
മുംബൈ: ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി നേരിടുന്ന അവഗണനയിൽ താൻ നിരാശനാണെന്ന് വെളിപ്പെടുത്തി മുംബൈ താരം സർഫറാസ് ഖാൻ. രാവിലെ എഴുന്നേൽക്കുമ്പോൾ കഠിനാധ്വാനം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യമാണ് മനസിൽ ഉയരുന്നതെന്നും ജീവിതത്തിലും കരിയറിലും പിതാവല്ലാതെ മറ്റാരിൽ നിന്നും പിന്തുണ ലഭിച്ചിട്ടില്ലെന്നും സർഫറാസ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 നവംബറിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. അന്ന് ബെംഗളൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടുകയും ചെയ്തു. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരത്തിൽപോലും പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താനായില്ല. അതിനുശേഷം ടീമിൽ നിന്ന് തഴയപ്പെടുകയായിരുന്നു.
'രാവിലെ എഴുന്നേൽക്കുമ്പോൾതന്നെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിലേക്ക് വരും. എന്തിനാണ് ഞാൻ കഠിനാധ്വാനം ചെയ്യുന്നത്? ഒരേ കാര്യങ്ങൾ തന്നെ ചെയ്തുകൊണ്ടിരിക്കുന്നത് എന്തിനാണ്? പരിശീലനത്തിനായി പുലർച്ചെ അഞ്ചിന് എഴുന്നേൽക്കുന്നത് എന്തിനാണ്? ഞാൻ ഇന്ത്യക്കുവേണ്ടി കളിച്ചുകഴിഞ്ഞു. ഇനി അധികം കഠിനാധ്വാനം ചെയ്യാതെതന്നെ മുംബൈയ്ക്കായി കളിക്കാം. അമ്പത് റൺസും 100 റൺസുമെല്ലാം എളുപ്പം കണ്ടെത്താനാകും. എന്നാൽ അച്ഛനെ കാണുമ്പോൾ എന്റെ മനസ്സ് മാറും. അദ്ദേഹം എനിക്കായി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചതാണ്. അദ്ദേഹത്തിനുവേണ്ടി നന്നായി കളിക്കണമെന്ന് തോന്നും. അത് മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകാനുള്ള ഏക പ്രചോദനം'-സർഫറാസ് ഖാൻ വ്യക്തമാക്കി.
വിദേശ പിച്ചുകളിൽ കളിക്കാൻ സാങ്കേതികമായി മികവില്ലെന്ന വിമർശനങ്ങളേയും സർഫറാസ് തള്ളിക്കളഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പിച്ചിൽ നേടിയ 61 പന്തിലെ സെഞ്ചുറിയും ഇൻട്രാ- സ്‌ക്വാഡ്് മത്സരത്തിലെ 76 പന്തിലെ 101 റൺസും സർഫറാസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ശ്രീലങ്ക പര്യടനത്തിൽ പരിക്കേറ്റ കളിക്കാരന് പകരക്കാരനായി ടീമിൽ എടുത്തെങ്കിലും അവസരം ലഭിച്ചില്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ ലഭിക്കുമെന്നാണ് അവിടെവെച്ച് തന്നോട് പറഞ്ഞതെന്നും സർഫറാസ് വ്യക്തമാക്കി.
Content Highlights: Sarfaraz Khan expressed emotional frustration over being excluded from the India Test team despite consistent domestic performances., He worked hard on his fitness, reducing his weight from 97 kg to 77 kg., He was later picked for the Test series against Sri Lanka after Sai Sudharsan's injury., He highlighted his performances in overseas conditions like Africa and England to counter perception issues., He credits his father as his sole major support system throughout his cricket career.
Published: 03 Nov 2026, 12:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented