മുല്ലൻപുർ: റെക്കോഡുകളിൽ നിന്ന് റെക്കോഡുകളിലേക്ക് കുതിച്ച് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. ഒരു ടി20 ടൂർണമെന്റിലെ പവർപ്ലേ ഓവറുകളിൽ (1-6) മാത്രം 500-ലധികം റൺസ് നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വൈഭവ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്.

To advertise here,

ഇത്തവണത്തെ സീസണിൽ പവർപ്ലേ ഓവറുകളിൽ നിന്ന് മാത്രം 521 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. 233.63 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ഈ റൺസുകൾ നേടിയത്. മത്സരത്തിൽ 17 പന്തിൽ നിന്ന് വ്യക്തിഗത സ്‌കോർ 31 റൺസിലെത്തിയപ്പോഴാണ് വൈഭവിന് ഈ നേട്ടം സ്വന്തമായത്. മത്സരത്തിൽ 47 പന്തുകൾ നേരിട്ട വൈഭവ് 96 റൺസെടുത്ത് പുറത്തായി. ഏഴു സിക്സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്.

2016-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി പവർപ്ലേയിൽ 467 റൺസ് നേടിയ ഡേവിഡ് വാർണറുടെ റെക്കോർഡാണ് സൂര്യവംശി തകർത്തത്. ട്രാവിസ് ഹെഡ് (402 റൺസ് - 2024), സായ് സുദർശൻ (402 റൺസ് - 2025), ആദം ഗിൽക്രിസ്റ്റ് (382 റൺസ് - 2009) എന്നിവരാണ് ഈ പട്ടികയിലെ മറ്റ് പേരുകാർ.

ഇതോടൊപ്പം ഐപിഎല്ലിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 1000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോഡും ഈ മത്സരത്തിൽ വൈഭവിന് സ്വന്തമായി. രണ്ട് സീസണുകളിലായി 440 പന്തുകളിൽ നിന്നാണ് വൈഭവ് 1000 ഐപിഎൽ റൺസെന്ന നാഴികക്കല്ല് സ്വന്തമാക്കിയത്. 545 പന്തുകളിൽ 1000 റൺസ് തികച്ച ആന്ദ്രേ റസലിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്.

മാത്രമല്ല അതിവേഗം 1000 ഐപിഎൽ റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവിന്റെ പേരിലായി. 23 ഇന്നിങ്‌സുകളിൽ നിന്നാണ് താരം 1000 റൺസ് തികച്ചത്. 21 ഇന്നിങ്‌സുകളിൽ നിന്ന് 1000 റൺസ് തികച്ച ഷോൺ മാർഷാണ് ഈ പട്ടികയിലെ ഒന്നാമൻ. ഐപിഎല്ലിൽ കുറഞ്ഞ ഇന്നിങ്‌സുകളിൽ നിന്ന് 1000 റൺസ് നേടിയതിന്റെ റെക്കോഡ് മാർഷിന്റെ പേരിലാണ്. വെസ്റ്റിൻഡീസിന്റെ ലെൻഡൽ സിമ്മൺസും വൈഭവും 23 ഇന്നിങ്‌സുകളിൽ നിന്ന് 1000 തികച്ച് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

സീസണിൽ ഇതുവരെ 16 മത്സരങ്ങൾ കളിച്ച വൈഭവ് 48.50 ശരാശരിയിൽ 776 റൺസെടുത്തിട്ടുണ്ട്. ഇതുവരെ 72 സിക്‌സും 63 ഫോറും താരം നേടി. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറികളും അടക്കമാണിത്.