ഉർവിൽ പട്ടേലിന്റെ ഇൻസ്റ്റയിലും എക്സിലും പിൻചെയ്തിരിക്കുന്ന ഫോട്ടാകളിലും വീഡിയോകളിലും ധോനിയാണ്‌. ബാറ്റിങ്ങിനിറങ്ങുന്ന ധോനിയുടെ വീഡിയോ പോസ്റ്റ് ചെയ്തതിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ; ‘I don't know how to describe this man's Legacy...’ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലംമുതൽ ഉർവിലിന്റെ ഹീറോയാണ് മഹേന്ദ്രസിങ് ധോനി. ലഖ്നൗവിനെതിരേ 13 പന്തിൽ 50 അടിച്ച്‌ ഐ.പി.എല്ലിലെ വേഗമേറിയ അർധസെഞ്ചുറിക്കൊപ്പമെത്തിയ ഉർവിൽ ഇന്നിങ്സിൽ ഒരു ധോനി ടച്ച് ഉണ്ടായിരുന്നു. മിഡ് ഓണിലേക്കും മിഡ് വിക്കറ്റിലേക്കുമുള്ള സിക്സറുകൾ ധോനി ഷോട്ടുകളോട് ചേർന്നുനിൽക്കുന്നതായിരുന്നു.

To advertise here,

മത്സരശേഷമുള്ള രാത്രിയിൽ ഇൻസ്റ്റ അക്കൗണ്ടിൽ ഉർവിൽ മൂന്ന് ചിത്രങ്ങൾ പോസ്റ്റുചെയ്തു. ഒന്ന് റെക്കോഡ് അർധസെഞ്ചുറി കുറിച്ചശേഷം പോക്കറ്റിൽനിന്ന് എടുത്തുയർത്തി കാണിച്ച ‘This is for you papa...’ എന്നെഴുതിയ കടലാസ് തുണ്ടായിരുന്നു. അതിനുതാഴെ ഗുജറാത്തിയിൽ ഇങ്ങനെകൂടി എഴുതിയിരുന്നു; ‘നിങ്ങളുടെ സ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുന്നു, നല്ലൊരു ക്രിക്കറ്ററാണെന്ന് ഞാൻ തെളിയിച്ചിരിക്കുന്നു...’ ഇതിനൊപ്പം രണ്ടു ചിത്രങ്ങൾകൂടിയുണ്ട് -ഒന്ന് അച്ഛൻ മുകേഷ് പട്ടേലിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നതും അടുത്തത് അദ്ദേഹത്തിന്റെ കാൽതൊട്ട് ആശിർവാദം വാങ്ങുന്നതും. അതിനോട് ചേർത്ത് നമ്മൾ മലയാളികൾക്ക് ഇങ്ങനെകൂടി വായിക്കാം...

‘അച്ഛനെയാണെനിക്കിഷ്ടം...’

ഉർവിൽ എന്ന ക്രിക്കറ്റർ ഉരുവംകൊണ്ടതിനു പിന്നിൽ മുകേഷ് പട്ടേൽ എന്ന അച്ഛന്റെ തപസ്സാണ്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ പേരെടുത്ത അത്‌ലറ്റായിരുന്നു ഒരുകാലത്ത് മുകേഷ്. സർവകലാശാലാതലത്തിലൊക്കെ മത്സരിച്ച ഒരു സ്‌പ്രിന്ററായിരുന്നു. പക്ഷേ, അതിനപ്പുറം ആ കരിയർ വളർന്നില്ല. അയാളൊരു സ്‌കൂളിലെ കായികാധ്യാപകനായിമാറി. രാജ്യമറിയുന്ന അത്‌ലറ്റായിമാറാൻ തനിക്ക് കഴിയാതിരുന്നത് മകനിലൂടെ സാധിക്കണമെന്ന് അയാൾ സ്വപ്നംകാണാൻ തുടങ്ങി.

ഉർവിലിനെ നല്ലൊരു അത്‌ലറ്റാക്കിമാറ്റാൻ ശ്രമം തുടങ്ങി. ഫിറ്റ്നസിലായിരുന്നു എല്ലാ ശ്രദ്ധയും. ക്രിക്കറ്റ് ആണ് അവന് കൂടുതൽ ചേരുന്നതെന്നു മനസ്സിലായിപ്പോൾ അവനെ ആ വഴിയിലേക്ക് തിരിച്ചുവിട്ടു. ധോനിയെ ആരാധിച്ചവൻ വിക്കറ്റ് കീപ്പർ ബാറ്ററായിമാറി തുടങ്ങി. ബറോഡയ്ക്കായി 2017-18ൽ സോണൽ ടി20 ലീഗിൽ അരങ്ങേറ്റം. ആ വർഷംതന്നെ വിജയ് ഹസാരെ ട്രോഫി ടീമിലെത്തി. 2023-ൽ അരുണാചൽപ്രദേശിനെതിരേ 41 പന്തിൽ സെഞ്ചുറിനേടി ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ അതിവേഗസെഞ്ചുറി തന്റെപേരിൽ കുറിച്ചു. അതോടെ ഉർവിൽ എന്ന പേര് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 2024-ൽ തമിഴ്നാടിനെതിരേ ഗുജറാത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. അതേവർഷം ത്രിപുരയ്ക്കെതിരേ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ 28 പന്തിൽ സെഞ്ചുറിനേടി ചരിത്രം കുറിച്ചു.

ഐ.പി.എൽ. 2023 സീസണിൽ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. പക്ഷേ, ഒരു മത്സരംപോലും കളിപ്പിച്ചില്ല. അടുത്തസീസണിനുമുൻപായി റിലീസും ചെയ്തു. 2025 സീസണിൽ അൺസോൾഡ് ആയി. ആർക്കും വേണ്ടാതിരുന്ന ഉർവിലിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 2025-ൽ കൊൽക്കത്തയ്ക്കെതിരേയുള്ള മത്സരത്തിൽ 11 പന്തിൽനിന്ന് 31 റൺസ് നേടി വരവറിയിച്ചു.