപൂർണമായ ഒരു കഥയെ സംരക്ഷിച്ചു നിർത്തുന്നത് സത്യത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്ന ഘട്ടത്തിലാണ് ഞാനിപ്പോൾ,' ബാൻക്രോഫ്റ്റ് എഴുതി. ഉസ്മാൻ ഖവാജയുടെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെ ശരിവെക്കുന്ന സുപ്രധാന വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018-ലെ ദക്ഷിണാഫ്രിക്ക പര്യടനത്തിൽ റിവേഴ്സ് സ്വിംഗ് കണ്ടെത്തുന്നതിനായി പന്ത് കൈകാര്യം ചെയ്തിരുന്നത് പ്രധാനമായും ഡേവിഡ് വാർണറായിരുന്നെന്ന് ബാൻക്രോഫ്റ്റ് വെളിപ്പെടുത്തി. എന്നാൽ ഡർബനിൽ നടന്ന ഒന്നാം ടെസ്റ്റിലെ വിജയത്തിനുശേഷം ടീമിന്റെ സമീപനം മാറി. വിജയത്തിന് പിന്നാലെ ടീമിൽ അമിത ആത്മവിശ്വാസവും അഹങ്കാരവും കടന്നുകൂടി. പോർട്ട് എലിസബത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ റിവേഴ്സ് സ്വിംഗ് ലഭിക്കുന്നതിനായി സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.
പന്തിൽ റിവേഴ്സ് സ്വിംഗ് കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ മുഖ്യപരിശീലകൻ ഡാരൻ ലേമാനും ബൗളിംഗ് കോച്ച് ഡേവിഡ് സാകറും പങ്കെടുത്തിരുന്നു. എന്നാൽ സ്റ്റീവ് സ്മിത്ത് ഈ പദ്ധതിയിൽ നിന്ന് അകന്നുനിൽക്കാനാണ് ആഗ്രഹിച്ചിരുന്നത്. ടെലിവിഷൻ ക്യാമറകൾ വാർണറെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നതിനാലാണ് ആ ദൗത്യം ഏറ്റെടുത്തത്. ചെയ്യുന്ന പ്രവൃത്തിയിൽ അസ്വസ്ഥതയുണ്ടായിരുന്നെങ്കിലും ടെസ്റ്റ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു.
പന്തിന്റെ അവസ്ഥയെക്കുറിച്ച് പരിശീലകരോട് മാത്രമല്ല, ഫാസ്റ്റ് ബൗളർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നിവരോടും വിക്കറ്റ് കീപ്പർ ടിം പെയ്നിനോടും അഭിപ്രായം തേടിയിരുന്നു. 'പന്തിൽ ഞാൻ നടത്തുന്ന പ്രവൃത്തി ഫലം കാണുന്നുണ്ടോ എന്ന് എല്ലാ ബൗളർമാരും എനിക്ക് മറുപടി നൽകുമായിരുന്നു. ഞാൻ വെറുതെ പന്തിന്റെ തുന്നലിൽ തൊടുകയല്ല, മറിച്ച് സാൻഡ്പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് കൃത്യമായി അറിയാവുന്ന സഹതാരങ്ങളോടാണ് ഞാൻ പന്തിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരുന്നത്,' ബാൻക്രോഫ്റ്റ് എഴുതി. പോർട്ട് എലിസബത്തിൽ വെച്ച് മുൻ ടീം മീഡിയ മാനേജർ കേറ്റ് ഹച്ചിൻസൺ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, ടീം ക്യാമ്പിലെ മറ്റുള്ളവർ തന്റെ പ്രവൃത്തിയെ പ്രശംസിക്കുകയാണ് ചെയ്തത് - ബാൻക്രോഫ്റ്റ് പറഞ്ഞു.
കേപ്ടൗണിലെ മൂന്നാം ടെസ്റ്റിലും ഈ പദ്ധതി തുടർന്നപ്പോഴാണ് താൻ ക്യാമറയിൽ കുടുങ്ങിയതെന്ന് ബാൻക്രോഫ്റ്റ് പറഞ്ഞു. പന്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ബൗളിംഗ് കോച്ച് ഡേവിഡ് സാകർ തന്നോട് ആവശ്യപ്പെട്ടിരുന്നതായും, തുടർന്ന് ബൗളർമാരുമായി ഇതേക്കുറിച്ച് സംസാരിച്ചതായും അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പിന്നീട് സഹതാരങ്ങൾ പരസ്യമായി പറഞ്ഞത് തന്നെ വർഷങ്ങളോളം വേട്ടയാടിയിരുന്നെന്നും അദ്ദേഹം സമ്മതിച്ചു.
ക്യാമറയിൽ കുടുങ്ങിയതിന് പിന്നാലെ പകരക്കാരനായ താരം പീറ്റർ ഹാൻഡ്സ്കോംബ് മൈതാനത്തേക്ക് ഓടിയെത്തിയ സംഭവവും ബാൻക്രോഫ്റ്റ് വിവരിച്ചു. സാൻഡ്പേപ്പർ ഉടൻ തന്നെ തന്നിൽ നിന്ന് മാറ്റാൻ പരിശീലകൻ ഡാരൻ ലേമാനാണ് ഹാൻഡ്സ്കോംബിന് നിർദേശം നൽകിയത്. 'ലേമാന് ഇതേക്കുറിച്ച് അറിയില്ലായിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ പറയുമായിരുന്നില്ല. ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിൽ ഒരിക്കൽ കൂടി പറയുന്നു... ഞങ്ങൾക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു,' ബാൻക്രോഫ്റ്റ് കുറിച്ചു.
കേപ്ടൗൺ ടെസ്റ്റിനുശേഷം സ്റ്റീവ് സ്മിത്തിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തെ വലിയ ഖേദത്തോടെയാണ് ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുവരും ഭയപ്പെട്ടിരുന്നെന്നും, ഉപയോഗിച്ച വസ്തു സാൻഡ്പേപ്പറാണെന്ന് സമ്മതിക്കരുതെന്ന് സാകറും മറ്റ് സ്റ്റാഫ് അംഗങ്ങളും തങ്ങളോട് നിർദേശിച്ചിരുന്നെന്നും ബാൻക്രോഫ്റ്റ് ആരോപിച്ചു. ടെസ്റ്റിനുശേഷം ചേർന്ന ടീം യോഗത്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് ആരും എഴുന്നേറ്റു നിന്ന് പറഞ്ഞില്ലെന്നും, ഒടുവിൽ താൻ ടീമിന് മുഴുവൻവേണ്ടി ബലിയാടാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2021-ൽ കമ്മിൻസ്, സ്റ്റാർക്ക്, ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവർ ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന വായിച്ചത് ഏറെ വേദനാജനകമായിരുന്നെന്ന് ബാൻക്രോഫ്റ്റ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവർ മുന്നോട്ടുവന്ന് സത്യം പറയണമെന്ന മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന്റെ അഭ്യർഥനയും, എട്ട് വർഷമായി മനസ്സിൽ കൊണ്ടുനടന്ന രഹസ്യം തുറന്നുപറയാൻ തന്നെ പ്രേരിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
2018-ലെ വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾക്കും സ്റ്റാഫുകൾക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ സ്വതന്ത്ര ഫോറം രൂപീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ബുധനാഴ്ച പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബാൻക്രോഫ്റ്റിന്റെ ലേഖനം പുറത്തുവന്നത്. ഈ ഫോറത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്നും ബാൻക്രോഫ്റ്റ് അറിയിച്ചിട്ടുണ്ട്. ബാൻക്രോഫ്റ്റ്, സ്മിത്ത്, വാർണർ എന്നിവർക്ക് വിലക്ക് നേരിടേണ്ടി വന്ന 'സാൻഡ്പേപ്പർഗേറ്റ്' വിവാദത്തിൽ മറ്റ് താരങ്ങളുടെയും പരിശീലകരുടെയും പങ്ക് വീണ്ടും ചർച്ചയാക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ.
Published: 18 Nov 2026, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented